മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ധീരകേരളത്തിന്റെ വീരപുത്രന്‍


പി എം എ ഗഫൂര്‍

മലയാള മണ്ണില്‍ പിറന്ന അത്യപൂര്‍വ ജന്മങ്ങളിലൊന്നാണ്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്റേത്‌. നാല്‍പത്തിയേഴ്‌ വയസ്സിലൊടുങ്ങിയ ഒരു പുരുഷായുസ്സ്‌ മുഴുക്കെ, അസാധാരണമായ ആവിഷ്‌കാര സാധ്യതകളും അനവദ്യസുന്ദരമായ ആജ്ഞാശക്തിയും സംലയിച്ച ആ ജീവിതത്തിന്‌ പകരം വെക്കാന്‍ മറ്റൊന്നില്ല. കര്‍മനിരതമായ ആയുഷ്‌കാരം കൊണ്ട്‌, അതിസാഹസികമായ വഴികളിലൂടെ അബ്‌ദുര്‍റഹ്‌മാന്‍ മുന്നേറി. ആര്‍ക്കും ഒപ്പമെത്താനാവാത്ത അത്ര ശക്തിയില്‍ സാഹിബ്‌ പോരാടി. പോരാട്ടവും സമരവീര്യവും തിളച്ച ആ ജീവിതം പില്‍ക്കാലത്തേക്കു പോലും സ്വാതന്ത്ര്യബോധത്തിന്റെയും നവോത്ഥാനപ്പോരാട്ടങ്ങളുടെയും നട്ടെല്ലിന്‌ ഊര്‍ജം പകര്‍ന്നു. വരുംവരായ്‌കകളെക്കുറിച്ച ആധി കൊണ്ട്‌ പുതിയതൊന്നും സൃഷ്‌ടിക്കാനാവില്ല എന്ന ഉന്നതമായ പാഠം ബാക്കിയാക്കി മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ കടന്നുപോയി.
`കേരളം കണ്ട ഏറ്റവും വലിയ സാമ്രാജ്യത്വ വിരോധി’ എന്ന്‌ മാര്‍ക്‌സിസ്റ്റ്‌ വാരികയായ ന്യൂ ഏജ്‌ വിശേഷിപ്പിച്ചത്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെയായിരുന്നു. കെ പി സി സിയുടെ പ്രസിഡന്റായിരുന്ന അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ! ആര്‍ക്കും വിസമ്മതിക്കാനാവാത്ത വിസ്‌മയമായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍.
പഴയ കൊച്ചി നാട്ടുരാജ്യമായ കൊടുങ്ങല്ലൂരിലെ അഴീക്കോടില്‍ സമ്പന്നനായ കറുകപ്പാടത്ത്‌ പുന്നക്കച്ചാലില്‍ അബ്‌ദുര്‍റഹ്‌മാന്റെ മൂത്ത മകനായി 1898ല്‍ ജനിച്ച കെ എ മുഹമ്മദാണ്‌ പിന്നീട്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന്‌ വിശ്രുതനായത്‌. കുടുംബത്തിന്റെ കുഞ്ഞഹമ്മദായ കെ എം മുഹമ്മദ്‌ നാട്ടാശാന്റെ കീഴില്‍ മലയാളം പഠിച്ച്‌ അഴീക്കോട്‌ പ്രൈമറി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലും പഠിച്ചു. അറബി ഭാഷയിലും മതകാര്യങ്ങളിലും പ്രാഥമിക ജ്ഞാനവും നേടി. മതവിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനായി തമിഴ്‌നാട്ടിലെ വാണിയമ്പാടി മദ്‌റസ ഇസ്‌ലാമിയയില്‍ ചേര്‍ന്നു. അവിടെ വെച്ചാണ്‌ മുഹമ്മദ്‌ എന്ന പേരിനൊപ്പം പിതാവിന്റെ പേര്‌ കൂടി ചേര്‍ത്തത്‌. അങ്ങനെ കെ എ മുഹമ്മദ്‌, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാനായി. പഠനകാര്യത്തില്‍ ശ്രദ്ധയൂന്നിയ ആ മലയാളി വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ ഖുറൈശി, സൗത്ത്‌ ഇന്ത്യന്‍ കോണ്‍ഫറന്‍സിന്റെ ക്യാപ്‌റ്റനാക്കി. പതിനെട്ട്‌ വയസ്സുള്ള ക്യാപ്‌റ്റന്റെ ധീരമായ നേതൃപാടവത്തെ സമ്മേളനാധ്യക്ഷന്‍ സര്‍ അക്‌ബര്‍ ഹൈദരലി പ്രശംസിച്ചു. സമ്മേളന ശേഷം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അതിനിടെ ഖുറൈശിയെ അന്യായമായി പിരിച്ചുവിട്ട മദ്‌റസ മാനേജ്‌മെന്റിന്റെ നിലപാട്‌ അബ്‌ദുര്‍റഹ്‌മാനില്‍ അമര്‍ഷമുണ്ടാക്കി. സഹപാഠികളെ സംഘടിപ്പിച്ച്‌ വാണിയമ്പാടി തെരുവില്‍ അബ്‌ദുര്‍റഹ്‌മാന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മദ്‌റസ അധികാരികളുടെ അനീതിയില്‍ പ്രതിഷേധിച്ച്‌ മദ്‌റസ ബഹിഷ്‌കരിക്കാനുള്ള തന്റെ തീരുമാനം പ്രതിഷേധ യോഗത്തില്‍ പ്രഖ്യാപിച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ നാട്ടിലേക്ക്‌ വണ്ടികയറി. ഒരു പോരാളിയായിരുന്നു നാട്ടില്‍ തിരിച്ചെത്തിയത്‌.
വാണിയമ്പാടിയിലെ പഠനകാലത്ത്‌ അറബിക്കു പുറമെ ഉറുദുവും ഹിന്ദിയും തമിഴും നന്നായി പഠിക്കാന്‍ അബ്‌ദുര്‍റഹ്‌മാന്‌ സാധിച്ചു. സ്വന്തമായി പഠിച്ച്‌ മികച്ച മാര്‍ക്കോടെ ആ മിടുക്കന്‍ മെട്രിക്കുലേഷനും പാസ്സായി. നാട്ടിലെത്തി കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളെജില്‍ ജൂനിയര്‍ എഫ്‌ എ ക്ലാസ്സില്‍ ചേര്‍ന്നു. ജര്‍മന്‍ ആയിരുന്നു രണ്ടാം ഭാഷ.
കോഴിക്കോട്‌ പഠിക്കുമ്പോള്‍ തന്നെ സാമൂഹ്യ പരിഷ്‌കരണ ചിന്ത അദ്ദേഹത്തില്‍ കൂടുകെട്ടാന്‍ തുടങ്ങിയിരുന്നു. കൊടുങ്ങല്ലൂരിലെ പൗരമുഖ്യരായ ബന്ധുക്കളോട്‌ അത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും പതിവാക്കി. ആ ചര്‍ച്ചകളുടെ ഫലമായാണ്‌ കൊച്ചിന്‍ മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി രൂപീകൃതമായത്‌. മക്കളെ പള്ളിക്കൂടത്തില്‍ അയക്കേണ്ടതിന്റെ അനിവാര്യത രക്ഷിതാക്കളെ ബോധവത്‌കരിക്കലായിരുന്നു സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. സംഘടനയുടെ ഒരു നിവേദനവുമായി കൊച്ചി ദിവാനെ കാണാന്‍ പോയത്‌ കോളെജ്‌ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാനായിരുന്നു. ഇംഗ്ലീഷ്‌ അനായാസം കൈകാര്യം ചെയ്‌ത ചുറുചുറുക്കുള്ള ആ യുവാവിന്റെ പ്രസരിപ്പില്‍ മതിപ്പു തോന്നിയ ദിവാന്‍, നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വൈകിയില്ല. എല്ലാ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും സ്റ്റൈപ്പന്റും പഠനമികവുള്ള ആണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പും അനുവദിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറബി മുന്‍ഷികളെ നിയമിക്കാനുള്ള ആവശ്യവും അംഗീകരിച്ചു.
നല്ല മാര്‍ക്കില്‍ ജൂനിയര്‍ എഫ്‌ എ പാസ്സായ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ മദിരാശിയിലെ മുഹമ്മദന്‍ കോളെജിലാണ്‌ ഉപരിപഠനത്തിന്‌ ചേര്‍ന്നത്‌. സീനിയര്‍ എഫ്‌ എ ഫസ്റ്റ്‌ക്ലാസ്സില്‍ പാസ്സായപ്പോള്‍ ഐ സി എസ്‌ നേടാന്‍ എളുപ്പമാണെന്ന സര്‍ ഹൈദരലിയുടെ ഉപദേശമനുസരിച്ച്‌ പ്രസിഡന്‍സി കോളെജില്‍ ബി എ ഓണേഴ്‌സിനും ചേര്‍ന്നു. സമ്പന്ന വിദ്യാര്‍ഥികളുടെ അക്കാലത്തെ സ്വപ്‌നമായിരുന്നു ഐ സി എസ്‌. ഇക്കാലത്തെ ഐ എ എസ്സിനു തുല്യമാണെങ്കിലും അതിലേറെ പദവികള്‍ ലഭ്യമായിരുന്ന കോഴ്‌സായിരുന്നു ഐ സി എസ്‌.
തൃശൂര്‍കാരനായ കെ മുഹമ്മദ്‌ എന്ന വിദ്യാര്‍ഥിയായിരുന്നു മദിരാശിയില്‍ അബ്‌ദുര്‍റഹ്‌മാന്റെ സുഹൃത്തും സഹപാഠിയും. സ്വാതന്ത്ര്യസമരത്തിന്റെയും കോണ്‍ഗ്രസിന്റെയും ശക്തനായ അനുയായിയായിരുന്നു. മുഹമ്മദ്‌ തന്റെ സുഹൃത്തില്‍ സമരാവേശമുണ്ടാക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. എങ്കിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവര്‍ക്കിടയിലെ ചര്‍ച്ചാവിഷയമായിരുന്നു. അതിനിടയ്‌ക്കാണ്‌ അബുല്‍കാലം ആസാദിന്റെ ഖിലാഫത്‌ ഓര്‍ ജസീറതുല്‍ അറബ്‌ എന്ന ലഘുലേഖ മുഹമ്മദില്‍ നിന്ന്‌ അബ്‌ദുര്‍റഹ്‌മാന്‌ ലഭിക്കുന്നത്‌. ഒന്നിലേറെ തവണ അത്‌ വായിച്ച ആ യുവാവില്‍ ആസാദിന്റെ ഭാഷയും അവതരണരീതിയും സ്വാധീനിച്ചു. ഇസ്‌ലാമിക ബാധ്യത എന്ന നിലയില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവേണ്ടതിന്റെ അനിവാര്യതയായിരുന്നു ലഘുലേഖയില്‍. അബ്‌ദുര്‍റഹ്‌മാന്‍ എന്ന വിപ്ലവകാരിയുടെ ആരംഭം അവിടെവെച്ചായിരുന്നു. ഐ സി എസ്‌ നേടി ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ സേവകനായിത്തീരുന്നത്‌ അബ്‌ദുര്‍റഹ്‌മാനില്‍ അറപ്പുളവാക്കി. അതോടെ ഐ സി എസ്‌ എന്ന സ്വപ്‌നത്തെ പിറകിലേക്കെറിഞ്ഞ്‌ ആ ധീരവിപ്ലവകാരി ചരിത്രസമരത്തോടൊപ്പം ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോളെജ്‌ ബഹിഷ്‌കരിക്കുന്നുവെന്ന്‌ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ച്‌ കൊടുങ്ങല്ലൂരിലേക്ക്‌ വണ്ടി കയറി. കെ എം സീതിസാഹിബ്‌ അടക്കമുള്ള ബന്ധുക്കളും നേതാക്കളും ആവുന്നത്ര ശ്രമിച്ചിട്ടും തീരുമാനത്തില്‍ നിന്ന്‌ അബ്‌ദുര്‍റഹമാന്‍ പിറകോട്ട്‌ പോയില്ല.
ബ്രിട്ടീഷ്‌ വിരോധിയായിരുന്ന പഴയ സുഹൃത്ത്‌ കെ മുഹമ്മദ്‌, അതേ ബ്രിട്ടീഷുകാരന്റെ സ്‌കോളര്‍ഷിപ്പ്‌ വാങ്ങി ഇംഗ്ലണ്ടില്‍ പഠിച്ച്‌ മദിരാശി സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ഓഫീസറായിത്തീര്‍ന്നു! പഠനാവശ്യാര്‍ഥം അബ്‌ദുര്‍റഹ്‌മാന്‍ പിന്നീട്‌ അലീഗഡിലേക്ക്‌ പോയി, ജാമിഅ മില്ലിയയില്‍ വിദ്യാര്‍ഥിയായി. മൗലാനാ മുഹമ്മദലിയായിരുന്നു പ്രധാനാധ്യാപകന്‍.
മലബാര്‍ ഖിലാഫത്ത്‌ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച്‌ 1920 ഡിസംബറില്‍ നാഗ്‌പൂരില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ബ്രിട്ടീഷ്‌ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ ഭാഗങ്ങള്‍ ചേര്‍ന്നുള്ള മലയാള നാടിന്‌, കോണ്‍ഗ്രസ്‌ ഭരണഘടനയില്‍ സംസ്ഥാന പദവി നല്‍കണമെന്ന്‌ അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു. ഈ ആവശ്യം സമ്മേളനം അംഗീകരിച്ചു. അതിനെ തുടര്‍ന്നാണ്‌ കെ പി സി സി എന്ന ഘടകം കേരളത്തില്‍ പിറവി കൊണ്ടത്‌. അബ്‌ദുര്‍റഹ്‌മാന്‍ പിന്നീടതിന്റെ പ്രസിഡന്റുമായി.
കര്‍മശക്തിയും ആജ്ഞാശേഷിയുമുള്ള നേതൃത്വത്തിന്റെ അഭാവം കേരളത്തിലുണ്ടെന്ന്‌ തിരിച്ചറിഞ്ഞ മൗലാനാ മുഹമ്മദലി, അതെല്ലാം വേണ്ടുവോളമുണ്ടെന്ന്‌ കണ്ടറിഞ്ഞ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാനെ മലബാറിലേക്ക്‌ മുഴുസമയ രാഷ്‌ട്രീയത്തിലേക്ക്‌ പറഞ്ഞയക്കുകയായിരുന്നു. 1921 ഏപ്രില്‍ 23,24 തിയ്യതിയില്‍ ഒറ്റപ്പാലത്ത്‌ നടന്ന കേരള സംസ്ഥാന രാഷ്‌ട്രീയ സമ്മേളനത്തിലൂടെയാണ്‌ അബ്‌ദുര്‍റഹമാന്‍ കേരള രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്‌. ഇവിടെ വെച്ച്‌ പരിചയപ്പെട്ട ഇ മൊയ്‌തു മൗലവിയോടൊപ്പം, കോഴിക്കോട്ടേക്ക്‌ പോവുകയും ചെയ്‌തു. അഖിലേന്ത്യാ ഖിലാഫത്ത്‌ കമ്മിറ്റിയുടെ കേരള ശാഖ രൂപീകരിക്കപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും അബ്‌ദുര്‍റഹ്‌മാന്‍ തന്നെ. അപ്പോഴേക്കും `സാഹിബ്‌’ എന്ന വിളിപ്പേരിലേക്ക്‌ ആ വ്യക്തിത്വം വികസിച്ചുകഴിഞ്ഞിരുന്നു.
ഖിലാഫത്ത്‌ കമ്മിറ്റിയുടെ പ്രചാരണാര്‍ഥം കൊച്ചിയിലും മലബാറിലും സഞ്ചരിച്ച്‌ പ്രാദേശിക ശാഖകള്‍ രൂപീകരിക്കാനാണ്‌ സാഹിബ്‌ ആദ്യം ശ്രമിച്ചത്‌. ശ്രമകരമായ ആ ദൗത്യം പ്രതീക്ഷിച്ചതിലേറെ വിജയിച്ചു. ജാമിഅ മില്ലിയയുടെ മാതൃകയില്‍ ഒരു സ്ഥാപനം വളപട്ടണത്ത്‌ ആരംഭിച്ചെങ്കിലും പ്രതികൂല രാഷ്‌ട്രീയ സാഹചര്യത്തില്‍ അത്‌ വിജയത്തിലെത്തിയില്ല.
1921ലെ മലബാര്‍ സമരത്തെ വ്യത്യസ്‌തമായിട്ടാണ്‌ സാഹിബ്‌ വീക്ഷിച്ചത്‌. സര്‍വസജ്ജരായ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെ സായുധ സമരത്തിലൂടെ നേരിടുന്നത്‌ ആത്മഹത്യാപരമാണെന്ന്‌ സാഹിബ്‌ വീക്ഷിച്ചു. ഇ മൊയ്‌തുമൗലവിയടക്കമുള്ള നേതാക്കളോടൊപ്പം സമരഭൂമിയിലെത്തിയ സാഹിബ്‌ പൂക്കോട്ടൂരിലെ സായുധ പോരാളികളോട്‌ ഒരു കാളവണ്ടിയില്‍ കയറി നിന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതിങ്ങനെയായിരുന്നു: “എന്റെ പ്രിയ സഹോദരങ്ങളേ, നിങ്ങളെന്താണ്‌ ചെയ്യാന്‍ പോകുന്നത്‌? വീരസ്വര്‍ഗം പ്രാപിക്കാനുള്ള ജിഹാദില്‍ പങ്കെടുക്കാന്‍ മുസല്‍മാനായ എനിക്കും മോഹമുണ്ട്‌. പിന്നെയെന്തുകൊണ്ട്‌ ഞാനതിന്‌ ഒരുങ്ങുന്നില്ല? നാം വീരസ്വര്‍ഗം പ്രാപിക്കുമ്പോള്‍ അശരണരായ നമ്മുടെ മാതാപിതാക്കളും സഹോദരിമാരും ഭാര്യമാരും ശത്രുക്കളാല്‍ പരസ്യമായി അപമാനിക്കപ്പെടും. അവരെ ആ നിലയിലാക്കിയാല്‍, നമ്മുടെ ആത്മാവിന്‌ വീരസ്വര്‍ഗത്തില്‍ എന്ത്‌ സന്തോഷമാണുണ്ടാവുക? മാപ്പിള മലയാളം അതിഭയങ്കരമായി വെന്തെരിയുമ്പോഴുണ്ടാകുന്ന ധൂമപടലം ആ വീരസ്വര്‍ഗത്തില്‍ നമ്മെ ശ്വാസം മുട്ടിക്കുക തന്നെ ചെയ്യും.”
സാഹിബിന്റെ ഉദ്‌ബോധനങ്ങള്‍ക്ക്‌ ചെറിയ പ്രതിഫലനങ്ങളുണ്ടായെങ്കിലും കലാപം മൂര്‍ച്ഛിച്ചു. ലഹളയുടെ പേരില്‍ 200ലധികം വില്ലേജുകളില്‍ പോലീസും പട്ടാളവും നരനായാട്ട്‌ നടത്തി. നിരപരാധരായ സ്‌ത്രീകളും വൃദ്ധന്മാരും കുട്ടികളും ആ നായാട്ടിന്നിരയായി. ലഹളബാധിത പ്രദേശങ്ങളിലേക്ക്‌ പോകാനൊരുങ്ങിയ സാഹിബിന്‌ അതിന്‌ അനുമതി ലഭിച്ചില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെങ്കിലും അനുമതി തരണമെന്നാവശ്യപ്പെട്ട്‌ മലബാര്‍ കലക്‌ടര്‍ക്ക്‌ സാഹിബ്‌ കത്തയച്ചു. ഖിലാഫത്ത്‌ കമ്മിറ്റി സെക്രട്ടറി കുഞ്ഞാമുവിന്റെ പക്കലാണ്‌ കത്ത്‌ കൊടുത്തയച്ചത്‌. കലക്‌ടര്‍ അത്‌ വാങ്ങിയില്ല. പിന്നീട്‌ തപാലിലും അയച്ചു; ഫലമുണ്ടായില്ല.
മലബാറിലെ കലാപബാധിത പ്രദേശങ്ങളിലെ ദയനീയാവസ്ഥയെ വിസ്‌തരിച്ചെഴുതി, ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലേക്കെല്ലാം സാഹിബ്‌ അയച്ചുകൊടുത്തു. ദ ഹിന്ദു അടക്കം ചില പത്രങ്ങള്‍ അത്‌ പ്രസിദ്ധീകരിച്ചുവെന്നു മാത്രമല്ല, മുഖപ്രസംഗങ്ങളുമെഴുതി. വടക്കെ ഇന്ത്യയില്‍ നിന്ന്‌ സഹായങ്ങളെത്താന്‍ ഈ പരിശ്രമം വഴിയൊരുക്കി. ബ്രിട്ടീഷ്‌ സര്‍ക്കാറിന്‌ സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു ഈ `അതിബുദ്ധി’. പട്ടാള നിയമപ്രകാരം അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ അറസ്റ്റുചെയ്യപ്പെട്ടു.
വിചാരണക്കായി കോഴിക്കോട്‌ ഹജൂര്‍ കച്ചേരിയിലെത്തിച്ചപ്പോള്‍, തൊട്ടടുത്ത്‌ പട്ടാളപ്പള്ളിയില്‍ ബാങ്കൊലി മുഴങ്ങി. കൂടെയുള്ള പോലീസുകാരോട്‌ “എനിക്ക്‌ നമസ്‌കരിക്കാന്‍ സമയമായി” എന്ന്‌ പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. അത്യുച്ചത്തില്‍ വീണ്ടും “എനിക്ക്‌ നമസ്‌കരിക്കന്‍ സമയമായി” എന്ന്‌ വിളിച്ചുപറഞ്ഞു. വിലങ്ങുകളഴിച്ച്‌ നമസ്‌കാരത്തിന്‌ സൗകര്യമൊരുക്കാന്‍ സര്‍ജന്റ്‌ നിര്‍ദേശിച്ചു. ഹജൂര്‍ കച്ചേരിയിലെ കോലായില്‍ സാഹിബ്‌ അസ്വ്‌ര്‍ നമസ്‌കരിച്ചു. വിചാരണക്കു ശേഷം രണ്ട്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. കൈകളില്‍ ആമവും അരയില്‍ ചങ്ങലയുമിട്ട്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടത്തിച്ചു. ബെല്ലാരി ജയിലിലേക്ക്‌ കൊണ്ടുപോയി. അതിദയനീയമായ ശിക്ഷയായിരുന്നു അവിടെ. ക്രൂരമായ പീഡനങ്ങളും നിഷ്‌ഠൂരമായ ശിക്ഷാമുറകളും സാഹിബിനെ കോപാന്ധനാക്കി. നിരവധി പ്രാവശ്യം നിരാഹാരമിരുന്നു. മുസ്‌ലിം തടവുകാര്‍ക്ക്‌ നമസ്‌കാരത്തിനായി ഫുള്‍ ട്രൗസര്‍ വേണമെന്ന ആവശ്യം സാഹിബ്‌ നേടിയെടുത്തു. ജയിലില്‍ മൊയ്‌തു മൗലവിയുടെ ഖുര്‍ആന്‍ ക്ലാസ്‌ സംഘടിപ്പിച്ചു. തടവുകാരില്‍ നിന്ന്‌ കന്നടയും തമിഴും പഠിച്ചെടുത്തു.
1923 ആഗസ്‌ത്‌ 9ന്‌ ജയില്‍ മോചിതനാവുമ്പോള്‍ അങ്ങേയറ്റം ക്ഷീണിതനായിരുന്നുവെങ്കിലും വിശ്രമിക്കാനൊരുങ്ങാതെ, തന്റെ സമരഭൂമിയായ കോഴിക്കോട്ടേക്ക്‌ സാഹിബ്‌ വണ്ടികയറി. അവിടെയെത്തിയ ദിവസം തന്നെ കലാപബാധിത പ്രദേശങ്ങളിലേക്ക്‌ ഓടിയെത്തി. വിധവകള്‍, അനാഥകള്‍, വൃദ്ധരായ മാതാപിതാക്കള്‍, നശിപ്പിക്കപ്പെട്ട കൃഷിയിടങ്ങള്‍….. ധീരനായ സാഹിബിനെപ്പോലും കണ്ണീരണിയിക്കുന്ന കാഴ്‌ചയായിരുന്നു അവിടെ. കലാപംകൊണ്ട്‌ പൊറുതിമുട്ടിയ മലബാറില്‍ തൊട്ടുടനെയാണ്‌ ശക്തമായ വെള്ളപ്പൊക്കമുണ്ടായത്‌. നിരവധി വീടുകള്‍ തകര്‍ന്നു. ജനങ്ങളേറെപ്പേരും പട്ടിണിയിലായി.
സഹപ്രവര്‍ത്തകരോടൊപ്പം സാഹിബ്‌, കോഴിക്കോട്ടെ വീടുകളിലും കടകളിലും കയറിച്ചെന്ന്‌ വസ്‌ത്രങ്ങളും ഭക്ഷണവും പണവും ശേഖരിച്ചു. കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളെ വിഷയം ധരിപ്പിച്ചു. ഗാന്ധിജി `മലബാര്‍ റിലീഫ്‌ ഫണ്ട്‌’ രൂപീകരിച്ചു. സാഹിബടക്കം അഞ്ചുപേരെ ദുരിതാശ്വാസത്തിന്‌ ചുമതലപ്പെടുത്തി. കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ മലബാറിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഹൃദയസ്‌പര്‍ശിയായി അവതരിപ്പിച്ച സാഹിബിന്റെ പ്രസംഗം രാജ്യമെങ്ങും ഫലങ്ങളുണ്ടാക്കി. മൗലാനാ ഷൗക്കത്തലി ചെയര്‍മാനായി മലബാര്‍ റിലീഫ്‌ കമ്മിറ്റി സമ്മേളനത്തില്‍വെച്ചു തന്നെ രൂപീകരിക്കപ്പെട്ടു. സമ്മേളനത്തിനെത്തിയ സമ്പന്നരായ കോണ്‍ഗ്രസുകാര്‍ സാഹിബിനോടൊത്ത്‌ വിശദമായി സംസാരിച്ചു. മലബാറിലെ സ്ഥിതി ബോധ്യപ്പെട്ട അവര്‍ സഹായം വാഗ്‌ദാനം ചെയ്‌തു. ആ കൂടിക്കാഴ്‌ചയാണ്‌ ജെ ഡി റ്റി അനാഥശാലയെന്ന്‌ പില്‍ക്കാലത്ത്‌ വിശ്രുതമായ പ്രസ്ഥാനത്തിന്‌ വിത്തിട്ടത്‌. പഞ്ചാബ്‌ ജെ ഡി റ്റി തലവന്‍ മൗലാനാ ഖസൂരിയായിരുന്നു പ്രധാനമായും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്‌. സാഹിബിന്റെ ഓരോ ശ്രമങ്ങലും ഓരോ ചരിത്രനിയോഗമായിത്തീരുകയായിരുന്നു. മികവാര്‍ന്ന വ്യക്തിത്വവും അന്തസ്സുള്ള അവതരണരീതിയും ആത്മാര്‍ഥത കലര്‍ന്ന ഇടപെടലുകളുമാണ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ ഏവര്‍ക്കും പ്രിയങ്കരനാക്കിയത്‌.
പാവങ്ങളെ സഹായിക്കാന്‍ പുളിക്കലും രാമനാട്ടുകരയിലും ഖാദി നൂല്‍നൂല്‌പ്‌ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഒട്ടേറെ കുടുംബങ്ങള്‍ അതിലൂടെ കരകയറി. നിര്‍ധനകുടുംബങ്ങള്‍ക്ക്‌ തേനീച്ച കൂടുകള്‍ സൗജന്യമായി എത്തിച്ചുകൊടുത്തു. സാധുവിദ്യാര്‍ഥികളെ മറ്റുള്ളവരുടെ വീടുകളില്‍ താമസിപ്പിച്ച്‌ പഠിപ്പിച്ചു. എവിടെയും വേര്‍തിരിവുകള്‍ ആഗ്രഹിക്കാതെ ജീവിച്ച സാഹിബ്‌ തന്റെ കഠിനശത്രുക്കളെപ്പോലും ഇപ്രകാരം സഹായങ്ങള്‍ നല്‍കി ഉയര്‍ത്തിയെടുത്തിട്ടുണ്ട്‌. ജാതിമതഭേദങ്ങളില്ലാതെ അവകാശപോരാട്ടങ്ങളില്‍ പങ്കാളിയായി. ഈഴവര്‍ക്ക്‌ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിന്റെ മുന്‍നിരയില്‍ നിന്ന്‌ അറസ്റ്റുവരിക്കാനും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാനുണ്ടായിരുന്നു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal