ചരിത്രത്തെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ പുതുതലമുറ തയ്യാറാകണം -സ്​പീക്കര്‍


അങ്ങാടിപ്പുറം: ചരിത്രത്തെ അതത് കാലഘട്ടത്തെ മനസ്സിലാക്കി വിലയിരുത്തുമ്പോഴേ അതിന്റെ ചരിത്ര -സാമൂഹികപരമായ ദൗത്യത്തെ ഓര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ചരിത്രാവശിഷ്ടങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ പുതുതലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പുത്തനങ്ങാടി സെന്റ് മേരീസ് കോളേജില്‍ എം.പി. നാരായണമേനോന്റെ 50-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു സ്​പീക്കര്‍.

ഇന്ന് ചരിത്രവും അതിന്റെപേരില്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളും ആയുധങ്ങളാണ്. ഇവ കൂട്ടിക്കലര്‍ത്തി കാല്‍പ്പനികമായി വര്‍ത്തമാനകാലജീവിതത്തെ അസ്വാരസ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന രീതി പരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയപ്രക്ഷോഭത്തില്‍ മതേതരത്വത്തിന്റെ അംശം കാത്തുസൂക്ഷിക്കുന്നതിന് നേതൃത്വംനല്‍കിയവരില്‍ പ്രമുഖനാണ് എം.പി. നാരായണമേനോന്‍. ദേശീയപ്രസ്ഥാനത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നാണ് ഖിലാഫത്ത്. എന്നാല്‍ അതിന്റെ സാഹചര്യവും നേതൃത്വംനല്‍കിയവരെയും സൂക്ഷ്മപരിശോധന നടത്തി ആദരിക്കേണ്ട രീതിയില്ലാതെ പോയി. ഇത്തരത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെപോയ അപൂര്‍വപ്രതിഭയായിരുന്നു എം.പി. നാരായണമേനോന്‍. ദേശീയപ്രസ്ഥാനലക്ഷ്യങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ആയുധമാണ് ഭരണഘടനയെന്നും സ്​പീക്കര്‍ പറഞ്ഞു.

'എം.പി. നാരായണമേനോനും മതനിരപേക്ഷ സമൂഹനിര്‍മിതിയും' എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധരചനയിലെ വിജയികളായ പി. മുഹമ്മദ് ഷിബിലി, എ.ആര്‍. ഫിദ യാസ്മിന്‍, എം.എസ്. രാകേഷ് കൃഷ്ണന്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സ്​പീക്കര്‍വിതരണം ചെയ്തു. തുടര്‍ന്നു നടന്ന സെമിനാറില്‍ ഡോ. കെ. ഗോപാലന്‍കുട്ടി, പ്രൊഫ. വിജയലക്ഷ്മി, രാഹുല്‍ രമേഷ്, യു. ഷുമൈസ്, കെ. രമ്യ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്‍ അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. പി. ശിവദാസന്‍ അനുസ്മരണപ്രഭാഷണം നടത്തി.

ജില്ലാപഞ്ചായത്തംഗം ടി.കെ. റഷീദലി, സ്മാരകസമിതി പ്രസിഡന്റ് ഡോ. ടി. ഹുസൈന്‍, എ. ഹരി, ടി. സുബ്രഹ്മണ്യന്‍, യു. ഹരിഹരന്‍, കെ.പി. വാസു, പി.വി. ജോണി, ജോസ് വര്‍ഗീസ്, കെ.ടി. നാരായണന്‍, പ്രിന്‍സിപ്പല്‍ ഫാ. ബിനു പീടിയേക്കല്‍, പഞ്ചായത്ത് സെക്രട്ടറി കെ. സിദ്ദീഖ്, എം.പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal