ലോക വിസ്മയങ്ങളിലേക്ക് തുറന്ന കവാടം - എ പി കുഞ്ഞാമു

എം. റഷീദിനെ ചെറുപ്പം മുതല്‍ക്കേ കേട്ടിട്ടുണ്ട്. കേട്ടകാലം മുതല്‍ക്കേ അദ്ദേഹം മനസ്സില്‍ നിറച്ചുവെച്ചത് അദ്ഭുതമാണ്. സ്വാതന്ത്ര്യസമര സേനാനിയായ ഇ. മൊയ്തു മൗലവിയുടെ മകന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ തണലില്‍ അല്‍അമീന്‍ ലോഡ്ജില്‍ ബാല്യ കൗമാരങ്ങള്‍ കഴിച്ചുകൂട്ടിയ വ്യക്തി-പക്ഷേ എം. റഷീദ് എത്തിച്ചേര്‍ന്നത് വിപ്ളവത്തിന്‍െറ പാതയില്‍; അതും കറകളഞ്ഞ സോഷ്യലിസ്റ്റ്. റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്‍െറ തട്ടകം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍െറ സ്റ്റാലിനിസ്റ്റ് സ്വഭാവത്തോട് എതിര്‍ത്ത് ട്രോട്സ്കിയുടെ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. ചുരുക്കത്തില്‍ വേറിട്ടപാതയിലൂടെയായിരുന്നു എം. റഷീദിന്‍െറ യാത്ര മുഴുവനും. അത് മനസ്സില്‍ അമ്പരപ്പാണ് ബാക്കിവെച്ചത്.

ഇ. മൊയ്തു മൗലവിയുടെ രണ്ടാമത്തെ മകനും കോണ്‍ഗ്രസ് നേതാവും അല്‍അമീന്‍െറ രണ്ടാം ജന്മത്തിലെ പത്രാധിപരുമായി അടുപ്പമുണ്ടായിരുന്ന കാലം. പലപ്പോഴും വൈകുന്നേരങ്ങളില്‍ കാണും. സുബൈറില്‍നിന്ന് ‘റഷീദിന്‍െറ ‘വീരകൃത്യങ്ങളെക്കുറിച്ച് എത്ര ശ്രമിച്ചിട്ടും ഒന്നും ഊറ്റിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റഷീദ് എന്നും മനസ്സില്‍ ഒരു കടങ്കഥയായി അവശേഷിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിന് അടുത്തുള്ള മുഹമ്മദ് അബ്ദുറഹിമാന്‍ ബില്‍ഡിങ്സായിരുന്നു അദ്ദേഹത്തിന്‍െറ വിലാസമെങ്കിലും ആള്‍ എന്നെപ്പോലെയുള്ളവര്‍ക്കൊക്കെ എത്രയോ അകലെയായിരുന്നു; എം. റഷീദ് എഴുതിയ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ ഒരു ജീവചരിത്രം ഞാന്‍ വായിച്ചിരുന്നു. ആ പുസ്തകത്തില്‍നിന്ന്  സോഷ്യലിസ്റ്റോ കമ്യൂണിസ്റ്റോ മറ്റെന്തു സിദ്ധാന്തക്കാരനോ ആയിക്കൊള്ളട്ടെ, അദ്ദേഹം തികഞ്ഞ മാനവികവാദിയാണെന്ന് ഞാന്‍ വായിച്ചെടുത്തു. ട്രോട്സ്കിയെക്കുറിച്ച് അദ്ദേഹം എഴുതിക്കൊണ്ടിരുന്ന കാര്യങ്ങള്‍കൂടി വായിച്ചപ്പോള്‍, മാര്‍ക്സിസത്തിന്‍െറ മാനുഷികമുഖമാണ് അദ്ദേഹം തേടിക്കൊണ്ടിരുന്നതെന്നും മനസ്സിലായി. സിദ്ധാന്തവാശികള്‍ക്കപ്പുറത്തേക്ക്, സധൈര്യം കടന്നുചെന്നിരുന്നു ഈ റെവലൂഷനറി സോഷ്യലിസ്റ്റ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് 20ാം നൂറ്റാണ്ടിന്‍െറ 40കളില്‍ കോണ്‍ഗ്രസിലെ ഇടതുപക്ഷ ധാരയോടൊപ്പം നിന്ന നേതാവാണ്. സ്വാഭാവികമായും മൊയ്തു മൗലവിയും അതേ. അന്നത്തെ കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ ഘടന ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ഒന്നായിരുന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും റോയിസ്റ്റുകളും തികഞ്ഞ ഗാന്ധിയന്മാരും പാരമ്പര്യവാദികളുമൊക്കെ പാര്‍ട്ടിയിലുണ്ടായിരുന്നു. ഇടതുപക്ഷ വിഭാഗത്തിലാണെങ്കില്‍, പ്രത്യയശാസ്ത്രപരമായ വൈജാത്യങ്ങള്‍ ഏറെ. ഈ വൈജാത്യങ്ങളില്‍നിന്നാണ് കോണ്‍ഗ്രസിനുള്ളില്‍തന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് റെവലൂഷനറി പാര്‍ട്ടിയുമൊക്കെ രൂപപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. എം. റഷീദ് ചെറുപ്പത്തിലേ കോണ്‍ഗ്രസാണ്. പക്ഷേ, കമ്യൂണിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതനുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയിലായിരുന്നു ഗണപത് സ്കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, ക്വിറ്റിന്ത്യാ സമരത്തില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുനില്‍ക്കുകയും സോവിയറ്റ് യൂനിയന്‍ സഖ്യകക്ഷികളോടൊപ്പം ചേര്‍ന്നപ്പോള്‍ പാര്‍ട്ടി ബ്രിട്ടനെ പിന്തുണക്കുകയും ചെയ്തപ്പോള്‍ റഷീദ് കളംമാറിച്ചവിട്ടി. ക്വിറ്റിന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയായിരുന്നു ഈ കമ്യൂണിസ്റ്റ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാലിനിസ്റ്റ് മുഖത്തോടുള്ള വിയോജിപ്പില്‍നിന്നാണ് എം. റഷീദിന്‍െറ ആര്‍.എസ്.പി പ്രവേശമുണ്ടായത്. കേരളത്തില്‍ ആര്‍.എസ്.പിക്കാര്‍ വളരെ വിരളം.  ദക്ഷിണേന്ത്യയില്‍നിന്നുതന്നെ, യു.പിയിലെ ബസ്തിയില്‍ നടന്ന ആര്‍.എസ്.പിയുടെ ഒരു ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത ഏക വ്യക്തിയായിരുന്നു അദ്ദേഹം. റഷീദിനെക്കൊണ്ട് സംഘാടകര്‍ പതാക ഉയര്‍ത്തിപ്പിച്ചു. മലയാളത്തിലാണ് അദ്ദേഹം പ്രസംഗിച്ചത്. അതിന് വമ്പന്‍ കൈയടി കിട്ടി എന്ന് അദ്ദേഹം ഒരിക്കല്‍ എഴുതിയത് ഓര്‍മയുണ്ട്. ആര്‍.എസ്.പിയില്‍ മത്തായി മാഞ്ഞൂരാനെപ്പോലെയുള്ള ‘വീരപുരഷന്മാ’രായിരുന്നു റഷീദിനെ ത്രസിപ്പിച്ചത്. ആര്‍.എസ്.പി ‘സഖാവ്’ എന്ന പത്രം തൃശൂരില്‍നിന്ന് തുടങ്ങിയപ്പോള്‍ എം. റഷീദ് അതിന്‍െറ പത്രാധിപരായി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. പക്ഷേ, പറഞ്ഞിട്ടെന്ത്?  കേരളം സ്വതന്ത്ര റിപ്പബ്ളിക്കാവണമെന്ന് ആവശ്യപ്പെട്ട് മത്തായി മാഞ്ഞൂരാനും മറ്റും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയത് റഷീദിന് രുചിച്ചില്ല. മൂല്യങ്ങളുടെ ഒരുതരം കുഴമറിച്ചിലായിരുന്നു ആ മനസ്സില്‍. എം. റഷീദിന്‍െറ ആദര്‍ശപുരുഷനായിരുന്നു കമ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരന്‍. അദ്ദേഹവും ഇത്തരം ആശയ സംഘര്‍ഷങ്ങളുടെ നടുവിലായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന് ഇത്തരക്കാരുമായും ഇത്തരക്കാര്‍ക്ക് പ്രായോഗിക രാഷ്ട്രീയവുമായും പൊരുത്തപ്പെടാനാവില്ല. എം. റഷീദ് രാഷ്ട്രീയം ഉപേക്ഷിക്കുകയും എഴുത്തിന്‍െറയും വായനയുടെയും ലോകത്തേക്ക് ചുരുങ്ങുകയുമായിരുന്നു ഇതിന്‍െറ ഫലം.

ഞാന്‍ എം. റഷീദിനെ പരിചയപ്പെടുന്നത് ‘മാധ്യമം’ ദിനപത്രത്തില്‍ അദ്ദേഹം ‘വായനക്കിടയില്‍’ എന്ന കോളമെഴുതുന്ന കാലത്താണ്. മാധ്യമവുമായി ബന്ധപ്പെട്ട് ചില പണികളൊക്കെ ചെയ്തിരുന്നു ഞാന്‍. അങ്ങനെയാണ് റഷീദിന്‍െറ എഴുത്തുമായി ബന്ധംസ്ഥാപിക്കുന്നത്. വിദേശരാജ്യങ്ങളിലെവിടെയോനിന്ന് വരുന്ന പ്രസിദ്ധീകരണങ്ങളുടെ ഒന്നും അച്ചടിച്ചിട്ടില്ലാത്ത മറുപുറങ്ങളില്‍ ആയിരുന്നു അദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നത്. നമ്മുടെ പതിവ് വായനകളില്‍ കണ്ടുമുട്ടാത്ത പലരെയും പറ്റി അദ്ദേഹം നിരന്തരമെഴുതി; ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും നടിയുമായ വാനിസാ റെഡ്ഗ്രേവിനെപ്പറ്റി ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത് റഷീദിന്‍െറ കോളങ്ങളില്‍നിന്നാണ്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുഅ്മിയ അബൂജമാലിനെപ്പറ്റി അദ്ദേഹം എഴുതിയതിനു കണക്കില്ല. മാല്‍ക്കം എക്സ് വിവര്‍ത്തനത്തിന്‍െറ തുടര്‍ച്ചയായി അമേരിക്കയിലെ ബ്ളാക്ലിറ്ററേചറില്‍ ഞാന്‍ താല്‍പര്യം കാട്ടിത്തുടങ്ങിയകാലം. എം. റഷീദ് എഴുതുന്ന പലതും ആ വിസ്മയലോകത്തേക്കുള്ള വാതില്‍ തുറന്നുതന്നു. ഇത്തരം കാര്യങ്ങള്‍ എഴുതുന്നതിനോടൊപ്പം ഇടശ്ശേരിയെപ്പറ്റിയും എം.പി. നാരായണ മേനോനെപ്പറ്റിയും ദേശീയ പ്രസ്ഥാനത്തിന്‍െറ നേതാക്കന്മാരെപ്പറ്റിയുമെല്ലാം അദ്ദേഹം എഴുതിയിരുന്നു. വിവാഹ ധൂര്‍ത്തിനെക്കുറിച്ചുപോലും അദ്ദേഹം എഴുതി. പാട്ടും കവിതയും ഉദ്ധരണികളും തമാശയുമൊക്കെയായി തികച്ചും ലൈവ് ആയ

പംക്തി. ‘വായനക്കിടയില്‍’ അക്കാലത്ത് മാധ്യമത്തിലെ വായനക്കാര്‍ ഏറെയുള്ള കോളമായിരുന്നു.
അതിനാല്‍ വല്ലപ്പോഴും മാത്രമേ ബന്ധപ്പെടാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും, എനിക്ക് ഏറ്റവും ബന്ധപ്പെട്ട ഒരാളായി എം. റഷീദ് കൂടെയുണ്ടെന്നായിരുന്നു എപ്പോഴും തോന്നല്‍. ചില സുഹൃത്തുക്കള്‍ അങ്ങനെയാണ് -ഒരിക്കലും കാണുന്നില്ളെങ്കിലും നാം നടക്കുന്ന വഴികളിലെവിടെയോ അവര്‍ ഉണ്ടെന്ന തോന്നല്‍ മനസ്സിന് വലിയ ആശ്വാസം നല്‍കും. ഞാന്‍ നടക്കുന്ന വഴികളിലെവിടെയോ എം. റഷീദ് ഉണ്ടായിരുന്നു തീര്‍ച്ച.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal