ധീര ശഹീദ് ആലി മുസ്‌ലിയാര്‍ ദേശാഭിമാനത്തിന്റെ വിപ്ലവ സൂര്യന്‍‘കുത്തിപ്പിടിക്കുന്ന വടി’കൊണ്ട് ഒരു കാലഘട്ടത്തിന്റെയും ഒരു സമൂഹത്തിന്റെയും ദിശ നിര്‍ണയിക്കാന്‍ സാധിച്ച വിപ്ലവ സൂര്യനാണ് ആലി മുസ്‌ലിയാര്‍. മലബാര്‍ സമരത്തെ തീക്ഷ്ണമാക്കിയ തിരൂരങ്ങാടി പള്ളിയിലെ വെടിവെപ്പിനും ആലി മുസ്‌ലിയാരുടെ അറസ്റ്റിനും 92 വര്‍ഷം.  സമരചരിത്രത്തില്‍ ചുടുചോരമണമുള്ള അധ്യായത്തിലേക്കൊരു യാത്ര…
1921ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക സ്രോതസ്സായിരുന്നു ആലി മുസ്‌ലിയാര്‍. പണ്ഡിതനും പരിഷ്‌കര്‍ത്താവുമെന്ന നിലയില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആലി മുസ്‌ലിയാര്‍ നേടിയെടുത്ത ജനാംഗീകാരമായിരുന്നു ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ അടിത്തറയായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ ശിഷ്യരും സ്‌നേഹജനങ്ങളുമാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും. സമൂഹശ്രേണിയിലെ സര്‍വരുമായും ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്ന ബന്ധം പ്രക്ഷോഭത്തിന്റെ ഗതിയിലും സ്വാധീനം ചെലുത്തി. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന ആലി മുസ്‌ലിയാര്‍ പ്രക്ഷോഭകാരിയായിത്തീര്‍ന്നത് വേഗത്തിലായിരുന്നു. അധിനിവേശ വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന പൈതൃകമുള്ള കുടുംബമാണദ്ദേഹത്തിന്റേത്. അതിനാല്‍ തന്നെ തന്റെ സാന്നിധ്യം അനിവാര്യമായ ഘട്ടത്തില്‍ രാഷ്ട്രീയ സമരത്തിന്റെ വെയിലും ചൂടുമേല്‍ക്കാന്‍ ആലി മുസ്‌ലിയാര്‍ രംഗത്തിറങ്ങി.
മഞ്ചേരി നെല്ലിക്കുത്തിലെ എരിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി 1861ലാണ് ആലി മുസ്‌ലിയാരുടെ ജനനം. പിതാമഹന്‍ എരിക്കുന്നന്‍ അബ്ദുല്ലഹാജി ബ്രിട്ടീഷുകാരോട് പൊരുതി രക്തസാക്ഷിയായിരുന്നു. മഞ്ചേരിയിലെ പ്രാഥമിക പഠനത്തിനു ശേഷം അന്നത്തെ പതിവനുസരിച്ച് ആലി മുസ്‌ലിയാര്‍ ഉപരിപഠനത്തിന് പൊന്നാനിയിലെത്തി. വര്‍ഷങ്ങളോളം അവിടെ പഠിച്ച് മികച്ച പണ്ഡിതനായി അംഗീകരിക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ വൈജ്ഞാനിക മോഹങ്ങള്‍ ബാക്കിയായി. അങ്ങനെയാണ് തുടര്‍പഠനത്തിന് മക്കയിലേക്ക് യാത്രയായത്. ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു ആ യാത്ര. വിശുദ്ധ ഹറമില്‍ എട്ടുവര്‍ഷത്തോളം പഠനം നടത്തി.
ദയൂബന്ദ് പണ്ഡിതരും സ്വാതന്ത്ര്യസമരസേനാനികളുമായിരുന്ന ഹുസൈന്‍ അഹ്മദ് മദനിയും മഹ്മൂദ് ഹസന്‍ ദയൂബന്ദിയും ആലി മുസ്‌ലിയാരുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. മക്കയില്‍ ആലി മുസ്‌ലിയാരുടെ പ്രധാന ഗുരുനാഥന്‍ അഹ്മദ് സൈനീദഹ്‌ലാനി കടുത്ത വഹാബി വിരുദ്ധനായിരുന്നിട്ടും മുഹമ്മദുബ്‌നു അബ്ദുല്‍വഹാബിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നവോത്ഥാന സംരംഭങ്ങളെ മാതൃകയാക്കുകയും ചെയ്ത ദയൂബന്ദ് പണ്ഡിതന്മാരുമായി അടുത്തബന്ധം പുലര്‍ത്താന്‍ ആലിമുസ്‌ലിയാര്‍ക്ക് പ്രയാസമുണ്ടായില്ല. വ്യത്യസ്ത ചിന്താധാരകളോട് അനുഭാവപൂര്‍ണമായ സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ആത്മീയ ശിക്ഷണത്തിനുള്ള മാര്‍ഗമെന്ന നിലയില്‍ ത്വരീഖത്തിനെ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിലും ശരീഅത്തിനെ നിഷേധിക്കുന്ന പ്രവണതകള്‍ അംഗീകരിച്ചില്ല. ഖബര്‍ പൂജയെയും ബഹുദൈവത്വപരമായ സമീപനങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
മക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ലക്ഷദ്വീപിലെ കവരത്തിയില്‍ ഖാദിയും അധ്യാപകനുമായിച്ചേര്‍ന്നു. 1891ല്‍ മണ്ണാര്‍ക്കാട് മാപ്പിളക്കുടിയാന്മാര്‍ നടത്തിയ ജന്മിത്ത വിരുദ്ധ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മമ്മദ്കുട്ടി മുസ്‌ലിയാര്‍ കൊല്ലപ്പെട്ടതാണ് ആലി മുസ്‌ലിയാരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതോടെ ലക്ഷദ്വീപിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സാമ്രാജ്യത്വത്തിന്റെയും ജന്മികളുടെയും ഭീകരമര്‍ദനങ്ങള്‍ക്കെതിരെ സ്വന്തം സമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടി വല്ലതും ചെയ്‌തേപറ്റൂ എന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം കര്‍മമണ്ഡലത്തിലേക്കിറങ്ങി. പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നാട്ടിലെ യുവാക്കളെ വൈജ്ഞാനികമായും ധാര്‍മികമായും പ്രബുദ്ധരാക്കി സമരസജ്ജരാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഏറനാട്ടിലുടനീളം നിരവധി മദ്‌റസകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്.
എം പി നാരായണ മേനോനെപ്പോലുള്ള ഹൈന്ദവ പ്രമുഖര്‍ പോലും മദ്‌റസകള്‍ സ്ഥാപിക്കാന്‍ സഹായിച്ചു. നെല്ലിക്കുത്ത്, തൊടികപ്പുലം, മേല്‍മുറി തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായും ആലി മുസ്‌ലിയാര്‍ സേവനമനുഷ്ഠിച്ചു. ശിഷ്യന്മാര്‍ക്ക് പുറമെ, തന്നെ സ്‌നേഹിക്കുന്ന നിരവധി പൊതുജനങ്ങളും അന്നാടുകളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായി. മതഭേദമെന്യേ ‘മെയില്യാരുപ്പാപ്പ’ എന്ന വിളിപ്പേരില്‍ ആലി മുസ്‌ലിയാര്‍ സ്വീകാര്യത നേടി. സമകാലികരായ പാരമ്പര്യ പണ്ഡിതന്മാരില്‍ നിന്ന് ഭിന്നമായി അറബി, ഉറുദു പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിച്ചിരുന്നതിനാല്‍, തികഞ്ഞ രാഷ്ട്രീയബോധം ആര്‍ജിക്കാനും ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അധ്യാപകനായിരുന്ന കാലത്ത് അവിടെയൊന്നും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ലെങ്കിലും പില്‍ക്കാലത്ത് മലബാര്‍ സമരം കത്തിപ്പടര്‍ന്നപ്പോള്‍ സമരമുഖത്തേക്ക് കുതിച്ച അസംഖ്യം ജനങ്ങള്‍ അവിടെയൊക്കെ തയ്യാറായതിനു പിന്നില്‍ ആലി മുസ്‌ലിയാരുടെ വൈജ്ഞാനിക സ്വാധീനമുണ്ടായിരുന്നുവെന്ന് വിലയിരുത്തേണ്ടതുണ്ട്. മഞ്ചേരിയിലും പൂക്കോട്ടൂരും പാണ്ടിക്കാട്ടും നടന്ന രക്തപങ്കിലമായ സമരത്തില്‍ പങ്കെടുക്കാന്‍ അവിടെയുള്ള സാധാരണക്കാരായ മാപ്പിളമാരെ പ്രേരിപ്പിച്ച ഏകഘടകം ആലി മുസ്‌ലിയാരോടുള്ള ആദരവും കടപ്പാടുമായിരുന്നു.
തൊടികപ്പുലത്തും മേല്‍മുറിയിലും ദര്‍സുനടത്തി. തിരൂരങ്ങാടി കിഴക്കേപള്ളിയില്‍ മുദര്‍രിസായി ചേര്‍ന്നതിനു ശേഷമാണ് പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ആലി മുസ്‌ലിയാര്‍ ഇടപെടുന്നത്. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതില്‍ പിന്നെ രാഷ്ട്രീയബോധമുള്ള മതനേതൃത്വം തിരൂരങ്ങാടിയില്‍ ഇല്ലായിരുന്നു. ഈ ശൂന്യത തീര്‍ക്കാന്‍ തിരൂരങ്ങാടിക്കാര്‍ ആലി മുസ്‌ലിയാരെ ക്ഷണിച്ചുകൊണ്ടുപോവുകയായിരുന്നു. തിരൂരങ്ങാടിയിലേക്കുള്ള ആലി മുസ്‌ലിയാരുടെ വരവിന്റെ രാഷ്ട്രീയ പ്രാധാന്യം ബ്രഹ്മദത്തന്‍ നമ്പൂതിരി വിശദീകരിക്കുന്നു: ”മാമ്പ്രത്ത് പള്ളിയാണ് മലബാര്‍ മാപ്പിളമാരുടെ സാമൂഹികകേന്ദ്രം. അതിന്റെ അധിപതി മാമ്പ്രത്ത് തറമ്മല്‍ തങ്ങളാണ്. തങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വീകരിക്കാന്‍ തയ്യാറായില്ല. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എതിര്‍ത്താല്‍ തന്റെ പൂര്‍വികര്‍ക്കുണ്ടായ അനുഭവം തങ്ങള്‍ക്ക് ഓര്‍മയുണ്ട്. തറമ്മല്‍ തങ്ങള്‍ രണ്ട് തോണിയിലും കാലിട്ടു നിന്നതേയുള്ളൂ. തങ്ങളെക്കഴിച്ചാല്‍ പിന്നെ പ്രധാനി ആലി മുസ്‌ലിയാരാണ്. ആലി മുസ്‌ലിയാര്‍ക്ക് രാഷട്രീയമായി യാതൊരു പൂര്‍വചരിത്രവുമില്ല. എന്നാല്‍ മുസ്‌ലിയാര്‍ ഒരു മാതൃകാപുരോഹിതനും മതപണ്ഡിതനുമാണ്. അദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ട്. പെരുമാറ്റത്തില്‍ അദ്ദേഹമൊരു മയംചേര്‍ന്ന മട്ടുകാരനാണ്. ആളുകള്‍ക്കെല്ലാം അദ്ദേഹത്തോട് അചഞ്ചലമായ ഗുരുഭക്തിയാണ്. മുസ്‌ലിയാര്‍ക്ക് രാഷ്ട്രീയബോധം കുറവായിരുന്നു. മതവികാരമാണ് കവിഞ്ഞുനില്‍ക്കുന്നത്. അവര്‍ അഹിംസ ഒരു വ്രതമായി അനുഷ്ഠിച്ചിരുന്നില്ല. അക്രമത്തിന്റെ നേര്‍ക്ക്, തെമ്മാടിത്തത്തിന്റെ നേര്‍ക്ക് ബലപ്രയോഗം അവര്‍ക്ക് അഹിതമായിരുന്നില്ല. പൊലീസിന്റെ തെമ്മാടിത്തങ്ങള്‍ക്ക് അവര്‍ തക്ക പ്രതിഫലം കൊടുത്തു” (ഖിലാഫത്ത് സ്മരണകള്‍, പേജ് 83)
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ ഖിലാഫത്ത് പ്രക്ഷോഭത്തിന് തുടക്കംകുറിക്കുകയോ ചെയ്യാത്ത സന്ദര്‍ഭത്തിലാണ് ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടിയിലെത്തുന്നത്. അവിടെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയില്ലായിരുന്നെങ്കിലും പള്ളിയിലെ മതപഠന പ്രസംഗങ്ങളിലും ഉദ്‌ബോധനങ്ങളിലും അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പ്രചാരണം നടത്തി. അതേക്കുറിച്ച് ഡോ. കെ എന്‍ പണിക്കര്‍ എഴുതുന്നു: ”പള്ളിയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ മതപഠന ക്ലാസുകളും ഉപദേശങ്ങളും ജനപ്രീതിയാര്‍ജിച്ച് ഖിലാഫത്തിനോടുള്ള ആഭിമുഖ്യവും ബ്രിട്ടീഷ് വിരുദ്ധ മനോഭാവവും ജനങ്ങളില്‍ വളര്‍ത്താന്‍ സഹായകമായി. അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ തിരൂരങ്ങാടിക്കാര്‍ മാത്രമായിരുന്നില്ല. മമ്പുറം ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമായിരുന്നതിനാല്‍ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും ധാരാളമായി അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകളില്‍ പങ്കെടുത്തിരുന്നു. അതിലൂടെ ആലി മുസ്‌ലിയാരുടെ മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങള്‍ വലിയൊരു വിഭാഗം മാപ്പിളമാരെ അഗാധമായി സ്വാധീനിക്കുകയുണ്ടായി.” (അഴമശിേെ ഘീൃറ മിറ ടമേലേ, ു.154)
കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും എം പി നാരായണമോനോനുമാണ് ആലി മുസ്‌ലിയാരെ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ നേതൃനിരയിലേക്ക് കൊണ്ടുവന്നത്. 1920ല്‍ രൂപീകരിക്കപ്പെട്ട തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയില്‍ കെ എം മൗലവിയോടൊപ്പം വൈസ് പ്രസിഡന്റ് എന്ന സ്ഥാനമേ ആലി മുസ്‌ലിയാര്‍ ഏറ്റെടുത്തുള്ളൂവെങ്കിലും സമരത്തിന്റെ യഥാര്‍ഥ ചാലകശക്തി അദ്ദേഹം തന്നെയായിരുന്നു. മുന്നിയൂര്‍ പി എം പൂക്കോയ തങ്ങള്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിസീതി തങ്ങള്‍, കാരാടന്‍ മൊയ്തീന്‍ തുടങ്ങിയവരായിരുന്നു മറ്റു നേതാക്കള്‍. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരം ശക്തിപ്പെട്ടത് ആലി മുസ്‌ലിയാര്‍ നേതൃരംഗത്തെത്തിയ ശേഷമായിരുന്നു. അവിടെയെല്ലാം ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ അദ്ദേഹം വ്യാപകമായ യാത്രകള്‍ നടത്തി.
പ്രമുഖ യാഥാസ്ഥിതിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക പ്രസിഡന്റുമായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാര്‍ ഖിലാഫത്ത് സമരത്തെ ശക്തമായി എതിര്‍ക്കുകയും ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ സമരം നടത്തുന്നത് ഹറാമാണെന്ന് (നിഷിദ്ധം)ഫത്‌വാ (മതവിധി)ഇറക്കുകയും ചെയ്തിരുന്നു. മഹ്ഖുല്‍ ഖിലാഫതി ഫീ ഇസ്‌ലാമില്‍ ഖിലാഫഃ എന്നായിരുന്നു ഒരു ഫത്‌വായുടെ പേര്. ബ്രിട്ടീഷ് അധികാരികള്‍ക്ക് പ്രിയങ്കരന്മാരായിരുന്ന ഈ പണ്ഡിതന്മാരുടെ ശ്രമങ്ങള്‍ വിജയിക്കാതിരുന്നതിന്റെ പിന്നില്‍ ആലി മുസ്‌ലിയാരുടെ ജനപ്രീതിയും സ്വാധീനശക്തിയും തന്നെയായിരുന്നു. മുഹമ്മദ് നബിക്കും അവിടുത്തെ കുടുംബത്തിനും മാത്രമേ ഖിലാഫത്ത് കയ്യാളാനുള്ള അധികാരമുള്ളൂ എന്ന വാദമായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്കുണ്ടായിരുന്നത്. മലബാര്‍ മാന്വലിന്റെ രചയിതാവ് വില്യം ലോഗന്റെ അടുത്ത സുഹൃത്തായിരുന്ന മുല്ലക്കോയ തങ്ങള്‍, സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീനിലെ ചരിത്രരേഖകള്‍ ലോഗന് തര്‍ജമ ചെയ്തുകൊടുത്തിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറിന്റെ പ്രത്യേക ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു. ഖിലാഫത്ത് സമരത്തിന്റെ പ്രധാന എതിരാളിയായി അറിയപ്പെട്ട അദ്ദേഹം സമരം ശക്തിപ്പെട്ടപ്പോള്‍ ചില ഉപാധികളോടെ സമരത്തിനൊപ്പം ചേര്‍ന്നു. 1920 നവംബര്‍ മൂന്നിന് കോഴിക്കോട് സഭാഹാളില്‍ നടന്ന ലോക്കല്‍ ഖിലാഫത്ത് കമ്മിറ്റി യോഗത്തില്‍ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷനാവുകയും ചെയ്തു.
1921 ജൂലൈ 24ന് പൊന്നാനിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്, ഖിലാഫത്ത് സമ്മേളനത്തെ പരാജയപ്പെടുത്താന്‍ യാഥാസ്ഥിതിക പണ്ഡിതര്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പൊന്നാനിയിലെ പാതാറില്‍ സമാന്തര പണ്ഡിതയോഗം ചേര്‍ന്നു. ഇതറിഞ്ഞ ആലി മുസ്‌ലിയാര്‍ പൂക്കോട്ടൂരിലെ തന്റെ നിരവധി അനുയായികളോടൊപ്പം ജാഥയായി വന്ന് പൊന്നാനിയിലെ ഖിലാഫത്ത് സമ്മേളനത്തില്‍ പങ്കെടുത്തു. പൊന്നാനിപ്പാലത്തില്‍ വെച്ച് ആലി മുസ്‌ലിയാരെയും സംഘത്തെയും പൊലീസ് തടഞ്ഞുവെങ്കിലും ഏറ്റുമുട്ടലിന് ഇടംകൊടുക്കാതെ പല ഊടുവഴികളിലൂടെ അദ്ദേഹവും സംഘവും സമ്മേളനസ്ഥലത്തെത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിനുവേണ്ടി യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഒരുക്കിയ സമാന്തര സമ്മേളനത്തെ പരാജയപ്പെടുത്താന്‍ ആലിമുസ്‌ലിയാര്‍ക്ക് സാധിച്ചത് ഈ സാഹസിക നീക്കത്തിലൂടെയായിരുന്നു.
ഖദര്‍ വസ്ത്രം ധരിക്കുകയും അഹിംസാമാര്‍ഗം സ്വീകരിക്കുകയും ചെയ്തിരുന്ന ആലി മുസ്‌ലിയാര്‍, ഖിലാഫത്ത് സമ്മേളനങ്ങള്‍ അകാരണമായി മുടക്കുകയും ഖിലാഫത്ത് പ്രവര്‍ത്തകരെ കഠിനമായി മര്‍ദിക്കുകയും ചെയ്ത ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധമായി പോരാടുന്നതില്‍ തെറ്റില്ല എന്ന നിലപാടിലേക്ക് മാറി. അദ്ദേഹം സംഘടിപ്പിച്ച ഖിലാഫത്ത് വളണ്ടിയര്‍മാര്‍ സൈനിക രീതിയില്‍ പരിശീലനം നേടുകയും തെരുവുകളില്‍ പരേഡ് നടത്തുകയും ചെയ്തതോടെയാണ് ഈ നിലപാടുമാറ്റം മറനീക്കിയത്. ആലി മുസ്‌ലിയാരുടെ ഉറ്റ സുഹൃത്തും ശിഷ്യനുമായ ലവക്കുട്ടിയാണ് ഇതിന് നേതൃത്വം നല്‍കിയത്. തികഞ്ഞ ആസൂത്രണവും ലക്ഷ്യബോധവും നിറഞ്ഞതായിരുന്നു ഈ സൈനിക പ്രതിരോധം. അകാരണമായി ആക്രമിക്കപ്പെട്ടാല്‍ ചെറുത്തുനില്‍ക്കാന്‍ ആവശ്യമായ പരിശീലനം നേടുകയും പരേഡിലൂടെ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമേ ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്നുള്ളൂ. ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതില്‍ കവിഞ്ഞ് ആയുധശേഖരണത്തിനു പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. എന്നാല്‍ ആലി മുസ്‌ലിയാരും അനുയായികളും വന്‍തോതില്‍ ആയുധശേഖരം നടത്തുന്നുവെന്നാണ് ആളുകള്‍ക്കിടയില്‍ പ്രചരിച്ചത്.
ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ച ഒരു സംഭവം അതിന്നിടയില്‍ നടന്നു. മമ്പുറം അലവി തങ്ങളുടെ കാലത്ത് നടന്ന ചേറൂര്‍ ലഹളയില്‍ രക്തസാക്ഷികളായവരെ തിരൂരങ്ങാടി മന്താനിപറമ്പിലാണ് ഖബ്‌റടക്കിയത്. അവിടെ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തുന്നതിന് സര്‍ക്കാര്‍ അനുവാദമുണ്ടായിരുന്നില്ല. രക്തസാക്ഷികളെക്കുറിച്ചുള്ള ഓര്‍മ ജനങ്ങളില്‍ ബ്രിട്ടീഷ് വിരോധം ജ്വലിപ്പിക്കുമെന്ന ഭയമായിരിക്കാം അതിനു കാരണം. എന്നാല്‍, ഖിലാഫത്ത് സമരം പ്രക്ഷുബ്ധമായ സന്ദര്‍ഭത്തില്‍ നിയമലംഘനത്തിന്റെ ഭാഗമായി ആലി മുസ്‌ലിയാരും അനുയായികളും ഖബറിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
പ്രതീകാത്മകമായി നടത്തിയ ഈ സമരം സര്‍ക്കാറിനോടുള്ള വെല്ലുവിളിയായിക്കണ്ട് ആലി മുസ്‌ലിയാരെയും അനുയായികളെയും അറസ്റ്റുചെയ്യാന്‍ ധൃതികൂട്ടി. കലക്ടര്‍ തോമസും ഹിച്ച്‌കോക്കും എസ് പി ആമുവിനെയും കുറെ പട്ടാളത്തെയും കൂട്ടി 1921 ആഗസ്ത് 19ന് ആലി മുസ്‌ലിയാരെ അറസ്റ്റുചെയ്യാന്‍ തിരൂരങ്ങാടിയിലേക്ക് തിരിച്ചു. ആഗസ്ത് 20ന് വൈകുന്നേരം തോമസും സംഘവും ആലി മുസ്‌ലിയാര്‍ ദര്‍സ് നടത്തുന്ന തിരൂരങ്ങാടി പള്ളി വളഞ്ഞ്, പള്ളിയും ആലി മുസ്‌ലിയാരുടെ വീടും പരിശോധിച്ചെങ്കിലും പട്ടാളത്തിന്റെ വരവ് മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതിനാല്‍ ആലി മുസ്‌ലിയാരെയോ അനുയായികളെയോ അറസ്റ്റുചെയ്യാനാവാതെ കോപാന്ധരായി അവര്‍ തിരിച്ചുപോയി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു ബ്രിട്ടീഷ് രഹസ്യം ആലി മുസ്‌ലിയാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. അതിനിടയില്‍ ഖിലാഫത്ത് ഓഫീസില്‍ കയറി പതാകയും ഗ്രന്ഥങ്ങളും നശിപ്പിക്കുകയും ചിലരെ അറസ്റ്റിലാക്കുകയും ചെയ്തു. ഈ വാര്‍ത്ത നാടാകെ പരന്നു. പള്ളി ആക്രമിക്കപ്പെട്ടു എന്നാണ് പ്രചരിച്ച വാര്‍ത്ത.
അതോടെ മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി ദേശങ്ങളില്‍ നിന്നെല്ലാം കൂറ്റന്‍ ജനസഞ്ചയങ്ങള്‍ തിരൂരങ്ങാടിയിലേക്കൊഴുകി. പൊലീസ്‌സ്‌റ്റേഷന്‍ ആക്രമിക്കാനൊരുങ്ങിയ ജനക്കൂട്ടത്തെ ആലി മുസ്‌ലിയാര്‍ രംഗത്തെത്തി തടഞ്ഞെങ്കിലും ഫലം കണ്ടില്ല. ജനങ്ങളൊന്നായി പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി, അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്ന് വിളിച്ചുപറഞ്ഞു. നിര്‍ദേശം അംഗീകരിക്കാം എന്ന് ഉറപ്പുനല്‍കിയ ബ്രിട്ടീഷ് അധികാരികള്‍ അപ്രതീക്ഷിതമായി ആ ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിവെച്ചു. ഓര്‍ക്കാപ്പുറത്തുണ്ടായ അക്രമത്തില്‍ വിദ്വേഷം കത്തിപ്പടര്‍ന്നതോടെ ജനങ്ങള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളത്തെയും പൊലീസിനെയും നേരിട്ടു. പലരും വെടികൊണ്ട് വീണപ്പോഴും തരിച്ചുകയറിയ വീര്യത്തോടെ തിരിച്ചടിച്ച മാപ്പിളപ്പോരാളികളുടെ ആത്മധൈര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബ്രിട്ടീഷുകാര്‍ ഓടിയൊളിച്ചു. അതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. മരിച്ചവരെ ഖബറടക്കാനും പരുക്കേറ്റവരെ ശുശ്രൂഷിക്കാനും ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടി പള്ളിയില്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി, താനൂര്‍ പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍പൊലീസ് സ്‌റ്റേഷനും തീവണ്ടിയാപ്പീസും തല്ലിത്തകര്‍ക്കുകയും റെയില്‍പ്പാലം പൊളിക്കുകയും ചെയ്തു. കോഴിക്കോട്ട് നിന്ന് കൂടുതല്‍ ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടിയിലേക്ക് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. അകാരണമായുണ്ടായ ഈ വെടിയുതിര്‍ക്കലാണ് മലബാറിലെ മുസ്‌ലിം അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കിയതെന്ന് കെ കോയക്കുട്ടി മൗലവി മലബാര്‍ ലഹളയില്‍ എഴുതുന്നുണ്ട്.
കലക്ടര്‍ തോമസും ഹിച്ച്‌കോക്കും പിറ്റേന്ന് രാവിലെ തിരൂരങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് രക്ഷപ്പെടാനൊരുങ്ങിയെങ്കിലും റയില്‍വേ തകര്‍ക്കപ്പെട്ടതിനാല്‍ തീവണ്ടിയില്‍ പോകാനാകാതെ റയില്‍പാളത്തിലൂടെ ഓടി. ജനക്കൂട്ടം പിറകെ കൂടി. ഫറോഖ് സ്‌റ്റേഷന്‍ വരെ രണ്ടുപേരെയും ഓടിച്ചു. അവിടെ നിന്ന് തീവണ്ടിയില്‍ ഇരുവരും കോഴിക്കോട്ടേക്ക് രക്ഷപ്പെടുകയാണ് ചെയ്തത്. പോലീസും പട്ടാളവും ഓടിമറഞ്ഞതോടെ തിരൂരങ്ങാടിയും പരിസരവും ഖിലാഫത്ത് ഭരണത്തിലായി. ആലി മുസ്‌ലിയാരുടെയും
കുഞ്ഞലവിയുടെയും ലവക്കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു ആ ഭരണം.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ലഖ്‌നോ റസിഡന്‍സിയും ദര്‍ഹിയിലെ ചെങ്കോട്ടയും താല്‍ക്കാലികമായി ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപ്പെട്ടതിനു ശേഷം സമാനമായ ഒരു ജനകീയ പോരാട്ടത്തില്‍ ഒരു പ്രദേശത്തിന്റെ അധികാരം ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു.
തിരൂരങ്ങാടിയിലെ ഖിലാഫത്ത് ഭരണത്തില്‍ ഹിന്ദുക്കള്‍ ഒരു വിധത്തിലും പ്രയാസമനുഭവിക്കരുതെന്ന് ആലി മുസ്‌ലിയാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാമൂഹ്യദ്രോഹികളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കാരപ്പാട്ട് പുഴിക്കല്‍, കുറ്റിപ്പുറം, പണിക്കര്‍ തുടങ്ങിയ നിരവധി ഹിന്ദു തറവാട്ടുകളില്‍ ഖിലാഫത്ത് വളണ്ടിയര്‍മാരെ അദ്ദേഹം കാവല്‍ നിര്‍ത്തി. ഖിലാഫത്ത് ഭരണത്തില്‍ ആലി മുസ്‌ലിയാരുടെ നേതൃത്വമുള്ളപ്പോള്‍ യാതൊരു അക്രമവും നടന്നില്ലെന്ന് കെ പി കേശവമേനോന്‍ കഴിഞ്ഞകാലത്തില്‍ പറയുന്നുണ്ട്. ഖിലാഫത്ത് വിരുദ്ധനായ തിരൂരങ്ങാടിയിലെ മൂസക്കുട്ടി അധികാരിയുടെ വീട് അക്രമിക്കാനൊരുങ്ങിയവരെപ്പോലും ആലി മുസ്‌ലിയാര്‍ തടഞ്ഞുവെന്ന് കെ മാധവന്‍ നായര്‍ മലബാര്‍ കലാപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരൂരങ്ങാടിയിലെ സബ്‌രജിസ്ട്രാറായിരുന്ന എ പി കരുണാകരമോനോന്റെ ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും ലഹളസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയത് ആലി മുസ്‌ലിയാരായിരുന്നുവെന്ന് കെ പി കേശവമേനോന്‍ ഓര്‍മിക്കുന്നു. ഭരണരീതിയില്‍ തിരൂരങ്ങാടിയിലെ ഖിലാഫത്ത് നിലനിന്നത് വെറും പത്ത് ദിവസമായിരുന്നു.
താല്‍ക്കാലികമായി പിന്തിരിഞ്ഞുവെങ്കിലും ബ്രിട്ടീഷുകാര്‍ കൂടുതല്‍ ശക്തരായി തിരിച്ചുവരുമെന്നതിനാല്‍ നിരുപാധികം പോലീസിന് കീഴടങ്ങി അറസ്റ്റുവരിക്കണമെന്ന് കെ പി കേശവമേനോന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ആലി മുസ്‌ലിയാരോട് അഭ്യര്‍ഥിച്ചു. ”വരുന്നിടത്തുവെച്ചുകാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ പി കേശവമേനോനെയും സഹപ്രവര്‍ത്തകരെയും ഏറെ ഇഷ്ടപ്പെട്ട ആലി മുസ്‌ലിയാര്‍ അവരുടെ നിര്‍ദേശം സ്‌നേഹപൂര്‍വം തള്ളി. എന്നാല്‍ ഇതേ നിര്‍ദേശം മുന്നോട്ടുവെച്ച ബ്രിട്ടീഷുകാരുടെ പാദസേവകന്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയുടെ മുഖത്തുനോക്കി ആലി മുസ്‌ലിയാര്‍ ഗര്‍ജിച്ചത് ഇങ്ങനെയായിരുന്നു: ”യഥാര്‍ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കേണ്ടിവന്നാലും ഭയക്കില്ല. വിദേശികളായ കാഫിറുകളുടെ ചെരുപ്പുനക്കുന്ന ചേക്കുട്ടിയെപ്പോലുള്ളവര്‍ക്ക് പേടിയുണ്ടാകും. നിന്നെപ്പോലുള്ളവരാണ് മാപ്പിള സമുദായത്തിന്റെ ദുരന്തം” (മലബാര്‍ സമരം, എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും 75)
1921 ആഗസ്ത് 30ന് ഉന്നത പോലീസ് സൈന്യം തിരൂരങ്ങാടിയിലെത്തി. പ്രദേശം തിരിച്ചുപിടിക്കാനുള്ള വരവായിരുന്നു അത്. പരിസരദേശങ്ങളില്‍ നിന്നുള്ള എല്ലാ വഴികളിലും തലേ ദിവസം രാത്രി പട്ടാളക്കാരെ കാവല്‍നിര്‍ത്തിയ ശേഷം പിറ്റേന്ന് ആലി മുസ്‌ലിയാരെ പിടികൂടുന്നതിനായി പള്ളി വളഞ്ഞു. പള്ളിയില്‍ മുസ്‌ലിയാരടക്കം നൂറോളം പേരുണ്ടായിരുന്നു. ആഗസ്ത് 31ന് രാവിലെ പട്ടാളം പള്ളിക്കുള്ളിലേക്ക് തുരുതുരാ വെടിയുതിര്‍ത്തു. പള്ളിയിലുള്ളവരും അടങ്ങിനിന്നില്ല. തിരിച്ചുവെടിവെച്ചു. ദീര്‍ഘനേരം വെടിവെപ്പ് തുടര്‍ന്നു. സംഭരിച്ചുവെച്ച വെടിമരുന്ന് തീര്‍ന്നതോടെ പള്ളിയില്‍ നിന്ന് ചിലര്‍ പുറത്തുകടന്നു. കുഞ്ഞലവിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ പട്ടാളത്തെ അക്രമിച്ചു. നിരവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
വെടിക്കോപ്പുകള്‍ തീര്‍ന്നതോടെ ആലി മുസ്‌ലിയാരും സംഘവും പട്ടാളത്തിന് കീഴടങ്ങി. അവരെ പിറ്റേ ദിവസം തിരൂരിലേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. രാജാവിനെതിരെ യുദ്ധംചെയ്തുവെന്ന കുറ്റം ചുമത്തി ആലി മുസ്‌ലിയാര്‍ക്കും അനുയായികള്‍ക്കും വധശിക്ഷ വിധിച്ചു. 1922 ഫെബ്രുവരി 17ന് ആലി മുസ്‌ലിയാരെ തൂക്കിക്കൊന്നുവെന്നും അതേദിവസം രാവിലെ അദ്ദേഹത്തിന് സ്വാഭാവിക മരണം സംഭവിച്ചുവെന്നും പറയപ്പെടുന്നുണ്ട്. കോയമ്പത്തൂര്‍ ശുക്‌റാന്‍ പേട്ടയിലാണ് ആലി മുസ്‌ലിയാരെ ഖബറടക്കിയത്.
”ഞാന്‍ അക്രമമായി യാതൊന്നും ചെയ്തിട്ടില്ല. എന്റെ കയ്യില്‍ കുത്തിപ്പിടിക്കുന്ന വടിയല്ലാതെ യാതൊരായുധവുമില്ല. പാതിരാക്കു ശേഷം പട്ടാളക്കാര്‍ വീടുകളില്‍ കയറി ബഹളമുണ്ടാക്കുന്നു. ഞങ്ങളുടെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നു. സമാധാനപരമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പട്ടാളം ഞങ്ങളുടെ നേരെ വെടിവെക്കുന്നു. ഇത് നീതിയാണോ? ഇങ്ങനെയുള്ള അനീതിക്ക് വഴങ്ങാന്‍ പാടുണ്ടോ?” ഇതായിരുന്നു ആലി മുസ്‌ലിയാരുടെ നിലപാട്.
പാണ്ഡിത്യത്തിന്റെ മഹാഗോപുരമായി, സമുദായത്തിന്റെ അതിജീവനപ്പോരാട്ടത്തിന് കര്‍മകുശലനായ നായകനായിത്തീര്‍ന്ന ഉന്നതജീവിതമാണ് ആലി മുസ്‌ലിയാരുടേത്. ‘കുത്തിപ്പിടിക്കുന്ന വടി’കൊണ്ട് ഒരു കാലഘട്ടത്തിന്റെയും ഒരു സമൂഹത്തിന്റെയും ദിശ നിര്‍ണയിക്കാന്‍ സാധിച്ച വിപ്ലവ സൂര്യനാണ് ആലി മുസ്‌ലിയാര്‍.

 പി.എം.എ ഗഫൂർ

 September 8, 2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal