സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കല്‍: സര്‍ക്കാര്‍ നിര്‍ദേശം പഞ്ചായത്തുകള്‍ നടപ്പാക്കിയില്ല

മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ പരിഗണിച്ചില്ല. ഓരോ പഞ്ചായത്തിലെയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ നാമത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ ലൈബ്രറികളോ റോഡുകളോ അറിയപ്പെടണമെന്നും ഇക്കാര്യം ഉടനെ നടപ്പാക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ജില്ലയിലെ ഒരു പഞ്ചായത്തും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തിട്ടില്ല.

ഓരോ നാട്ടിലും ജിവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ നിരവധി സ്വാതന്ത്ര്യ സേനാനികളുണ്ട്. നാട്ടിലെ ലൈബ്രറിക്കെങ്കിലും ഇവരുടെ പേര് ഉപയോഗിക്കണമെന്ന അഭിപ്രായമുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു 2013 ഒക്ടോബറിലാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതേറ്റെടുക്കാനോ സേനാനികളെ മാനിക്കാനോ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ധീര ദേശാഭിമാനികളെ മറന്നു ബ്രിട്ടീഷ് മേധാവികളുടെ ശവക്കല്ലറകള്‍ പുതുക്കിപ്പണിത് അവരെ ആദരിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

മലബാര്‍ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശവക്കല്ലറകള്‍ മോടിപിടിപ്പിക്കാന്‍ ശ്രമം നടത്തിയത് അടുത്തിടെ വിവാദമായിരുന്നു. ലണ്ടന്‍ ആസ്ഥാനമായ കോമണ്‍വെല്‍ത്ത് ഹര്‍ഗ്രേവിസ് കമ്മിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ശവക്കല്ലറകള്‍ മോടിപിടിപ്പിക്കാന്‍ ശ്രമം നടത്തിയത്. തിരൂരങ്ങാടി കലാപത്തില്‍ കൊല്ലപ്പെട്ട സേനാമേധാവി വില്യം റൗളിന്റെ ശവക്കല്ലറ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. വില്യം മഫറ്റ്‌സ് ഗ്രേറ്റ്, ജോണ്‍ കെനി എന്നിവരുടെ ശവക്കല്ലറുകളുടെയും മോടികൂട്ടിയിട്ടുണ്ട്. അതേസമയം കലാപത്തില്‍ കൊല്ലപ്പെട്ട നമ്മുടെ സ്വന്തം സമര സേനാനികളുടെ സ്മാരകങ്ങള്‍ ഇനിയും നിര്‍മിച്ചിട്ടില്ല.

1921ലെ മലബാര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ വെള്ളപ്പട്ടാളമിറങ്ങിയ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറും അനുബന്ധ കെട്ടിടങ്ങളും ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അതും നടപ്പായില്ല. നിലമ്പൂരിലെ വനസമ്പത്തു കടത്തിക്കൊണ്ടുപോകുക എന്നതിനോടൊപ്പം മലബാറിലെ നേതാക്കളെ അമര്‍ച്ചചെയ്യുക എന്ന ഗൂഢലക്ഷ്യവുമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അങ്ങാടിപ്പുറം പാത കൊണ്ടുവന്നത്.

വള്ളുവനാടിലെ നേതാക്കളായ കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും എം.പി നാരായണ മേനോനും അങ്ങാടിപ്പുറം താവളമാക്കിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നത്. വാഗണ്‍ ട്രാജഡി വേണ്ടത്ര രീതിയില്‍ സ്മരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ എക്കാലത്തെയും ആവശ്യമായ പെന്‍ഷന്‍ ഏകീകരിക്കണവും ഇതുവരെ നടപ്പായിട്ടില്ല.

Suprabhaatham Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal