വാരിയന്‍കുന്നത്തിന്റെ ഓര്‍മകളുമായി ചിങ്കക്കല്ല് ; വെള്ളപ്പട്ടാളം പിടികൂടിയിട്ട് 93 വര്‍ഷം

   കാളികാവ്: വിപ്ലവകാരി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി നാട് ഭരിച്ചിരുന്ന വെള്ളപട്ടാളത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ട് 93 വര്‍ഷം പിന്നിടുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസക്കാലം മാപ്പിളമാരെ സംഘടിപ്പിച്ച് സമാന്തര ഭരണം നടത്തിയ ഹാജിയെ 1922 ജനുവരി 20 നാണ് വെടിവെച്ച് കൊന്നത്. ഇതിന്റെ നടുക്കുന്ന ഓര്‍മ്മകളാണ് കല്ലാമൂല ചിങ്കക്കല്ലിന് പറയാനുള്ളത്. ആലിമുസ്‌ലിയാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്‍നിന്നു ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്. ബ്രിട്ടീഷ് ഭരണകാലത്തും അതിന് മുമ്പും ദുഷ് പ്രഭുത്വത്തിന് കീഴില്‍ കുടിയാന്‍മാരായി കഴിഞ്ഞിരുന്ന മാപ്പിളമാര്‍ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം നാടുവാഴിത്തത്തിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. സ്വന്തമായി മണ്ണും കൃഷി ഭൂമില്ലാതെ ദുരിത ജീവിതം പേറിയിരുന്ന ഏറനാട്ടിലെ മാപ്പിളമാര്‍ക്ക് ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി സാമൂഹിക സുരക്ഷിതത്വം കുടി നഷ്ടമായിരുന്നു. മലബാര്‍ കലാപത്തിന്റെ മുമ്പ് തന്നെ ഒറ്റപ്പെട്ട് പലയിടത്തും മാപ്പിളമാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്ത് നില്‍പ്പ് തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. ഏറനാട്ടില്‍ എ പി നാരായണമേനോനും ആലിമുസ്‌ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമര വെള്ള പ്പട്ടാളത്തിന്റെ ക്രൂരമായ ചെയ്തികളോടെ ഗതിമാറുകയായിരുന്നു. തിരൂരങ്ങാടിയിലും പൂക്കോട്ടുരിലും തിരൂരിലും കലാപം ആളിപ്പടര്‍ന്നു . ഇതിനിടെ ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരെ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയവും ഉയര്‍ന്നുവന്നു. വാരിയന്‍കുന്നത്തായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍പിടിച്ചത്. പാണ്ടിക്കാട് വെച്ച് ഇതിനായി പ്രത്യേക സമ്മേളനം നടത്തി. നിലമ്പൂര്‍, പന്തല്ലുര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാടിന്റേയു അലിമുസ്‌ലിയാര്‍ക്ക് തിരൂരങ്ങാടിയുടേയും വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല സീതിക്കോയ തങ്ങള്‍ക്കും ലഭിച്ചു. വിപ്ലവസര്‍ക്കാറിന്റെ പ്രവര്‍ത്തനം ഇടക്ക് നിയന്ത്രണം തെറ്റിയതോടെ സമരക്കാരെ നേരിടാന്‍ വെള്ള പ്പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി മാപ്പിളമാരെ അടിച്ചൊതുക്കലിന്റെ ഭാഗമായി സ്ത്രീകളേയും കുട്ടികളേയും വരെ പട്ടാള ദ്രോഹിച്ചു. ഇതിനിടയില്‍ ആലിമുസ്‌ലിയാരു ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെവാരിയന്‍കുന്നത്ത് തന്റെ പ്രവര്‍ത്തത്തന മേഖല നിലമ്പൂരിലേക്ക് മാറ്റി. കിഴക്കന്‍ മലയോരത്തെ കാടുകളില്‍ ഒളിച്ചുപാര്‍ത്തായി പിന്ന പോരാട്ടം. ചോക്കാട് കല്ലാമൂല വനത്തില്‍ താമസിച്ച് അദ്ദേഹം വെള്ളക്കാര്‍ക്കെതിരെ ഒളിപ്പോര്‍ പോരാട്ടം തുടര്‍ന്നു. എന്നാല്‍ വാരിയന്‍കുന്നത്തിനെ ഏതു രീതിയിലും പിടികൂടുക എന്ന ലക്ഷ്യവുമായി മലാബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ബാറ്ററി എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപവത്കരിച്ചു. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കല്ലാമൂലയില്‍ ഇന്ന് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന സ്ഥലത്ത് ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദാജിയേയും 27 അനുയായികളേയും ഈ സേന പിടികൂടി. അനുരജ്ഞന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ ചതിയില്‍ പിടികൂടുകയായിരുന്നുവെന്നാണ് കെ എന്‍ പണിക്കരുള്‍പ്പടെയുള്ള ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തയിരിക്കുന്നത്. തുടര്‍ന്ന് കാളികാവ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടി വഴിയുമെല്ലാം അടുത്ത ദിവസ മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

ശിഹാബ് മാളിയേക്കല്‍
സിറാജ്

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal