‘മൈഗരുഡ്’ മലബാറിന്റെ ഗൂഢഭാഷ

'മവന്‍ രാങ്ങ നജിന്നു ടവ' കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനായിരുന്ന കരേക്കടവത്ത് ഹസ്സന്‍കുട്ടി പറയേണ്ട താമസം, ചായമക്കാനിയില്‍ നിന്ന് ചുടുചായയുമായി തോരപ്പ മുഹമ്മദെത്തി. ഒരു കവിള്‍ ചായകുടിച്ചു തീര്‍ന്നില്ല, ദാ വരുന്നു കൂട്ടുകാരനായ പ്രമോദ് ഇരുമ്പുഴി. പിന്നെ തുരുതുരാ സംസാരം: 'ഉമം കാറോ?, രാങ്ങ ലോറോ?, സൊചു രാങ ടേറം, മവി ടേറോ?, ടേഷ.' ആഫ്രിക്കയിലെ ഏതോ ഉള്‍നാട്ടു ഭാഷയാണെന്നു കരുതേണ്ട. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി അങ്ങാടിയിലെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തോരപ്പ മുഹമ്മദിന്റെ ചായക്കടയിലെ നാട്ടുവര്‍ത്തമാനമാണിത്. മലബാറിലെ പഴയ തലമുറക്കാരില്‍ ചിലരെങ്കിലും സംസാരിച്ച ഭാഷയായിരുന്നു ഇത്. മൈഗരുഡ് എന്നാണ് ഈ ഗൂഢഭാഷയുടെ പേര്. 'ഉമം കാറോ' എന്നാല്‍ സുഖമല്ലേ എന്നും 'രാങ്ങ ലോറോ' ചായ വേണോയെന്നും 'സൊചു രാങ ടേറം' എന്നാല്‍ ഒരു ചായ വേണമെന്നുമാണ് അര്‍ഥം. 'മവി ടോറോ' അഥവാ കടിവേണോ എന്ന ചോദ്യത്തിന് 'ടേഷ' അഥവാ വേണ്ട എന്ന മറുപടി. ഒരുകാലത്ത് മലബാറില്‍ പ്രചാരമുണ്ടായിരുന്ന മൈഗരുഡ് എന്ന ഗൂഢഭാഷ അറിയുന്ന നാനൂറിലധികം ആളുകളാണ് ഇന്നും വിവിധ ജില്ലകളിലുള്ളത്. മുന്‍ തലമുറക്കാരില്‍ നിന്ന് കേട്ടുമനസിലാക്കിയവരാണിവര്‍. കാലങ്ങളായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഭാഷകള്‍ പോലും മണ്ണടിയുന്ന പുതിയ കാലത്ത് ഗൂഢഭാഷകളുടെ കാര്യം പറയേണ്ടതുമില്ല. ലിപിയും സങ്കീര്‍ണ വ്യാകരണ നിയമങ്ങളും മൈഗരുഡിനില്ല. മലയാള ഭാഷാ വാക്യങ്ങളെ പ്രത്യേകരീതിയില്‍ ക്രമം തെറ്റിച്ച് ഉപയോഗിക്കുന്ന രീതിയാണ് മൈഗരുഡ്. എന്താണ് ഗൂഢഭാഷ മുഖ്യധാരാഭാഷകളുള്ളപ്പോള്‍ തന്നെ ചില പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുദ്ദേശിച്ചാണ് ഗൂഢഭാഷകള്‍ ഉപയോഗിക്കുന്നത്. ഒരു നാട്ടിലുള്ള ഗൂഢഭാഷ അന്നാട്ടിലെ എല്ലാവര്‍ക്കും അറിഞ്ഞിരിക്കണമെന്നില്ല. കാരണം ഗൂഢഭാഷ ഉപയോഗിക്കുന്നവരുടെ ലക്ഷ്യം തന്നെ തന്റെ സംസാരം മറ്റുള്ള പലരും അറിയരുതെന്നാണ്. പ്രത്യേക തൊഴില്‍ ചെയ്യുന്നവര്‍, പ്രത്യേക സമുദായങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൂഢഭാഷ രൂപപ്പെടുത്തുക. ഗൂഢഭാഷ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച പൊതു ധാരണ സംസാരിക്കുന്നവര്‍ക്ക് ഉണ്ടാവുമെന്നല്ലാതെ ലിഖിതമായ നിയമങ്ങളൊന്നും ഇതിനുണ്ടാവില്ല. കടപയാദി, ചെട്ടിഭാഷ, മറിച്ചു ചൊല്ലല്‍, മൂലഭദ്രി തുടങ്ങിയവ കേരളത്തിലെ ഗൂഢഭാഷകളാണ്. പാണന്മാര്‍, മുതുവന്മാര്‍ എന്നീ ആദിവാസി സമുദായങ്ങളും ഗൂഢഭാഷകള്‍ ഉപയോഗിക്കുന്നവരാണ്. മലപ്പുറം ജില്ലയിലെ തന്നെ കന്നുകാലിക്കച്ചവടക്കാര്‍ക്കിടയില്‍ പ്രചാരമുണ്ടായിരുന്ന ഗുഢഭാഷയാണ് ചെട്ടിഭാഷ. സംഖ്യകള്‍ക്കുപകരം വാക്കുകളുപയോഗിക്കുന്ന രീതിയാണിത്. കന്നുകാലികളെ വീടുകളില്‍ നിന്ന് വാങ്ങാന്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് പോവുക. കന്നുകാലിയുടെ ഗുണദോശങ്ങള്‍ വീട്ടുടമസ്ഥന്‍ അറിയാതെ പറയാന്‍ ചെട്ടിഭാഷ ഉപയോഗിച്ചു. വാച്ച എന്നാല്‍ ഒന്ന് എന്നാണ്. മുറിവാച്ച എന്നാല്‍ ഒന്നരയാണ്. ഇങ്ങനെ എല്ലാ അക്കങ്ങള്‍ക്കും ചെട്ടിഭാഷയില്‍ വാക്കുകളുണ്ട്. മൈഗരുഡിന്റെ പിറവി മൊഴി, കുരുട് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് മൈഗരുഡ് എന്ന പേര് വന്നതെന്നാണ് അനുമാനം. മൊഴിയെ കുരുടാക്കി അവതരിപ്പിക്കുന്ന മൈഗരുഡ് ഭാഷ എന്നു തുടങ്ങിയെന്നോ ആരു തുടങ്ങിയെന്നോ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി, എടപ്പാള്‍ പ്രദേശങ്ങളിലുള്ളവരാണ് ആദ്യമായി മൈഗരുഡ് ഗൂഢഭാഷ ഉപയോഗിച്ചതെന്ന് കരുതുന്നു. ഹിന്ദു, മുസ് ലിം വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ഇവിടെ ഈ ഭാഷ സംസാരിച്ചിരുന്നവരില്‍ ഭൂരിഭാഗവും മുസ് ലിംകളാണ്. ആദ്യകാല ബീഡി തൊഴിലാളികളിലൂടെയാണ് മൈഗരുഡിന്റെ ആരംഭം. മലബാറില്‍ മാത്രം നിരവധി ബീഡി കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടത്തെ തൊഴിലാളികള്‍ പരസ്പരം കുശലം പറയാനാണ് ആദ്യഘട്ടത്തില്‍ ഇത് ഉപയോഗിച്ചത്. പാത്രക്കച്ചവടവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നാടുചുറ്റിയവരും മൈഗരുഡിന് ജില്ലാന്തര പ്രശസ്തി നല്‍കി. പിന്നെപ്പിന്നെ മുന്‍തലമുറക്കാരില്‍ നിന്നു കേട്ടു പഠിച്ചവര്‍ ഇതിന്റെ ആളുകളായി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും മൈഗരുഡിനൊരു ചരിത്രമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലബാറിലെങ്ങും സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊള്ളുന്ന കാലം. കലാപത്തിന്റെ അനുരണനങ്ങള്‍ പ്രകടമായ സ്ഥലങ്ങളായിരുന്നു മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍, ഇരുമ്പുഴി, കുറ്റിപ്പുറം പ്രദേശങ്ങള്‍. മാപ്പിള ലഹളയില്‍ പങ്കെടുത്തിരുന്ന പലരേയും ന്യായത്തിനും അന്യായത്തിനുമായി ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ജയില്‍ വാര്‍ഡന്‍മാരാവട്ടെ ഭൂരിഭാഗവും മലയാളികളും. ലഹളക്കാരായ തടവു പുള്ളികള്‍ ഓരോരുത്തരും അവരവര്‍ ചെയ്ത പ്രവൃത്തികള്‍ സഹതടവുകാര്‍ക്ക് പറഞ്ഞു കൊടുക്കുക പതിവാണ്. ജയിലിലേക്ക് ഒരോ ദിവസവും പുതിയ തടവുകാരെത്തുമ്പോള്‍ നാട്ടിന്‍ പുറത്തെ പുതിയ സംഭവ വികാസങ്ങള്‍ അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമാണ്. ഇക്കാര്യങ്ങളെല്ലാം തനി മലയാളത്തില്‍ സംസാരിച്ചാല്‍ മലയാളികളായ ജയില്‍ വാര്‍ഡന്‍മാര്‍ അറിയുമെന്ന് മാത്രമല്ല, ആ നിമിഷം കാര്യങ്ങള്‍ ഒന്നു വിടാതെ ബ്രിട്ടീഷ് അധികാരികളുടെ കാതുകളിലെത്തുകയും ചെയ്യും. ഈ പ്രശ്‌നത്തെ മറികടക്കാനായി ജയിലിനകത്തെ തടവുപുള്ളികളില്‍ പലരും മൈഗരുഡ് ഉപയോഗിച്ചു പോന്നു. അങ്ങനെയാണ് മാപ്പിള ലഹളക്കാലത്ത് മൈഗരുഡിന്റെ ഉപയോഗം വ്യാപകമാവുന്നത്. ജയില്‍വാര്‍ഡന്‍മാര്‍ അറിയാതെ വിവരങ്ങള്‍ കൈമാറുന്നതിനും സംസാരിക്കുന്നതിനും ചില പ്രത്യേക കോഡ് ഭാഷകള്‍ ഇന്നും ജയിലുകളില്‍ സാധാരണമാണ്. ബീഡി തൊഴിലാളികള്‍ക്കു പുറമെ വിവിധ സ്ഥലങ്ങളിലേക്ക് തൊഴില്‍ ആവശ്യാര്‍ഥം യാത്രചെയ്തവരും കുടിയേറിപ്പാര്‍ത്തവരും മൈഗരുഡിന്റെ പ്രചാരകരായി. മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലും മൈഗരുഡ് സംസാരിക്കാനറിയുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. മുന്‍തലമുറയില്‍ നിന്ന് കേട്ടു മനസിലാക്കിയവരാണ് ഇന്ന് മൈഗരുഡ് സംസാരിക്കുന്നവര്‍. നിയമങ്ങള്‍ മലയാള ഭാഷ നല്ല രീതിയില്‍ അറിയുന്നവര്‍ക്കേ മൈഗരുഡ് ഉപയോഗിക്കാനാവൂ. പ്രത്യേക വ്യാകരണ നിയമങ്ങള്‍ നിലവിലില്ലെങ്കിലും മൈഗരുഡിനുമുണ്ട് ചില പൊതു നിയമങ്ങള്‍. സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ എന്നിവക്കുപകരം മൈഗരുഡില്‍ യാഥാക്രമം സ, സാ, സി, സീ എന്നിങ്ങനെ അം, അ: വരെ ഉപയോഗിക്കുന്നു. വ്യഞ്ജനാക്ഷരങ്ങളും ഇതേ മാതൃകയില്‍ മാറ്റിയാണ് ഉപയോഗിക്കുന്നത്്. ' ക' എന്ന അക്ഷരത്തിനു പകരം 'മ', ' ക' ക്കു പകരം 'മ', 'ബ' ക്കു പകരം 'ജ', 'ജ' ക്കു പകരം 'ബ', വ്യഞ്ജനാക്ഷരത്തോടൊപ്പം വരുന്ന ആ, ഇ, ഊ തുടങ്ങിയ സ്വരമാത്രകള്‍ പകരം വരുന്ന അക്ഷരത്തോടൊപ്പം പ്രയോഗിക്കുന്നു. അതുപോലെ ദ്വിത്വം(ഇരട്ടിപ്പ്) പകരം വരുന്ന അക്ഷരത്തിനും പ്രയോഗിക്കണമെന്നാണ് വ്യവസ്ഥ. മൈഗരുഡിന്റെ നിയമങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ശ്ലോകം തന്നെ നിലവിലുണ്ട്. 'കമ ങയ ചര വട ണ്ടഷ പന റണ ഞള ങ്കറ്റ നഞ്ച ന്തഹ ബജ.' ശ്ലോകത്തില്‍ ഒരു ജോടിയായി കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്രയോഗിക്കുന്നു. ഇങ്ങനെ അക്ഷരങ്ങള്‍ മാറ്റി ഉപയോഗിക്കുന്നതു കേള്‍ക്കാനും ഏറെ കൗതുകതരമാണ്. മൈഗരുഡ് ഭാഷയില്‍ ഉന്റജാളം എന്നാല്‍ സുപ്രഭാതം എന്നാണ് അര്‍ഥം. കുട്ട എന്ന വാക്ക് മൈഗരുഡില്‍ മുവ്വ ആയി മാറുന്നു. നേച്ച് എന്ന് എന്നാല്‍ പേര്, മീള എന്നാല്‍ ഗീത എന്നും അര്‍ഥം നല്‍കാം. കള്ളിന് മത്ത് എന്നാണ് പറയുക. മലയാളികള്‍ ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഇക്കാലത്തും മൈഗരുഡ് ഭാഷക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തുന്ന ഡോ.പ്രമോദ് ഇരുമ്പുഴി പറയുന്നു. മൈഗരുഡില്‍ പേരുകള്‍ ഉള്‍പ്പെടെ മാറ്റി ഉപയോഗിക്കുന്നതിനാല്‍ കേട്ടിരിക്കുന്നവര്‍ക്ക് എന്താണ് സംസാരിക്കുന്നതെന്ന് ഒരിക്കലും മനസിലാവില്ല. സന്തക്കള്‍ മുവി എന്നാല്‍ അഹമ്മദ് കുട്ടിയെന്നും കുന്തക്കള്‍ മുവി എന്നാല്‍ മുഹമ്മദ് കുട്ടിയെന്നുമാണര്‍ഥം. പരപ്പനങ്ങാടിയില്‍ നിന്ന് ഹാജി മൊയ്തീന്‍ കമ്പനി പുറത്തിറക്കിയ ഒരു അറബിമലയാള ഗദ്യ സാഹിത്യ കൃതിയുടെ രചയിതാവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് മൈഗരുഡ് ഭാഷയിലാണ്. രചയിതാവ് പ്രശസ്തി ഉദ്ദേശിക്കാത്തതിനാലോ മറ്റോ തിരിച്ചറിയാതിരിക്കാന്‍ പേര് മാറ്റിനല്‍കുന്ന രീതി സാഹിത്യ രംഗത്ത് ഇന്നും നിലവിലുണ്ട്. സന്തക്കള്‍ പൈതല്‍ എന്നാണ് ഈ പുസ്തകത്തിന്റെ രചയിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത്. മൈഗരുഡ് ഭാഷയിലെ ഈ പേരിനര്‍ഥം അഹമ്മദ് കുട്ടിയെന്നാണ്. മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച മാപ്പിളപ്പാട്ടുകളിലും മൈഗരുഡ് ഭാഷ പ്രയോഗിച്ചതായി ഡോ.പ്രമോദ് ഇരുമ്പുഴി പറയുന്നു. ഇതിനിടെ, മലയാള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മൈഗരുഡ് ഭാഷ സംബന്ധിച്ച ചരിത്രവും നിയമങ്ങളും സാഹിത്യങ്ങളും കണ്ടെത്താനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷമായി മൈഗരുഡ് ഭാഷ സംസാരിക്കുന്നവരുടെ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഭാഷയറിയാവുന്ന നൂറുകണക്കിനു പേര്‍ ഒരോ സംഗമങ്ങളിലും പങ്കെടുക്കാറുണ്ട്. മലയാള ഗാനങ്ങള്‍ മൈഗരുഡിലേക്കു മാറ്റി ഈണം തെറ്റാതെ പാടാനും മൈരുഡ് ഭാഷയില്‍ ഘോരഘോരം പ്രസംഗിക്കാനും കഴിവുള്ള നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുക്കാറുണ്ട്. മൈഗരുഡ് ഭാഷയില്‍ തല്‍പരരായ പുതുതലമുറക്കാരും സംഗമത്തിനെത്തും. സാധാരണ ഭാഷകള്‍ പോലും മണ്ണടിയുന്ന കാലത്ത് ചരിത്ര പുസ്തകങ്ങള്‍ പോലും രേഖപ്പെടുത്താന്‍ മറന്ന മൈഗരുഡെന്ന ഭാഷയെ സംരക്ഷിക്കാന്‍ പൊതുസംവിധാനങ്ങളെങ്കിലും ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം. മൈഗരുഡ് എന്ന ഗൂഢഭാഷയെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ വിളിക്കുക.
 ഡോ.പ്രമോദ് ഇരുമ്പുഴി:9846308995

ഫസല്‍ മറ്റത്തൂര്‍ 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal