മലയാളത്തില്‍ പ്രസംഗം ഹിന്ദിയില്‍ കരഘോഷം

വിപ്ലവരാഷ്ട്രീയത്തിന്റെ ചെങ്കതിര്‍ കണ്ടു മോഹിച്ചെങ്കിലും ആ വഴി ഉപേക്ഷിച്ച സോഷ്യലിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്നു ഈയിടെ അന്തരിച്ച എം. റഷീദ്. ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ ചലനങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന ചുരുക്കം മലയാളി എഴുത്തുകാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം

രാഷ്ട്രീയ-പൊതുജീവിതത്തില്‍ സൗമ്യശീലവും മഹാമനസ്‌കതയും കൈമുതലാക്കിയ വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച എം. റഷീദ്. നിര്‍മലമായ സ്‌നേഹവും കാപട്യമില്ലാത്ത സൗഹൃദവും കൊണ്ട് ജീവിച്ച പ്രതിഭാശാലിയെയാണ് ആ വിയോഗത്തിലൂടെ നഷ്ടമായത്. സ്‌നേഹവും സൗമ്യതയും അന്യംനിന്നുപോയ ഈ കാലത്ത് അനാവശ്യമായ ഒച്ചപ്പാടുകളില്ലാതെയാണ് ആ ഗാന്ധിയന്‍ കടന്നുപോയത്. നൂറ്റാണ്ടിന്റെ സാക്ഷിയായ ഇ. മൊയ്തു മൗലവിയുടെ പുത്രന്‍ പിതാവിന്റെ സമരപാത തന്നെ സ്വീകരിച്ചു. എന്നാല്‍  രാഷ്ട്രീയയാത്ര വേറെ ഒന്നായിരുന്നു.

വിപ്ലവരാഷ്ട്രീയത്തിന്റെ ചെങ്കതിര്‍ കണ്ടു മോഹിച്ചു. ആ വഴികളിലൂടെ സഞ്ചരിച്ചു. യുവത്വത്തിന്റെ ആ കാഴ്ചപ്പാട് മൊയ്തു മൗലവിയില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും പക്വതയാര്‍ന്ന യുവത്വം തിരഞ്ഞെടുത്ത വഴികള്‍ തടസപ്പെടുത്തിക്കൂടെന്ന അദ്ദേഹത്തിന്റെ വിശാല മനസ്‌കത റഷീദിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും തടസമായില്ല.

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ആശയഗതിക്കാരോടൊപ്പം ചേര്‍ന്നുനിന്ന് ഇടതുപക്ഷചായ്‌വിലൂടെ സഞ്ചരിച്ച റഷീദ് കേരളത്തിലെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍.എസ്.പി) സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു.
അര നൂറ്റാണ്ടിലേറെക്കാലം കോഴിക്കോടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം ജന്മം കൊണ്ട് മലപ്പുറത്തുകാരനാണെങ്കിലും കര്‍മംകൊണ്ട് കോഴിക്കോട്ടുകാരനായി. ഈ നഗരപാതകളില്‍ ഒരുപാടുകാലം പതിഞ്ഞു ആ പാദമുദ്രകള്‍.
അബ്ദുറഹ്മാന്‍ സാഹിബ് ‘അല്‍-അമീന്‍’ ദിനപത്രം നടത്തിയിരുന്ന കാലത്ത് വിദ്യാര്‍ഥിയായിരുന്ന റഷീദും അവിടെയെത്തിയിരുന്നു. പില്‍ക്കാലത്ത് ആര്‍.എസ്.പിയുടെ മുഖപത്രമായിരുന്ന ‘ചെങ്കതിര്‍’, ‘സഖാവ്’ എന്നീ വാരികകളുടെ പത്രാധിപരായി.
“മൂന്നുതലമുറകളായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കുടുംബമാണ് റഷീദിന്റേത്. വല്യുപ്പ മലയാംകുളത്തില്‍ മരക്കാര്‍ മുസ്‌ലിയാര്‍ ആറു മാസവും ഉപ്പ മൊയ്തു മൗലവി പത്തു വര്‍ഷവും മകന്‍ റഷീദ് മൂന്നു മാസവും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ബഹുമതി നെഹ്‌റു കുടുംബത്തിന് മാത്രമാണുള്ളത്‌ “
ബാല്യകാലം മുതല്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ഏക വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രവര്‍ത്തകനുമായി. പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവി സെല്‍ അംഗമായിത്തീര്‍ന്നു. കെ. ദാമോദരനും എന്‍.സി ശേഖറുമായിരുന്നു രാഷ്ട്രീയ ഗുരുനാഥന്മാര്‍.
ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ആ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വേര്‍പ്പെടുത്തി. പിന്നീട് ക്വിറ്റ് ഇന്ത്യാ സമരം സംബന്ധിച്ച രഹസ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പരസ്യപ്രവര്‍ത്തനങ്ങളിലും മുഖ്യപങ്കാളിയായി. അഖില കേരള വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായി. സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിയായി ജയില്‍വാസം അനുഭവിച്ച റഷീദ് ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ  വിദ്യാര്‍ഥികളെ സമരമുഖത്ത് എത്തിക്കുന്നതിലും മുന്‍പന്തിയില്‍ നിന്നു.
കോഴിക്കോട്ടെ ചാലപ്പുറം ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഒഴിവുദിനങ്ങളില്‍ പിതാവിന്റെയും അബ്ദുറഹ്മാന്‍ സാഹിബിന്റെയും കൂടെ അവര്‍ പ്രസംഗിക്കുന്നിടത്തൊക്കെ റഷീദും പോകുമായിരുന്നു.

 ‘അല്‍-അമീന്‍’ ദിനപത്രവും ‘സ്വതന്ത്രഭാരതം’ വാരികയും പ്രചരിപ്പിക്കുന്നതിനിടെ പിടിയിലായി ജയില്‍വാസമനുഭവിച്ചു. മൂന്നു മാസത്തോളം പൊന്നാനി സബ്ജയിലില്‍ തടവുകാരനായിക്കഴിയുമ്പോള്‍ പിതാവും ജയിലിലുണ്ടായിരുന്നു. പിതാവും പുത്രനും ഒരു ജയിലില്‍ താമസിച്ചുകൂടെന്ന സര്‍ക്കാര്‍ നിബന്ധനയെ തുടര്‍ന്നു മൗലവിയെ തഞ്ചാവൂരിലേക്കു മാറ്റി. ക്വിറ്റ് ഇന്ത്യാ സമരം കഴിഞ്ഞ് ഗാന്ധിജിയെയും മറ്റും വിട്ടയച്ച അവസരത്തിലാണു ജയില്‍മോചിതനായത്.
ജയിലില്‍ നിന്നിറങ്ങിയ അദ്ദേഹത്തിനു സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു. ബ്രിട്ടിഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മേലില്‍ നടത്തുകയില്ലെന്നു മാപ്പ് എഴുതിക്കൊടുത്താല്‍ പഠിക്കാന്‍ അനുമതി നല്‍കാമെന്ന് മദ്രാസ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മാപ്പു ചോദിക്കരുതെന്ന പിതാവിന്റെ ഉപദേശമനുസരിച്ചതിനെ തുടര്‍ന്ന് പഠനം നിലച്ചു. പിന്നീട് സ്വന്തമായി പഠിച്ചാണ് മെട്രിക്കുലേഷന്‍ പരീക്ഷ പാസായത്.

തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ച ‘അമീന്‍’ വാരികയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.
പ്രമുഖ രാഷ്ട്രീയ നേതാവായ സുശീല്‍ ചന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പിയുടെ ലഖ്‌നൗ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക യുവപ്രതിനിധിയായിരുന്നു റഷീദ്. മൊയ്തു മൗലവിയുടെ പുത്രനാണെന്നറിഞ്ഞതോടെ അദ്ദേഹത്തിനു പ്രത്യേക പരിഗണന നല്‍കി. പതാക ഉയര്‍ത്താന്‍ അവസരം ലഭിച്ചു. മാത്രമല്ല, അദ്ദേഹത്തോടു പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. അല്‍പം ഇംഗ്ലീഷും ഏതാനും ഹിന്ദി വാക്കുകളുമല്ലാതെ തനിക്കു ഭാഷാപരിജ്ഞാനമില്ലെന്ന് അറിയിച്ചപ്പോള്‍ മാതൃഭാഷയില്‍ പ്രസംഗിക്കാനും ആവശ്യപ്പെട്ടു.
സമ്മേളന പ്രതിനിധികളിലൊരാളായ ജാര്‍ഖണ്ഡ് റായ് റഷീദിന്റെ പ്രസംഗം ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്യാമെന്നേറ്റു. മലയാള പ്രസംഗം ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയ റായുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രതിനിധികള്‍ കരഘോഷം മുഴക്കി റഷീദിനെ പൊതിഞ്ഞു. എന്നാല്‍ റായും റഷീദും പ്രസംഗിച്ചത് എന്താണെന്ന് ഇരുകൂട്ടര്‍ക്കും അറിയില്ലായിരുന്നു. രണ്ടും പരസ്പരവിരുദ്ധമായിരുന്നു.

വര്‍ഗീയ ശക്തികള്‍ക്കെതിരേ ചെറുപ്പം മുതല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച അദ്ദേഹം തന്റെ വിശ്വാസപ്രമാണങ്ങള്‍ കാറ്റില്‍പറത്തിയ ആര്‍.എസ്.പി നേതൃത്വത്തിനെതിരേ ശക്തിയായി പ്രതികരിച്ചു. അവസരവാദപരമായ സമീപനം സ്വീകരിച്ച ആ പാര്‍ട്ടിയുമായുള്ള ബന്ധവും വിഛേദിച്ചു. പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ നിന്നു പിന്മാറിയെങ്കിലും ട്രേഡ് യൂനിയനുകളുടെ നേതാവായി ഏറെക്കാലം രംഗത്തുണ്ടായിരുന്നു.
സജീവരാഷ്ട്രീയം മതിയാക്കിയ ശേഷം ‘അല്‍-അമീന്‍’ സായാഹ്ന പത്രത്തിന്റെ ചുമതലയേറ്റെടുത്ത പിതാവിനോടൊപ്പം പ്രവര്‍ത്തിച്ച് കോഴിക്കോട്ട് സ്ഥിരതാമസമാക്കി. പത്രം പ്രസിദ്ധീകരണം നിലച്ച ശേഷവും പൊതുരംഗത്തു സജീവമായി.
‘അബ്ദുറഹ്മാന്‍ സാഹിബ്’, ‘മലബാര്‍ ചരിത്രം’, (സൗമ്യേന്ദ്രനാഥ ടാഗോറിന്റെ മലബാര്‍ സമരത്തെ സംബന്ധിച്ച് രചിക്കപ്പെട്ട ആധികാരിക രേഖയുടെ മലയാള തര്‍ജ്ജമ), ‘സഖാവ്’, ‘കെ. ദാമോദരന്‍’ തുടങ്ങി ആറു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

കറകളഞ്ഞ ദേശീയവാദിയും കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരനുമായിരുന്നെങ്കിലും പുതിയ കമ്മ്യൂണിസ്റ്റ് നിലപാടുകളോട് ശക്തമായ എതിര്‍പ്പുള്ളയാളായിരുന്നു. കമ്മ്യൂണിസം ‘കമ്മ്യൂണലിസ’മായി മാറിയ കാലമാണിതെന്ന് റഷീദ് തന്റെ വരികള്‍ക്കിടയില്‍ പലപ്പോഴും ഓര്‍മിപ്പിച്ചു.
ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ ചലനങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന ചുരുക്കം മലയാളി എഴുത്തുകാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലഹരണപ്പെട്ട തത്വസംഹിതകളുമായി അധികകാലം സഞ്ചരിക്കാനാവില്ലെന്ന വാദം ഉയര്‍ത്തിപ്പിടിച്ചുതന്നെ സാമ്രാജ്യത്വ ശക്തികളുടെ മനുഷ്യത്വരഹിതമായ സമീപനങ്ങളെ ശക്തമായി വിമര്‍ശിച്ച് ഒട്ടേറെ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്.

ഒരു പരന്ന വായനക്കാരന്‍ മാത്രമല്ല, നല്ലൊരു ചിന്തകന്‍ കൂടിയായ അദ്ദേഹത്തില്‍ നിന്നു പഴയ വിപ്ലവപോരാളിയുടെ മനസ് ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. വാര്‍ത്തകളുടെ വരികള്‍ക്കിടയില്‍ തന്റേതായ ചിന്താശകലങ്ങള്‍ കോര്‍ത്തിണക്കി വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അഭ്യര്‍ഥനയുമായി എഴുത്തില്‍ പുതിയൊരു ശൈലി തന്നെ വാര്‍ത്തെടുത്തു. നര്‍മത്തില്‍പൊതിഞ്ഞു വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചു. അതു മൂര്‍ച്ചയുള്ള അമ്പുകളായി കൊള്ളേണ്ടവര്‍ക്കു കൊണ്ടു.
മൂന്നു തലമുറകളായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കുടുംബമാണ് റഷീദിന്റേത്. വല്യുപ്പ മലയാംകുളത്തില്‍ മരക്കാര്‍ മുസ്‌ലിയാര്‍ ആറു മാസവും ഉപ്പ മൊയ്തു മൗലവി പത്തു വര്‍ഷവും മകന്‍ റഷീദ് മൂന്നു മാസവും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ബഹുമതി നെഹ്‌റു കുടുംബത്തിനു മാത്രമാണുള്ളത

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal