പോര്‍ചുഗീസ് ശക്തിക്ഷയത്തിന് കാരണമായത് ചാലിയം പോരാട്ടം

പോര്‍ചുഗീസ് ശക്തിക്ഷയത്തിന് കാരണമായത് ചാലിയം പോരാട്ടം -സെമിനാര്‍

കടലുണ്ടി: കേരളത്തില്‍ പോര്‍ചുഗീസ് അധിനിവേശ ശക്തിയുടെ ക്ഷയത്തിനും കോളനിവത്കരണ മോഹത്തിനും തിരിച്ചടിയായത് ചാലിയം പോരാട്ടമാണെന്ന് പ്രമുഖ മാപ്പിള സാഹിത്യ നിരൂപകനും ചിന്തകനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. പതിനാറാം നൂറ്റാണ്ടില്‍ നടന്ന ചാലിയം യുദ്ധത്തെയും തത്സംബന്ധമായി ഫത്ഹുല്‍ മുമ്പീന്‍ എന്ന ചരിത്രകാവ്യം രചിച്ച ഖാദി മുഹമ്മദിനെയും അനുസ്മരിച്ച് ചാലിയം പോരാട്ടവും ഖാദി മുഹമ്മദും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക കാലഘട്ടത്തിനു മുമ്പും ശേഷവും കടല്‍വഴിയുള്ള കോഴിക്കോടന്‍ കച്ചവടത്തിന്‍െറ കുത്തക അറബികള്‍ക്കായിരുന്നു. ഇത് കൈക്കലാക്കാനുള്ള ശ്രമത്തോടൊപ്പം ഇസ്ലാം വിദ്വേഷവും ഉണ്ടായപ്പോള്‍ മുസ്ലിം ജനത പോര്‍ചുഗീസ് വിരുദ്ധരായി. ചാലിയത്ത് പോര്‍ചുഗീസുകാര്‍ പണിത കോട്ടക്കെതിരെ സാമൂതിരി രാജാവിനോടൊപ്പം പോരാടന്‍ മാപ്പിളമാര്‍ തയാറായി. നായന്മാരും മുസ്ലിംകളും കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ സാമൂതിരിക്കുവേണ്ടി മതഭേദമില്ലാതെ നടത്തിയ പോരാട്ടമാണ് ചാലിയം യുദ്ധം.

വിനാശകാരികളായ പോര്‍ചുഗീസുകാര്‍ക്കെതിരെ പോരാടുന്നത് മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് ഖാദി മുഹമ്മദടക്കം പണ്ഡിതര്‍ ഉദ്ബോധിപ്പിച്ചു. ഹിന്ദുക്കളെയും മുസ്ലിംകളെയും ഏകോപിപ്പിച്ച് 1571ല്‍ ചാലിയം കോട്ട സാമൂതിരി കീഴടക്കി. പള്ളികളും ഖബര്‍സ്ഥാനുമൊക്കെ പൊളിച്ച് പണിത കോട്ട സാമൂതിരി പൊളിച്ചുമാറ്റി. അതിന്‍െറ സാധനങ്ങള്‍ ചാലിയത്തെ പള്ളികള്‍ക്കും കോഴിക്കോട് മിശ്കാല്‍ പള്ളിക്കും നല്‍കി. ഇതോടെ മുസ്ലിം ഹൃദയങ്ങള്‍ കീഴടക്കിയ സാമൂതിരി രാജാവിനെ പ്രകീര്‍ത്തിച്ച് എഴുതപ്പെട്ടതാണ് ഫത്ഹുല്‍ മുബീന്‍ അഥവാ മഹത്തായ വിജയം എന്ന അറബി കാവ്യം.

ദൈവപ്രീതിയാണ് താനിതിലൂടെ ലക്ഷ്യമിടുന്നതെന്ന കവി ഖാദി മുഹമ്മദിന്‍െറ വരികള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ മാത്രമല്ല, അതിനെക്കുറിച്ച് പ്രതിപാദനംപോലും ആദ്യകാല പണ്ഡിതന്മാര്‍ ദൈവാരാധനയായി മനസ്സിലാക്കിയതിന് തെളിവാണ്. ചാലിയം ഗവ. എല്‍.പി സ്കൂളില്‍ നടന്ന സെമിനാര്‍ കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് സംഘടിപ്പിച്ചത്. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. മതത്തിന്‍െറ വിമോചന സങ്കല്‍പത്തില്‍ പ്രചോദിതരായ മുസ്ലിംകളുടെ പോരാട്ടമാണ് ചാലിയം യുദ്ധത്തില്‍ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ വെല്ലുവിളിച്ച് നിലമ്പൂര്‍ ആസ്ഥാനമായി വാരിയംകുന്നത്ത് കുഞ്ഞമ്മദാജി സ്ഥാപിച്ച ഖിലാഫത്ത് ഭരണം മതത്തിന് മാതൃകാപരമായി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കഴിയുമെന്നതിന്‍െറ സാക്ഷ്യമാണ്. ചരിത്രഗ്രന്ഥകാരന്‍ ഹസന്‍ വാടിയില്‍, പത്രപ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമ്മൂസ, ചരിത്രാധ്യാപകരായ അജ്മല്‍ കൊടിയത്തൂര്‍, ഡോ. കെ.ജി. മുജീബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രാദേശിക ചരിത്രാവതരണം കെ.പി. അഷ്റഫ് നിര്‍വഹിച്ചു. വാര്‍ഡംഗങ്ങളായ ബാപ്പാസ് അസീസ്, എം.പി. ഹസന്‍കോയ എന്നിവര്‍ ആശംസ നേര്‍ന്നു. ഇ.വി. അബ്ദുല്‍ വാഹിദ് മാസ്റ്റര്‍ പ്രഭാഷകരെ പരിചയപ്പെടുത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എം.വി. സെയ്ത് ഹിസാമുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ ടി.പി. ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.

Madhyamam
19.11.2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal