മൂന്നിയൂരിന് മുതല്‍ക്കൂട്ടാകാന്‍ മഴവില്‍ക്കാഴ്ചകള്‍ ഒരുങ്ങി

മൂന്നിയൂര്‍: പഞ്ചായത്തിന്റെ ചരിത്രവും സംസ്‌കാരവും തേടിയെടുത്ത് വര്‍ത്തമാന കാലത്തിന് മുതല്‍ക്കൂട്ടാക്കാന്‍ 'മൂന്നിയൂര്‍ മഴവില്‍ കാഴ്ചകള്‍' ഒരുങ്ങി. മൂന്നിയൂരിലെ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ ശേഖരിച്ച പ്രാദേശിക ചരിത്രമാണ് അമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമായി മാറിയത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. മൂന്നിയൂരിന്റെ ചരിത്രം, വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, കാര്‍ഷികമേഖല എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായം ചെന്നവരുടെ അഭിമുഖങ്ങളും ചിത്രത്തിന് ആധികാരികത നല്‍കുന്നു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ഹനീഫ മൂന്നിയൂരാണ് ആശയം മുന്നോട്ട്‌വെച്ചത്.പ്രസിഡന്റ് വി.പി സൈതലവി, സ്ഥിരം സമിതി അധ്യക്ഷന്‍ ബക്കര്‍ ചെര്‍ന്നൂര്‍ എന്നിവര്‍ മേല്‍നോട്ടം നിര്‍വഹിച്ചു.

മൂന്നിയൂര്‍ മഴവില്‍ കാഴ്ചകള്‍ എന്ന പേരില്‍ നാടിന്റെ വികസനത്തിന് കുട്ടികള്‍ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്ന മട്ടിലാണ് ഇതിന്റെ ഉള്ളടക്കം. ഒരു ലക്ഷം രൂപ ചെലവ് വരുന്ന ചിത്രം സംവിധാനം ചെയ്തത് രൂപേഷ് തിരുവാലിയാണ്. സ്‌കൂളികളിലൂടെ മുഴുവന്‍ വീടുകളിലും ഡോക്യുമെന്ററി എത്തിക്കാനാണ് പഞ്ചായത്തിന്റെ പരിപാടി. മാത്രമല്ല ഇതിന്റെ തുടര്‍ച്ച ഇനിയുള്ള പദ്ധതികള്‍ക്ക് വെളിച്ചമേകുകയും ചെയ്യും. ഡോക്യുമെന്ററി പ്രകാശനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിക്കും.

Posted on: 02 Jun 2012 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal