മലബാര്‍ കലാപ സ്മരണകള്‍ക്ക് ഇംഗ്ലണ്ടില്‍ പുനര്‍ജന്മം

 
മലപ്പുറം: മലബാറിന്റെ പോരാട്ടവീര്യത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന മൂന്ന് പുസ്തകങ്ങള്‍ ഇംഗ്ലണ്ടില്‍ പുനഃപ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സേനയില്‍ അംഗമായിരുന്ന ഡൊണാള്‍ഡ് സ്റ്റീഫന്റെ പുസ്തകങ്ങളാണ് മകള്‍ ഡോ.ചാമിയന്‍ ഗോള്‍ഡ്വിന്‍ വീണ്ടും പുറത്തിറക്കിയത്. സ്റ്റീഫന്റെ മകളായ ചാമിയനും ഭര്‍ത്താവ് എഡ്വേര്‍ഡും കലാപ കേന്ദ്രങ്ങളായിരുന്ന തിരൂരങ്ങാടിയും പൂക്കോട്ടൂരുമൊക്കെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് സന്ദര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ അവര്‍ പ്രാധാന്യം മനസ്സിലാക്കി ഡൊണാള്‍ഡ് സ്റ്റീഫന്‍ രചിച്ച മൂന്ന് പുസ്തകങ്ങളും പുനഃപ്രസിദ്ധീകരിച്ചു. 'ദി ജുവല്‍ ഓഫ് മലബാര്‍', 'മദര്‍ ഇന്‍ ലോ ഇന്ത്യ', 'ദ പ്രൊട്ടാഗണിസ്റ്റ്' എന്നിവയാണീ പുസ്തകങ്ങള്‍. 1891 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ഡൊണാള്‍ഡ് ഒന്നാം ലോക മഹായുദ്ധത്തിലും പങ്കെടുത്തിരുന്നു. 1919 മുതല്‍ 1921വരെ മലബാര്‍ കലാപം അടിച്ചമര്‍ത്താനായി മേജര്‍ ഹോപ്പിന്റെ കീഴിലുള്ള ഡോര്‍സ്റ്റ് ഷെയര്‍ പട്ടാള വിഭാഗത്തിലായിരുന്നു ഡൊണാള്‍ഡ് സേവനമനുഷ്ഠിച്ചിരുന്നത് . സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളകളായി മാറിയ പ്രദേശങ്ങള്‍ ഡൊണാള്‍ഡിനു മുമ്പില്‍ അനുഭവങ്ങളുടെ പറുദീസയൊരുക്കി. ഈ കാലഘട്ടമായിരുന്നു പട്ടാളക്കാരനായ ഡൊണാള്‍ഡിന്റെ മനസ്സിലെ സാഹിത്യകാരനെ തൊട്ടുണര്‍ത്തിയത്. ആദ്യ നോവലായ 'ദി ജുവല്‍ ഓഫ് മലബാര്‍' 1927 ല്‍ പുറത്തിറങ്ങി. ദേശബന്ധങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തെ സ്േനഹസൗന്ദര്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഡൊണാള്‍ഡ് അതുകൊണ്ട് തന്നെ കേന്ദ്ര കഥാപാത്രങ്ങളായി തിരഞ്ഞെടുക്കുന്നത് കമല എന്ന നായര്‍ യുവതിയേയും അവളുടെ ഒളിമങ്ങാത്ത സൗന്ദര്യത്തില്‍ എല്ലാം വേണ്ടെന്നു വെക്കുന്ന ജോണ്‍ബെന്‍വിലെ എന്ന ബ്രിട്ടീഷ് പട്ടാള ഓഫീസറെയുമാണ്. മാപ്പിള പോരാളികളുടെ ധീരത ഇതില്‍ വിശദമായിത്തന്നെ വരച്ചിടുന്നു. 'യുദ്ധമുഖത്ത് കാണുന്ന മാപ്പിളമാര്‍ ക്രൂരരും ഭീകരരുമാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ക്രൂരരല്ലെന്ന' കണ്ടെത്തലും അദ്ദേഹം നടത്തുന്നു. 1929 ല്‍ പുറത്തിറങ്ങിയ 'മദര്‍ ഇന്‍ലോ ഇന്ത്യ' എന്ന പുസ്തകത്തില്‍ ഇന്ത്യാവിഭജനം മുന്‍കൂട്ടി കണ്ടു ഡൊണാള്‍ഡ്. അതുകൊണ്ടുതന്നെ ഈ കൃതി മറ്റുള്ളവയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് പകരം വടക്ക് തെക്ക് എന്നിങ്ങനെയുള്ള വിഭജനമാണ് തന്റെ ദീര്‍ഘ ദൃഷ്ടിയിലൂടെ അദ്ദേഹം നോക്കി കണ്ടത്. മാപ്പിളമാരുടെ ചൂരും ചുണയും ഈ നോവലിലും കാണാതെ പോകുന്നില്ല. 'ദ പ്രൊട്ടാഗണിസ്റ്റ്' എന്ന നോവലിലെ അഞ്ചാം അധ്യായം 'മലബാര്‍' എന്ന തലക്കെട്ടോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധാനന്തരം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഡൊണാള്‍ഡ് കുട്ടികള്‍ക്കായുള്ള മാഗസിനുകളില്‍ മാത്രം എഴുതിയിരുന്നതായാണ് മകള്‍ പറഞ്ഞതെന്ന് മലബാര്‍ സന്ദര്‍ശനത്തില്‍ ഇവര്‍ക്ക് വഴികാട്ടിയായിരുന്ന ഫൈസല്‍ ശബാബ് പറയുന്നു. വള്ളുവമ്പ്രം എം.ഐ.സി. കോേളജിലെ അധ്യാപകനായ ഇദ്ദേഹത്തിന്റെ പക്കല്‍ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളുണ്ട്. 1983 ലാണ് ഡൊണാള്‍ഡ് മരിച്ചത്.

Posted on: 19 Sep 2014
എം.കെ. രാജശേഖരന്‍

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal