കെ.എം മൗലവിയുടെ രാഷ്ട്രീയ വീക്ഷണം

 
പണ്ഡിത പ്രമുഖനും രാഷ്ട്രീയ നായകനുമായിരുന്ന കെ.എം മൗലവിയുടേത് ഒരു സഫല ജീവിതമായിരുന്നു. ചരിത്രം നിര്‍മ്മിച്ച് കടന്നുപോയ ഇത്തരം മനീഷികളെക്കുറിച്ചുള്ള അനുസ്മരണം പോയ കാലത്തെക്കുറിച്ച് മനസ്സിലാക്കാനും ഭാവിയിലേക്കുള്ള വെളിച്ചമായിത്തീരാനും സഹായകമാണ്.

കെ.എം മൗലവിയുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ അഗാധ പാണ്ഡിത്യത്തോടൊപ്പം വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രീയ നായകത്വവും നമുക്ക് കാണാന്‍ കഴിയും.

മതകീയമായ തനിമ കാത്തുസൂക്ഷിച്ച നിസ്തുല വ്യക്തിത്വമായിരുന്നു കെ.എം മൗലവി. കക്കാട്ടെ തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ല്യാരില്‍നിന്ന് കേരളം മുഴുവന്‍ അറിയപ്പെടുന്ന കെ.എം മൗലവിയായി തീര്‍ന്നതില്‍തന്നെ സംഭവബഹുലമായ ആ ജീവിത ചരിത്രരേഖയുടെ വ്യതിരിക്തതയുണ്ട്. ഇസ്‌ലാംമത അനുശാസനങ്ങള്‍ തന്നെയാണ് കെ.എം മൗലവിയുടെ രാഷ്ട്രീയാഭിപ്രായം രൂപവല്‍കരിച്ചത്. ഇസ്‌ലാമിക പ്രബോധനം, മുസ്‌ലിം സമൂഹത്തിന്റെ നിര്‍മ്മിതി, നിരന്തരമായ പഠനം, സമുദായ ഐക്യം, സമാധാനപരമായ സഹവര്‍ത്തിത്വം, ദേശീയ ബോധം എന്നീ ആശയങ്ങളാണ് കെ.എം മൗലവിയുടെ രാഷ്ട്രീയ വീക്ഷണത്തെ സ്വാധീനിച്ചത്.

മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ പ്രിയശിഷ്യനായി പ്രശസ്തമായ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിക്കുന്ന 1909 മുതല്‍തന്നെ രാഷ്ട്രീയ കാര്യങ്ങള്‍ കെ.എം മൗലവി ശ്രദ്ധിക്കുമായിരുന്നു. വാഴക്കാട് മൗലാനാ ചാലിലകത്ത് അറബ് പത്രങ്ങളും മൗലാനാ ആസാദിന്റെ 'അല്‍ ഹിലാല്‍' ഉര്‍ദു പത്രവും വരുത്തിയിരുന്നു. ചാലിലകത്തിനു അലി സഹോദരന്മാരുടെ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. അലി സഹോദരന്‍മാരുടെ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യയില്‍ ഹോംറൂള്‍ പ്രസ്ഥാനവും ബ്രിട്ടീഷ് ഭരണ വിരോധവും ശക്തിപ്പെട്ടുതുടങ്ങി. മൗലാനാ ചാലിലകത്തിന്റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ ശിഷ്യന്‍ കെ.എം മൗലവിയിലേക്ക് പകര്‍ന്നു എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല.

കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായാണ് 1919 മുതല്‍ കെ.എം മൗലവിയെ നാം കാണുന്നത്. മൗലാനാ ചാലിലകത്ത് വാഴക്കാട് വിട്ട് മണ്ണാര്‍ക്കാട്ട് ദര്‍സ് നടത്തി വരവെ 1919ല്‍ നിര്യാതനായി. കെ.എം മൗലവി അല്‍പ നാളത്തെ മണ്ണാര്‍ക്കാട് വാസത്തിനുശേഷം മലപ്പുറം ചെമ്മങ്കടവില്‍ മുദരിസായി എത്തി. ഇക്കാലത്താണ് അദ്ദേഹം കോണ്‍ഗ്രസ്സിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മുഴുസമയ സംഘാടകനായിത്തീരുന്നത്.

മലബാര്‍ കലാപത്തിന്റെ സാമൂഹികാവസ്ഥയിലേക്കാണ് ഖിലാഫത്ത് പ്രസ്ഥാനം കടന്നുവരുന്നത്. നാടെങ്ങും ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ വന്നു. 1920ല്‍ മഞ്ചേരിയിലും 1921ല്‍ ഒറ്റപ്പാലത്തും നടന്ന സമ്മേളനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് മുന്നേറ്റവും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. അലി സഹോദരന്‍മാരുടെ ഉജ്ജ്വല നേതൃത്വം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ചെറുപ്പംതൊട്ടേ മൗലാനാ മുഹമ്മദലിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കെ.എം മൗലവി ഖിലാഫത്ത് കമ്മിറ്റിയുടെ ഏറനാട് താലൂക്ക് സെക്രട്ടറിയായി.

കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ പല സ്ഥലങ്ങളിലും കെ.എം മൗലവി ഖിലാഫത്ത് പ്രസ്ഥാനം സംഘടിപ്പിക്കുന്നതിനുവേണ്ടി സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തു. കെ.പി കേശവമേനോന്‍, കെ. മാധവന്‍നായര്‍, യു. ഗോപാലമേനോന്‍ എം.പി, നാരായണ മേനോന്‍, കോങ്ങാട്ടില്‍ രാമന്‍ നായര്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കടിലശ്ശേരി മുഹമ്മദ് മൗലവി, ഇ. മൊയ്തുമൗലവി തുടങ്ങിയവരോടൊപ്പം അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.

പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് 1921 ആഗസ്തില്‍ തിരൂരങ്ങാടിയില്‍ പട്ടാളം പള്ളി വളയുന്നത്. ആലി മുസ്‌ല്യാര്‍ അടക്കമുള്ള ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ നടത്തിയ നീക്കങ്ങള്‍ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. 1921 ആഗസ്ത് മുതല്‍ 1922 ഫെബ്രുവരിവരെ ഏറനാട്-വള്ളുവനാട് താലൂക്കുകള്‍ കലാപത്തിന്റെ പിടിയിലായി. ബ്രിട്ടീഷ് പട്ടാളം കിരാതമായ വേട്ട നടത്തി. ഏതാണ്ട് ആറുമാസം ഏറനാട്-വള്ളുവനാട് താലൂക്കുകള്‍ ഖിലാഫത്ത് പോരാളികളുടെ കൈകളിലായിരുന്നു.

കോണ്‍ഗ്രസ്-ഖിലാഫത്ത് സംഘാടകന്‍ എന്ന നിലയില്‍ കെ.എം മൗലവി ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളിയായിരുന്നു. അദ്ദേഹത്തിന്റെ സഞ്ചാരവും പ്രസംഗങ്ങളും നിരോധിക്കപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ സായുധസമരം നടത്തുവാന്‍ മാപ്പിളമാരെ ഇളക്കിവിട്ടു എന്നതായിരുന്നു ചുമത്തിയ കുറ്റം. വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യദ്രോഹകുറ്റം ചുമത്തിയത് 1859ലെ കുപ്രസിദ്ധമായ മാപ്പിള ഔട്ട്‌റേജസ് ആക്ട് അനുസരിച്ചായിരുന്നു. അന്നത്തെ മലബാര്‍ ജില്ലാ കലക്ടര്‍ ഇ.എഫ് തോമസ് മേലധികാരികള്‍ക്ക് അയച്ച പിടികൂടേണ്ട നേതാക്കളുടെ പട്ടികയില്‍ പന്ത്രണ്ടാം നമ്പറുകാരന്‍ തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ല്യാരായിരുന്നു. ഈ ലിസ്റ്റിലെ ആലി മുസ്‌ല്യാര്‍ക്കും ചെമ്പ്രശ്ശേരി തങ്ങള്‍ക്കും മറ്റും എന്ത് സംഭവിച്ചു എന്ന് അറിഞ്ഞാല്‍ കെ.എം മൗലവി അന്ന് പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാന്‍ കഴിയും. സഞ്ചാര സ്വാതന്ത്ര്യവും പ്രചാരണ സ്വാതന്ത്ര്യവും സൈ്വര്യപൂര്‍വ്വമായ നിത്യജീവിതവുംതന്നെ അസാധ്യമായ സാഹചര്യത്തിലാണ് ഇ.കെ മൗലവിയുടെയും എം.സി.സി അബ്ദുറഹിമാന്‍ മൗലവിയുടെയും സ്‌നേഹപൂര്‍വ്വമായ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹം 1922 ജനുവരി 14ന് സാഹസികമായി കൊച്ചി രാജ്യത്തിന്റെ ഭാഗമായ കൊടുങ്ങല്ലൂരില്‍ എത്തുന്നത്. ബ്രിട്ടീഷ് അധികാരികള്‍ക്ക് പിടികിട്ടേണ്ടിയിരുന്ന താനൂരിലെ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ല്യാര്‍ നാടുവിട്ട് ഒടുവില്‍ മക്കയിലും കട്ടിലശ്ശേരി മുഹമ്മദ് മൗലവി ഫ്രഞ്ച് അധീന പ്രദേശമായ കാരയ്ക്കലിലും എത്തിയതുപോലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ട മറികടന്നാണ് കെ.എം മൗലവി കൊടുങ്ങല്ലൂരില്‍ എത്തിയത്. വിശ്വാസ പ്രമാണങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പേരില്‍ സ്വരാജ്യം വിട്ടു നില്‍ക്കേണ്ടിവന്ന കെ.എം മൗലവി കേരള ചരിത്രത്തിലെ അപൂര്‍വ വ്യക്തികളിലൊരാളാണ്.

1922 മുതല്‍ 1933 വരെയുള്ള കൊടുങ്ങല്ലൂര്‍ വാസകാലത്താണ് തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍ 'കെ.എം മൗലവി' എന്ന പ്രശസ്തിയിലേക്ക് ഉയരുന്നത്. അടിയുറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു അദ്ദേഹം. വിദേശ വസ്ത്ര ബഹിഷ്‌കരണത്തിലും ഖാദി പ്രചാരണത്തിലും പങ്കുവഹിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ മാതൃഭൂമി ദിനപത്രത്തിന് ഷെയര്‍ പിരിക്കാനും അദ്ദേഹം ഉണ്ടായിരുന്നു.

കൊടുങ്ങല്ലൂരിലെ ജീവിതവും അവിടെ പ്രമുഖ കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന കുഴപ്പം പരിഹരിക്കാന്‍ ആരംഭിച്ച നിഷ്പക്ഷസംഘം പിന്നീട് കേരള മുസ്‌ലിം ഐക്യ സംഘമായി വളര്‍ന്നതും പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവിയുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. കെ.എം മൗലവിയുടെ രാഷ്ട്രീയ വീക്ഷണം എക്കാലത്തും അദ്ദേഹത്തിന്റെ മത വിഷയത്തിന്റെ ഭാഗംതന്നെയായിരുന്നു. നന്മ പ്രവര്‍ത്തിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന അധ്യാപനമാണ് അതിന്റെ അടിത്തറ. 'ഐക്യം' എന്ന ആശയമാണ് അദ്ദേഹം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത് 'മാനവരാശിക്കുവേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായം' എന്ന ഖുര്‍ആനിക പരികല്‍പന ജീവിതമുടനീളം അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചു.

അടിയുറച്ച കോണ്‍ഗ്രസ്സുകാരന്‍ എപ്പോള്‍ മുതലാണ് മുസ്‌ലിംലീഗുകാരനാവുന്നത് എന്നുകൂടി പരിശോധിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം വ്യക്തമായി മനസ്സിലാവുന്നത്. മലബാര്‍ കലാപത്തെ തുടര്‍ന്ന് മലബാറിലുടനീളം അരക്ഷിതാവസ്ഥ സംജാതമായി. ഖിലാഫത്ത്-കോണ്‍ഗ്രസ് കമ്മിറ്റികള്‍ നിര്‍ജീവമായി. ഈ നേതൃശൂന്യതയില്‍ സാമുദായികമായി സംഘടിക്കുക എന്ന ബോധം വന്നുതുടങ്ങി. 1931ല്‍ തലശ്ശേരി കേന്ദ്രമായി ആരംഭിച്ച മുസ്‌ലിം മജ്‌ലിസ് ഇങ്ങനെ ഒരു സംവിധാനമായിരുന്നു. 1934ല്‍ കേരള മുസ്‌ലിം ഐക്യസംഘം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും മുസ്‌ലിം മജ്‌ലിസില്‍ വിലയം പ്രാപിക്കുകയും ചെയ്തു. സാമുദായികമായി സംഘടിക്കേണ്ടതില്ലെന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനും മറ്റും അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിലര്‍ കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു.

മലബാര്‍ കലാപത്തിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. ആറുമാസത്തിനകം 220 അംഗങ്ങളില്‍ പടര്‍ന്ന കലാപത്തില്‍ പതിനൊന്നായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും പതിനയ്യായിരത്തിലധികം പേര്‍ തടവുകാരാക്കപ്പെടുകയും ചെയ്തു എന്നാണ് അനൗദ്യോഗിക കണക്ക്. അന്തമാനിലേക്ക് ഉള്‍പ്പെടെ പലരേയും നാടുകടത്തി. ഏറനാടും വള്ളുവനാടും പട്ടാള അടിച്ചമര്‍ത്തലിനു വിധേയമായി. പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം പട്ടാള താവളങ്ങളും മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ ക്യാമ്പുകളും ഉയര്‍ന്നു. കലാപ ബാധിതരെ സഹായിക്കാന്‍ ആരംഭിച്ച ചില ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംസ്ഥാന തലസ്ഥാനമായ മദിരാശി കേന്ദ്രമായി മാപ്പിള അമലിയറേഷന്‍ കമ്മിറ്റി നടത്തിയ നീക്കങ്ങളുമാണ് വീണ്ടും മലബാറില്‍ പൊതു പ്രവര്‍ത്തനം സാധ്യമാക്കിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരം ശക്തമായിരുന്നു. 1924ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച 'അല്‍ അമീന്‍' സ്വാതന്ത്ര്യ സമരത്തിനു ഊര്‍ജ്ജം പകര്‍ന്നു. പ്രശസ്തമായ ഉപ്പുസത്യഗ്രഹത്തെ 'ജിഹാദുല്‍ അക്ബര്‍' എന്നാണ് 1930 ജൂലൈ ആറിലെ അല്‍ അമീന്‍ പത്രം വിശേഷിപ്പിച്ചത്. കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ജീവമായതിനെ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ 'ഖിലാഫത്ത് സ്മരണകളി'ല്‍ വിമര്‍ശിക്കുന്നുണ്ട്. മുപ്പതുകളോടെ സാമുദായികമായ ഒരു ജാഗരണം മലബാറില്‍ സംഭവിക്കുന്നുണ്ട്. 1927ലെ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണത്തിനുശേഷം 1928ല്‍ പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണ പരിഷ്‌കാര നിര്‍ദേശങ്ങള്‍ക്കുവേണ്ട ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയുണ്ടായി. നെഹ്‌റു റിപ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഇതിലെ ശിപാര്‍ശകളില്‍ പ്രതിഷേധിച്ചാണ് മൗലാനാ മുഹമ്മദലി ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിടുന്നത്. മൗലാനാ മുഹമ്മദലിയെ മനസാ വരിച്ച കെ.എം. മൗലവിയും മൗലാനാ മുഹമ്മദലിയുടെ മലയാളത്തിലെ ജീവചരിത്രകാരനായ കെ.എം. സീതി സാഹിബും കോണ്‍ഗ്രസില്‍ നിന്ന് അകന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. കെ.എം. സീതിസാഹിബിന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു കെ.എം. മൗലവി. ഇവര്‍ രണ്ടുപേരും ഇ.കെ. മൗലവിയും ഏത് കാര്യവും പരസ്പരം കൂടിയാലോചിച്ചാണ് അഭിപ്രായങ്ങളിലെത്തിയിരുന്നത്.

സീതിസാഹിബ് 1932ല്‍ തലശ്ശേരിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1933ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ നടപടിയെ തുടര്‍ന്ന് മലബാര്‍ കലാപ കേസുകളില്‍ നിന്നു കുറ്റവിമുക്തനാക്കപ്പെട്ട കെ.എം. മൗലവി തിരൂരങ്ങാടിയിലെത്തി താമസം തുടങ്ങി. സീതിസാഹിബും കെ.എം. മൗലവിയും എപ്പോഴും പരസ്പരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്യുമായിരുന്നു.

തലശ്ശേരിയിലെ മുസ്‌ലിം ക്ലബിലെ ചര്‍ച്ചകളെ തുടര്‍ന്നാണ് 1934ല്‍ 'ചന്ദ്രിക' വാരികയായി തുടങ്ങുന്നത്. ഇതിനെക്കുറിച്ച് ആലോചിക്കാന്‍ 1934ലെ റമസാനില്‍ ഒരു തറാവീഹിനു ശേഷം തലശ്ശേരി ആലി ഹാജി പള്ളി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം. മൗലവി പങ്കെടുത്തിരുന്നു. ഒരു മുസ്‌ലിം പ്രസിദ്ധീകരണത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പായിരുന്നു 1934ല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്ക് നടന്നത്. സൗത്ത് കാനറ, മലബാര്‍, നീലഗിരി ഉള്‍പ്പെട്ട സൗത്ത് വെസ്റ്റ് കോസ്റ്റ് മുസ്‌ലിം മണ്ഡലത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഹാജി അബ്ദുസ്സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടുവും തമ്മിലായിരുന്നു മത്സരം.

രണ്ടു പേരും മുസ്‌ലിം മജ്‌ലിസുകാരായിരുന്നുവെങ്കിലും അബ്ദുറഹിമാന്‍ സാഹിബ് കോണ്‍ഗ്രസ് നേതാവും ദേശീയ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു. അക്കാലത്തെ 50 രൂപ ഭൂനികുതി അടക്കുന്നവര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം. തെരഞ്ഞെടുപ്പില്‍ സത്താര്‍ സേട്ടു ജയിച്ചു. സെന്‍ട്രല്‍ അസംബ്ലി അംഗമെന്ന നിലയില്‍ ഡല്‍ഹിയില്‍ മുസ്‌ലിം നേതാക്കളുമായുള്ള സത്താര്‍ സേട്ടിന്റെ അടുപ്പമാണ് തലശ്ശേരിയില്‍ മുസ്‌ലിംലീഗ് രൂപവല്‍ക്കരിക്കാന്‍ ഇടയാക്കിയത്

 പി.എ റഷീദ്
Posted On: 9/9/2014 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal