മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ജീവിതം ഒരാഹ്വാനം

ബ്രിട്ടീഷ്‌ കുതന്ത്രങ്ങള്‍ക്കെതിരെ

വെള്ളക്കാര്‍ക്കും ജന്മികള്‍ക്കുമെതിരെ സായുധപോരാട്ടങ്ങള്‍ നടത്തിയ ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളിലെ മുസ്‌ലിംകളെ വേരോടെ നാടുകടത്താന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന കുതന്ത്രമായിരുന്നു ആന്തമാന്‍ സ്‌കീം. ആയിരത്തിലേറെ നാഴികകള്‍ക്കപ്പുറം ബംഗാള്‍ ഉള്‍ക്കടലിലുള്ള ആന്തമാന്‍ ദ്വീപുകളില്‍ കുടിയേറിയാല്‍ ലഭ്യമാകുന്ന സൗഭാഗ്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാട്ടുപ്രമാണിമാരും മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ ദുഷ്‌പ്രചാരണം നടത്തി. ഇതു തിരിച്ചറിയാന്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്‌ അധിക നേരം വേണ്ടിവന്നില്ല. ആന്തമാന്‍ കെണിയില്‍ നിന്ന്‌ മുസ്‌ലിംകളെ രക്ഷിക്കാന്‍ ആ പടനായകന്‍ രംഗത്തിറങ്ങി. സാഹിബിന്റെയും സംഘത്തിന്റെയും ശക്തമായ പ്രതിപ്രവര്‍ത്തനങ്ങള്‍ കാരണം ബ്രിട്ടീഷ്‌ കുതന്ത്രം വേണ്ടത്ര വിജയിച്ചില്ല.

മുസ്‌ലിംകള്‍ ജന്മനാ കുറ്റക്കാരാണെന്ന്‌ സ്ഥാപിക്കുന്ന 1859ലെ മാപ്പിള ഔട്ടറേജസ്‌ ആക്‌ട്‌ എന്ന ഭീകരനിയമം കടുത്ത ഭവിഷ്യത്തുകളാണ്‌ വരുത്തിവെച്ചത്‌. പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നതിനനുസരിച്ച്‌ ഏത്‌ മാപ്പിളയ്‌ക്കും നാടുകടത്തല്‍ വരെയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. `കുറ്റവാളി സമൂഹം’ എന്ന വിധമുള്ള മാനസിക വ്യാധി പടര്‍ത്തുക കൂടി ഇതിന്റെ ലക്ഷ്യമായിരുന്നു. ഈ കരിനിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ നയിച്ചത്‌. 1937ല്‍ മാപ്പിള നാട്ടില്‍ നിന്ന്‌ എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട സാഹിബ്‌ മദിരാശി നിയമസഭയിലെത്തിയ ഉടനെ ചെയ്‌തത്‌ മാപ്പിള ഔട്ട്‌റേജസ്‌ ആക്‌ട്‌ റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിക്കലായിരുന്നു. രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സാഹിബിനെ പിന്തുണച്ചു; ആ കരിനിയമത്തിന്‌ അന്ത്യമായി.

1930ല്‍ ശക്തിപ്പെട്ട നിയമലംഘന പ്രസ്ഥാനത്തിലും ആ വിപ്ലവകാരിയുടെ പങ്ക്‌ ശക്തമായി. മെയ്‌ 12ന്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സാഹിബിന്റെ നേതൃത്വത്തില്‍ നിയമലംഘനം നടന്നു. പോലീസ്‌ അദ്ദേഹത്തെയും അനുയായികളെയും അതിക്രൂരമായി മര്‍ദിച്ചു. ആറു മാസത്തെ കഠിന തടവും വിധിച്ചു. ഉപ്പ്‌ സത്യാഗ്രഹത്തെക്കുറിച്ച്‌ ജയിലില്‍ നിന്ന്‌ സാഹിബ്‌ എഴുതി അയച്ച അല്‍അമീന്റെ മുഖപ്രസംഗം ആ സമരനായകന്റെ സര്‍വവീര്യവും തിളയ്‌ക്കുന്നതാണ്‌: “സ്വരാജ്യസ്‌നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കില്‍, സ്വാതന്ത്ര്യ സന്ദേശത്തെ പ്രകീര്‍ത്തനം ചെയ്യുന്ന ഒരു മതമാണ്‌ ഇസ്‌ലാം എങ്കില്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനും വേണ്ടി സര്‍വസ്വവും ബലികഴിച്ചുകൊണ്ട്‌ ദൈവിക മാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യേണ്ടത്‌ യഥാര്‍ഥ മുസ്‌ലിമിന്റെ കടമയാണ്‌. ധീരനായ ഖാലിദും പ്രതാപശാലിയായ ഉമറും ഈ സ്വാതന്ത്ര്യസമരത്തില്‍ നമുക്ക്‌ മാര്‍ഗദര്‍ശികളാണ്‌. ഇന്ത്യക്കും ഇസ്‌ലാമിനും വേണ്ടി ജീവത്യാഗം ചെയ്യാന്‍ കരുത്തുള്ള മുസ്‌ലിം യോദ്ധാക്കളുടെ സംഖ്യ വര്‍ധിച്ചുവരുന്നത്‌ ഈ സഹനസമരത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്‌.”

1931 മെയ്‌ 7ന്‌ വടകരയില്‍ നടന്ന സംസ്ഥാന കോണ്‍ഗ്രസ്‌ സമ്മേളനം സാഹിബിന്റെയും ഇ മൊയ്‌തു മൗലവിയുടെയും സമരമാര്‍ഗത്തെ പ്രശംസിച്ച്‌ പ്രമേയമിറക്കി. 1921ലെ മലബാര്‍ സമരം കാരണം നാടുകടത്തപ്പെട്ടവരെയും ജയിലിലടയ്‌ക്കപ്പെട്ടവരെയും മോചിപ്പിക്കാനുള്ള പിന്തുണ തേടി സാഹിബ്‌ ബോംബെയിലേക്ക്‌ വണ്ടികയറി. മഹാത്മാഗാന്ധിയുമായി ദീര്‍ഘനേരം സംസാരിച്ചു. സമരപാതയിലടിയുറച്ച മലബാര്‍ മുസ്‌ലിംകളുടെ ചിത്രം ഗാന്ധിജിക്കു ബോധ്യപ്പെട്ടതിനാല്‍ പോരാളികളുടെ മോചനത്തിന്‌ അദ്ദേഹം സര്‍വപിന്തുണയും വാഗ്‌ദാനം ചെയ്‌തു. മാത്രമല്ല, അന്തമാനിലടക്കമുള്ള തടവറകളില്‍ കഴിയുന്ന മാപ്പിളമാര്‍ക്ക്‌ ഐക്യദാര്‍ഢ്യമായി 1931 സപ്‌തംബര്‍ 19 `മാപ്പിളദിന’മായി ആചരിക്കണമെന്ന സാഹിബിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടു. ആ ദിവസം മലബാറിലെങ്ങും പ്രകടനങ്ങളും പ്രതിഷേധങ്ങളും അലയൊലികൊണ്ടു.

അതേവര്‍ഷം കോഴിക്കോട്‌ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക്‌ സാഹിബ്‌ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പില്‍ ചാലപ്പുറം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായെങ്കിലും പരമ്പരാഗത മുസ്‌ലിംകളും കോണ്‍ഗ്രസിനുള്ളിലെ ഒരു ചേരിയും അദ്ദേഹത്തെ തോല്‍പിച്ചു. പാര്‍ട്ടിക്ക്‌ ഏറെ സ്വാധീനമുള്ള പ്രദേശമായതിനാല്‍ സാഹിബിന്റെ വിജയം ഉറപ്പാക്കാനായിരുന്നു അവിടെ മത്സരത്തിനിറക്കിയത്‌. പക്ഷേ, നേര്‍ച്ചകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള അല്‍അമീന്റെയും സാഹിബിന്റെയും പ്രവര്‍ത്തനങ്ങള്‍ കാരണം പരമ്പരാഗത മുസ്‌ലിംകള്‍ക്കിടയില്‍ അതിനകം തന്നെ അദ്ദേഹത്തിന്‌ ധാരാളം ശത്രുക്കളുണ്ടായിരുന്നു.

അബ്‌ദുര്‍റഹ്‌മാന്‍ കാഫിറാണെന്ന്‌ യാഥാസ്ഥിതിക മുസ്‌ലിം നേതൃത്വം ഫത്‌വാ ഇറക്കുകയും ചെയ്‌തു. പാങ്ങില്‍ അഹ്‌മദ്‌കുട്ടി മുസ്‌ലിയാര്‍ കാഫിര്‍ ഫത്‌വായുമായി ഊരുചുറ്റി. ഇസ്‌ലാമില്‍ കടന്നുകൂടിയ പൗരോഹിത്യത്തിനെതിരെ അതിശക്തമായ നിലപാടുകളായിരുന്നു സാഹിബിന്റേത്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും മുഖം നോക്കാതെ തര്‍ക്കിക്കാനുമുള്ള ധീരത, അദ്ദേഹത്തിന്‌ കോട്ടങ്ങളുണ്ടാക്കിയെങ്കിലും പതറാത്ത ആത്മവീര്യമായിരുന്നു ആ നെഞ്ചുനിറയെ. “ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ തോറ്റു. അടുത്തതില്‍ നോക്കാം” എന്ന്‌ മാത്രം എന്‍ പി അബുസാഹിബിനോട്‌ പറഞ്ഞ്‌ അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്കു മുന്നേറി.

വോട്ടിനും അധികാരത്തിനും വേണ്ടി അസത്യത്തിനു മുന്നില്‍ മൗനിയാകുന്ന നിലപാട്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്‌ പരിചയമില്ലായിരുന്നു. ഭൂരിപക്ഷ മുസ്‌ലിംകള്‍ക്കിടയിലെ ബഹുദൈവത്വപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുറന്നെതിര്‍ത്തു കൊണ്ട്‌ അക്കാലത്തൊരാള്‍ക്ക്‌ രാഷ്‌ട്രീയാധികാരങ്ങളിലേക്ക്‌ കയറിപ്പറ്റാന്‍ എളുപ്പമായിരുന്നില്ല. പക്ഷേ, സാഹിബ്‌ എല്ലായിടത്തുമെത്തി. 1932ല്‍ തിരൂര്‍ ഫര്‍ക്കയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച്‌ ഡിസ്‌ട്രിക്‌ട്‌ ബോര്‍ഡിലെത്തി. മുഖം നോക്കാതെ ആദര്‍ശം തുറന്നുപറഞ്ഞ സാഹിബ്‌, അവകാശങ്ങളും ആനുകൂല്യങ്ങളും ജനങ്ങള്‍ക്കെത്തിക്കുന്നതിലും മുഖം നോക്കിയിരുന്നില്ല. ബ്രിട്ടീഷ്‌ അധികാരികളെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കളായിക്കണ്ട്‌, സമരമാര്‍ഗത്തെ ജ്വലിപ്പിക്കാന്‍ മുന്നില്‍ നിന്ന മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ പുത്രന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങളെയും കുടുംബത്തെയും നാടുകടത്തിയ ബ്രിട്ടീഷ്‌ കുതന്ത്രത്തെ മരണം വരെ സാഹിബ്‌ എതിര്‍ത്തു. മമ്പുറം തങ്ങള്‍ കുടുംബത്തെ തിരിച്ചുകൊണ്ടു വരാന്‍ ജീവിതാന്ത്യം വരെ ആ ധീരയോദ്ധാവ്‌ പോരാടി. 1933ല്‍ തുടങ്ങിയ പ്രക്ഷോഭം 1945 വരെ നീണ്ടു. നിയമസഭയിലും പോരാടി. അവിചാരിതമായി കടന്നുവന്ന മരണം ആ പോരാളിയുടെ പല പരിശ്രമങ്ങളെയും പാതിവഴിയിലാക്കി. മമ്പുറം തങ്ങള്‍ പ്രശ്‌നവും അതില്‍പ്പെടും. (മമ്പുറം തങ്ങള്‍ എന്ന അധ്യായത്തില്‍ ഇത്‌ വിശദമായി എഴുതിയിട്ടുണ്ട്‌). നിരവധി ക്രൂരകൃത്യങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ച ഹിച്ച്‌ കോക്കിന്‌ സ്‌മാരകം പണിതതിനെ സാഹിബ്‌ ശക്തമായെതിര്‍ത്തു. സാഹിബിന്റെ വിയോഗത്തിനു ശേഷമാണെങ്കിലും അത്‌ വിജയത്തിലെത്തി.

അല്‍ അമീന്‍

സ്വാതന്ത്ര്യസമരാവേശവും നവോത്ഥാന സന്ദേശവും ജനങ്ങളിലെത്തിക്കാനുള്ള എളുപ്പവഴിയായിരുന്നു അല്‍അമീന്‍ പത്രത്തിലൂടെ സാഹിബ്‌ അന്വേഷിച്ചത്‌. മുസ്‌ലിം പരിഷ്‌കരണ സംരംഭങ്ങളില്‍ അല്‍അമീന്‍ സജീവ പങ്കു നിര്‍വഹിച്ചു. കെ എം മൗലവിയുടെ ഒരു കോളം അല്‍അമീനിലുണ്ടായിരുന്നു. അതിലൂടെ പ്രധാനമായും ലക്ഷ്യം വെച്ചത്‌, നവോത്ഥാനാശയങ്ങള്‍ പ്രചരിപ്പിക്കലായിരുന്നുവെന്ന്‌ വ്യക്തം. അതേസമയം `മുസ്‌ലിം ബേങ്ക്‌’ വിഷയത്തില്‍ കെ എം മൗലവിയുടെ നിലപാടുകളോട്‌ വിയോജിക്കാനും സാഹിബ്‌ മടിച്ചില്ല. വടക്കെ മലബാറിലെ മുസ്‌ലിം തറവാടുകളില്‍ മരുമക്കത്തായം നിലവിലുണ്ടായിരുന്നു. അതിനെതിരെ മുസ്‌ലിം മജ്‌ലിസിലൂടെയും അല്‍ അമീനിലൂടെയും സാഹിബ്‌ ആശയസമരം ശക്തമാക്കി. കോഴിക്കോട്‌ നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ `പഞ്ചായത്ത്‌ മാടം’ എന്ന പതിവുണ്ടായിരുന്നു. പണം വെച്ചുള്ള ശീട്ടുകളിയടക്കമുള്ള ദൂഷ്യങ്ങള്‍ പെരുപ്പിക്കുന്ന ആ കേന്ദ്രങ്ങള്‍ക്കെതിരെ അല്‍അമീന്‍ സമരം ശക്തമാക്കി. ക്രമേണ ആ പതിവ്‌ അപ്രത്യക്ഷമായി. അത്തരം പ്രദേശങ്ങളില്‍ `അല്‍അമീന്‍ യുവജനസംഘടന’കള്‍ പിറവിയെടുക്കുകയും ചെയ്‌തു! കാതുകുത്ത്‌ കല്യാണം, കൊടികുത്ത്‌ നേര്‍ച്ച, സ്‌ത്രീധനം, ആര്‍ഭാട കല്യാണം എന്നിവക്കെതിരെ യുവാക്കളെ സംഘടിപ്പിക്കാനായിരുന്നു അത്തരം സമിതികള്‍.

അല്‍അമീന്‍ പ്രസ്സിലൂടെ നവോത്ഥാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. ജമാലുദ്ദീന്‍ അഫ്‌ഗാനിയും രണ്ടു ശിഷ്യന്മാരും, വിപ്ലവമാലിക, വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

സ്വാതന്ത്ര്യ സമരം ജ്വലിപ്പിക്കാനുള്ള അല്‍അമീന്റെ പരിശ്രമങ്ങള്‍ അധികാരികളെ ചൊടിപ്പിച്ചു. പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച്‌ 144 പാസാക്കിയപ്പോള്‍ `പന്തീരി പന്ത്രണ്ട്‌’ എന്ന ശീര്‍ഷകത്തില്‍ അല്‍അമീനില്‍ വന്ന മുഖപ്രസംഗം സമരമാര്‍ഗത്തിലെ പോരാളികളെ ആവേശഭരിതരാക്കി.

അല്‍അമീന്‌ പരസ്യങ്ങള്‍ നല്‍കരുതെന്ന്‌ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‌കി. അതോടെ സാമ്പത്തിക നില ഏറെ ദയനീയമായി. 1939 സപ്‌തംബര്‍ 29ന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അല്‍അമീന്‍ നിരോധിച്ച്‌ പ്രസ്സ്‌ പിടിച്ചടക്കി. സര്‍ക്കാറിനൊപ്പം, അല്‍അമീന്‍ വിരോധികളായ യാഥാസ്ഥിതിക മുസ്‌ലിംകളും കൂട്ടുചേര്‍ന്നു. മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട വലതുപക്ഷ കോണ്‍ഗ്രസ്‌ നേതാക്കളുടെ പിന്തുണയും അവര്‍ക്ക്‌ ലഭിച്ചു. പത്രത്തിനു വേണ്ടി പണം കടംവാങ്ങിയതിന്റെ പേരില്‍ സാഹിബിനെ സിവില്‍ ജയിലിലടയ്‌ക്കാന്‍ അവരെല്ലാം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇ എം എസ്‌ എഴുതുന്നു: “1921ലെ മാപ്പിള ലഹളയെത്തുടര്‍ന്ന്‌ ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളില്‍ മുസ്‌ലിംകള്‍ അടിച്ചമര്‍ത്തപ്പെട്ട നിലയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവരില്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യസമരത്തിന്റെ ആവേശവും പകര്‍ന്നുകൊടുക്കാന്‍ അല്‍അമീന്‍ പത്രവും അതിനു ചുറ്റും രൂപംകൊണ്ട ദേശീയ മുസ്‌ലിംകളും അവരുടെ കഴിവു മുഴുവന്‍ ഉപയോഗിച്ചു. ഇതിലവര്‍ക്ക്‌ വ്യക്തിപരമായി നേതൃത്വം നല്‌കിയത്‌ അബ്‌ദുര്‍റഹ്‌മാനാണ്‌. 1930ല്‍ ഉപ്പുസത്യാഗ്രഹം നടക്കുമ്പോള്‍ ഞാനൊരു വിദ്യാര്‍ഥിയായിരുന്നു. അന്ന്‌ മാതൃഭൂമിയെ പോലെ അല്‍അമീനും കൃത്യമായി വായിച്ചിരുന്നു. എന്നെപ്പോലുള്ള യുവ ദേശീയവാദികളില്‍ മാതൃഭൂമിയെക്കാള്‍ ഒട്ടും കുറയാത്ത സ്വാധീനം അല്‍അമീന്‍ ചെലുത്തിയിരുന്നു.” (തിരിഞ്ഞുനോക്കുമ്പോള്‍ -1977 ഒക്‌ടോബര്‍ 23)

“ലോക വിജ്ഞാനശാഖയില്‍ പൂത്തുവിരിയുന്ന പുതിയ നല്ല കാര്യങ്ങളെല്ലാം മുസ്‌ലിം ജനസാമാന്യത്തിനു പരിചയപ്പെടുത്തുന്നതില്‍ അല്‍അമീന്‍ വഹിച്ച പങ്ക്‌ വലുതാണ്‌. സമുദായത്തിലെ ഉല്‌പതിഷ്‌ണുക്കളായ മതപണ്ഡിതന്മാര്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അല്‍അമീന്‍ വലിയ തോതില്‍ പ്രചോദനം നല്‌കിയിരുന്നു. മലയാള ഭാഷയിലേക്ക്‌ ഇംഗ്ലീഷ്‌ പദങ്ങളുടെ പരിഭാഷാ സമ്പത്ത്‌ വളര്‍ത്തിക്കൊണ്ടു വന്നതിലും അല്‍അമീന്‌ വലിയ പങ്കുണ്ട്‌. പുത്തന്‍ ശൈലികളും പ്രയോഗങ്ങളും ഭാഷാ സാഹിത്യത്തിലേക്ക്‌ സംഭാവന ചെയ്‌ത അല്‍അമീന്റെ പിന്നില്‍ ഒരു സാംസ്‌കാരിക മേഖല തന്നെ ഉയര്‍ന്നുവന്നിരുന്നു. അല്‍അമീനിലൂടെ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ എന്ന ധീരോദാത്തനായ രാഷ്‌ട്രീയ നേതാവിനെയും അതിന്നതീതമായി സ്‌നേഹവായ്‌പോടെ പുഞ്ചിരിച്ചുനില്‌ക്കുന്ന മനുഷ്യസ്‌നേഹിയായ സാംസ്‌കാരിക പ്രവര്‍ത്തകനെയും നമുക്ക്‌ കാണാനാവും. വോള്‍ട്ടയറിനെപ്പോലെ ധീരനും ബര്‍ക്കിനെപ്പോലെ സാംസ്‌കാരിക പ്രതാപവാനുമായ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ നടന്നുപോയ കാലൊച്ചകള്‍ എന്നും തലമുറകള്‍ക്ക്‌ ആവേശം നല്‌കും.” (പി എ സൈതുമുഹമ്മദ്‌, കേരള മുസ്‌ലിം ഡയറക്‌ടറി)

അല്‍അമീന്‌ കുറഞ്ഞകാലത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു ജൂബിലി ആഘോഷിക്കാനുള്ള സന്ദര്‍ഭം പോലുമില്ലാതെ അല്‍അമീന്‍ മുടങ്ങിപ്പോയി. പക്ഷേ, ഉള്ള കാലം മുഴുവന്‍ അല്‍അമീന്റെ ഓരോ താളും തേജസ്സാര്‍ന്നതായിരുന്നു. ധീരതയും ത്യാഗവും മുറ്റിനിന്ന അക്ഷരങ്ങള്‍ കോര്‍ത്തുകെട്ടിയ അല്‍അമീന്‍ കുറഞ്ഞകാലം കൊണ്ട്‌ കൂടുതല്‍ കാലത്തേക്ക്‌ ആവേശം ചൊരിഞ്ഞ്‌ കടന്നുപോയി; സാഹിബിനെപ്പോലെ!

നാല്‌പതാം വയസ്സില്‍ 1938ല്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ കെ പി സി സിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 39ലും 40ലും വിജയം ആവര്‍ത്തിച്ചു. കെട്ടുറപ്പുള്ള സംഘടനാ പ്രഭാവത്തിലേക്ക്‌ കോണ്‍ഗ്രസിനെ നയിക്കാന്‍ സാഹിബിന്റെ നേതൃഗുണത്തിന്‌ സാധിച്ചു. ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ ഒരു തവണ സാഹിബിന്റെ കീഴില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. `നിര്‍ഭയനായ വിശ്വാസി’ എന്ന്‌ പില്‌ക്കാലത്ത്‌ സാഹിബിനെ ഇ എം എസ്‌ അനുസ്‌മരിക്കുന്നുണ്ട്‌. നേതാജി സുഭാഷ്‌ ചന്ദ്രബോസുമായി അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്‌ ഈടുറ്റ സൗഹൃദമുണ്ടായിരുന്നു. ബോസിന്റെ നേതൃത്വത്തില്‍ ഫോര്‍വേഡ്‌ ബ്ലോക്ക്‌ രൂപീകരിക്കുമ്പോള്‍ സാഹിബുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായി.

1940 ജൂലൈ 3 മുതല്‍ അറുപത്തിരണ്ടു മാസം സാഹിബ്‌ ജയിലിലായിരുന്നു. കഠിന മര്‍ദനങ്ങള്‍ക്ക്‌ വിധേയമായ കാലമായിരുന്നു അത്‌. ജയില്‍ മോചിതനായ സാഹിബിന്‌ അധികകാലം ജീവിക്കാനുമായില്ല. എഴുപത്തെട്ടാം ദിവസം ആ ജീവിതം പൊലിഞ്ഞു. പക്ഷേ, ആ എഴുപത്തെട്ട്‌ ദിവസങ്ങള്‍ കൊണ്ട്‌ അദ്ദേഹം ചെയ്‌തുകൂട്ടിയ പ്രവര്‍ത്തനങ്ങള്‍ വിസ്‌മയാവഹമാണ്‌. ഇന്ത്യയാകെ പര്യടനം നടത്തി, മൂന്നൂറിലധികം പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. ജിന്നയുടെ ദ്വിരാഷ്‌ട്ര വാദത്തിന്റെ കെടുതികള്‍ ബോധ്യപ്പെടുത്താനായിരുന്നു അക്കാലത്ത്‌ പ്രധാനമായും അദ്ദേഹം ശ്രമിച്ചത്‌. അതുകൊണ്ടു തന്നെ ശത്രുക്കളും പെരുകി. വധഭീഷണി വരെ മുഴങ്ങി. അദ്ദേഹം പ്രതികരിച്ചതിങ്ങനെ: “അബ്‌ദുര്‍റഹ്‌മാന്റെ തലയെടുക്കുമെന്ന്‌ ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. അവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാനാവില്ല. അല്ലാഹു അനുവദിച്ചാല്‍ മാത്രമേ അതിനു കഴിയൂ. സര്‍വശക്തനായ അല്ലാഹു മുഹമ്മദ്‌ അബ്‌ദുര്‍ഹ്‌മാന്റെ തലയെടുക്കണമെന്ന്‌ തീരുമാനിച്ചാല്‍ എനിക്കോ ഇവിടെയുള്ള ആര്‍ക്കെങ്കിലുമോ അതിനെ തടുക്കാനാവില്ല.”

1945 നവംബര്‍ 23. സാഹിബിന്‌ മുക്കത്തിനടുത്ത കൊടിയത്തൂരില്‍ പ്രഭാഷണം. തിങ്ങിനില്‌ക്കുന്ന സദസ്സിനോട്‌ ആ വീരപുത്രന്‍ പറഞ്ഞു: “ഞാന്‍ പറയുന്നത്‌ നിങ്ങള്‍ അനുസരിക്കണമെന്ന്‌ ഞാന്‍ പറയുന്നില്ല. ദൈവവചനമായ ഖുര്‍ആനും നബിവചനങ്ങളും മാത്രം നോക്കി നടക്കുക. അയല്‍വാസികളായ ഹിന്ദുക്കളോട്‌ ഒരിക്കലും നിങ്ങള്‍ ശത്രുതയില്‍ വര്‍ത്തിക്കരുത്‌. അത്‌ നമുക്ക്‌ ദോഷമേ വരുത്തൂ.”

പ്രസംഗശേഷം സുഹൃത്തും അനുയായിയുമായ കുട്ടിഹസന്‍ അധികാരിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ച്‌, കാറിനടുത്തേക്ക്‌ നടന്നുവരുമ്പോള്‍ കേരള മണ്ണിലെ ആ വീരേതിഹാസം മരണത്തിലേക്ക്‌ വീണു. ചെയ്‌തുതീര്‍ക്കാന്‍ എണ്ണമറ്റ പോരാട്ടങ്ങള്‍ ബാക്കിയാക്കി സാഹിബ്‌ വിടവാങ്ങി.

കൊടുങ്ങല്ലൂരിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ മരണപ്പെടുമ്പോള്‍ വാച്ചും കണ്ണടയും പേനയും കുറച്ചു വസ്‌ത്രങ്ങളും മൂന്നു തുകല്‍പെട്ടികളുമാണ്‌ ബാക്കിവെച്ചത്‌. സമ്പത്തു മുഴുവന്‍ തന്റെ ഉന്നതമായ ലക്ഷ്യസാഫല്യത്തിനായി വിറ്റൊഴിച്ചു. ഇരുപത്തഞ്ചു വര്‍ഷത്തെ പൊതു ജീവിതത്തില്‍ എട്ടുവര്‍ഷം തടവറയില്‍ കഴിഞ്ഞു.

ബീപാത്തുവായിരുന്നു സാഹിബിന്റെ ജീവിതസഖി. കുറഞ്ഞ കാലം നീണ്ട ആ ദാമ്പത്യത്തിനിടയില്‍ ഗര്‍ഭിണിയായിരിക്കെ ബീപാത്തു വസൂരി പിടിപെട്ട്‌ മരണപ്പെട്ടു. “അവളെ സ്വര്‍ഗത്തില്‍ വെച്ച്‌ കണ്ടുമുട്ടാം” എന്ന്‌ സുഹൃത്തുക്കളോട്‌ പറഞ്ഞ്‌, രണ്ടാം വിവാഹത്തില്‍ നിന്ന്‌ സാഹിബ്‌ ഒഴിഞ്ഞുമാറി. അബ്‌ദുല്ല എന്നൊരു കുട്ടിയെ സാഹിബ്‌ മകനെപ്പോലെ പോറ്റി വളര്‍ത്തി. ആ കുട്ടിയാണ്‌ പിന്നീട്‌ കെ എ കൊടുങ്ങല്ലൂര്‍ എന്ന പ്രസിദ്ധ എഴുത്തുകാരനായത്‌.

ദൃഢനിശ്ചിതമായ മതവിശ്വാസമായിരുന്നു സാഹിബിന്റേത്‌. ആരാധനാ കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലായിരുന്നു. സുന്നത്തു നോമ്പുകളും രാത്രി നമസ്‌കാരവും പതിവാക്കി. ലഘുഭക്ഷണം കൊണ്ട്‌ തൃപ്‌തിപ്പെട്ടു. 1932ല്‍ ഹജ്ജിനു പുറപ്പെട്ടു. ഈ വിവരമറിയിച്ച്‌ സുഊദി ധനകാര്യമന്ത്രിക്ക്‌ ഇ മൊയ്‌തുമൗലവി കത്തയച്ചു. കത്ത്‌ ഫലം കണ്ടു. രാജകീയ സ്വീകരണമായിരുന്നു സാഹിബിന്‌ ഏര്‍പ്പെടുത്തിയത്‌. കാറും താമസവും സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പാടാക്കി. സുല്‍ത്താന്‍ ഇബ്‌നുസുഊദ്‌ എന്നൊരു ഗ്രന്ഥം ജയിലില്‍ വെച്ച്‌ സാഹിബ്‌ പിന്നീട്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു.

ബഹുമുഖമായ വഴികളിലൂടെ ധീരസാഹസത്തോടെ നടന്നുപോയ മഹാവ്യക്തിത്വമായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍. കൃത്യതയും വേഗതയുമായിരുന്നു സാഹിബിന്റെ പ്രത്യേകത. ഭക്തിയും വിശ്വാസവുമായിരുന്നു സാഹിബിന്റെ ആയുധം. ബുദ്ധിയും ആത്മാര്‍ഥതയുമായിരുന്നു സാഹിബിന്റെ സൂത്രവാക്യം. എട്ട്‌ ചരിത്രകൃതികള്‍ക്കും ഒട്ടേറെ കാവ്യരചനകള്‍ക്കും അവസാനമൊരു ചലച്ചിത്രത്തിനും വിഷയമാകാന്‍ മാത്രം വിപുലമായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍.

കന്നിവെള്ളക്കാറുപോലെ,

കേരളത്തില്‍ നീളെ

കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര

ഞങ്ങളോര്‍പ്പൂ കാലേ

മുറ്റമഴീക്കോട്ടുനിന്നും

മുക്കമെത്തുവോളം

മുദ്ധമാം നിന്‍ ജൈത്രയാത്ര

ഞങ്ങളോര്‍ക്കും കാലേ

-ഇടശ്ശേരി

Prabodhanam
പി എം എ ഗഫൂര്‍
August 5, 2011.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal