മാമ്പുഴയ്ക്കല്‍ സംഭവം: പഠനം വേണമെന്ന് ആവശ്യമുയരുന്നു

മഞ്ചേരി: ഖിലാഫത്ത് കാലഘട്ടത്തില്‍ മാമ്പുഴയ്ക്കലില്‍ നൂറോളംപേരെ ചുട്ടുകൊന്നുവെന്ന വാദത്തെക്കുറിച്ച് കൂടുതല്‍ പഠനം വേണമെന്ന ആവശ്യമുയരുന്നു. ചരിത്രത്തില്‍ ഇല്ലാതെപോയ ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. മാമ്പുഴയ്ക്കലില്‍ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് സൂചനാബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല മാമ്പുഴയ്ക്കല്‍ ബീരാന്‍കുട്ടിയുടെ പറമ്പില്‍ അഗ്‌നിക്കിരയായവരുടെ അവശിഷ്ടങ്ങള്‍ അടക്കംചെയ്തുവെന്ന് കരുതുന്ന സ്ഥലം സംരക്ഷിക്കുവാന്‍ നടപടിയും തുടങ്ങിയിട്ടുണ്ട്. 2010ലെ ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിരുന്നു. മാമ്പുഴയ്ക്കല്‍ കൂട്ടക്കൊല സംബന്ധിച്ച വസ്തുതകള്‍ വെളിച്ചത്തുവരണമെന്നാണ് പഞ്ചായത്തിന് താത്പര്യമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണ്യേന്‍കുട്ടി പറയുന്നു. ''സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീട്ടിനുള്ളില്‍ അടച്ചിട്ട് തീക്കൊടുത്തതായാണ് സംഭവത്തേക്കുറിച്ച് കേട്ടറിവുള്ളത്. ആരൊക്കെ ഇതില്‍ പെട്ടെന്നോ മറ്റുമുള്ള വിവരങ്ങളൊന്നുമില്ല. കുഴിമണ്ണ ആര്‍.സി.എച്ച് വിദ്യാര്‍ഥികള്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സൂചനാ ബോര്‍ഡ് സ്ഥാപിച്ചത്. പുരാവസ്തുവകുപ്പ് സംഭവത്തെപ്പറ്റി പഠനം നടത്തി വസ്തുതകള്‍ വ്യക്തമാക്കണം'' -അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശദമായ പഠനം വേണമെന്ന അഭിപ്രായമാണ് മഞ്ചേരി എന്‍.എസ്.എസ് കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവിയും ഗവേഷകയുമായ എം. വിജയലക്ഷ്മിയും ഉന്നയിക്കുന്നത്.

'ദുരന്തത്തിന് ഇരയായവരുടെ പിന്‍മുറക്കാര്‍ അനുവദിച്ചാല്‍ സ്ഥലം കുഴിച്ച് നോക്കി സംശയ നിവാരണം വരുത്താവുന്നതാണ്. തുവ്വൂരിലും ആളുകളെ അക്കാലത്ത് വിചാരണ നടത്തി വധിച്ച സ്ഥലം പരിശോധിക്കാവുന്നതാണ്. എണ്ണപ്പെടാതെ പോയ നിരവധി സംഭവങ്ങള്‍ അക്കാലത്ത് നടന്നിട്ടുണ്ട്. പത്ത് ശതമാനം മാത്രമേ അറിവായിട്ടുള്ളൂ. അതിനാല്‍ തന്നെ സത്യവാസ്ഥ അറിയേണ്ടത് അത്യാവശ്യമാണ്' -അവര്‍ പറഞ്ഞു.

News @ Mathrubhumi
Posted on: 21 Mar 2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal