വാഗൺ ട്രാജഡി: കനൽവഴിയിലെ കൂട്ടക്കുരുതി


നവംബർ 19, കേരളജനത എന്നെന്നും ഓർക്കേണ്ട ദിനമാണ്. 1921 നവംബർ 19-നു രാത്രി മലബാറിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം വേട്ടയാടി പിടിച്ച ഒരു കൂട്ടം മാപ്പിള- ഹൈന്ദവ സഹോദരന്മാർക്ക്, ശ്വാസവും വെളളവും കിട്ടാത്ത റെയിൽവേ വാഗണിൽ അടച്ചുപൂട്ടി തിരൂരിൽ നിന്ന് ബെല്ലാരി ജയിലിലേക്ക് കൊണ്ടു പോകുമ്പോൾ ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. ആ മരണയാത്രയുടെ ചരിത്രം വേണ്ട വിധത്തിൽ അന്വേഷിക്കപ്പെടാതെ പോയത് ആ ധീരമനുഷ്യരുടെ ത്യാഗത്തിനെ അവഗണിക്കുന്നതിനു തുല്യമാണ്.

വാഗൺ കൂട്ടമരണത്തിൽ നിന്നു രക്ഷപ്പെട്ട ഒരാളാണ് അഹമ്മദ് ഹാജി. അദ്ദേഹം പിൽക്കാലത്ത് പറഞ്ഞത് ശ്രദ്ധിക്കുക. കണ്ണിൽച്ചോരയില്ലാത്ത ആരാച്ചാരെപ്പോലെ വാതിൽ തുറന്നുപിടിച്ച് ആളുകളെ കുത്തിനിറയ്‌ക്കാൻ തുടങ്ങി. 100 പേർ അകത്തായപ്പോഴേയ്ക്കും പലരുടെയും പൃഷ്ഠവും കൈകാലുകളും പുറത്തേക്ക് തുറിക്കാൻ തുടങ്ങിയിരുന്നു. തലയണയിൽ ഉന്നം നിറയ്‌ക്കുന്ന ലാഘവത്തോടെ തോക്കിൻചട്ട കൊണ്ട് അമർത്തിത്തള്ളി വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു.

അകത്തായ 100 മനുഷ്യർക്ക് നിൽക്കുവാൻ L.V. 1711 എന്ന വാഗണിൽ വിസ്താരമുണ്ടായിരുന്നില്ല. മൂന്നു മുറികളിലായി ഇവരെ കുത്തിനിറച്ചതു കാരണം 200 പാദങ്ങൾ ഒന്നിച്ചമരാനുള്ള വിസ്‌തീർണ്ണം വാഗണിൽ ഇല്ലായിരുന്നു. മരണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ വിശദീകരണമനുസരിച്ച് ഒറ്റക്കാലിൽ മേൽക്കുമേൽ നിലം തൊടാതെയാണ് തടവുകാരായ മനുഷ്യർ വാഗണിൽ കുത്തിയമർന്നത്. ചുമരിനരികിൽ നിൽക്കുന്ന തടവുകാർ കടുത്ത ഇരുട്ടിൽ ശ്വാസത്തിനായി നിലവിളിച്ചു. വാഗൺ തുറക്കുന്നതിനായി അവർ കഴിയാവുന്നത്ര ഉച്ചത്തിൽ ആർത്തുവിളിക്കുകയും ചുമരിൽ ശക്തിയായി ഇടിക്കുകയും ചെയ്‌തു.

തടവുകാരോട് ഒട്ടും ദയയില്ലാത്ത പട്ടാളമേധാവികൾ വാതിലുകൾ ലഗേജ് കൊണ്ടു പോകുന്ന തരത്തിൽ ബന്ധിച്ച് അവരവരുടെ കമ്പാർട്ട്മെന്റുകളിലേക്ക് നീങ്ങി. തിരൂർ സ്‌റ്റേഷനിൽ നിന്ന് 7.15-ന് യാത്ര തുടങ്ങിയ ട്രെയിൻ പൊതന്നൂർ സ്‌റ്റേഷനിലെത്തിയത് രാത്രി 12.30ന്. അവിടെയെത്തിയ വാഗൺ തുറന്നപ്പോൾ കണ്ടത് ഭീകരദൃശ്യമായിരുന്നു. 100 തടവുകാരിൽ പകുതിയിലധികം പേരും കണ്ണു തുറിച്ച് നാക്ക് ഒരു മുഴം നീട്ടി കടിച്ച് മരിച്ചു കിടക്കുന്നു.

കൊളോണിയൽ അധികാരികൾക്ക് ഇത് പ്രകൃതിദുരന്തം സംഭവിക്കുന്നതു പോലെ, അതായത് അവരുടെ അറിവോടയല്ലാത്ത ദുരന്തം മാത്രം. അന്ന് അധികാരികൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളിലും അങ്ങനെ തന്നെ. എന്നാൽ ജാലിയൻവാലാ സംഭവത്തിലും മറ്റും ഗവേഷകർ വിശദമായ പഠനം നടത്തി ഉള്ളറകൾ വെളിച്ചത്തു കൊണ്ടു വന്നു. എന്നാൽ വാഗൺ നരഹത്യയുടെ കാര്യത്തിൽ അതുണ്ടായില്ല.

എന്താണ് വാഗൺ ദുരന്തം, അതിനിടയാക്കിയ സംഭവങ്ങൾ, തുടർന്നുള്ള കാര്യങ്ങൾ, എന്തു കൊണ്ട് കേരളചരിത്രത്തിൽ പോലും ഈ ബലിദാനത്തെ കുറിച്ച് അർഹിക്കുന്ന രീതിയിൽ പ്രതിപാദിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനമാണ് വാഗൺ ട്രാജഡി കനൽവഴിയിലെ കൂട്ടക്കുരുതി. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കേരളത്തിനോ ദക്ഷിണേന്ത്യയ്‌ക്കോ അർഹമായ സ്‌ഥാനം കിട്ടാത്തതിനു ഒരു കാരണം ഗൗരവമുള്ള ഗവേഷണത്തിന്റെ അഭാവമാണെന്ന് ഗ്രന്ഥകാരനായ ഡോ ശിവദാസൻ പി ആമുഖത്തിൽ സൂചിപ്പിക്കുന്നു.

ബ്രിട്ടീഷ് പട്ടാളത്തിന്റെ കിരാതവാഴ്‌ചയിൽ ഇല്ലാതായ നമ്മുടെ സഹോദരങ്ങളുടെ സഹനത്തെക്കുറിച്ച് അറിയാനെങ്കിലും ഈ പുസ്‌തകം വായിക്കാം. ചിത്രങ്ങളും രേഖകളും സാക്ഷിമൊഴികളും ഈ പുസ്‌തകത്തിന്റെ ആധികാരികത കൂട്ടുന്നു.

പുസ്തകം ഓൺലൈനിൽ വാങ്ങാൻ ഇവിടെ അമർത്തുക

1 comments:

JAIHAN TV said...

tks

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal