മാമ്പുഴയ്ക്കല്‍ സംഭവം: സാക്ഷ്യപ്പെടുത്തലുമായി ഇരകളുടെ പിന്‍മുറക്കാര്‍

മഞ്ചേരി: ഖിലാഫത്ത് സമരക്കാലത്ത് കാവനൂര്‍ മാമ്പുഴയ്ക്കലില്‍ നടന്നുവെന്ന് കരുതുന്ന കൂട്ടക്കൊലയുടെ സാക്ഷ്യം നല്‍കാന്‍ നിരവധിപേര്‍. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കൊളപ്പറ്റ പോക്കര്‍, സഹോദരി ബിയ്യക്കുട്ടി, തൊട്ടിയന്‍ വലിയ ചേക്കുമോയിന്‍ എന്നിവരുടെ മക്കളാണ് ആ ദുരന്തത്തിന്റെ സ്മരണകളുമായി ഇന്നും കാവനൂരില്‍ ജീവിക്കുന്നത്. കൊളപ്പറ്റ പോക്കറിന്റെ മകന്‍ ചെറിയോന്‍, ബിയ്യക്കുട്ടിയുടെ മകന്‍ മമ്മദ്, ചേക്കുമോയിന്റെ മകന്‍ ഹൈദ്രുമാന്‍കുട്ടി എന്നിവര്‍ക്ക് കേട്ടറിഞ്ഞ സംഭവത്തിന്റെ ആധികാരികത സംബന്ധിച്ച് തെല്ലും സംശയമില്ല.
ബിയ്യക്കുട്ടിയുടെ മകന്‍ കാവുങ്ങല്‍ മമ്മദ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ഉമ്മയ്ക്ക് അന്ന് മൂന്ന് വയസ്സാണ്. സഹോദരന്‍ പോക്കറിന് ഒന്നരവയസ്സും. വീടിന്റെ വാതിലുകള്‍ പൂട്ടിയിട്ട ശേഷമാണ് പട്ടാളക്കാര്‍ പുരയ്ക്ക് തീവെച്ചത്. തീയില്‍പ്പെട്ട ഇവരുടെ മാതാപിതാക്കള്‍ മരിച്ചു. എന്നാല്‍ ഒരു മുറിയിലായിരുന്ന സഹോരദങ്ങളെ തക്കസമയത്ത് അയല്‍ക്കാരനായ ഒരാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഹൈദ്രുമാന്‍കുട്ടിയും പിതാവ് തൊട്ടിയന്‍ വലിയ ചേക്കുമോയിന്‍ പറഞ്ഞ ഇതേ സംഭവം ഓര്‍ത്തെടുത്തു.

ദുരന്തത്തില്‍ ഇരകളായവരുടെ ബന്ധുക്കള്‍ കാവനൂരില്‍ ഇനിയും ഉള്ളതായാണ് സൂചന. മാമ്പുഴയ്ക്കലില്‍ നടന്ന ഇത്തരമൊരു മനുഷ്യക്കുരുതി എന്തുകൊണ്ട് ഒരു പ്രദേശത്തിന്റെ ഓര്‍മകളില്‍ മാത്രം ജീവിക്കുന്നുവെന്നതിനും ഉത്തരമില്ല. സ്വാതന്ത്ര്യസമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച മലബാറിന്റെ പ്രാദേശിക ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നിരവധിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖിലാഫത്ത് കാലഘട്ടത്തില്‍ നടന്ന ബ്രിട്ടീഷ് ക്രൂരതകളുടെ കാല്‍ഭാഗംപോലും ഇതുവരെയും പുറത്തുവന്നിട്ടില്ലെന്ന് മാമ്പുഴയ്ക്കല്‍ കൂട്ടക്കൊലയെക്കുറിച്ച് പഠിച്ച എളമരം ഡി.ഐ.എ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അലി അസ്ഗര്‍ ബാഖവി അഭിപ്രായപ്പെടുന്നു.
മാമ്പുഴയ്ക്കലില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്നവരുടെ മൃതദേഹം അടക്കംചെയ്ത സ്ഥലം കല്ലുകെട്ടി തിരിച്ചിരിക്കുകയാണ് ഇപ്പോള്‍. മാമ്പുഴയ്ക്കല്‍ മുണ്ടക്കാപ്പറമ്പില്‍ ബീരാന്‍കുട്ടിയുടെ കുടുംബമാണ് ഇവ ഇപ്പോഴും സംരക്ഷിക്കുന്നത്. മാമ്പുഴയ്ക്കല്‍ സംഭവം സംബന്ധിച്ച് ആധികാരികമായ പഠനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

News @ Mathrubhumi
Posted on: 20 Mar 2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal