തുല്യതയില്ലാത്ത മഹാക്രൂരതയുടെ ദുരന്തസ്മരണ"മര്‍ത്ത്യമാംസം ജീവനുള്ള
മര്‍ത്ത്യമാംസം- കേറ്റിമുദ്രവച്ച വാഗണുകളോടി നിന്ന കാലം
മാപ്പിളലഹളയെന്ന പേരുകുത്തി നീളെമാനുഷരെ വീര്‍പ്പടച്ചു കൊന്നിരുന്നകാലം."(ഇടശ്ശേരി)


വൈകുന്നേരം ഏഴു മണിയോടെ പടിഞ്ഞാറുനിന്ന്‌ ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലയണയില്‍ പഞ്ഞി നിറയ്ക്കുന്നതുപോലെ കുത്തിക്കയറ്റി. നൂറുപേര്‍ കയറിയപ്പോള്‍ വാതിലടച്ചു. ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ഞങ്ങള്‍ നിന്നു. ശ്വാസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ്‌ ആര്‍ത്തുവിളിച്ചു. ഞങ്ങള്‍ വാഗണ്‍ ഭിത്തിയില്‍ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചുകുടിച്ച്‌ ദാഹം തീര്‍ത്തു. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. രക്തം നക്കിക്കുടിച്ചു. ഞാനും ഇക്കാക്കയും ചെന്നുവീണത്‌ വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗത്തായിരുന്നു. ഈ ദ്വാരത്തില്‍ മാറിമാറി മൂക്കുവച്ച്‌ ഞങ്ങള്‍ പ്രാണന്‍ പോകാതെ പിടിച്ചുനിന്നു. എന്നിട്ടും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു. രാവിലെ നാലുമണിക്കാണ്‌ വണ്ടി തമിഴ്നാട്ടിലെ പോത്തന്നൂരിലെത്തിയത്‌.
ബെല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്‌. പോത്തന്നൂരില്‍ നിന്നും ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ ബ്രിട്ടീഷ്‌ പിശാചുക്കളെ പോലും ഞെട്ടി ച്ചു. 64 പേരാണ്‌ കണ്ണുതുറിച്ച്‌ ഒരു മുഴം നാക്കുനീട്ടി ആ വാഗണില്‍ മരിച്ചുകിടന്നത്‌. 60 മാപ്പിളമാരും 4 തിയ്യന്‍മാരും. മത്തി
വറ്റിച്ചതുപോലെയായിരുന്നു ആ ദൃശ്യം. വേഗം വണ്ടിയിലേക്ക്‌ വെള്ളമടിച്ചു. ജീവന്‍ അവശേഷിക്കുന്നവര്‍ പിടഞ്ഞെഴുന്നേറ്റു."
വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ നിന്ന്‌ മഹാഭാഗ്യത്തിനു രക്ഷപ്പെട്ട പരേതനായ കൊന്നാല അഹമ്മദ്‌ ഹാജിയുടെ വാക്കുകളാണിത്‌. അദ്ദേഹം
ബാക്കിയായിരുന്നില്ലെങ്കില്‍ ദൃക്സാക്ഷി വിവരണം പോലും ഉണ്ടാകുമായിരുന്നില്ല.


1921ല്‍ മലബാറില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ
വെല്ലുവിളിച്ചുകൊണ്ട്‌ ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയും സമാന്തര ഭരണം സ്ഥാപിച്ചത്‌ വെള്ളക്കാരെ വല്ലാതെ ഞെട്ടിച്ചു. ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ തിരൂരങ്ങാടി പരാജയത്തിന്റെ പേരില്‍ ഗവര്‍ണര്‍ ജനറലിനും ഇന്ത്യയിലെ ഇംഗ്ലീഷ്‌ അധികാരികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനം വന്നു.
'ലണ്ടന്‍ ടൈംസ്‌' തിരൂരങ്ങാടി സംഭവത്തിനു കൊടുത്ത തലക്കെട്ടു തന്നെ
'മലബാറില്‍ ഇംഗ്ലീഷ്‌ ഭരണം അവസാനിച്ചു'വെന്നായിരുന്നു. ഇങ്ങനെ ബ്രിട്ടനെ നാണംകെടുത്തിയവരെ എന്തു വിലകൊടുത്തും അടിച്ചമര്‍ത്തണമെന്ന്‌ രാജകല്‍പന വന്നു. മാപ്പിളപ്പോരാളികളെ അമര്‍ച്ച ചെയ്യാന്‍ പുതിയ ഗവര്‍ണര്‍ ജനറലിനെ തന്നെ ഇന്ത്യയിലേക്ക്‌ അയച്ചു.


പിന്നീട്‌ മലബാറില്‍ ഇംഗ്ലീഷുകാര്‍ നടത്തിയത്‌ നരനായാട്ടായിരുന്നു. നേരത്തെ തന്നെ മുസ്ലിംകളോട്‌ വലിയ വിരോധം കാണിച്ചിരുന്ന സവര്‍ണര്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടാന്‍ വേണ്ടി ഒറ്റുകാരായി വെള്ളക്കാരോടൊപ്പം ചേര്‍ന്നു. ആധുനിക ആയുധങ്ങളായ തോക്കും പീരങ്കിയുമായി വന്ന ഇംഗ്ലീഷുകാരോട്‌ വടിയും കുന്തവുമായാണ്‌ മാപ്പിളമാര്‍ പോരിനിറങ്ങിയത്‌. അപൂര്‍വം ചിലരുടെ കൈകളില്‍ മാത്രമാണ്‌ തോക്കുണ്ടായിരുന്നത്‌. പക്ഷേ, രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ വിശ്വസിച്ചിരുന്ന ആ സമൂഹം ഇംഗ്ലീഷുകാരെ വല്ലാതെ വെള്ളം കുടിപ്പിച്ചു.


1921 ആഗസ്ത്‌ മാസത്തില്‍ തന്നെ മലബാറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു.ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി എന്നീ താലൂക്കുകളില്‍ ഈ നിയമം പ്രാ‍ബല്യത്തില്‍ വന്നിരുന്നു. ജനങ്ങള്‍ കൂട്ടംകൂടുന്നതുപോലും നിരോധിക്കപ്പെട്ടിരുന്നു.സ്വന്തം നാട്ടില്‍നടന്നുപോകുന്നതിനു പോലും പൌരന്‍മാര്‍ സമ്മതം വാങ്ങണമായിരുന്നു. സമരത്തെ നേരിടാന്‍ ബാംഗ്ലൂരില്‍ നിന്നും ഡോര്‍സെറ്റ്‌ റെജിമെന്റിലെ പട്ടാളക്കാര്‍ മലബാറിലേക്ക്‌ വന്നു. കേണല്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും തിരൂരങ്ങാടിയിലെത്തി. ഇവര്‍ കാട്ടിക്കൂട്ടിയ കൊടുംകൃത്യങ്ങള്‍ വാക്കുകള്‍ക്കപ്പുറമാണ്‌.സപ്തംബര്‍ ആദ്യത്തില്‍ ഈ പട്ടാള യൂനിറ്റുകള്‍ ചെറിയ സംഘങ്ങളായി തിരിഞ്ഞുകൊണ്ട്‌ മാപ്പിളമാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വിഹാരം തുടങ്ങി. അവര്‍ കണ്ടവരെയൊക്കെ പിടിച്ചുകെട്ടി, വീടുകള്‍ അഗ്നിക്കിരയാക്കി. സ്‌ത്രീകളെയും കുട്ടികളെയും എല്ലാവിധ പീഡനങ്ങള്‍ക്കും ഇരയാക്കി. പി‍ടിച്ചവരെ പട്ടാളക്കോടതി
വിചാരണാപ്രഹസനം നടത്തി തമിഴ്നാട്ടിലെ ജയിലുകളിലേക്കയച്ചു.

പട്ടാളക്രൂരതകള്‍ക്കൊടുവില്‍ വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയും
ആലിമുസ്ല്യാരും എല്ലാം ഇംഗ്ലീഷ്‌ തടവറയിലായി. സമരത്തിനു നേതൃത്വം
നല്‍കിയവരില്‍ ആലിമുസ്ല്യാരൊഴികെ എല്ലാവരെയും വെള്ളക്കാര്‍ വെടിവച്ചും തൂക്കിയും കൊന്നു. തൂക്കിക്കൊല്ലുന്ന ദിവസം രാവിലെ ആലിമുസ്ല്യാര്‍ സാധാരണപോലെ മരിക്കുകയായിരുന്നു. എന്നാല്‍, അരിശം തീരാത്ത വെള്ളപ്പട്ടാളം ആ മൃതശരീരം കെട്ടിത്തൂക്കി ദേഷ്യം തീര്‍ത്തു. പട്ടാളത്തിന്‌ കീഴടങ്ങുന്നവര്‍ക്ക്‌ മാപ്പു നല്‍കുമെന്നും ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ച്‌ നാട്ടിലെ 27,000ത്തോളം മാപ്പിളമാര്‍ പട്ടാളത്തിനു കീഴടങ്ങിയെന്ന്‌ രേഖകളില്‍ കാണാം. എന്നാല്‍, ബ്രിട്ടീഷുകാര്‍ വാഗ്ദാനം പാലിക്കാതെ ഇവരെയെല്ലാം ജയിലിലടച്ച്‌ ശിക്ഷിക്കുകയായിരുന്നു. ഇങ്ങനെ ജയിലിലടയ്ക്കാന്‍ ബെല്ലാരി ജയിലിലേക്ക്‌ തടവുകാരെ കൊണ്ടുപേ ാ‍യപ്പോഴാണ്‌ വാഗണ്‍ ട്രാജഡി ദുരന്തമുണ്ടായത്‌.


സൌത്ത്‌ മറാത്ത കമ്പനിയുടെ 'എം.എസ്‌.എം.എല്‍.വി 1711' എന്ന വാഗണാണ്‌ മരണവണ്ടിയായി മാറിയത്‌. വാഗണ്‍ ട്രാജഡി ദുരന്തവാര്‍ത്ത ഇന്ത്യയില്‍ കൊടുങ്കാറ്റായി പടര്‍ന്നു. ഇംഗ്ലീഷ്‌ സാമ്രാജ്യത്വത്തിന്റെ ആസ്ഥാനമായ ലണ്ടനിലും വിവരമെത്തി. ഇംഗ്ലീഷ്‌ പത്രങ്ങള്‍ ഈ കിരാതകൃത്യത്തിനെതിരെ എഡിറ്റോറിയലുകള്‍ എഴുതി. ഒടുവില്‍ വാഗണ്‍ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു അന്വേഷണ
കമ്മീഷന്‍ തന്നെ രൂപീകരിക്കപ്പെട്ടു. അന്നത്തെ മലബാര്‍ സ്പെഷ്യല്‍
കമ്മീഷണറായിരുന്ന എ എന്‍ നാപ്പ്‌ ചെയര്‍മാനും മദിരാശി മജിസ്ട്രേറ്റ്‌ അബ്ബാസലി, മണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തുട്ടി, അഡ്വ. മഞ്ചേരി സുന്ദരയ്യര്‍ എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. അവര്‍ അന്വേഷണം നടത്തി. റെയില്‍വേ ഉദ്യോഗസ്ഥര്‍, പോ‍ലിസ്‌ മേധാവികള്‍, കോയമ്പത്തൂര്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരെയൊക്കെ കണ്ട്‌ കമ്മീഷന്‍ തെളിവെടുത്തു. ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ സ്വാധീനിക്കാന്‍ ഇംഗ്ലീഷുകാര്‍ എല്ലാ വഴികളും പയറ്റിയെന്ന്‌ അഹമ്മദ്‌ ഹാജി മരിക്കുന്നതിനു മുമ്പ്‌ തുറന്നുപറഞ്ഞു. ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം അന്വേഷണ കമ്മീഷനു മുമ്പില്‍ അവതരിപ്പിച്ചു.

തങ്ങള്‍ റെയില്‍വേ അധികൃതരോട്‌ ആവശ്യപ്പെട്ടത്‌ ദ്വാരങ്ങളും വലക്കെട്ടുകളുമുള്ള വാഗണായിരുന്നുവെന്നും, പെയിന്റ്‌ ചെയ്തിനാല്‍ ദ്വാരങ്ങള്‍ അടഞ്ഞുപേ ാ‍യതാണെന്നുമാണ്‌ പട്ടാളക്കാര്‍ വാദിച്ചത്‌. ആളുകളെ കയറ്റാന്‍ പറ്റിയ വാഗണ്‍ പോ‍ലിസ്‌ ആവശ്യപ്പെടാത്തതിനാലാണ്‌, സാധനങ്ങള്‍ മാത്രം കയറ്റുന്ന വാഗണ്‍ നല്‍കിയതെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. ഒടുവില്‍ കമ്മീഷന്‍ റിപോ‍ര്‍ട്ട്‌ ഏറെ വിചിത്രമായിരുന്നു. 72 പേര്‍ മരിച്ച വാഗണ്‍ ദുരന്തത്തിന്റെ കാരണക്കാര്‍ വാഗണ്‍ നിര്‍മിച്ച കമ്പനിക്കാരായിരുന്നു എന്ന്‌ കണെ്ടത്തി! അത്‌ ഏല്‍പി‍ച്ചുകൊടുത്ത ട്രാഫിക്‌ ഇന്‍സ്പെക്ടറെയും കുറ്റക്കാരനായി കണെ്ടത്തി!
ഖേദകരമെന്നു പറയട്ടെ, തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ വാഗണില്‍ തടവുകാരെ കുത്തിനിറയ്ക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയ ഹിച്കോക്കിനെയും പട്ടാളമേധാവികളെയും കമ്മീഷന്‍ നിരപരാധികളായി കണ്ടു. റെയില്‍വേ സാര്‍ജന്റ്‌ ആന്‍ഡ്രൂസിനെയും മറ്റൊരു പാവം പോലിസ്‌ കോണ്‍സ്റ്റബിളിനെയും അവര്‍ ശിക്ഷിച്ചു. എങ്കിലും റിപോര്‍ട്ടില്‍ ആശ്വാസത്തിനു വക നല്‍കുന്ന ചില വരികളുണ്ടായിരുന്നു.
തിരൂരില്‍ നിന്നും മരണവാഗണ്‍ പുറപ്പെട്ട ശേഷം അത്‌ തുറന്നുനോക്കാനോ
തടവുകാരുടെ കാര്യം ശ്രദ്ധിക്കാനോ തുനിഞ്ഞില്ലെന്നത്‌ വലിയ കുറ്റംതന്നെയാണ്‌.ഈ 72 പേരും മരിച്ചത്‌ ശ്വാസംമുട്ടി തന്നെയാണ്‌. ഈ വാഗണില്‍ 122 ആളുകള്‍ ഉണ്ടായിരുന്നു എന്നെല്ലാം കമ്മീഷന്‍ കണെ്ടത്തുകയുണ്ടായി. ഇങ്ങനെ വാഗണില്‍ കയറ്റി തടവുകാരെ അയക്കുന്നതിന്റെ ചുമതല ഇവാന്‍സ്‌ കര്‍ണല്‍ ഹംഫ്രിസ്‌,
ഹിച്കോക്ക്‌ എന്നിവര്‍ക്കായിരുന്നു.

കന്നുകാലികളെ കയറ്റിയയക്കുന്ന തുറന്ന വാഗണുകളായിരുന്നു തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്‌. ക്രൂരരില്‍ ക്രൂരനായ ഹിച്കോക്കാണ്‌ ഈ സമ്പ്രദായം മാറ്റിയത്‌.മാപ്പിളമാര്‍ വാതില്‍ തുറക്കുമ്പോള്‍ ചാടിപ്പോകുമെന്ന്‌ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചാണ്‌ കുത്തിനിറച്ച വാഗണില്‍ തടവുകാരെ കൊണ്ടുപോകുന്ന പതിവ്‌ ഹിച്കോക്ക്‌ നടത്തിയത്‌. അതാണ്‌ വാഗണ്‍ ദുരന്തത്തില്‍ അവസാനിച്ചത്‌.

ദുരന്തത്തിന്റെ കാരണക്കാരനായ ഹിച്കോക്കിനെ അന്വേഷണ കമ്മീഷന്‍
ഒഴിവാക്കിയപ്പോള്‍ എല്ലാ കുറ്റവും ചുമത്തപ്പെട്ട റെയില്‍ ട്രാഫിക്‌ ഇന്‍സ്പെക്ടര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്‌ വരുന്നതിനു മുമ്പുതന്നെ
മരണപ്പെട്ടിരുന്നു.അതിനാല്‍ തന്നെ വാഗണ്‍ ദുരന്തത്തിന്റെ പേരില്‍ ആരും
ശിക്ഷിക്കപ്പെടുകയുണ്ടായില്ല. വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 68 പേര്‍ മുസ്ലിംകളായിരുന്നു. ബാക്കി നാലുപേര്‍ ഹിന്ദുക്കളും. രക്തസാക്ഷികളില്‍ രണ്ടുപേര്‍ക്കു മാത്രമാണ്‌ സ്വന്തം പേരില്‍ ഭൂമിയുണ്ടായിരുന്നത്‌. ബാക്കിയുള്ളവരൊക്കെ പാ‍വപ്പെട്ട കൂലിപ്പണിക്കാരും തൊഴിലാളികളും കച്ചവടക്കാരുമായിരുന്നു.
വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ മയ്യിത്തുമായി മരണവാഗണ്‍ തിരൂരിലേക്കു തന്നെ തിരിച്ചുവന്നു. മയ്യിത്തുകളില്‍ 44 എണ്ണം കോരങ്ങത്ത്‌ പള്ളിയിലും 11 എണ്ണം കോട്ട്‌ ജുമുഅത്ത്‌ പള്ളിയിലും സംസ്കരിച്ചു. നാല്‌ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ മുത്തൂര്‍കുന്നിലെ ഒരു കല്ലുവെട്ടുകുഴിയിലും സംസ്കരിച്ചു.

വാഗണ്‍ ദുരന്തത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന സ്ഥലങ്ങളായ തിരൂരിലും കരുവമ്പലത്തും ഇതിന്റെ സ്മാരകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്‌. തിരൂര്‍ നഗരസഭയുടെ വാഗണ്‍ ട്രാജഡി ടൌണ്‍ഹാളാണ്‌ അവയില്‍ പ്രധാനം. ടൌണ്‍ഹാളിനു മുന്നില്‍ മരണവാഗണിന്റെ രൂപം ഉണ്ടാക്കിയിട്ടുണ്ട്‌. ടൌണ്‍ഹാളിനുള്ളില്‍ മരിച്ചവരുടെ വിശദവിവരങ്ങള്‍ ശിലാഫലകത്തില്‍ കൊത്തിയിട്ടുണ്ട്‌.
കരുവമ്പലത്തുകാരായ രക്തസാക്ഷികള്‍ക്കു വേണ്ടി ജില്ലാ പഞ്ചായത്ത്‌ ഒരു സ്മാരകം ഉണ്ടാക്കിയിട്ടുണ്ട്‌. അവിടെ നല്ലൊരു ലൈബ്രറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. 1921ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ തിരൂരങ്ങാടിയിലും മമ്പുറത്തുമെല്ലാം വേറെയും സ്മാരകങ്ങളുണ്ട്‌.
കൊന്നോല അഹമ്മദ് ഹാജി. വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട വ്യക്തി.

വെള്ളുവമ്പ്രത്ത് സ്ഥിതി ചെയ്യുന്ന വാഗണ്‍ ട്രാജഡി സ്മാരക ബസ് സ്‌റ്റോപിന്റെ ഉള്‍വശം
വെള്ളുവമ്പ്രത്ത് സ്ഥിതി ചെയ്യുന്ന വാഗണ്‍ ട്രാജഡി സ്മാരക ബസ് സ്റ്റോപ്പ്
വെള്ളുവമ്പ്രത്ത് സ്ഥിതി ചെയ്യുന്ന വാഗണ്‍ ട്രാജഡി സ്മാരക ബസ് സ്‌റ്റോപിന്റെ ഉള്‍വശം
വെള്ളുവമ്പ്രത്ത് നിര്‍മിച്ച ഹിച്‌കോക്ക് സ്മാരകം. ല്‍ സ്മാരകം പൊളിച്ചുമാറ്റി. നിലവില്‍ വാഗണ്‍ ട്രാജഡി സ്മാരക ബസ്‌ സ്റ്റോപ്‌ സ്ഥിതി ചെയ്യുന്നു.

News @ Thejas 
കെ പി ഒ റഹ്മത്തുല്ല

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal