മറവിയിലൊളിപ്പിക്കപ്പെട്ട ഉണ്ണിമൂസാ മൂപ്പന്‍

നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വളരെ ശ്രദ്ധാപൂര്‍വം നടന്ന ചില മറവികളുണ്ട്. ഓര്‍മിക്കപ്പെടരുതെന്ന് വശിപിടിച്ച ചില പേരുകളുമുണ്ട്. ‘എഴുതപ്പെടാതെ പോയതെന്തോ അത് മാത്രമാണ് ചരിത്രം’ എന്ന പഴമൊഴിയില്‍ സത്യമുണ്ടെന്ന് നമ്മുടെ ചരിത്ര വായന നന്നായി പഠിപ്പിക്കുന്നുണ്ട്. അങ്ങനെ എഴുതപ്പെടാതെയും ഓര്‍മിക്കപ്പെടാതെയും പോയ ധീരനാമങ്ങളിലൊന്നാണ് ഉണ്ണിമൂസാ മൂപ്പന്‍. തമസ്‌കരണത്തിന്റെ കറുത്ത ചരിത്രത്തില്‍ മങ്ങിപ്പോയ മഹാനായ ദേശാഭിമാനിയായിരുന്നു ഈ മാപ്പിളധീരന്‍. ഇരുന്നൂറ്റിപ്പതിനൊന്ന് കൊല്ലങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് തോക്കിനു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് ജീവനസ്തമിച്ച പോരാളി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാറില്‍ പടപൊരുതിയ ആദ്യത്തെ സേനാനിയായിരുന്നു ഉണ്ണിമൂസാ മൂപ്പന്‍. അചഞ്ചലമായ ധീരതയും അനിതരമായ ആജ്ഞാശക്തിയും കൈമുതലായ പോരാളിയായിരുന്നു മൂപ്പന്‍. സവര്‍ണ ജന്മികളോടും അവരെ താങ്ങിനിര്‍ത്തിയ ബ്രിട്ടീഷ് അധികാരികളോടും പടപൊരുതി ധീരമരണത്തിന് നെഞ്ചുവിരിച്ച അത്തന്‍ കുരിക്കള്‍ക്കും ചെമ്പന്‍ പോക്കര്‍ക്കുമൊപ്പം മാപ്പിള പ്രഭുവായ ഉണ്ണിമൂസാ മൂപ്പനുമുണ്ടായിരുന്നു.
മൂന്നാം ആംഗ്ലോ-മൈസൂര്‍ യൂദ്ധത്തിനു ശേഷം നിലവില്‍ വന്ന ശ്രീരംഗപട്ടണം സന്ധി അനുസരിച്ച് 1792ല്‍ മലബാര്‍, ഇംഗ്ലീഷ് കമ്പനിയുടെ അധികാരത്തില്‍ വന്നു. നമ്പൂതിരി,നായര്‍ സമുദായങ്ങളുടെ പിന്തുണ ബ്രിട്ടീഷുകാര്‍ക്ക് മലബാറില്‍ വളരെ പ്രധാനമായിരുന്നു. മൈസൂര്‍ വിരോധികളായതിനാല്‍ ഇരു സമുദായത്തെയും മെരുക്കിയെടുക്കാന്‍ വേഗത്തിലാകുമെന്നും ബ്രിട്ടീഷുകാര്‍ കരുതി. അതിനുവേണ്ടി ബ്രിട്ടീഷുകാര്‍ മെനഞ്ഞുണ്ടാക്കിയ നിഷ്ഠൂരമായ ഉപജാപങ്ങളായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മലബാറിലുണ്ടായ എല്ലാ കലാപങ്ങളും. മൈസൂര്‍ കാലത്ത്, മലബാറിലെ സ്ഥലങ്ങളെല്ലാം മാപ്പിളമാര്‍ക്ക് വില്പന നടത്തി തിരുവിതാംകൂറിലേക്ക് കുടിയേറിയ ജന്മിമാരെയെല്ലാം തിരിച്ചുകൊണ്ടുവന്ന്, പൂര്‍വികമായി തങ്ങളുടേതെന്ന് അവര്‍ അവകാശം പറഞ്ഞ സ്ഥലങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ അവര്‍ക്ക് പതിച്ചുകൊടുത്തു. അതോടെ സ്വന്തം സ്ഥലങ്ങളിലുള്ള അവകാശം കൂടി നഷ്ടപ്പെട്ട അവസ്ഥയിലായിത്തീര്‍ന്നത് പരിമിതമായ എണ്ണമുള്ള മുസ്‌ലിം പ്രഭുക്കളായിരുന്നു. വെള്ളക്കാര്‍ തന്ത്രപൂര്‍വം നടത്തിയ ഈ പദ്ധതി മുസ്‌ലിംകളെയും സവര്‍ണരെയും തമ്മില്‍ തെറ്റിക്കാനുള്ള എളുപ്പവഴിയായിരുന്നു. സായുധ സമരത്തിലേക്കു വരെ സ്വയം സന്നദ്ധരാകുന്നത്രയും കടുത്ത പ്രതിസന്ധികളാണ് മുസ്‌ലിം പ്രഭുക്കള്‍ക്ക് നേരിടേണ്ടി വന്നത്. മൈസൂര്‍ ഭരണത്തെ മുസ്‌ലിംകള്‍ എതിര്‍ത്തതിനാലും കണ്ണൂര്‍ ആലി രാജയോടൊപ്പം മലബാര്‍ മുസ്‌ലിംകളൊന്നടങ്കം മൈസൂര്‍ സുല്‍ത്താന്മാരുടെ കൂടെ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരിലുള്ള യുദ്ധത്തില്‍ പങ്കാളികളായതിനാലും മാപ്പിളമാര്‍ തന്നെയായിരുന്നു ഇംഗ്ലീഷുകാരുടെ പ്രത്യക്ഷ ശത്രുക്കള്‍. മാപ്പിള നശീകരണത്തിന് നേരിട്ട് ഇടപെടുന്നതിനു പകരം മൈസൂര്‍ നവാബുമാരുടെ കാലത്ത് സ്ഥാനഭ്രഷ്ടരാക്കപ്പെട്ട നാടുവാഴികളെയും പ്രഭുക്കളെയും അതാത് സ്ഥലങ്ങളില്‍ പുന:പ്രതിഷ്ഠ നടത്തി, അവരെ ഉപകരണങ്ങളാക്കി തങ്ങളുടെ ലക്ഷ്യം കൈവരിക്കാനാണ് വെള്ളക്കാര്‍ ശ്രമിച്ചത്. ഇതു മുന്നില്‍ക്കണ്ട് ബ്രിട്ടീഷുകാര്‍ നടത്തിയ ചെറുത്തുനില്പുകള്‍ തീ പാറുന്ന പോരാട്ടങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്. മാപ്പിള പ്രഭുക്കളായ അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കറും ഉണ്ണിമൂസാ മൂപ്പനുമാണ് ഈ പോരാട്ടങ്ങള്‍ക്കെല്ലാം മുന്നില്‍ നിന്നത്. ഈ ധീരന്മാര്‍ മൂന്നുപേരും ബ്രിട്ടീഷ് തോക്കിനു മുന്നില്‍ വീരമരണം വരിക്കുകയും ചെയ്തു.
ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷുകാരോട് സംഘടിതമായി എതിരിട്ട ആദ്യത്തെ സേനാനിയാണ് എളംപുളശ്ശേരി അംശത്തില്‍ ഉണ്ണിമൂസ മൂപ്പന്‍. പാലക്കാട് ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലായിരുന്നു എളംപുളശ്ശേരി. മൂപ്പന്‍ എന്നത് സ്ഥാനപ്പേരായിരുന്നു. മൈസൂര്‍ ഭരണകാലത്ത് ഓരോ ദേശത്തിന്റെയും ക്രമസമാധാന സംരക്ഷണത്തിനും നികുതി പിരിവിനുമായി മൂപ്പന്‍മാരെ നിയമിക്കുമായിരുന്നു. നേതാവ്, മേലാളന്‍ എന്ന അര്‍ഥത്തിലാണ് ‘മൂപ്പന്‍’ വിളിപ്പേരായത്. ഇംഗ്ലീഷ് രേഖകളില്‍ മൂപ്പന്‍ എന്നതിനു പകരം ‘മൂത്ത’ എന്നാണുള്ളത്. ഉണ്ണിമൂത്ത എന്നാണവരുടെ പ്രയോഗം. ടിപ്പുവിന്റെ വിശ്വസ്ത സേവകനെന്ന നിലയില്‍ ഇംഗ്ലീഷുകാരോടുള്ള യുദ്ധങ്ങളില്‍ ഉണ്ണിമൂസാ മൂപ്പന്‍ സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. എളംപുളശേരി അംശം അദ്ദേഹത്തിന്റെ പൂര്‍വിക സ്വത്തായിരുന്നു. പശ്ചിമ ഘട്ടത്തിലെ സുരക്ഷിതങ്ങളായ പാറക്കെട്ടുകളും ഒളിപ്പോരിനു പറ്റിയ ചെറിയ കാടുകളും ഉണ്ണിമൂസക്ക് നല്ല നിശ്ചയമുള്ളതിനാല്‍ മലമ്പ്രദേശങ്ങളില്‍ സുരക്ഷിത വലയങ്ങളോടു കൂടിയ വലിയ കെട്ടിടങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. അവയില്‍ സായുധരായ പടയാളികള്‍ക്ക് പരിശീലനവും നല്കിയിരുന്നു.
ഉണ്ണിമൂസയെ വരുതിയിലാക്കാന്‍ മലബാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിയിട്ടും പരാജയപ്പെട്ടപ്പോള്‍, സൈനികമായിത്തന്നെ അദ്ദേഹത്തെയും കൂട്ടരെയും നശിപ്പിക്കാനാണ് ശ്രമിച്ചത്. മലബാര്‍ കമ്മീഷണര്‍മാരില്‍ പെട്ട മേജര്‍ ഡോയ്, 1792 മെയ് 20 ന് ബോംബെ ഗവര്‍ണറെ അറിയിച്ചു: ”കലാപത്തില്‍ കഴിയുന്ന മാപ്പിളമാരെ വിവേകികളാക്കാനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. വേലത്തിരിയിലേക്ക് എത്രയും വേഗം കുതിച്ചെത്താന്‍ കമ്പനി സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനം സ്ഥാപിക്കുകയും ഉണ്ണിമൂസയെ കീഴടക്കുകയുമാണ് ലക്ഷ്യം.” ഇതനുസരിച്ച് അവിടെയെത്തിയ സൈന്യം ഉണ്ണിമൂസയുടെ പ്രധാന താവളം ഒരു ദിവസത്തെ തുറന്ന യുദ്ധം കൊണ്ട് പിടിച്ചെടുത്തു. ഉണ്ണിമൂസയാകട്ടെ തന്റെ അനുയായികളോടൊപ്പം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറി. ഉണ്ണിമൂസയുടെ കൊട്ടാരത്തില്‍ ടിപ്പുസുല്‍ത്താന്റെ ധാരാളം കത്തുകള്‍ കണ്ടുകിട്ടിയെന്ന് ബ്രിട്ടീഷ് രേഖകളില്‍ പറയുന്നു. ഇംഗ്ലീഷുകാരോട് വിജയം വരെ യുദ്ധം ചെയ്യാനാണത്രെ അതിലുള്ള കല്പനകളത്രയും.
മൈസൂര്‍ നവാബുമാര്‍ ചെയ്തതുപോലെ, ലഹള ബാധിച്ച ദേശങ്ങളില്‍ മൂപ്പന്‍മാരെ നിയോഗിക്കണമെന്ന് മേജര്‍ ഡോയ് ശിപാര്‍ശ ചെയ്തിരുന്നു. വേലത്തൂരില്‍ രണ്ട് മൂപ്പന്‍മാരെയും അവരുടെ കീഴില്‍ സായുധരായ നൂറ് മാപ്പിളമാരെയും കമ്പനി നിയോഗിച്ചത് അങ്ങനെയാണ്. വെട്ടത്തുനാട്ടില്‍ ഒരു മൂപ്പനെയും അന്‍പത് ആയുധധാരികളായ മാപ്പിളമാരെയും നിയമിച്ചു. പക്ഷേ, ഈ പ്രീണനങ്ങളൊന്നും ഉണ്ണിമൂസായുടെ ശൗര്യം ശമിപ്പിച്ചില്ല. മേജര്‍ ഹാര്‍ട്ടിലിയുടെയും ഡോയുടെയും നേതൃത്വത്തില്‍ വേറെയും സേനകള്‍ ഉണ്ണിമൂസാക്ക് എതിരെ നീങ്ങി. ഇവരെ സഹായിക്കാന്‍ സാമൂതിരിയോട് രണ്ടായിരം നായര്‍ പടയാളികളെയും ആവശ്യപ്പെട്ടിരുന്നുവത്രെ. സാമൂതിരി വംശത്തിലെ പടിഞ്ഞാറേ കോവിലകം കമ്പനി അധികാരികളോട് അടുപ്പത്തിലായിരുന്നില്ല. തങ്ങള്‍ക്ക് അവകാശപ്പെട്ട നികുതിഓഹരി പാലക്കാട്ടെ സ്വാമി പട്ടര്‍ക്ക് (ഷംനോത്ത്) നല്കാനുള്ള തീരുമാനമാണ് പടിഞ്ഞാറേ കോവിലകത്തുകാരെ ചൊടിപ്പിച്ചത്.
ഷംനോത്തിനെ വധിക്കാനുള്ള ഇവരുടെ ശ്രമം കാരണം ബ്രിട്ടീഷുകാര്‍ പടിഞ്ഞാറേ കോവിലകത്തുകാരെയും ലഹളക്കാരായി മുദ്രകുത്തി. ഈ അവസരം ഉണ്ണിമൂസാ മൂപ്പന്‍ വേണ്ടവിധം ഉപയോഗപ്പെടുത്തി. എല്ലാ സഹായവും നല്കി അവരെയും തന്റെ സൈന്യത്തിലുള്‍പ്പെടുത്തി.
പാലക്കാട് ദേശത്തെ നികുതി പിരിവിനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ അവിടത്തെ രാജവംശത്തിലുള്ള കുഞ്ചി അച്ഛനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കലാപകാരിയായി പ്രഖ്യാപിച്ചതോടെ അവരും ഉണ്ണിമൂസായുടെ സഹായികളായി. ഈ രണ്ടു രാജവംശത്തിലെ രാജകുമാരന്മാരും യുവാക്കളുമെത്തിയതോടെ ഉണ്ണിമൂസയുടെ സൈന്യത്തിന് കൂടുതല്‍ ഉന്മേഷം കൈവന്നു. ഉണ്ണിമൂസായെയും കുഞ്ചി അച്ഛനെയും പടിഞ്ഞാറേ കോവിലകത്തെ രാജാക്കന്മാരെയും പിടിച്ചുകെട്ടുന്നവര്‍ക്ക് അയ്യായിരം രൂപവീതം പാരിതോഷികം നല്കുന്നതാണെന്നും പ്രഖ്യാപനമുണ്ടായി. ക്യാപ്റ്റന്‍ ബള്‍ച്ചലിന്റെ നേതൃത്വത്തില്‍ ഒരു വലിയ ഇംഗ്ലീഷ് സേന കലാപകാരികളെ നേരിടാന്‍ പുറപ്പെട്ടു. സംഘടിത ചെറുത്തുനില്പിനു ശേഷം സൈന്യങ്ങളുമായി പടിഞ്ഞാറേ കോവിലകം തമ്പുരാക്കന്മാര്‍ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. കുഞ്ചി അച്ഛനാകട്ടെ പാലക്കാട് കോട്ടയിലെത്തി മേജര്‍ റാംനേക്ക് കീഴടക്കി. അദ്ദേഹത്തെ തലശേരി കോട്ടയില്‍ തടവുകാരനാക്കി പാര്‍പ്പിച്ചു. അവിടെ വെച്ചുതന്നെയാണ് അദ്ദേഹം അന്തരിച്ചതും.
കൂടെയുള്ള പലരും കൊഴിഞ്ഞെങ്കിലും ഉണ്ണിമൂസാ നിരാശനായില്ല. കൂടുതല്‍ സൈന്യത്തെ സംഘടിപ്പിച്ച് ചെറുത്തുനില്പ് ശക്തിയാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതു തിരിച്ചറിഞ്ഞ കമ്പനി അധികാരികള്‍ മര്‍ദന നയങ്ങള്‍ക്ക് മുതിരാതെ ഒത്തുതീര്‍പ്പുമായി രംഗത്തെത്തി. അതിന്റെ ഫലമായി ഉണ്ണിമൂസായും മേജര്‍ മുറേയും 1793 മെയ് നാലിന് ഒത്തുതീര്‍പ്പില്‍ ഒപ്പുവെച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് എളംപുളശേരി അംശം അദ്ദേഹത്തിന് നല്കാനും വര്‍ഷം തോറും ആയിരം രൂപ പെന്‍ഷന്‍ അനുവദിക്കാനും കമ്പനി സര്‍വീസില്‍ നല്ല പദവിയില്‍ നിയമിക്കാനും തീരുമാനമായി.
അധികാരികളുടെ ഈ പ്രലോഭനത്തിനു പക്ഷേ ഉണ്ണിമൂസയെ കിട്ടിയില്ല. ടിപ്പുവിനോടുള്ള സ്‌നേഹത്തിന്റെയത്ര വിരോധം കമ്പനിയോടുണ്ടായിരുന്ന ഉണ്ണിമൂസ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതായപ്പോള്‍ വീണ്ടും രാജ്യദ്രോഹിയാക്കപ്പെട്ടു. ഉണ്ണിമൂസയെ പിടിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ മെഗ്‌ഗോണാള്‍ഡിന്റെ നേതൃത്വത്തില്‍ വീണ്ടും പട്ടാളനീക്കമുണ്ടായി. പന്തല്ലൂര്‍ മലയിലുണ്ടായിരുന്ന ഉണ്ണിമൂസായുടെ സുരക്ഷിതവലയങ്ങളുള്ള വീട് ആക്രമിച്ചു തകര്‍ത്തു. അവിടെയുണ്ടായിരുന്ന കോട്ടകളും കെട്ടിടങ്ങളും തകര്‍ത്തെറിഞ്ഞു. എന്നാല്‍ നിരാശക്ക് പകരം ആവേശം മാത്രമാണ് ഉണ്ണിമൂസയിലും അനുയായികളിലും ഈ ആക്രമണങ്ങള്‍ പടര്‍ത്തിയത്. കമ്പനിക്ക് ഭരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ഇതേത്തുടര്‍ന്നുണ്ടായത്. സ്ഥിതി നേരിട്ടറിയാന്‍ ബോംബെ ഗവര്‍ണര്‍ ആബര്‍ക്രേബി മലബാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. മലബാറില്‍ സമാധാനാന്തരീക്ഷമുണ്ടാക്കേണ്ടത് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് നിലനില്പിന്റെ പ്രശ്‌നമായിരുന്നു. അവര്‍ ഉണ്ണിമൂസാക്കും മാപ്പിളമാര്‍ക്കും മാപ്പ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു. ഉണ്ണിമൂസാ ഈ നയംമാറ്റത്തെ അറപ്പോടെയാണ് കണ്ടത്. അദ്ദേഹവും ചെമ്പന്‍ പോക്കറും മലബാര്‍ ജനതയെ അഭിസംബോധന ചെയ്ത് ഒരു ‘ഓല’ പുറത്തിറക്കി. ഇംഗ്ലീഷ് ഭരണവുമായി യാതൊരു കാരണത്താലും യോജിക്കരുതെന്നും അവരോട് സന്ധിയില്ലാ സമരം നടത്തുന്ന തങ്ങളുമായി സര്‍വാത്മനാ യോജിക്കണമെന്നും ഓലയില്‍ ആഹ്വാനം ചെയ്തു.
നാട്ടില്‍ കലാപത്തിന്റെ തീ പടരാന്‍ പോകുന്നത് അമ്പരപ്പോടെ കണ്ട ബ്രിട്ടീഷുകാര്‍ ഉണ്ണിമൂസയുടെ ഓലയ്ക്ക് എതിരായി വിളംബരപ്രഖ്യാപനങ്ങള്‍ നടത്തി. എല്ലാം പരാജയപ്പെട്ടതോടെ പുതിയങ്ങാടി തങ്ങളുടെ ഒത്താശയോടെ നേതാക്കന്മാരെ പിടികൂടാമെന്ന് മോഹിച്ചു. അതും വിഫലമായി. കലക്ടര്‍ ബേബറിന്റെ സേനാവിഭാഗത്തെ ഉണ്ണിമൂസയും കൂട്ടരും പരാജയപ്പെടുത്തിയത് ബ്രിട്ടീഷ് ക്യാംപുകളില്‍ കൂടുതല്‍ ഭീതി പരത്തി. ഉണ്ണിമൂസയെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ തല്ക്കാലത്തേക്ക് നിര്‍ത്തി വെക്കുകയാണെന്നും, അവര്‍ കരം പിരിക്കുന്നുണ്ടെങ്കിലും വലിയൊരു പൊട്ടിത്തെറി ഒഴിവാക്കാന്‍ നടപടികളൊന്നുമെടുക്കുന്നില്ലെന്നും കലക്ടര്‍ മേലധികാരികള്‍ക്ക് കത്തെഴുതേണ്ടി വന്നു.
ഇതേ സമയത്താണ് പഴശ്ശിരാജയും സംഘവും വയനാടന്‍ മലകളില്‍ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചുകൊണ്ടിരുന്നത്. ഇതറിഞ്ഞതോടെ ഉണ്ണിമൂസയും കൂട്ടരും പഴശ്ശിരാജക്ക് ശക്തിപകര്‍ന്നു. കാടുകളിലും മലകളിലും പതിയിരുന്ന് ആക്രമണങ്ങള്‍ നടത്തിയിരുന്ന അവര്‍ക്ക് ആയുധവും ഭക്ഷണവും പുറമേനിന്ന് എത്തിച്ചുകൊടുക്കുന്നത് ഉണ്ണിമൂസായുടെ ശിക്ഷണം ലഭിച്ച, വിശ്വസ്ത സേവകരായിരുന്നു. ഇക്കാരണത്താല്‍ ഉണ്ണിമൂസായുടെ അനുയായികളെന്ന് സംശയിച്ചവരുടെയെല്ലാം സ്വത്ത് കമ്പനി കണ്ടുകെട്ടുകയുണ്ടായി. എത്ര വലിയ ആനുകൂല്യങ്ങള്‍ വെച്ചുനീട്ടിയാലും ഉണ്ണിമൂസായെ ഒറ്റുകൊടുക്കാന്‍ മലനാട്ടില്‍ ആരെയും കിട്ടിയില്ലെന്നതാണ് അഭിമാനകരമായ ചരിത്രം! പഴശ്ശിരാജയോടൊപ്പം ചേര്‍ന്ന് അന്തിമസമരത്തിന് ഉണ്ണിമൂസാ തയ്യാറെടുത്തു. പക്ഷേ, കമ്പനിയുടെ വമ്പന്‍ ശക്തിക്കുമുന്നില്‍ ഏറെക്കാലം പിടിച്ചുനില്ക്കാന്‍ ആ ഒളിപ്പോരാളികള്‍ക്ക് കഴിഞ്ഞില്ല. 1802 ജൂണില്‍ ക്യാപ്റ്റന്‍ വാര്‍ട്ട്‌സന്റെ സൈന്യത്തെ നേരിട്ട ഉണ്ണിമൂസ പെരിന്തല്‍മണ്ണയിലെ സ്വന്തം കോട്ടയില്‍ വെച്ച് വെള്ളപ്പട്ടാളത്തിന്റെ നിറത്തോക്കിനു മുന്നില്‍ ”ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബര്‍’ എന്നുറക്കെയുരുവിട്ട് ധീരമരണം വരിച്ചു.
ഉണ്ണിമൂസായുടെയും അനുയായികളുടെയും സ്വത്തു മുഴുവന്‍ കമ്പനി അധികാരികള്‍ കണ്ടുകെട്ടി. 1883 ല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഈ സ്വത്ത്തിരിച്ചുകിട്ടാന്‍ മദ്രാസ് ഗവണര്‍ക്ക് നിവേദനം നല്കിയിരുന്നു. തഹസില്‍ദാര്‍ ഒരു റിപ്പോര്‍ട്ടും കലക്ടര്‍ക്കയച്ചു. ഈ രേഖകളെല്ലാം കോഴിക്കോട് പുരാരേഖാ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നുണ്ട്. ആദായഹരജി പരിഗണിക്കപ്പെട്ടില്ല. ഉണ്ണിമൂസായുടെയോ അനുയായികളുടെയോ യാതൊരു സ്വത്തും ഇന്നേവരെ തിരിച്ചുകൊടുത്തില്ല. അഥവാ, കാര്യമായ സ്വത്തും കരുത്തുറ്റൊരു ജന്മവും ജന്മരാജ്യത്തിനായി ത്യജിച്ച ധീരനായൊരു ദേശാഭിമാനിയെ അതേ ജന്മരാജ്യവും സ്വാതന്ത്ര്യമാസ്വദിച്ച പിന്‍മുറയും ഒട്ടും മാനിച്ചില്ല. അര്‍ഹിക്കുന്ന ഒരു പരിഗണനയും അദ്ദേഹത്തിനു ലഭിച്ചില്ല.
1921 ലെ ഖിലാഫത്ത് വിപ്ലവത്തില്‍ ആലി മുസ്‌ലിയാരോടൊപ്പം തൂക്കിലേറ്റപ്പെട്ട എളംപുളശ്ശേരി മൊയ്തീന്‍ കുട്ടി ഹാജി ഉണ്ണിമൂസ മൂപ്പന്റെ സന്താനപരമ്പരയില്‍പെട്ടയാളാണ്. കലവറയില്ലാത്ത സമ്പത്തും സുഖങ്ങളും ജന്മരാജ്യത്തിന്റെ സ്വാതന്ത്ര്യനു വേണ്ടി തട്ടിത്തെറിപ്പിച്ച ഉണ്ണിമൂസ രാജ്യചരിത്രത്തില്‍ എന്നുമോര്‍മിക്കപ്പെടേണ്ട നാമധേയമാണ്.
 പി എം എ ഗഫൂര്‍

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal