ഫോട്ടോ ഗാലറി - താനൂർ കുഞ്ഞിക്കാദർ

ഉമൈത്താനകത്ത് കുഞ്ഞിക്കാദർ

മലപ്പുറം താനൂരിൽ ജീവിച്ചിരുന്ന; മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ പങ്കെടുത്ത ഒരു വ്യക്തിയാണ് ഉമൈത്താനകത്ത് കുഞ്ഞിക്കാദർ. താനൂർ ആയിരുന്നു ജന്മസ്ഥലം. തീരദേശ പ്രദേശമായ താനൂരിൽ ഖിലാഫത്ത് പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. സമരത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് അദ്ദേഹം താനൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും ആളുകളെ സംഘടിപ്പിച്ചു. 1918ൽ കോഴിക്കോട് കടപ്പുറത്ത് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ഖിലാഫത്ത് - കോൺഗ്രസ് സമ്മേളനത്തിലൂടെയാണ് കാദർ നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത്. കുഞ്ഞിക്കാദറിൻെറയും ഗുരുനാഥനായിരുന്ന താനൂർ പരീക്കുട്ടി മുസ്ലിയാരുടേയും നേതൃത്വത്തിൽ താനൂർ മാടത്തിൽ മൈതാനത്ത് നടന്ന ഖിലാഫത്ത് സമ്മേളനം ശ്രമഫലമായി വലിയ വിജയമായിരുന്നു. ശേഷം താനൂരിലെ തൻെറ കച്ചവട സ്ഥാപനം മറ്റൊരാളെ ഏൽപിച്ച് ഖിലാഫത്തിൻെറ മുഴുവൻ സമയ പ്രവർത്തകനായി രംഗത്തിറങ്ങിയ കുഞ്ഞിക്കാദർ താമസിയാതെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. താനൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാർക്കിടയിൽ ഖിലാഫത്ത് പ്രചാരണത്തിനായി കാദർ ഏറെ ശ്രമങ്ങൾ നടത്തി.

1920ൽ താനൂരിൽ കുഞ്ഞിക്കാദറിന്റെ നേതൃത്വത്തിൽ ഖിലാഫത്ത് കമ്മിറ്റി യോഗം ചേരാനായി ശ്രമം തുടങ്ങി. ഈ സമ്മേളനത്തിലൂടെ തങ്ങൾക്കെതിരെ കുഞ്ഞിക്കാദറിൻെറ നേതൃത്വത്തിൽ വൻ നീക്കം നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ സമ്മേളനം നടത്തരുത് എന്ന് ബ്രിട്ടീഷുകാർ ഉത്തരവിട്ടു. എന്നാൽ ഖിലാഫത്ത് നേതാക്കൾ സമ്മേളനത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല. 1920 ആഗസ്റ്റ് 20ന് തിരൂരങ്ങാടി പള്ളി പട്ടാളം ആക്രമിച്ചെന്ന വാർത്ത വന്നതിനെ തുടർന്നാണ് കുഞ്ഞിക്കാദറും സംഘവും താനൂരിൽ നിന്നും പുറപ്പെട്ടു. പരപ്പനങ്ങാടിക്കടുത്ത പന്താരങ്ങാടിയിൽവെച്ച് കുഞ്ഞിക്കാദറിനെയും സംഘത്തെയും പട്ടാളം വളഞ്ഞു. തുടർന്ന് കാദറിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. ആ ധീരദേശാഭിമാനിയെ പിന്നീട് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി. താനൂരിലെ സിംഹക്കുട്ടി എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

കുഞ്ഞിക്കാദർ ജീവിച്ച വീട് താനൂർ ടിപ്പു സുൽത്താൻ റോഡിനടുത്ത് ഇന്നും നിലനിൽകുന്നുണ്ട്. ഈ വീടിന്റെ വാതിലുകളിലും ജനാലകളിലും പട്ടാളം ഇരുമ്പുകമ്പി കൊണ്ട് തകർക്കാൻ ശ്രമിച്ചതിന്റെ പാടുകൾ ഇന്നും കാണാം. വീടിനോട് ചേർന്നുള്ള അദ്ദേഹത്തിൻെറ ഓഫീസ് മുറിയും ഇപ്പോഴുമുണ്ട്.

വിവരണത്തിനു കടപ്പാട്: വിക്കിപീഡിയ
ബ്രിട്ടീഷ് പട്ടാളം തകർത്ത വാതിൽ
ചിത്രം: മാധ്യമം

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal