പാണ്ടിക്കാടിന്റെ ചരിത്രം: പ്രകാശനം സപ്തംബര്‍ ഏഴിന്‌

പാണ്ടിക്കാട്: പാണ്ടിക്കാടിന്റെ ചരിത്രത്തെ ആസ്​പദമാക്കി ഗ്രാമപ്പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന 'ചരിത്രപ്പെരുമനേടിയ ദേശം' പ്രകാശനത്തിന് തയ്യാറായി. 1800കള്‍ മുതല്‍ പ്രദേശവുമായി ബന്ധപ്പെട്ട് ചരിത്രരേഖകളില്‍ ഇടംപിടിച്ചതും പിടിക്കാതെ പോയതുമായ നിരവധി സംഭവങ്ങള്‍ കൂട്ടിയിണക്കിയാണ് പുസ്തകം തയ്യാറാക്കിയത്. സഫര്‍ പാണ്ടിക്കാടാണ് രചയിതാവ്.
ഖിലാഫത്ത് സമരത്തില്‍ പാണ്ടിക്കാടിന്റെ പങ്ക്, സമരത്തിലെ പ്രധാന പോരാളികള്‍, പാണ്ടിക്കാടിന്റെ സാംസ്‌കാരിക മാറ്റത്തിന് നേതൃത്വം നല്‍കിയവര്‍, വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ എന്നിവയെല്ലാം 226 പേജുള്ള പുസ്തകത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. ഏറനാടിന്റെയും വള്ളുവനാടിന്റെയും പൊതു സാംസ്‌കാരിക പശ്ചാത്തലവും പാണ്ടിക്കാടിന്റെ ആനുകാലിക വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കല, സംസ്‌കാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ പാണ്ടിക്കാടിന്റെ നേട്ടങ്ങളും വളര്‍ച്ചയും വ്യക്തമാക്കുന്ന പുസ്തകത്തില്‍ സാഹിത്യകാരന്‍ ഒ.വി. വിജയനടക്കം പല പ്രമുഖ വ്യക്തികള്‍ക്കും പാണ്ടിക്കാടുമായുണ്ടായിരുന്ന ബന്ധവും വിശദമാക്കുന്നുണ്ട്.
സപ്തംബര്‍ ഏഴിന് മന്ത്രി എം.കെ. മുനീര്‍ പുസ്തകം പ്രകാശനംചെയ്യും.

Mathrubhumi
 24 Aug 2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal