മലബാർ കലാപം ഹിന്ദു-മുസ്‍ലിം സംയുക്ത ജിഹാദ് :ഡോ. പി.കെ. യാസർ അറാഫത്ത്

നാദാപുരം: മലബാറിലെ അധിനിവേശ വിരുദ്ധ സമരങ്ങളെല്ലാം മുസ്ലിംകളുടെകൂടെ വലിയൊരുവിഭാഗം ഹിന്ദുക്കളും പങ്കെടുത്ത സാമൂഹിക പ്രതിരോധങ്ങളായിരുന്നുവെന്ന് ഡോ. പി.കെ. യാസർ അറാഫത്ത്. ഓക്സ്‌ഫഡ് സർവകലാശാലയുടെ ഈ വർഷത്തെ സൗത്ത് ഏഷ്യ സെമിനാർ ഉദ്ഘാടനം ചെയ്ത് അവതരിപ്പിച്ച 'ജിഹാദ്, ഭക്തി, പ്രതിരോധ-പ്രാർഥനകൾ' എന്ന പ്രഭാഷണത്തിലാണ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. 16ാം നൂറ്റാണ്ടുമുതലുള്ള സമരങ്ങളിൽ ഹിന്ദുസമൂഹത്തിലെ വിവിധ ജാതികളും മുസ്ലിംകളുടെ കൂടെ ഒന്നായിട്ടു പടപൊരുതിയെന്നും വൈദേശിക ശക്തികളോടും അവരോടു ചേർന്നുനിന്ന നാട്ടുരാജാക്കന്മാർക്കെതിരെയും ഈ സംയുക്ത പട പ്രതിരോധം തീർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1921നെ ഒരു 'കലാപം' എന്നതിനേക്കാളുപരി ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന കാർഷിക ചൂഷണത്തിനെതിരായി നടന്ന പ്രവർത്തനങ്ങളുടെ ഒരു വിപ്ലവ -പര്യവസാനം എന്ന രീതിയിൽ വായിക്കാൻ സഹായിക്കുന്നതാണ് പുതുതായി പുറത്തുവന്നിരിക്കുന്ന തെളിവുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക-വൈദേശിക ആധിപത്യത്തിനെതിരെയുള്ള ഈ സമരങ്ങളിലും മുസ്ലിംകളെ പോലെത്തന്നെ നിരവധി ഹിന്ദുക്കളും രക്തസാക്ഷികളായതായി കാണാം. വാഗൺ ട്രാജഡിയിലും അതിനുമുമ്പും മുസ്ലിംകളുടെ കൂടെ രക്തസാക്ഷികളായ ഹിന്ദുക്കൾ, ഇന്ന് ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വികലചരിത്രബോധത്തെ നിരാകരിക്കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി.
പ്രമുഖ ചരിത്രകാരിയും ഓക്സ്‌ഫഡ് സർവകലാശാല പ്രഫസറുമായ റോസലിൻഡ് ഓ ഹാൻലോൺ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഡൽഹി സർവകലാശാലയിലെ ചരിത്രകാരനായ യാസർ അറഫാത്ത് ഇപ്പോൾ കേംബ്രിജ് സർവകലാശാലയിൽ സിങ്വി ഗവേഷണ ഫെല്ലോയായി സേവനമനുഷ്ഠിക്കുകയാണ്. അറബി-മലയാളം ഭാഷയുടെ സാമൂഹികചരിത്രം എന്ന ഗവേഷണഗ്രന്ഥം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് വാണിമേൽ സ്വദേശിയായ ഡോ. യാസർ അറാഫത്ത്.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal