ജീവൻ നൽകിയവരുടെ ഗ്രാമം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ വാഗണ്‍ ട്രാജഡിയുടെ ഓര്‍മക്ക് നവമ്പര്‍ 19 ന് 93 വയസ്. മലപ്പുറം ജില്ലയിലെ പാലക്കാടന്‍ അതിര്‍ത്തി പ്രദേശമായ കുരുവമ്പലം എന്ന ഗ്രാമത്തിന് ഈ ദുരന്തത്തിന്റെ ഓര്‍മയുടെ മുറ്റത്തിരുന്ന് ചോരയില്‍ ചാലിച്ച ചില ചരിത്രസത്യങ്ങള്‍ പറയാനുണ്ട്.ധീരദേശഭിമാനികള്‍ക്കു ജന്മം നല്‍കിയ ഒരുനാടിന്റെ ഇതിഹാസതുല്യമായ ഓര്‍മ.

വിസ്മൃതിയിലാണ്ടുപോയ നാടിനെ അറിയുക ചരിത്രത്തിനു പറ്റിയ ഓര്‍മത്തെറ്റ്. അല്ലങ്കില്‍ പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലം എന്ന ഗ്രാമം ചരിത്രത്തിന്റെ ഏടുകളില്‍ കരള്‍ പിളര്‍ക്കുന്ന അധ്യായമായി മാറുമായിരുന്നു.ബ്രിട്ടീഷ് വിരോധത്തിന്റ തീ കെടാതെ മനസില്‍ സൂക്ഷിച്ച ഈ പ്രദേശത്തെ നാല്‍പ്പത്തിയൊന്നു പേരാണ് 1921 നവംമ്പര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നു കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ കൊണ്ടു പോയ ചരക്ക് വാഗണില്‍ ഒരിറ്റു ശ്വാസത്തിനു വേണ്ടി ആര്‍ത്തുവിളിച്ചു പിടഞ്ഞു മരിച്ചത്.

ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ രാജ്യത്തിനു നല്‍കിയ ഗ്രാമത്തെ പില്‍ക്കാല ചരിത്രം വേണ്ടത്ര പരിഗണിച്ചില്ല. ഈ മഹാദുരന്തത്തിന്റെ ഓര്‍മകള്‍ നിറംമങ്ങിയ താളുകളിലാണ് രേഖപെടുത്തിയത്.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയോളം ഭീകരമായിരുന്നു വാഗണ്‍ ദുരന്തവും. മരിച്ച 70 പേരില്‍ 41 പേരും പുലാമന്തോള്‍ പഞ്ചായത്തുകാരും അതില്‍ 35 പേര്‍ കുരുവമ്പലം നിവാസികളുമായിരുന്നു.കുരുവമ്പലത്തുകാരായ കാളിയറോഡില്‍ കോയക്കുട്ടിത്തങ്ങളും വാഴയില്‍ കുഞ്ഞയമ്മുവും ഈ മഹാദുരന്തത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെടുകയും പിന്നീട് നീണ്ട കാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.
ദുരന്തത്തില്‍പ്പട്ടു വീര മൃത്യു വരിച്ച ധീരദേശാഭിമാനികള്‍ക്ക് സ്വന്തം നാട്ടില്‍ ഉചിതമായ സ്മാരകം ഉയര്‍ന്ന് വരാന്‍ ഏറെ താമസിച്ചു. പ്രായശ്ചിതം പോലെ 2005ല്‍ ജില്ലാ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഗണ്‍ ട്രാജഡി സ്മാരകം നിര്‍മിച്ച് നാട്ടുകാര്‍ ചരിത്രത്തോട് നീതികാണിച്ചു.

എങ്ങനെയാണ് ഒരുപ്രത്യേക പ്രദേശത്തെ ഇത്രയും ചെറുപ്പക്കാര്‍ ഒരുമിച്ച് ഒരു വാഗണില്‍ അകപ്പെട്ടതെന്നതിനു വ്യക്തമായ ചരിത്രം ഇപ്പോഴും അറിയില്ല.അന്വേഷിക്കാന്‍ ആരും മെനക്കെട്ടതുമില്ല.

കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരുടെ അറസ്റ്റ്

പണ്ഡിതനും സൂഫിയുമായിരുന്ന വളപുരം കല്ലേത്തൊടി കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരെ അറസ്റ്റ് ചെയ്തു പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് വാഗണ്‍ ദുരന്തം വരെയെത്തിച്ചതെന്നറിയുന്നു. കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരെ പൊലിസ് പിടിച്ചതോടെ ഒന്നാകെ ഇളകിയ നാട്ടുകാര്‍ പ്രതിഷേധവുമായി പെരിന്തല്‍മണ്ണയില്‍ തടിച്ചുകൂടി. പ്രതിഷേധം ശക്തമായതോടെ മുസ്‌ലിയാരെ വിട്ടയച്ചുവെങ്കിലും അവിടെയുണ്ടായിരുന്നവരെ ഒന്നടങ്കം ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു തിരൂരിലേക്ക് കൊണ്ടുപോയി.


അതേസമയം മതപഠനത്തിന് പൊന്നാനിയില്‍ പോയ വിദ്യാര്‍ഥികളെ ലഹളക്കാരെന്നു മുദ്രകുത്തി പിടിച്ചുകൊണ്ടു പോയതാണന്നും അഭിപ്രായമുണ്ട്. പിടിക്കപെട്ടവരില്‍ ഭൂരിഭാഗം ചെറുപ്പക്കാരും അവിവാഹിതരായിരുന്നു

മക്കളെ ഓര്‍ത്തുള്ള ഉമ്മമാരുടെ വിലാപം ഇവിടെ ഓരോ വീടിനെയും ശോകമയമാക്കി. ഏകദേശം മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുകാരായിരുന്നു രക്തസാക്ഷികള്‍.

വാഗണ്‍ ട്രാജഡിക്ക് പുറമെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ കുരുവമ്പലത്തു നിന്നു ജയിലിലായവരും ഏറെയുണ്ടായിരുന്നു. അതില്‍ ശിക്ഷനുഭവിച്ചുകൊണ്ടിരിക്കെ സ്രാമ്പിക്കല്‍ അബ്ദുള്ള കണ്ണൂര്‍ ജയിലില്‍ വച്ചും കോഴിപ്പറമ്പത്ത് കുഞ്ഞിമരക്കാര്‍ ബെല്ലാരി ആശുപത്രിയിലും മരിച്ചു. അരങ്ങനാത്ത് ഒസാന്‍ ബീരാന്‍ക്കയെ അന്തമാനിലേക്ക് നാടുകടത്തി. അവിടെ വച്ചാണ് അദ്ദേഹം മരിച്ചത്.

ഒരുഗ്രാമത്തിന്റെ ഹൃദയത്തുടിപ്പില്‍ അലിഞ്ഞുചേര്‍ന്ന ഈ മഹാദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ഏറെയും ഈഗ്രാമത്തില്‍ നിന്നും വേരറ്റുപോയിരിക്കുന്നു. വാഗണ്‍ ട്രാജഡി എന്ന മഹാദുരന്തത്തെ കുറിച്ചും തങ്ങളുടെ സ്വന്തക്കാര്‍ക്ക് നേരിട്ട പീഡനത്തെക്കുറിച്ചും അറിയുന്നവര്‍ വളരെചുരുക്കം. 1995-ല്‍ രൂപീകരിച്ച കുരുവമ്പലം വാഗണ്‍ ട്രാജഡി സ്മാരക സമിതിയാണ് ഈ കുറവ് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇന്ന് ധീര ദേശാഭിമാനികളെ സ്മരിക്കാന്‍ ലൈബ്രറി അടക്കമുള്ള ഒരു സ്മാരകമന്ദിരം കുരുവമ്പലത്ത് നിര്‍മിച്ചിട്ടുണ്ട്. വാഗണ്‍ട്രാജഡിസ്മാരക സമിതിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും അനുസ്മരണ ചടങ്ങുകളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യുന്നു.
വാഗൺ ട്രാജഡി ചിത്രകാരന്റെ ഭാവനയിൽ

റസാഖ് കുരുവമ്പലം
സുപ്രഭാതം  16.11.14

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal