ചരിത്രരേഖയുടെ ശേഷിപ്പുകള്‍ പറയുന്നത് സ്വാതന്ത്ര്യത്തിന്റെ വീറുറ്റ സ്മരണകള്‍

കോഴിക്കോട്:ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായ മലബാര്‍കലാപത്തിന്റെ ചരിത്രശേഷിപ്പുകളായിരുന്നു മൊയ്തു മൗലവി ചരമവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യ സമരചരിത്ര പ്രദര്‍ശനത്തിലുണ്ടായിരുന്നത്. മലബാര്‍ കലാപത്തെ സംബന്ധിച്ചുള്ള വിവിധ രേഖകള്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞുനിന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാവസ്തു ശേഖരവകൂപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സ്വാതന്ത്ര്യസമര ചരിത്ര പ്രദര്‍ശനം നടത്തിയത്.

ബ്രിട്ടിഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച ഏറനാട്ടിലെ മാപ്പിളമാരെ സംബന്ധിച്ചുള്ള രേഖകളും മലബാര്‍ കലാപബാധിത പ്രദേശമായ തീരൂരങ്ങാടിയില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച രേഖകളും പ്രദര്‍ശനത്തിലുണ്ട്.1921 ന് ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ നടന്ന ഏറ്റുമുട്ടലാണ് സ്വാതന്ത്ര്യ സമര പോരാട്ടമായ മലബാര്‍ കലാപത്തിന് തുടക്കം കുറിച്ചത്. ഇവയെ സംബന്ധിച്ച 1841 മുതലുള്ള എല്ലാ രേഖകളുമാണ് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് ചരിത്രരേഖാ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ ചരിത്രവും സാംസ്‌കാരവും അതിലുപരി സ്വാതന്ത്ര്യസമരത്തിന്റെ വീറുറ്റ സ്മരണകളാണ് സ്വാതന്ത്ര്യ സമര ചിത്രപ്രദര്‍ശനത്തിലൂടെ തെളിയുന്നത്.

പുതുമുറയ്ക്ക് മലബാര്‍ കലാപത്തെ കുറിച്ച് കൂടൂതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ഇതിലൂടെ കഴിയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളാണ് പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം.മലബാര്‍ കലക്ടറായിരുന്ന കനോലിയുടെ വധവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖ (1855), മലബാറിലെ ആയുധ കത്തി നിയമം, കനോലിയുടെ വധവുമായി ബന്ധപ്പെട്ട രേഖകള്‍, കലാപത്തില്‍ പങ്കെടുത്തവരുടെ അംശവും ദേശവും തെളിയിക്കുന്ന രേഖകള്‍, മലബാര്‍ കലാപബാധിത പ്രദേശത്തെ സൂചിപ്പിക്കുന്ന മാപ്പ്, കലാപത്തിലെ പ്രധാന സംഭവങ്ങളുടെ സംക്ഷിപ്തവിവരങ്ങള്‍, കലാപത്തെ കുറിച്ച് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ചില ഭാഗങ്ങള്‍, വാഗണ്‍ ട്രാജഡിയുമായി ബന്ധപ്പെട്ട രേഖകള്‍, 1921 ലെ ശിക്ഷിക്കപ്പെട്ട മാപ്പിളമാരുടെ സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ ചരിത്രപ്രദര്‍ശനത്തിലുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സ്ത്രികള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് മലബാര്‍ ക്രിസ്ത്യന്‍ കൊളേജ് ചരിത്രവിഭാഗത്തിലെ എം സി വസിഷ്ഠ് തയ്യാറാക്കിയിട്ടുണ്ട്.

1857 ലെ ജനകീയ കലാപത്തിന്റെ നേതൃനിരയിലെ ശക്തമായ സ്ത്രിസാന്നിദ്ധ്യങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിരിക്കുന്നു.
1857 ലെ കലാപത്തിന് മുന്‍പും പിന്‍പും രാഷ്ട്രീയസമരങ്ങളുടെ നേതൃനിരയില്‍ ഇത്രയേറെ സ്ത്രി സാന്നിദ്ധ്യം ഉണ്ടായിട്ടില്ല.ഇതില്‍ പ്രധാനപ്പെട്ട ജാന്‍സിയിലെ റാണിയായ ലക്ഷ്മി ഭായിയും ലക്‌നൗവിലെ ബീഗം ഹസറത്ത് മഹലും റാംഗറിലെ റാണി അവന്തി ഭായിയും ആയിരുന്നു. ഇവരെ കുറിച്ചുള്ള കൂടൂതല്‍ രേഖകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.ക്യാപ്റ്റന്‍ ലക്ഷ്മി, കുട്ടിമാളുഅമ്മ, കൗമുദി ടീച്ചര്‍, അക്കമ്മ ചെറിയാന്‍, ചിറ്റഗോംഗ് കലാപത്തിലെ സ്ത്രിസാന്നിദ്ധ്യമായ കല്‍പ്പനാദത്ത, കസ്തൂര്‍ബ ഗാന്ധി,
അമ്മു സ്വാമിനാഥന്‍, ഉഷാ മേത്ത, സാവിത്രി ഭായ് ഫുലേ, വിജയലക്ഷ്മി പണ്ഡിറ്റ്, സരോജിനി നായ്ഡു, സിസ്റ്റര്‍ നിവേദിത, ആനി ബസന്റ്, റാണി അവന്തി ഭായി എന്നിവരുടെ ചിത്രങ്ങളും അവരെ കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശനത്തിലുണ്ട്.

ലക്‌നൗവിലെ ബീഗം ഹസറത്ത് മഹലിന്റെ സ്മാരകത്തിന്റെ ചിത്രവും പ്രദര്‍ശനത്തിലുണ്ട്.റാണി ലക്ഷ്മിഭായിയുടെ അപൂര്‍വമായ കത്തുകള്‍, മരണത്തെ കുറിച്ചുള്ള വിവരണങ്ങള്‍, ഭര്‍ത്താവ് ഗംഗാധര റാവുവിന്റെ പടം, ജാന്‍സിയിലെ ലക്ഷ്മി ഭായിയുടെ പ്രതിമ, ജാന്‍സിയിലെ കോട്ട തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

 June 7, 2013 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal