മാമ്പുഴയ്ക്കല്‍ സംഭവം: രക്ഷപ്പെട്ട ഒരാള്‍ ഇന്നും ജീവിച്ചിരിക്കുന്നു

മഞ്ചേരി: കാവനൂര്‍ മാമ്പുഴയ്ക്കലില്‍ നൂറോളംപേരെ ചുട്ടുകരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തിന് ഒരു നേര്‍സാക്ഷി.


കാവനൂര്‍ തുവ്വക്കയ്യില്‍ പാത്തുമ്മ എന്ന നൂറ്റിഒന്നു വയസ്സുകാരിയാണ് ദുരന്തത്തിന്റെ അനുഭവങ്ങളുമായി ഇന്നും ജീവിക്കുന്നത്. മഞ്ചേരി എന്‍.എസ്.എസ് കോളേജ് ചരിത്രവിഭാഗം വ്യാഴാഴ്ച മാമ്പുഴയ്ക്കലില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ വ്യക്തമായത്. കേള്‍വിക്കുറവുണ്ടെങ്കിലും ഓര്‍മ്മക്കുറവ് ബാധിക്കാത്ത പാത്തുമ്മ താനുംകൂടി സാക്ഷിയായ സംഭവങ്ങള്‍ അവരോട് പങ്കുവെച്ചു. സംഭവം നടക്കുമ്പോള്‍ പാത്തുമ്മയ്ക്ക് എട്ടുവയസ്സായിരുന്നു. നാട്ടില്‍ അക്രമ ഭീതി പരന്നതിനെത്തുടര്‍ന്ന് സംരക്ഷണം തേടി ആളുകള്‍ പലായനം ചെയ്യാന്‍ ആരംഭിച്ചു. കൊണ്ടോട്ടി തങ്ങളുടെ സമീപത്തേക്കാണ് കൂടുതല്‍ പേരും യാത്രയായത്. പാത്തുമ്മയെയും ഇളയ അനുജത്തിയെയും വീട്ടുകാര്‍ ഇവിടേക്ക് അയയ്ക്കുകയായിരുന്നു. പിന്നീടാണ് പാത്തുമ്മ മാമ്പുഴയ്ക്കലില്‍ ആളുകളെ ചുട്ടുകരിച്ച വാര്‍ത്ത അറിഞ്ഞത്. അന്ന് തീയില്‍നിന്ന് അയിഷാമ്മ എന്ന സ്ത്രീയും അവരുടെ മകളും രക്ഷപ്പെട്ടതായി ഇവര്‍ പറയുന്നു. തീ പടര്‍ന്ന് വീടിന്റെ വാതില്‍ പൊളിഞ്ഞുവീണപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പാത്തുമ്മ പറയുന്നു.

സംഭവത്തിന്റെ കുറേയേറെ ഓര്‍മകള്‍ പ്രായാധിക്യത്തിലും പാത്തുമ്മ കാത്തുവെക്കുന്നുണ്ട്. ഇവരുടെ മകളുടെ ഭര്‍ത്താവ് നരീക്കോടന്‍ മൊയ്തീന്‍കുട്ടിക്കും മാമ്പുഴയ്ക്കല്‍ സംഭവത്തെക്കുറിച്ച് കുറേയേറെ വിവരങ്ങള്‍ അറിയാം.

മാമ്പുഴയ്ക്കല്‍ സംഭവത്തെക്കുറിച്ച് വിശദമായ പഠനം നടത്താനാണ് എന്‍.എസ്.എസ് കോളേജ് ചരിത്രവിഭാഗം ലക്ഷ്യമിടുന്നത്. ചരിത്രവിഭാഗം മേധാവി ഡോ. വി.പി. ദേവദാസ്, എം. ഹരിപ്രിയ, സുനില്‍കുമാര്‍, സന്ധ്യ. എം. ഉണ്ണികൃഷ്ണന്‍, ഡോ. രാജേഷ്, ഡോ. പുഷ്പ, എം. വിജേദ തുടങ്ങിയവരുടെ നേതൃതത്തിലാണ് മാമ്പുഴയ്ക്കല്‍ സന്ദര്‍ശിച്ചത്.

മാമ്പുഴയ്ക്കലില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ബീരാന്‍കുട്ടിയുടെ പിന്‍തലമുറക്കാരോട് വിവരങ്ങള്‍ ആരാഞ്ഞു. കൂടുതല്‍ പഠനം നടത്തുവാന്‍ ചരിത്രവിഭാഗം ശ്രമം നടത്തുമെന്ന് അധ്യാപകര്‍ അറിയിച്ചു.

News @ Mathrubhumi
Posted on: 22 Mar 2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal