കെ എം മൗലവിയുടെ രാഷ്‌ട്രീയം

കേരള മുസ്‌ലിം ചരിത്രത്തില്‍ ധീരോദാത്തമായ പുതുചരിത്രത്തിനു പിന്നില്‍, അസാമാന്യമായ നിശ്ചയ ദാര്‍ഢ്യത്തോടെ നിവര്‍ന്നുനിന്ന മഹാവ്യക്തിത്വമാണ്‌ കാത്തിബ്‌ മുഹമ്മദ്‌ കുട്ടി മൗലവി എന്ന കെ എം മൗലവി. പാണ്ഡിത്യവും ഭക്തിയും സമ്മേളിച്ച വ്യക്തിത്വത്തിന്റെ സുതാര്യതയായിരുന്നു കെ എം മൗലവിയുടെ സവിശേഷത. മുസ്‌ലിം നവോത്ഥാന രംഗത്തും സ്വാതന്ത്ര്യസമര മാര്‍ഗത്തിലും മുന്‍നിരയിലായിരുന്നു കെ എം മൗലവി.

തിരൂരങ്ങാടി കക്കാട്‌ തയ്യില്‍ തറവാട്ടില്‍ 1868 ജൂലൈ ആറിന്‌ ജനിച്ച മുഹമ്മദ്‌ കുട്ടി, പതിവിനു വിപരീതമായി കുട്ടിക്കാലത്തേ മാതൃഭാഷ പഠിച്ചിരുന്നു. വിവിധ പള്ളിദര്‍സുകളിലെ പഠനശേഷം വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ വിദ്യാര്‍ഥിയായി. ഒരു നാടിന്റെയും സമുദായത്തിന്റെയും ദിശാനിര്‍ണയത്തില്‍ നിര്‍ണായകമായിത്തീര്‍ന്ന ചാലിലകത്തിന്റെ വിദ്യാലയമാണ്‌ കെ എം മൗലവിയെയും രൂപപ്പെടുത്തിയത്‌. ഇ മൊയ്‌തു മൗലവിയും പി കെ മൂസാ മൗലവിയുമടക്കം കരുത്തുറ്റ വിദ്യാര്‍ഥി നിരയായിരുന്നു അക്കാലത്തെ ദാറുല്‍ ഉലൂമിനെ ധന്യമാക്കിയത്‌. മതഗ്രന്ഥങ്ങളോടൊപ്പം ഇതര വിജ്ഞാനീയങ്ങളും തേടിപ്പിടിച്ച്‌ വായിച്ചിരുന്ന മുഹമ്മദ്‌ കുട്ടി, അന്നത്തെ ഒരു സാധാരണ വിദ്യാര്‍ഥിയേക്കാള്‍ ലോകബോധം നേടിയിരുന്നു. ഗുരുനാഥന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അതിന്‌ വേഗതയും വൈപുല്യവും ഏറിവന്നു. ആ വിദ്യാര്‍ഥിയില്‍ പല വൈഭവങ്ങളും ചാലിലകത്ത്‌ തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാവാം ഇളംപ്രായത്തില്‍ തന്നെ മുഹമ്മദ്‌ കുട്ടിയെ മണ്ണാര്‍ക്കാട്ട്‌ തന്റെ പിന്‍ഗാമിയാക്കിയത്‌.

വായനയിലൂടെ കൈവന്ന ലോകബോധം, സ്വാഭാവികമായും അക്കാലത്തെ തിളച്ചുമറിയുന്ന രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനകവാടമായി. ആനിബസന്റിന്റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ ലീഗിന്റെ പ്രവര്‍ത്തന ഭാഗമായി കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കെ എം മൗലവിയും ഇ മൊയ്‌തു മൗലവിയും പങ്കെടുക്കുകയും കെ എം മൗലവി ആവേശകരമായി പ്രസംഗിക്കുകയും ചെയ്‌തുവെന്ന്‌ മൊയ്‌തു മൗലവി പിന്നീട്‌ എഴുതിയിട്ടുണ്ട്‌. അന്ന്‌ ഇരുവരും വാഴക്കാട്ട്‌ വിദ്യാര്‍ഥികളായിരുന്നു. 1920ല്‍ കോണ്‍ഗ്രസും ഖിലാഫത്ത്‌ കമ്മിറ്റിയും ചേര്‍ന്ന്‌ നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ചപ്പോള്‍ കെ എം മൗലവി അതിനൊപ്പം ചേര്‍ന്നു. സമരം ഏറ്റവും ശക്തമായ ഏറനാട്‌ താലൂക്കില്‍ ഖിലാഫത്ത്‌ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നപ്പോള്‍ കെ എം മൗലവിക്ക്‌ മുത്തപ്പഞ്ച്‌ വയസ്സായിരുന്നു. ഏറനാട്‌ താലൂക്കില്‍ മാത്രമല്ല, തെക്കെ മലബാറിലെങ്ങും സഞ്ചരിച്ച്‌ കോണ്‍ഗ്രസിനും ഖിലാഫത്ത്‌ കമ്മിറ്റിക്കും ശാഖകളുണ്ടാക്കിയതും മൗലവിയുടെ നേതൃത്വത്തിലായിരുന്നു.

മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ ബ്രിട്ടീഷ്‌ വിരോധം പടര്‍ന്നതില്‍ അസ്വസ്ഥരായ അധികാരികള്‍ ഏതു വിധേനയും സമരത്തെയും നേതാക്കളെയും അടിച്ചൊതുക്കാനുള്ള അടവുകള്‍ പയറ്റി. അന്നത്തെ ജില്ലാ കലക്‌ടര്‍, സമരനേതൃത്വത്തിലുള്ള പത്തൊന്‍പത്‌ പേര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി മദ്രാസ്‌ ഗവര്‍ണര്‍ക്കയച്ചു. ആലി മുസ്‌ലിയാര്‍, ലവക്കുട്ടി, ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങള്‍, എം പി നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവി എന്നിവരുടെ കൂടെ കുറ്റപത്രത്തില്‍ കെ എം മൗലവിയുടെ പേരുമുണ്ടായിരുന്നു. 1921 ജനുവരിയില്‍ കോഴിക്കോട്ട്‌ നടന്ന കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ സമ്മേളനത്തില്‍ കെ പി കേശവമേനോന്‍, യു ഗോപാലമേനോന്‍, ഹസന്‍ കോയ മുല്ല, ചേക്കുമുല്ല, ഇ മൊയ്‌തുമൗലവി എന്നിവര്‍ക്കൊപ്പം കെ എം മൗലവിയുമുണ്ടായിരുന്നതാണ്‌ ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചത്‌. അവ്വിധം പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരില്‍ കട്ടിലശ്ശേരിയും ആലിമുസ്‌ലിയാരും വാരിയംകുന്നത്തും ഇ മൊയ്‌തു മൗലവിയും കെ എം മൗലവിയുമുണ്ടായിരുന്നു.

1921 ഏപ്രില്‍ 23, 24 തിയ്യതികളില്‍ ഒറ്റപ്പാലത്ത്‌ നടന്ന കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ സമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളിലൊരാളായിരുന്ന കെ എം മൗലവി സമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്‌തു. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിത്തീര്‍ന്ന ഈ സമ്മേളനം, നിരവധി മുസ്‌ലിം നേതാക്കളെ സ്വാതന്ത്ര്യസമരത്തിലേക്ക്‌ പ്രേരിപ്പിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്‌. 1923 ജൂലൈ 23ന്‌ തിരൂരങ്ങാടിയില്‍ നടന്ന ഖിലാഫത്ത്‌ സമ്മേളനത്തില്‍ കനത്ത മഴയില്‍ കുതിര്‍ന്ന്‌ കെ എം മൗലവി പ്രസംഗിച്ചത്‌ നാലു മണിക്കൂര്‍ ആയിരുന്നുവത്രെ!

മാപ്പിളനാട്ടിലെ ജനങ്ങള്‍ സായുധ സമരം നടത്തിയതുകൊണ്ടു മാത്രം വെള്ളക്കാരന്റെ ഭരണം പരാജയപ്പെടുത്താനാവില്ലെന്ന്‌ വിശ്വസിച്ച കെ എം മൗലവി 1921 ലെ കലാപത്തില്‍ നിന്ന്‌ മുസ്‌ലിംകളെ പിന്തിരിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പക്ഷെ, അദ്ദേഹത്തെയും ലഹളക്കാരനായി ചാപ്പകുത്തി അറസ്റ്റു ചെയ്യാനാണ്‌ അധികാരികള്‍ തുനിഞ്ഞത്‌. അവര്‍ക്ക്‌ പിടികൊടുക്കാതെ 1922ല്‍ മൗലവി നാടുകടന്നു. ഉദ്യോഗസ്ഥരുടെ കണ്ണെത്താത്ത കൊടുങ്ങല്ലൂരിലേക്കാണ്‌ അദ്ദേഹം പോയത്‌. ആ യാത്ര പുതിയൊരു ഇതിഹാസം രചിക്കാനുള്ള യാത്രയായിത്തീര്‍ന്നു.

മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ തറവാടായ കറുവപ്പാടത്തും സീതി സാഹിബിന്റെ പിതാവ്‌ സീതി മുഹമ്മദ്‌ ഹാജിയുടെ നമ്പൂതിരി മഠത്തുമടക്കം പതിനഞ്ചോളം വീടുകളില്‍ അദ്ദേഹം താമസിച്ചു. പോലീസിന്റെ പിടിയില്‍ നിന്ന്‌ പലപ്പോഴും മൗലവിയെ രക്ഷപ്പെടുത്തിയത്‌ കൊടുങ്ങല്ലൂരിലെ ഹിന്ദു സഹോദരന്മാരായിരുന്നുവത്രെ.

കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ വിദ്യാസമ്പന്നരായിരുന്നു. ആഢ്യത്തം വിളയുന്ന തറവാട്ടുകാരായിരുന്നതിനാല്‍ അവര്‍ക്കിടയില്‍ കുടുംബപരമായ പല കേസുകളും നിലനിന്നിരുന്നു. അവയെല്ലാം ഒത്തുതീര്‍പ്പാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക്‌ മൗലവി പൂര്‍ണ പിന്തുണ നല്‍കി. ഇതിന്നായി `നിഷ്‌പക്ഷസംഘം’ എന്ന കൂട്ടായ്‌മ രൂപീകരിക്കപ്പെട്ടു. ഐക്യസംഘവും, കേരള മുസ്‌ലിം ഐക്യസംഘവും മുജാഹിദ്‌ പ്രസ്ഥാനവുമായി പിന്നീട്‌ വികാസം പ്രാപിച്ചത്‌ ആ ചെറു സംഘമായിരുന്നു. കൊടികുത്ത്‌ നേര്‍ച്ച, ചന്ദനക്കുടം, എഴുന്നള്ളിക്കല്‍ മുതലായ ഇസ്‌ലാമിക വിരുദ്ധ ആചാരങ്ങള്‍ക്കെതിരെ കെ എം മൗലവി എഴുതിയ ലഘുഗ്രന്ഥം പ്രസിദ്ധീകരിച്ചതും ഐക്യസംഘമായിരുന്നു. അല്‍ഇര്‍ശാദ്‌ അറബി മലയാള മാസികയില്‍ ഫത്‌വാ നല്‍കിയിരുന്നതും മൗലവിയായിരുന്നു.

പോലീസിന്റെ കൈയില്‍ പെട്ടാല്‍ ജീവപര്യന്തം തടവോ ആന്തമാനിലേക്കുള്ള നാടുകടത്തലോ ഉറപ്പാണെന്നറിഞ്ഞിട്ടും പഴയ പൊന്നാനി താലൂക്കിലെ തെക്കന്‍ ഭാഗങ്ങളില്‍ ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മൗലവി സഞ്ചരിക്കാറുണ്ടായിരുന്നു. കുറ്റപത്രം പിന്‍വലിക്കപ്പെട്ടു. അതിനു വേണ്ടി ഏറ്റവും പണിപ്പെട്ടത്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും വക്കീല്‍ ബി പോക്കര്‍ സാഹിബുമായിരുന്നു. അവര്‍ക്ക്‌ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞുകൊണ്ട്‌ പ്രമേയം പാസ്സാക്കിയ ഐക്യസംഘം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്‌ ചാലിലകത്തിന്റെ പുത്രന്‍ എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഒരാവശ്യം ഉന്നയിച്ചു. തന്റെ സഹോദരീ ഭര്‍ത്താവു കൂടിയായ കെ എം മൗലവിയെ മലബാറിലേക്കു തന്നെ തിരികെ തരണമെന്നായിരുന്നു ആവശ്യം. മനമില്ലാ മനസ്സോടെ കെ എം മൗലവിക്ക്‌ കൊടുങ്ങല്ലൂര്‍ വിട നല്‍കി. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ മൗലവിയും കുടുംബവും തിരൂരങ്ങാടിയില്‍ തിരിച്ചെത്തിയത്‌.

പിന്നീടുള്ള ജീവിതവും സ്വാതന്ത്ര്യസമര മാര്‍ഗത്തില്‍ സജീവമായി. സമരത്തെ ശക്തിപ്പെടുത്താന്‍ ഗാന്ധിജി ആസൂത്രണം ചെയ്‌ത, വിദേശ വസ്‌തു ബഹിഷ്‌കരണത്തിലും ഖാദി പ്രചാരണത്തിലും കെ എം മൗലവി പങ്കാളിയായി. ജീവിതാന്ത്യം വരെ അദ്ദേഹം ഖാദി വസ്‌ത്രമാണ്‌ ഉപയോഗിച്ചിരുന്നത്‌. മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലും മൗലവി പങ്കാളിയായി. പത്രം സാമ്പത്തിക പരാധീനതയിലായപ്പോള്‍, കെ പി കേശവമേനോന്റെ കൂടെ കൊടുങ്ങല്ലൂരില്‍ തെക്കന്‍ ദേശങ്ങളിലുമുള്ള സമ്പന്നരില്‍ നിന്ന്‌ പണം പിരിക്കാനും മൗലവി ഇറങ്ങിപ്പുറപ്പെട്ടു. 1935ല്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്ന അദ്ദേഹം 1964 സപ്‌തംബര്‍ 10ന്‌ അന്തരിക്കുന്നതു വരെ മുസ്‌ലിംലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റായിരുന്നു.

ഉറുദു, ഇംഗ്ലീഷ്‌, അറബി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്‌തിരുന്ന മൗലവി കിടയറ്റ എഴുത്തുകാരനും മുഫ്‌ത്തിയുമായിരുന്നു. ഈജിപ്‌ഷ്യന്‍ നവോത്ഥാന ധാരയോട്‌ അടുപ്പം പുലര്‍ത്തിയ മൗലവിക്ക്‌ റശീദ്‌ രിദായോട്‌ വ്യക്തിപരമായ സൗഹൃവുമുണ്ടായിരുന്നു. ലോകോത്തര രചനകള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു. ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ തുഹ്‌ഫതുല്‍ മുജാഹിദീന്‍ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയതും മൗലവിയായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ മൗലവി പത്രാധിപരായിരുന്ന അല്‍മുര്‍ശിദില്‍ കെ സി കോമുക്കുട്ടി മൗലവിയുടെ തുഹ്‌ഫത്തുല്‍ മുജാഹിദീന്റെ പരിഭാഷ പിന്നീട്‌ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു.

റശീദ്‌ രിദായുടെ അല്‍മനാറിലും കെ എം മൗലവിയുടെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ദി ഹിന്ദു ദിനപത്രത്തില്‍ മൗലവിയുടെ ചില കുറിപ്പുകളും വന്നിരുന്നു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അല്‍അമീനില്‍ മൗലവിയുടെ കോളം ഏറെ ജനസ്വീകാര്യത നേടി.

ഐക്യസംഘത്തിന്റെ തുടര്‍ച്ചയായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍, ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും കെ എം മൗലവിയായിരുന്നു. എന്‍ വി അബ്‌ദുസ്സലാം മൗലവി ജനറല്‍ സെക്രട്ടറിയായിരുന്നു.

പ്രതിഭയും ബന്ധങ്ങളും വെച്ചുനോക്കുമ്പോള്‍ അധികാര പദവികള്‍ എത്രയെങ്കിലും ലഭ്യമായിരുന്നിട്ടും അവയില്‍ നിന്നെല്ലാം ഏറെ ദൂരത്തായിരുന്നു കെ എം മൗലവി. ഇന്ത്യന്‍ ദേശീയ നേതാക്കള്‍ പോലും അറിയുകയും ആദരിക്കുകയും ചെയ്‌തിരുന്നിട്ടും, തന്റെ ദൗത്യം നിര്‍വഹിച്ച ശേഷം തിരൂരങ്ങാടിയില്‍ ഒതുങ്ങിക്കൂടുകയായിരുന്നു അദ്ദേഹം. കെ എം മൗലവി ഒരു സമുദായത്തിന്റെ മാത്രം മൗലവിയായിരുന്നില്ലെന്നും ദേശീയ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനിയായ നേതാവും അനുയായിയുമായിരുന്നുവെന്നും ചരിത്രം പലപ്പോഴും ഓര്‍ക്കാതെ പോയിട്ടുണ്ട്‌.

പി എം എ ഗഫൂര്‍
 August 19, 2011.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal