സമര ചരിത്രത്തിന് തൊണ്ണൂറ്റിമൂന്ന് പിന്നിടുമ്പോള്‍ പൂക്കോട്ടൂരില്‍ സ്മാരകമുയരുന്നു

മലപ്പുറം:സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൂക്കോട്ടൂരില്‍  പോരാളികള്‍ക്ക് സ്മാരകമുയരുന്നു. പൂക്കോട്ടൂര്‍-മലപ്പുറം റൂട്ടില്‍ പിലാക്കലില്‍ യോദ്ധാക്കളുടെ ഖബറിടത്തോടനുബന്ധിച്ചാണ് രക്തസാക്ഷി സ്‌ക്വയര്‍ ഉയരുന്നത്്. 1921 ലെ സമര പോരാട്ട ചരിത്രത്തിന് തൊണ്ണൂറ്റിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്‍തലമുറ സമ്മാനിക്കുന്ന നിത്യസ്മാരകമാരമാവുമിത്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ ഏറെ പ്രാധാന്യമുള്ള പൂക്കോട്ടൂര്‍ യുദ്ധത്തിന് ചരിത്രത്തില്‍ അര്‍ഹമായ പ്രാധാന്യംഇനിയും ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ നിര്‍ണായക സ്ഥാനമുള്ള മലബാര്‍ കലാപം സംബന്ധമായി പഠന വിധേയമാക്കുന്നതിന്  വേണ്ടരീതിയിലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്‌വരെയായിട്ടില്ല. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് പലയിടങ്ങളായി പരന്നുകിടക്കുന്ന സമര ശേഷിപ്പുകള്‍  സംരക്ഷിക്കുകയും പഠനാവസരം ഒരുക്കുകയും വേണമെന്ന് ഏറെക്കാലമാത്തെ  ആവശ്യമാണ്. സമര ചരിത്രത്തിലെ പ്രാധാന്യമേറിയ പൂക്കോട്ടൂര്‍ യുദ്ധത്തി്‌ന്റെ ശേഷിപ്പുകളായ പോരാളികളുടെ അന്ത്യവിശ്രമസ്ഥലം  സംരക്ഷിക്കാനും പഠനങ്ങള്‍ക്ക് അവസരമൊരുക്കാനും പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിലാക്കലില്‍ പോരാളികളുടെ ഖബറിടം ഉള്‍ക്കൊള്ളുന്ന കെട്ടിനു മുകളിലായി സ്‌ക്വയര്‍ നിര്‍മ്മിക്കുന്നത്.

സ്വാതന്ത്ര സമര ചരിത്രത്തില്‍ പ്രധാന പങ്കുള്ള പൂക്കോട്ടൂര്‍ യുദ്ധം 1921 ആഗസ്ത് 26നാണ് നടന്നത്.സമര യോദ്ധാക്കളും രണ്ടായിരത്തോളം വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.നാനൂറോളം ഖിലാഫത്ത് സമരഭടന്‍മാരാണ് ഇതില്‍ രക്തസാക്ഷിത്വം വരിച്ചത്.പിലാക്കല്‍,പൂക്കോട്ടൂര്‍ ജുമാമസ്ജിദ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലെ സ്വകാര്യ സ്ഥലങ്ങളിലുമായാണ് ഇവരുടെ ഖബറിടങ്ങള്‍ സ്ഥിതിചെയ്യുന്നത്.യുദ്ധവാര്‍ഷികത്തോടനുബന്ധിച്ച്  ഗ്രാമപഞ്ചായത്തി്‌ന്റെയും സന്നദ്ധ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ അനുസ്മരണവും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. .ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥാപിച്ച യുദ്ധസ്മാരക ഗേറ്റാണ് ഏക സ്മാരകം.

പിലാക്കലിലെ രക്തസാക്ഷി ഖബറിടത്തോട് ചേര്‍ന്ന് സ്മാരകം പണിയാന്‍ കഴിഞ്ഞ വര്‍ഷമാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.10 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.ആര്‍ടിടെക്റ്റ് ഇഖ്ബാല്‍ കൊടുവള്ളിയാണ് സ്്ക്വയര്‍ രൂപകല്‍പന ചെയ്തത്.കഴിഞ്ഞ വര്‍ഷം യുദ്ധ വാര്‍ഷികത്തോടനുബന്ധിച്ച് ധനമന്ത്രി കെ.എം.മാണിയാണ് ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്.നിര്‍മ്മാണത്തിന് ജില്ല പ്ലാനിംഗ് കമ്മറ്റി(ഡി.പി.സി)അനുമതി ലഭിച്ചു.അടുത്ത ദിവസം ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.അഞ്ചുമാസങ്ങള്‍ക്കകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്.പദ്ധതിയോടനുബന്ധിച്ച് പൂക്കോട്ടൂരില്‍ ഹെറിറ്റേജ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ധേശിക്കുന്നതായും ഇതിനായി സാംസ്‌കാരിക വകുപ്പിന്റെ സഹായം തേടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം സുപ്രഭാതത്തോട് പറഞ്ഞു.

സുപ്രഭാതം ന്യൂസ്
Aug 14, 2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal