സംഘ്പരിവാര്‍ വീണ്ടും ചരിത്രം വളച്ചൊടിക്കുന്നു; മലബാര്‍കലാപം ജിഹാദി ഭീകരതയെന്നു കുമ്മനം


എടപ്പാള്‍: ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ മലബാറില്‍ നടന്ന ശക്തമായ പോരാട്ടത്തെ വര്‍ഗീയലഹളയായി ചിത്രീകരിക്കാനുള്ള സവര്‍ണഫാസിസ്റ്റ് ശ്രമം വീണ്ടും സജീവമാകുന്നു. 1921 ലെ മലബാര്‍ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കൊലയായിരുന്നെന്നാണു ജനരക്ഷായാത്രയെന്ന പേരില്‍ നടക്കുന്ന പ്രചാരണജാഥയില്‍ ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരിക്കുന്നത്.

2019 ല്‍ നടത്താന്‍ പോകുന്ന ഖിലാഫത്തിന്റെ നൂറാംവാര്‍ഷിക പരിപാടിയില്‍ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. 1921 ലെ മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെ അവഹേളിക്കലാണെന്നും ജനരക്ഷാ യാത്രയ്ക്കു എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ കുമ്മനം അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ജന്മിമാരുടെയും കര്‍ഷകദ്രോഹ നടപടികള്‍ക്കും ക്രൂരതകള്‍ക്കുമെതിരേ നടന്ന ജനകീയപോരാട്ടമാണ് മലബാര്‍ കലാപം.

മമ്പുറം സെയ്തലവി തങ്ങള്‍, ആലി മുസ്ലിയാര്‍, ജിഫ്രി തങ്ങന്മാര്‍ തുടങ്ങിയ ആത്മീയനേതാക്കന്മാരുടെയും വാരിംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന പോരാട്ടം ബ്രിട്ടീഷ് പട്ടാളത്തിനും ഭരണത്തിനും കനത്തനഷ്ടമുണ്ടാക്കിയതായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എം.പി നാരായണമേനോന്റെയും മറ്റും പിന്തുണയും സഹകരണവും ഈ പോരാട്ടത്തിന് ഉണ്ടായിരുന്നു.

ബ്രിട്ടീഷ് ഭരണകൂടത്തെ നടുക്കിയ ആ പോരാട്ടത്തെ മറയാക്കി കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ അവര്‍ ശ്രമിച്ചു. അങ്ങനെയാണ് ഇതു ഹിന്ദുക്കള്‍ക്കെതിരായ മാപ്പിളലഹളയായി ചിത്രീകരിക്കപ്പെട്ടത്. സാമുദായികവാദികള്‍ ആ ചിത്രീകരണത്തിനു പ്രോത്സാഹനം നല്‍കുകയും ചെയ്തു. പിന്നീട്, നിഷ്പക്ഷ ചരിത്രകാരന്മാരുടെ അനേകകാലത്തെ ഗവേഷണത്തിന്റെ ഭാഗമായാണ് ഇതു സ്വാതന്ത്ര്യസമരമായി അംഗീകരിക്കപ്പെട്ടത്.

കേരളത്തെ ചുവപ്പന്‍, ജിഹാദി ഭീകരതയില്‍നിന്നു രക്ഷിക്കാനെന്ന പേരില്‍ കുമ്മനം ആരംഭിച്ച ജാഥ ചരിത്രത്തെക്കൂടി വളച്ചൊടിക്കുകയാണെന്നു വ്യക്തമാക്കുകയാണ് മലബാര്‍ കലാപത്തെ ഇങ്ങനെ വക്രീകരിക്കുന്നതിലൂടെ.

സുപ്രഭാതം ദിനപത്രം
ഒക്ടോബർ 9 , 2017

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal