എം റഷീദ് മനുഷ്യസ്‌നേഹിയായ ചിന്തകന്‍

പൊന്നാനി: മനുഷ്യ സ്‌നേഹിയായ ചിന്തകനും എഴുത്തുകാരനുമായിരുന്നു എം റഷീദെന്ന് പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് . ഇന്നലെ സേലത്ത് മകളുടെ വീട്ടില്‍ വെച്ച് അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും വിപ്ലവകാരിയും സ്വാതന്ത്ര്യസമരസേനാനിയുമായ എം റഷീദുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് പി ടി കുഞ്ഞുമുഹമ്മദ് . എം റഷീദിനെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ അദ്ദേഹം ‘സുപ്രഭാത’വുമായി പങ്കുവെച്ചു .
‘അല്‍അമീന്‍ പത്രത്തിലെ അന്തേവാസികളായിരുന്നു എം റഷീദും എന്റെ അമ്മാവനായ അബ്ദുറഹിമാനും. ആ അടുപ്പമാണ് എന്നെ റഷീദ്ക്കയിലേക്കെത്തിച്ചത്. അപകടകരമായ സത്യസന്ധതയായിരുന്നു റഷീദിന്റേത് .സ്വതന്ത്ര ചിന്തകള്‍ തിരഞ്ഞെടുത്ത റഷീദ് മതത്തിന്റെ പക്ഷത്ത് നില്‍ക്കാതെ വിശാലമായ മനുഷ്യ പക്ഷത്ത് നില്‍ക്കുകയായിരുന്നു. മകന്‍ ഗഫൂറുമായും ആ സൗഹൃദം നിലനിര്‍ത്താനായി .എന്‍ പി മുഹമ്മദിനേക്കാളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയത് എം റഷീദാണ് .അതുകൊണ്ടാണ് വീരപുത്രന്‍ ( മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ചുള്ള സിനിമ ) എന്ന സിനിമയുമായി എം റഷീദുമായി ചര്‍ച്ച നടത്തിയതും അനാരോഗ്യം വകവെക്കാതെ അതില്‍ അഭിനയിച്ചതും.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വധിക്കപ്പെട്ടതല്ലെന്ന് വിശ്വസിച്ചിരുന്ന സാഹിബിന്റെ അപൂര്‍വ കൂട്ടാളിയായിരുന്നു എം റഷീദ്. അതുകൊണ്ടു തന്നെ കാലിക്കറ്റ് സര്‍വകലാശാല സിഗ്രി വിദ്യാര്‍ഥിക്ക് സാഹിബിനെക്കുറിച്ച് പഠിക്കാന്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ എം റഷീദിന്റെ ലേഖനം ഉള്‍പ്പെടുത്തിയത് യാദൃശ്ചികമല്ല. 1994 ല്‍ ഞാന്‍ ഗുരുവായൂരില്‍ മല്‍സരിച്ച കാലത്ത് എന്റെ അരികില്‍ വന്നിരുന്നു റഷീദ്ക്ക .അന്ന് അബ്ദുറഹിമാന്‍ സാഹിബിന്റെ തെരഞ്ഞെടുപ്പനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.നര്‍മത്തില്‍ പൊതിഞ്ഞ് കഥ പറയാന്‍ കഴിയുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.നന്നായി ചിരിപ്പിക്കുന്ന ചിന്തകന്‍ അതാണ് ഞാന്‍ അടുത്തറിഞ്ഞ എം റഷീദ്.
ചിന്തകനായ എം റഷീദിനെ മലയാളികള്‍ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല .വിപ്ലവങ്ങള്‍ പാതിവഴിയില്‍ നേര്‍ത്തു പോയെങ്കിലും ഒപ്പം നിന്നത് മനുഷ്യ പക്ഷത്താണ്.
ഒരുപാട് യാത്രകള്‍ നടത്തിയ ആ മനുഷ്യന്‍. അതിലേറെ യാത്ര ചെയ്യാന്‍ കൊതിച്ച ആ മനുഷ്യന്‍ വെളിയങ്കോട് എന്ന സ്വന്തം ഗ്രാമവും വിട്ട് തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് മരിച്ചതും ഒരു പക്ഷെ യാത്രയോടുള്ള ആത്മാവിന്റെയും ദേഹത്തിന്റെയും ഉപാസന കൊണ്ടാകും. നിശ്ചലമായ ആ ശരീരവും ഒടുവില്‍ ദീര്‍ഘമായൊരു യാത്ര നടത്തിയാണ് സ്വന്തം മണ്ണില്‍ ലയിച്ച് ചേര്‍ന്നത്.’

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal