മുസ്‌ലിംകള്‍ സ്വാതന്ത്ര്യസമരത്തില്‍; ദേശാഭിമാനത്തിന്റെ ചരിത്രം

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ മുസ്‌ലിംകളായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. മുസ്‌ലിംകളില്‍ നിന്ന്‌ അധികാരം തട്ടിയെടുത്ത ബ്രിട്ടീഷുകാര്‍ തങ്ങളുടെ പ്രധാന ശത്രുക്കളായി എണ്ണിയതും മുസ്‌ലിംകളെ തന്നെയായിരുന്നു. മറ്റു സമൂഹങ്ങളെക്കാള്‍ ബ്രിട്ടീഷ്‌ ഭരണത്തിന്റെ കെടുതിയനുഭവിച്ചത്‌ മുസ്‌ലിംകളായിത്തീര്‍ന്നതും അതിനാല്‍ തന്നെ. ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കളെ പ്രീണനത്തിലൂടെ വശത്താക്കി, മുസ്‌ലിംകളെ ബോധപൂര്‍വം അവഗണിക്കാനാണവര്‍ ശ്രമിച്ചത്‌. ഹിന്ദുക്കള്‍ക്ക്‌ ബ്രിട്ടീഷ്‌ ഭരണം കൊണ്ട്‌ കാര്യമായൊന്നും നഷ്‌ടപ്പെടാനുണ്ടായിരുന്നില്ല. മുസ്‌ലിം ഭരണകാലത്ത്‌ പേര്‍ഷ്യന്‍ ഭാഷ പഠിച്ച്‌ ഭരണത്തില്‍ പങ്കാളികളായ അവര്‍ ഇംഗ്ലീഷ്‌ പഠിച്ച്‌ ബ്രിട്ടീഷ്‌ ഭരണത്തിലും പങ്കാളികളായി. എന്നാല്‍ മുസ്‌ലിംകള്‍ രാഷ്‌ട്രീയവും സാമ്പത്തികവും മതപരവുമായ രംഗങ്ങളിലെല്ലാം കടുത്ത വെല്ലുവിളികളാണ്‌ നേരിട്ടത്‌. മുഗളരോടും ഇസ്‌ലാമിനോടുമുള്ള വിരോധം ബ്രിട്ടീഷുകാരുടെ ആക്രമണ സ്വഭാവത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ടാവാം. മുസ്‌ലിംകളുടെ ശക്തിക്ഷയം അവരുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമായിരുന്നു, ബ്രിട്ടീഷ്‌ വിരുദ്ധ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുസ്‌ലിംകള്‍ തന്നെ ആദ്യമായി രംഗത്തെത്തിയത്‌.

മുഗള്‍ ഭരണത്തിന്റെ പതനത്തെ തുടര്‍ന്ന്‌ മുസ്‌ലിംകള്‍ക്ക്‌ സംഭവിച്ച സാംസ്‌കാരിക നഷ്‌ടത്തില്‍ നിന്ന്‌ അവരെ പിടിച്ചുയര്‍ത്താന്‍ ഏറെ ധൈഷണിക സംഭാവനകള്‍ അര്‍പ്പിച്ച മഹാപണ്ഡിതനും പരിഷ്‌കര്‍ത്താവുമാണ്‌ ഷാഹ്‌ വലിയുല്ലാഹിദ്ദഹ്‌ലവി. പിന്നീട്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഉണര്‍ന്ന വിദ്യാഭ്യാസ-രാഷ്‌ട്രീയ-സാംസ്‌കാരിക സംരംഭങ്ങളെയും സ്വതന്ത്രമായ പോരാട്ടങ്ങളെയും നിര്‍ണയിക്കുന്നതില്‍ ഷാ വലിയുല്ലാഹിദ്ദഹ്‌ലവിയുടെ ചിന്തകള്‍ക്ക്‌ പ്രഥമ സ്ഥാനമുണ്ട്‌. അദ്ദേഹത്തിന്റെ മരണശേഷം ഇമാമുല്‍ ഹിന്ദ്‌ പദവിയിലെത്തിയ ഷാ അബ്‌ദുല്‍അസീസ്‌ ദഹ്‌ലവി, ബ്രിട്ടീഷിന്ത്യയെ ദാറുല്‍ഹര്‍ബ്‌ (യുദ്ധഭൂമി) ആയി പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിന്‌ മതാവേശം കൈവന്നു. ഷാ അബ്‌ദുല്‍അസീസിന്റെ ശിഷ്യനും ഇന്ത്യ കണ്ട എക്കാലത്തെയും ധീരയോദ്ധാവുമായ സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌ സ്ഥാപിച്ച മുജാഹിദീന്‍ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ആദ്യത്തെ ബഹുജന പ്രസ്ഥാനമാണ്‌. പ്രത്യക്ഷത്തില്‍ സിക്കുകാര്‍ക്കെതിരിലുള്ള ജിഹാദ്‌ ആയിരുന്നു അദ്ദേഹത്തിന്റേതെങ്കിലും യഥാര്‍ഥ ഉന്നം ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. സിക്ക്‌ വിരുദ്ധ സമരത്തില്‍ സയ്യിദ്‌ അഹ്‌മദ്‌ ശഹീദും പ്രധാന സഹപ്രവര്‍ത്തകന്‍ ഷാ ഇസ്‌മാഈല്‍ ശഹീദും രക്തസാക്ഷികളായതോടെയാണ്‌ അവരുടെ അനുയായികള്‍ കൂടുതല്‍ കടുത്ത ബ്രിട്ടീഷ്‌ വിരോധികളായി തീര്‍ന്നത്‌. ബീഹാറിലെ സാദിഖ്‌പൂര്‍ കുടുംബത്തിലെ മൗലാനാ ഇലായത്ത്‌ അലിയും വിലായത്ത്‌ അലിയും അതില്‍ പ്രധാനികളാണ്‌.

മുസ്‌ലിം പൊതുജനങ്ങളോടുള്ള അവരുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: “കാഫിറുകളായ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നിക്കല്‍ ഓരോ മുസല്‍മാന്റെയും കര്‍ത്തവ്യമാണ്‌. അതിന്‌ കഴിയാത്തവര്‍ രാജ്യത്ത്‌ നിന്ന്‌ ഹിജ്‌റ ചെയ്യട്ടെ! അല്ലാത്തവര്‍ വികാരത്തിന്‌ അടിപ്പെട്ടവരാണ്‌ തങ്ങളെന്ന്‌ സ്വയം പ്രഖ്യാപിക്കട്ടെ.” (Ram Gopal: Indian Muslims: A Political History, 24). ഇരുവരും മരണം വരെ സാമ്രാജ്യത്വവിരുദ്ധ സമരരംഗങ്ങളില്‍ നേതൃപരമായ പങ്ക്‌ നിര്‍വഹിച്ചു. പഞ്ചാബിലും അതിര്‍ത്തി ദേശങ്ങളിലും മുജാഹിദീന്‍ പ്രസ്ഥാനത്തെ സജീവമാക്കുകയും ചെയ്‌തു. മൗലവി ശരീഅത്തുല്ലയും പുത്രന്‍ ദാതൂമിയാനും തുടക്കമിട്ട ബംഗാളിലെ ഫറാഇദീ പ്രസ്ഥാനവും ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്നു. ബ്രിട്ടീഷ്‌-ജന്മി ചങ്ങാത്തത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട ഇവരുടെ സമരം 1921ലെ മലബാര്‍ സമരത്തോട്‌ പല നിലയ്‌ക്കും സദൃശമാണ്‌. ബ്രിട്ടീഷ്‌ ഭരണത്തോട്‌ നീരസമുള്ള ഹിന്ദുക്കളും ഫറാഇദീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. ഒട്ടേറെ ജന്മികളും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരും ഫറാഇദുകളുടെ ഇരയായി. കിഴക്കന്‍ ബംഗാളില്‍ നാസ്വിര്‍ അലി നയിച്ച ജന്മി വിരുദ്ധ സമരവും ബ്രിട്ടീഷുകാര്‍ക്ക്‌ തലവേദനയായി.

സമരരംഗത്ത്‌ മുസ്‌ലിംകള്‍ സജീവമായതോടെ ബ്രിട്ടീഷുകാര്‍ക്ക്‌ മുസ്‌ലിംവിരോധവും ഇരട്ടിച്ചു. മുജാഹിദീന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ തേടിപ്പിടിച്ച്‌ ശിക്ഷിച്ചു. ധാരാളം പ്രവര്‍ത്തകരെ തൂക്കിലേറ്റുകയും ചിലരെ അന്തമാന്‍ ദ്വീപുകളിലേക്ക്‌ നാടുകടത്തുകയും ചെയ്‌തു. മുസ്‌ലിം മനസ്സില്‍ ബ്രിട്ടീഷ്‌ വിരോധത്തിന്‌ തീകൊടുക്കാനാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധിച്ചതെന്നു മാത്രം. 1871ല്‍ ബംഗാള്‍ ചീഫ്‌ ജസ്റ്റിസ്‌ ജോണ്‍ പാക്‌സ്റ്റാന്‍ നോര്‍മാനെ മുജാഹിദ്‌ പ്രസ്ഥാനക്കാര്‍ വധിച്ചു. അതേവര്‍ഷം അന്തമാനില്‍ സന്ദര്‍ശനത്തിലായിരുന്ന വൈസ്രോയി മേയോവിനെ ശേര്‍ അലി എന്ന മുജാഹിദ്‌ വെട്ടിക്കൊന്നു.

ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ്‌ കുതന്ത്രങ്ങളെ കൂടുതല്‍ പ്രതിരോധിച്ചതും മുസ്‌ലിംകളായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദര്‍ അലിയുടെയും മകന്‍ ടിപ്പു സുല്‍ത്താന്റെയും നേതൃത്വത്തില്‍ മൈസൂരിലും പിന്നീട്‌ മലബാറിലെ മാപ്പിളമാരും കോളനിവത്‌കരണത്തിനെതിരെ പൊരുതി. 1767നും 1797നുമിടയില്‍ മൈസൂര്‍ രാജവംശവുമായി നാലു യുദ്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നടത്തേണ്ടിവന്നു. ഇന്ത്യയില്‍ ആദ്യത്തെ സ്വാതന്ത്ര്യസമരമെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്ന 1857ലെ കലാപത്തിലും മുഖ്യപങ്ക്‌ നിര്‍വഹിച്ചത്‌ മുസ്‌ലിംകളായിരുന്നു. മുസ്‌ലിം പണ്ഡിതരും സ്വൂഫികളും ഭൂരിപക്ഷം മുസ്‌ലിം ഭരണാധികാരികളും ഒരുമിച്ച്‌ നടത്തിയ മുന്നേറ്റമായിരുന്നു അത്‌. ബ്രിട്ടീഷുകാരില്‍ പ്രതീക്ഷ നശിച്ച ഹിന്ദു ഭരണാധികാരികളും പ്രജകളും ആ സമരത്തില്‍ വന്നുചേര്‍ന്നു. മുഗള്‍ ഭരണത്തിന്റെ പുനസ്ഥാപനം ലക്ഷ്യംവെച്ചായിരുന്നു കലാപകാരികള്‍ പ്രവര്‍ത്തിച്ചത്‌. മുസ്‌ലിം ശിപായികളെയും ബഹുജനങ്ങളെയും സമരത്തിലേക്കിറക്കിയത്‌ ഫൈദാബാദ്‌ മൗലവി എന്നറിയപ്പെട്ട മൗലവി അഹ്‌മദുല്ലയുടെയും ദല്‍ഹിയിലെ പ്രമുഖ പണ്ഡിതന്‍ ഫദ്‌ലുല്‍ഹഖ്‌ ഖൈറാബാദിയുടെയും ഫത്‌വകളായിരുന്നു. ലഖ്‌നോവില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമടങ്ങുന്ന വലിയ സൈന്യത്തെ സംഘടിപ്പിച്ച ഫൈദാബാദ്‌ മൗലവി പല സ്ഥലങ്ങളിലും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. മൗലവിയെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്ക്‌ അരലക്ഷം രൂപ ബ്രിട്ടീഷുകാര്‍ ഇനാം പ്രഖ്യാപിച്ചു. ഒരു ഹിന്ദു നാടുവാഴി ആ ഭീകരകൃത്യം നിര്‍വഹിച്ച്‌ പണം സ്വന്തമാക്കി. കലാപകാരികളില്‍ ജിഹാദിന്റെ ആവേശം ജ്വലിപ്പിച്ച മൗലാനാ ഫദ്‌ലുല്‍ഹഖ്‌ ഖൈറാബാദി ദല്‍ഹിയില്‍ ഒരു പണ്ഡിതസമ്മേളനം സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഓരോ മുസ്‌ലിമും ആയുധമണിയണമെന്ന്‌ ആ സമ്മേളനം സംയുക്ത ഫത്‌വാ ഇറക്കി. മൗലാനാ ഇംദാദുല്ലാഹ്‌, മുഹമ്മദ്‌ ഖാസിം നാനൂതവി, റശീദ്‌ അഹ്‌മദ്‌ ഗംഗോഹി, പീര്‍ അലി, ഗുലാം ഹുസൈന്‍ തുടങ്ങി നിരവധി പണ്ഡിതന്മാര്‍ 1857ലെ കലാപത്തില്‍ നേതൃനിരയിലുണ്ടായിരുന്നു.

അവധ്‌ലെ ബീഗം ഹദ്‌റത്‌ മഹ്‌ല്‍ എന്ന ധീരവനിത നാനാ സ്വാഹിബിനോടൊപ്പം തന്റെ സൈന്യത്തിന്‌ നേതൃത്വം നല്‍കി. വിപ്ലവം പരാജയപ്പെട്ടപ്പോള്‍ അവര്‍ നേപ്പാളിലേക്ക്‌ പോയി. അവിടെ വെച്ചാണ്‌ അവര്‍ അന്തരിച്ചത്‌. 1857ലെ വിപ്ലവത്തില്‍ പ്രത്യേക സംഭവമായിരുന്നു ഥാന ഭവന്‍ വിപ്ലവം. പണ്ഡിതന്മാരും ഇംഗ്ലീഷ്‌ പട്ടാളവും തമ്മിലുണ്ടായ സംഘട്ടനമായിരുന്നു അത്‌. അഹ്‌മദ്‌ ശഹീദിന്റെയും ഷാ വലിയുല്ലാഹിദ്ദഹ്‌ലവിയുടെയും അനുയായികളായിരുന്ന ഈ പണ്ഡിതന്മാരുടെ സര്‍വസൈന്യാധിപന്‍ ഇംദാദുല്ലാഹ്‌ മുഹാജിര്‍ മക്കിയായിരുന്നു. മുഹമ്മദ്‌ ഖാസിം നാനൂതവി, ഹാഫിദ്‌ ദാമിന്‍, റശീദ്‌ അഹ്‌മദ്‌ ഗംഗോഹി തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ജനസ്വീകാര്യതയുള്ള ഈ പണ്ഡിതന്മാരുടെ സാന്നിധ്യം സാധാരണ ജനങ്ങളിലും ആവേശം ചൊരിഞ്ഞു. ദയൂബന്ദിനടുത്ത മുളഫ്‌ഫര്‍ നഗറിലെ ഥാന ഭവനിലാണ്‌ ആദ്യവിപ്ലവം നടന്നത്‌. ഥാന ഭവനും പരിസരവും ജയിച്ചടക്കിയ അവര്‍ അവിടെയൊരു ഗവണ്‍മെന്റും സ്ഥാപിച്ചു. വൈകാതെ സഹാറന്‍പൂരില്‍ നിന്ന്‌ ബ്രിട്ടീഷ്‌ സൈന്യം പീരങ്കികളുമായി പാഞ്ഞെത്തി. നാടന്‍ തോക്കുകളുമായി അവരെ നേരിടുന്നത്‌ ബുദ്ധിയല്ലെന്ന്‌ മനസ്സിലാക്കിയ പണ്ഡിതന്മാര്‍ പതിയിരുന്നു ആക്രമിച്ചു. ഓര്‍ക്കാപ്പുറത്തെ ആക്രമണം ബ്രിട്ടീഷുകാര്‍ക്ക്‌ തിരിച്ചടിയായി. പീരങ്കികള്‍ ഉപേക്ഷിച്ച്‌ അവര്‍ ഓടി രക്ഷപ്പെട്ടു. വിപ്ലവകാരികള്‍ അവ കൈക്കലാക്കി. അതൊരു പുതിയ ആവേശമായിരുന്നു. വിദേശസേന കൂടുതല്‍ കരുത്തോടെ വീണ്ടുമെത്തി. ഘോരയുദ്ധം നടന്നു. മുഹമ്മദ്‌ ദാമിന്‍ രക്തസാക്ഷിയായി. വിപ്ലവകാരികള്‍ ഉറച്ചുനിന്ന്‌ പൊരുതി. പക്ഷേ, ദല്‍ഹിയിലും മറ്റും വിപ്ലവത്തിന്‌ മങ്ങലേറ്റതോടെ ഥാന ഭവനിലും മനോധൈര്യം ചോര്‍ന്നു. പണ്ഡിതന്മാര്‍ പല ഭാഗങ്ങളിലേക്ക്‌ ചിതറി. ഇംദാദുല്ലാഹ്‌ മക്കയിലേക്ക്‌ പോയി. റശീദ്‌ അഹ്‌മദ്‌ ഗംഗോഹിയും ഖാസിം നാനൂതവിയും തടങ്കലിലായി. പൊതുമാപ്പ്‌ ലഭിച്ച നാനൂതവിയുടെ പിന്നീടുള്ള ചരിത്രം അജ്ഞാതമാണ്‌. മുസ്‌ലിം സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ ഏറെ അധ്വാനിക്കേണ്ടിവന്നു. സൈനികമായി ചെറുക്കാന്‍ കഴിഞ്ഞെങ്കിലും മുസ്‌ലിം മനസ്സിന്റെ സ്വാതന്ത്ര്യവാഞ്‌ഛയെ അടിച്ചമര്‍ത്താന്‍ അവര്‍ക്കായില്ലെന്നാണ്‌ പില്‍ക്കാലം തെളിയിച്ചത്‌.

തുര്‍ക്കിയുടെയും മറ്റു മുസ്‌ലിം രാജ്യങ്ങളുടെയും സഹായത്തോടെ ഒന്നാംലോക മഹായുദ്ധ പശ്ചാത്തലത്തില്‍ ദയൂബന്ദ്‌ പണ്ഡിതന്‍ ശൈഖ്‌ മഹ്‌മൂദുല്‍ ഹസനും ശിഷ്യന്‍ ഉബൈദുല്ല സിന്ധിയും നടത്തിയ സാഹസിക വിപ്ലവം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്‌മരണീയ ഭാഗമാണ്‌. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ഈ സമരം. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രണശൂരരായ സ്വതന്ത്രഗോത്രങ്ങളെ സംഘടിപ്പിച്ച്‌ അവരില്‍ സമരബോധമുണര്‍ത്താനാണ്‌ അദ്ദേഹം ഏറെ ശ്രമിച്ചത്‌. അതിനു വേണ്ടി ദയൂബന്ദിലെ തന്റെ ശിഷ്യന്മാരില്‍ പ്രഗത്ഭരെ രഹസ്യമായി അവിടെ നിയോഗിച്ചു. അവര്‍ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു. വിപ്ലവത്തിന്‌ പിന്തുണതേടി ഉബൈദുല്ല സിന്ധിയെ അഫ്‌ഗാനിസ്ഥാനിലേക്കു അയച്ചു. അവിടത്തെ ഭരണാധികാരി അമീര്‍ ഹബീബുല്ലാ ഖാനെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഉറപ്പിച്ചുനിര്‍ത്തുക, തുര്‍ക്കി-ജര്‍മനി രാജ്യങ്ങളെ സഹകരിപ്പിച്ച്‌ അതിര്‍ത്തിയില്‍ പൊരുതുന്നവര്‍ക്ക്‌ സഹായമെത്തിക്കുക തുടങ്ങിയവയായിരുന്നു സിന്ധിയെ ഏല്‍പിച്ച ദൗത്യം. 1915 ആഗസ്‌ത്‌ 15ന്‌ കാബൂളിലെത്തിയ ഉബൈദുല്ല സിന്ധി, രാജ മഹേന്ദ്ര പ്രതാപിന്റെ നേതൃത്വത്തില്‍ അവിടെ വിപ്രവാസ ഗവണ്‍മെന്റ്‌ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മഹ്‌മൂദുല്‍ ഹസന്റെ വിപ്ലവലക്ഷ്യത്തെ സമ്പൂര്‍ണതയിലെത്തിക്കാനായിരുന്നു ഈ ഗവണ്‍മെന്റ്‌. ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായതോടെ മഹ്‌മൂദുല്‍ ഹസന്‍ ഇന്ത്യയില്‍ നിന്ന്‌ ഹിജാസിലേക്ക്‌ കുടിയേറി. തുര്‍ക്കി ഗവര്‍ണര്‍ ഗാലിബ്‌ പാഷയെ സന്ദര്‍ശിച്ച്‌ സഹായം തേടിയത്‌ ലക്ഷ്യം കണ്ടു. ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന്‌ എല്ലാ പിന്തുണയും തുര്‍ക്കി വാഗ്‌ദാനംചെയ്‌തു. അന്‍വര്‍ പാഷയും സഹായം ഉറപ്പുനല്‍കന്ന സന്ദേശം നല്‍കി. ഇന്ത്യന്‍ ജനതയ്‌ക്ക്‌ സ്വാതന്ത്ര്യസമരത്തിന്‌ ആവേശം നല്‍കുന്ന സന്ദേശം അറബി-പേര്‍ഷ്യന്‍-തുര്‍ക്കി ഭാഷകളില്‍ തയ്യാറാക്കി മഹ്‌മൂദുല്‍ ഹസനെ ഏല്‍പിക്കുകയും ചെയ്‌തു. ഈ സന്ദേശം ഒരു മരപ്പെട്ടിയിലെ വസ്‌ത്രങ്ങളിലൊളിപ്പിച്ച്‌ അദ്ദേഹം സഹപ്രവര്‍ത്തകന്റെ കൈവശം ഇന്ത്യയിലേക്കെത്തിച്ചു. മഹ്‌മൂദുല്‍ ഹസന്‍ ഹിജാസില്‍ തന്നെ തങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കിയും ജര്‍മനിയുമടങ്ങുന്ന സഖ്യകക്ഷികള്‍ പരാജയപ്പെട്ടതോടെ ഹിജാസിലെ ശരീഫ്‌ ഹുസൈന്‍ ബ്രിട്ടീഷ്‌ പാവയായിത്തീര്‍ന്നു. മഹ്‌മൂദുല്‍ ഹസനെ പിടികൂടി ബ്രിട്ടീഷുകാര്‍ക്ക്‌ കൈമാറി. ഈജിപ്‌തിലും മാര്‍ട്ടയിലും ജയിലില്‍കഴിഞ്ഞ മൂന്നു വര്‍ഷവും ഏഴു വര്‍ഷവും കഴിഞ്ഞ്‌ 1920 ജൂണ്‍ 8ന്‌ മോചിതനായി. ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കിയും ജര്‍മനിയും വിജയിച്ചിരുന്നെങ്കില്‍ മഹ്‌മൂദുല്‍ ഹസനും ഉബൈദുല്ല സിന്ധിയും രാജാ മഹേന്ദ്ര പ്രതാപും നയിച്ച വിപ്ലവത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌ ധീര വിപ്ലവകാരി

1786 നവംബര്‍ 28ന്‌ ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ ഹസനി ഖുത്വ്‌ബി കുടുംബത്തില്‍ ജനിച്ച അഹ്‌മദ്‌ ശഹീദ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പ്രോജ്വല കാന്തി പരത്തിയ പോരാളിയാണ്‌. അഞ്ച്‌ നൂറ്റാണ്ടുകള്‍ക്കിടയില്‍ അനേകം പണ്ഡിതന്മാര്‍ക്കും സമുദായ നേതാക്കള്‍ക്കും ജന്മമേകിയ കുടുംബമാണ്‌ അദ്ദേഹത്തിന്റേത്‌. ബാല്യം തൊട്ടേ ഭക്തിനിര്‍ഭരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. തഹജ്ജുദ്‌ നമസ്‌കാരവും സുന്നത്ത്‌ നോമ്പുകളും പതിവാക്കിയ അഹ്‌മദിന്‌ ആരാധനകളിലൂടെ കൈവന്ന സമരോര്‍ജം വലുതായിരുന്നുവെന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. പൊതുജന സേവനത്തിലും ഏറെ തല്‌പരനായിരുന്നു. പിതാവിന്റെ വിയോഗത്തോടെ അഹ്‌മദ്‌ ലഖ്‌നോവിലെത്തി. പിന്നീടാണ്‌ ഷാ അബ്‌ദുല്‍അസീസിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ ദല്‍ഹിയിലെത്തിയത്‌. വലിയുല്ലാഹ്‌ കുടുംബവുമായുള്ള ബന്ധം അഹ്‌മദ്‌ ശഹീദിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.

1810ലാണ്‌ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ സജീവമായത്‌. തഹരീകേ മുജാഹിദ്‌ (മുജാഹിദ്‌ പ്രസ്ഥാനം) എന്ന സംഘരൂപമായി പിന്നീടത്‌ വികസിച്ചു. ഷാ ഇസ്‌മാഈല്‍ ശഹീദ്‌ ആയിരുന്നു പ്രധാന സഹായി. നിരവധി പണ്ഡിതന്മാര്‍ അഹ്‌മദ്‌ ശഹീദിന്‌ പിന്തുണയായെത്തി. ദൃഢമായ ഏകദൈവാരാധനയുടെ വക്താക്കളായിരുന്ന മുജാഹിദുകള്‍ ഷാ വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ തൗഹീദ്‌ പ്രബോധനം ഏറ്റെടുക്കുകയും നാടിന്റെ നാനാഭാഗങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നു.

മുജാഹിദ്‌ പ്രസ്ഥാനമുയര്‍ത്തിയ നവോത്ഥാന കൊടുങ്കാറ്റ്‌ സമൂഹത്തിലൊരു പുത്തനുണര്‍വ്‌ ചൊരിഞ്ഞു. പടിഞ്ഞാറന്‍ അതിര്‍ത്തി ദേശങ്ങളിലും അവധിലും സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌ പര്യടനം നടത്തിയപ്പോള്‍ ജനം, ജീവാര്‍പ്പണ സന്നദ്ധരായി അദ്ദേഹത്തിന്‌ പിന്തുണ നല്‍കി, പൂര്‍വ പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍ അദ്ദേഹം ഉണര്‍ത്തി. അനിസ്‌ലാമിക ആചാരങ്ങളെ പാടേ ഉപേക്ഷിച്ച്‌ സത്യമാര്‍ഗത്തില്‍ നിലകൊള്ളാന്‍ അവരോട്‌ ആഹ്വാനം ചെയ്‌തു. സ്വഹാബികളുടേതിന്‌ സാമ്യമായ ജീവിതമാണ്‌ പിന്നെയവര്‍ നയിച്ചതെന്നു പോലും രേഖപ്പെടുത്തിയ ചരിത്രകാരന്മാരുണ്ട്‌. ജനജീവിതത്തിലടിഞ്ഞു കൂടി ബഹുദൈവത്വപരമായ എല്ലാ അഴുക്കുകളെയും ഇല്ലാതാക്കാന്‍ അഹ്‌മദ്‌ ശഹീദിന്റെയും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷത്തിലധികം അനുയായികള്‍ പ്രസ്ഥാനത്തിന്‌ കരുത്തുപകര്‍ന്നു. ആദര്‍ശവത്‌കരണത്തിനും സമരാവേശത്തിനുമായി പ്രസ്ഥാനത്തിനകത്ത്‌ രണ്ട്‌ വിഭാഗങ്ങളെയും അദ്ദേഹം നിയോഗിച്ചു.

ഹിന്ദു സമൂഹത്തില്‍ നിന്ന്‌ പകര്‍ന്ന ഇസ്‌ലാമിക വിരുദ്ധ സമ്പ്രദായങ്ങളെ എതിര്‍ക്കുന്നതില്‍ അഹ്‌മദ്‌ ശഹീദ്‌ മികവുറ്റ സാന്നിധ്യമായിട്ടുണ്ട്‌. വീടിനു മുന്നില്‍ കൂടാരം വെച്ചു പൂജിക്കുന്ന സമ്പ്രദായം അക്കാലത്തെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്നു. ആരാധനാ കേന്ദ്രത്തിന്റെ ആദരവ്‌ കല്‍പിച്ചിരുന്ന ഈ കൂടാരങ്ങളെ മുജാഹിദുകള്‍ പൊളിച്ചുകളഞ്ഞു. ഖബ്‌ര്‍പൂജയും മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. ഏകദൈവാരാധനയുടെ ആ പോരാളി ബഹുദൈവത്വ സമ്പ്രദായങ്ങളെയെല്ലാം നിഷ്‌കരുണം നിരാകരിക്കുകയും നിര്‍ദയമായി അടിച്ചൊതുക്കുകയും ചെയ്‌തു.

ജാതി വ്യവസ്ഥയുടെ ദുരിതം പേറിയ ഹൈന്ദവര്‍ക്കും അഹ്‌മദ്‌ ശഹീദ്‌ തുണയായി. സഹാറന്‍പൂരിലെ ഒരു അധകൃത കോളനിയില്‍ 20 ദിവസം താമസിച്ച്‌ ജാതിവ്യവസ്ഥയുടെ ദുരിതം അദ്ദേഹം നേരിട്ടറിഞ്ഞു.

അറബിക്കടലില്‍ പറങ്കികളുടെ ആക്രമണം ശക്തമായ കാലത്താണ്‌ അദ്ദേഹം ഹജ്ജിന്‌ പുറപ്പെട്ടത്‌. കൊള്ളയടിക്കപ്പെടുമെന്ന ഭയമുണ്ടെങ്കില്‍ ഹജ്ജ്‌ നിര്‍ബന്ധമില്ലെന്നു വരെ പണ്ഡിതന്മാര്‍ ഫത്‌വാ നല്‍കിയ സന്ദര്‍ഭമായിരുന്നു അത്‌. സാഹസികതയുടെ തേരിലേറിയ ആ യാത്രയില്‍ അദ്ദേഹത്തിനൊപ്പം നിരവധി പേര്‍ കൂട്ടുചേരുകയും ചെയ്‌തു. ഹിജ്‌റ 1236 ശവ്വാലില്‍ റായ്‌ബറേലിയില്‍ നിന്ന്‌ യാത്രതുടങ്ങി. 753 യാത്രക്കാരുള്ള സംഘം പത്ത്‌ കപ്പലുകളില്‍ മക്കയിലേക്ക്‌ പുറപ്പെട്ടു. രണ്ട്‌ വര്‍ഷവും പതിമൂന്ന്‌ ദിവസവും കഴിഞ്ഞ്‌ 1239 ശഅ്‌ബാനില്‍ സംഘം നാട്ടില്‍ തിരിച്ചെത്തി.

സിക്ക്‌ ഭീകരത നിലനിന്ന അതിര്‍ത്തിദേശങ്ങളിലായിരുന്നു മുജാഹിദുകളുടെ പ്രധാന പ്രവര്‍ത്തനം. നിരവധി പോരാട്ടങ്ങളിലൂടെ പല നാട്ടുരാജ്യങ്ങളും മുജാഹിദുകള്‍ പിടിച്ചടക്കി. പെശവാര്‍ ആസ്ഥാനമാക്കി ഒരു ഇസ്‌ലാമിക ഭരണകൂടത്തിനും അഹ്‌മദ്‌ ശഹീദ്‌ അടിത്തറയേകി. ഖിലാഫതുന്‍ അലാ മിന്‍ഹാജിന്നുബുവ്വ (പ്രവാചക മാതൃകയിലുള്ള ഖിലാഫത്ത്‌) എന്നതിന്‌ പേരിടുകയും ചെയ്‌തു. ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ഭരണം. അക്രമിക്കപ്പെട്ടവര്‍ ആ ഭരണത്തില്‍ ആശ്വാസം കണ്ടെത്തി. ലഹരി വസ്‌തുക്കള്‍ നിരോധിച്ചു. സദാചാരപാലനം കര്‍ശനമാക്കി. ബഹുദൈവത്വ രീതികള്‍ നിരോധിച്ചു. വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചു. പൊതു മുതല്‍ നീതിപൂര്‍വം വിനിയോഗിച്ചു. മര്‍ദകരും ചൂഷകരും അടിച്ചമര്‍ത്തപ്പെട്ടു.

പെശവാറിലെ പഠാന്‍ നേതാവ്‌ സുല്‍ത്താന്‍ മുഹമ്മദ്‌ നടത്തിയ വലിയൊരു ചതിയാണ്‌ അഹ്‌മദ്‌ ശഹീദിന്‌ തിരിച്ചടിയായത്‌. 1830ലെ ഒരു തണുപ്പുകാലത്ത്‌ 150ലധികം മുജാഹിദുകളെ സുല്‍ത്താല്‍ മുഹമ്മദ്‌ കൊലപ്പെടുത്തി. കശ്‌മീരിലേക്ക്‌ താവളം മാറ്റിയ അഹ്‌മദ്‌ ശഹീദിനെ 1831 മെയ്‌ ആറിന്‌ ബാലക്കോട്ടില്‍ വെച്ച്‌ ബ്രിട്ടീഷുകാര്‍ ആക്രമിച്ചു. നിരവധി അനുയായികള്‍ക്കൊപ്പം ആ ധീരജീവിതവും അവിടെ പൊലിഞ്ഞുപോയി. ക്രൂരരായ ശത്രുക്കള്‍ ആ വിപ്ലവകാരിയുടെ തലയറുത്ത്‌ പുഴയില്‍ വലിച്ചെറിഞ്ഞു. കരയ്‌ക്കടിഞ്ഞ ഉടല്‍ ഏതോ കൃഷിക്കാരാണ്‌ ഖബ്‌റടക്കിയത്‌.

ഉജ്വല വാഗ്‌മിയായിരുന്ന അഹ്‌മദ്‌ ശഹീദ്‌ നല്ലൊരു എഴുത്തുകാരനുമായിരുന്നു. തന്‍ബീഹുല്‍ ഗാഫിലീന്‍, രിസാലേ ദര്‍നികാഹ്‌ ബീഗവാന്‍,സ്വിറാതുല്‍ മുസ്‌തഖീം എന്നിവ അദ്ദേഹത്തിന്റെ രചനയില്‍പെടുന്നു. ഇന്ത്യയിലെ മറ്റ്‌ വിപ്ലവങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇസ്‌ലാമിന്റെ ധാര്‍മിക മൂല്യങ്ങളുയര്‍ത്തിയുള്ള പോരാട്ടമായിരുന്നു സയ്യിദ്‌ അഹ്‌മദ്‌ ശഹീദിന്റേത്‌. ഇന്ത്യന്‍ മുസ്‌ലിംകളെ തൗഹീദിലേക്ക്‌ തിരിച്ചുനടത്തിയ അഹ്‌മദ്‌ ശഹീദും മുജാഹിദ്‌ പ്രസ്ഥാനവും ദേശാഭിമാനികളും ആദര്‍ശശുദ്ധരുമായ ഒരു സമൂഹത്തെയാണ്‌ സ്വപ്‌നം കണ്ടത്‌.

കാലം, കാല്‍പാടുകള്‍ -30 -
പി എം എ ഗഫൂര്‍

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal