മലബാര്‍ കലാപത്തിന് 93 വയസ് മങ്കടയിലുണ്ട് ചരിത്രം രേഖപ്പെടുത്താതെ പോയ പതിനഞ്ച് രക്തസാക്ഷികള്‍


മങ്കട: രാജ്യത്തെ സ്വാതന്ത്ര്യസമരത്തില്‍ ഒട്ടേറെ പേര്‍ക്ക് ജീവന്‍ബലി കൊടുക്കേണ്ടി വന്ന മലബാര്‍ കലാപത്തിന് ഇന്ന് 93 വയസ് തികയുമ്പോള്‍ മങ്കടക്കുമുണ്ട് മങ്ങാത്ത ചില ഓര്‍മ്മകള്‍.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വള്ളുവനാടന്‍ ഗ്രാമാന്തരങ്ങളില്‍ പിടഞ്ഞ് വീണത് നിരവധി പേരാണ്. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലും നിലമ്പൂരിലും നടന്ന ലഹളയുമായി ബന്ധപ്പെട്ടാണ് വള്ളുവനാടന്‍ രാജവംശത്തിന്റെ അധീനതയിലുള്ള മങ്കടയിലും മാപ്പിളമാര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കിന് മുമ്പില്‍ ഇരകളാവേണ്ടി വന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. കര്‍ഷകരും യുവാക്കളുമായ ഒട്ടേറെ മാപ്പിളമാരാണ് രക്തസാക്ഷിത്വം വഹിച്ചത്.
വെള്ളില യു.കെ പടിയില്‍ പന്തല്ലൂല്‍ മലയുടെ ചെരുവില്‍ ഓട്ടുപാറയുടെ മുകളിലാണ് ഗൂര്‍ഖാസ് പട്ടാളം തമ്പടിച്ചിരുന്നത്. ഈ പ്രദേശം ഗൂര്‍ഖാസ് പാറ എന്നപേരിലാണ് ഇന്നും അറിയപ്പെടുന്നത്. ഇവിടെ തമ്പടിച്ചിരുന്ന ഗൂര്‍ഖകള്‍ മങ്കടയിലെ വള്ളുവനാടന്‍ രാജവംശത്തിന്റെ അധികാര കേന്ദ്രങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴിപ്പടി, അരിപ്ര കോവിലകങ്ങള്‍ക്ക് സംരക്ഷണവും നല്‍കിയിരുന്നു.

അങ്ങിങ്ങായി നടക്കുന്ന മലബാര്‍ കലാപത്തിന്റെ വിവരങ്ങള്‍ അറിയുമ്പോള്‍ ഭീതിയോടെ കഴിഞ്ഞിരുന്ന മങ്കടയിലെ മാപ്പിള സഹോദരങ്ങളെ യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ച് വീഴ്ത്തിയെന്ന് പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു.

വെള്ളിലയില്‍ വൈശ്യര്‍പാടത്ത് തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം തേകിക്കൊണ്ടിരിക്കുകയായിരുന്ന അഞ്ച് കര്‍ഷകരെയാണ് ബ്രിട്ടീഷ് പട്ടാളം വകവരുത്തിയത്. പുത്തന്‍വീട്ടില്‍ പ്രദേശത്തെ ചാളക്കത്തൊടി, മാരാതൊടി എന്നീ കുടുംബത്തില്‍പെട്ട മൊയ്തീന്‍കുട്ടി, മരക്കാര്‍ എളാപ്പ, അസ്സന്‍മോയു, കുഞ്ഞിപ്പോക്കര്‍, മരക്കാര്‍ എന്നിവരാണ് അന്ന് രാജ്യ സ്വാതന്ത്ര്യത്തിനായി ശഹീദാകേണ്ടി വന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ വെടിയേറ്റിട്ടും മരണപ്പെടാത്തതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പട്ടാളം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും പറയപ്പെടുന്നു.
കടന്നമണ്ണയിലെ പട്ടിക്കാട്ട്പ്രദേശത്ത് വയലില്‍ കൃഷിപ്പണിയെടുക്കുകയായിരുന്ന കര്‍ഷകതൊഴിലാളികളായ മൂന്ന് പേരെയും വെള്ളപ്പട്ടാളം വകവരുത്തിയിട്ടുണ്ട്. നരിക്കുന്നന്‍ സഹോദരങ്ങളായ സൈതാലി, അയമുട്ടി, മോയിന്‍ എന്നിവരാണ് കൃഷിയിടത്തില്‍ പിടഞ്ഞ് വീണത്. മരണപ്പെട്ട മാപ്പിളമാരുടെ മയ്യിത്തുകള്‍ മറവ് ചെയ്യാന്‍ പോലും അനുവദിക്കാത്തതിനെ തുടര്‍ന്ന് രണ്ട് പ്രദേശങ്ങളിലായി വീട്ടുവളപ്പിലാണ് ഇവരെ മറവ് ചെയ്തത്.

ബ്രിട്ടീഷ് പട്ടാളത്തോട് പടപൊരുതിയെന്നതിന്റെ പേരില്‍ യു.കെ പടിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയും ഈ പട്ടാളം വകവരുത്തിയിട്ടുണ്ട്. കളത്തില്‍ തൊടിക എന്ന പ്രദേശത്ത് ഇവരുടെ ഖബറിടങ്ങള്‍ കാണാനാവും. വെടിവെച്ച് കൊന്നിട്ടും അരിശം തീരാത്ത പട്ടാളം മൃതശരീരത്തിന് തീകൊളുത്തിയെന്നും പഴമക്കാര്‍ പറയുന്നു.

ഖിലാഫത്തിന്റെ ഇരകളായി രണ്ടുപേരെ കടന്നമണ്ണ ജുമാമസ്ജിദിലും ഖബറടക്കിയിട്ടുണ്ട്. വേരുംപുലാക്കലിലെ കൂരിപ്പാറ ഹസ്സന്‍ കുട്ടി സാഹിബ് വെടിയേറ്റ് വീണത് കടന്നമണ്ണ പള്ളിയുടെ പരിസരത്തായിരുന്നു. മങ്കട കോവിലകത്തെ ലക്ഷ്യമാക്കി പോവുകയായിരുന്ന ഗൂര്‍ഖാസ് കടന്നമണ്ണയിലെ ഒരു വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്ന ഹസ്സന്‍കുട്ടിയെ ഏതാനും ദൂരത്ത് നിന്നു തന്നെ വെടിവെച്ചിടുകയായിരുന്നു.

മങ്കട കോവിലകം സംരക്ഷിക്കാന്‍ മാപ്പിളമാര്‍ കാവലിരിക്കുമ്പോള്‍ തന്നെ ചേരിയംമലയിലേക്ക് മുളവെട്ടാന്‍ പോവുകയായിരുന്ന തൊഴിലാളികളെ കണ്ട് കോവിലകം അക്രമിക്കാന്‍ വരുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ചേരിയം മലയിലേക്ക് പുറപ്പെട്ട പട്ടാളം വഴിയിരകിലുള്ള വീട്ടില്‍ നില്‍ക്കുകയാരുന്ന കോരിയാട്ടില്‍ കുഞ്ഞിമൊയ്തുവിനെയും വെടിവെച്ച് കൊന്നിരുന്നു. ഇരുവരെയും കടന്നമണ്ണ ജുമാമസ്ജിദിലാണ് മറവു ചെയ്തത്.

ലഹളക്കാര്‍ വരുന്നത് തടയാന്‍ മങ്കടയിലെ കോവിലകങ്ങള്‍ക്ക് കാവലിരുന്നത് മങ്കടയിലെ മാപ്പിളമാരായിരുന്നു. സ്വാതന്ത്ര്യ സമരപോരാട്ടവുമായി ബന്ധപ്പെട്ട് മങ്കടയിലുള്ള രക്തസാക്ഷികളെ പക്ഷേ ലോകം അറിയാതെ പോവുകയായിരുന്നു. ചരിത്ര ലേഖനങ്ങളിലും മറ്റും ഈ സംഭവങ്ങള്‍ കടന്ന് വന്നതുമില്ല.

ഇന്നും പഴമക്കാരുടെ മനസ്സില്‍ മായാതെ കിടക്കുന്ന തീക്ഷ്ണമായ ഓര്‍മകളിലാണ് ഈ ചരിത്രം രേഖപ്പെട്ടുകിടക്കുന്നത്. ആ ഓര്‍മകള്‍ മാത്രമാണ് ഇത് സംബന്ധിച്ച ആധികാരികമായ വിവരവും. ഇത്തരം ചരിത്ര സംഭവങ്ങള്‍ പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ വെള്ളിലയിലെ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ച പുത്തന്‍വീട്ടിലെ ഖബറിടത്തില്‍ മങ്കട ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സ്മാരകമാണ് മങ്കടയിലെ ഖിലാഫത്ത് ഇരകളെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്.

8/19/2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal