മലബാര്‍ കലാപം വസ്തുത എന്ത്?


ചരിത്ര വസ്തുതകളെ വ്യാഖ്യാനിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അതിന്റേതായ രീതിശാസ്ത്രമുണ്ട്. ലോകമെങ്ങുമുള്ള സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഇത്തരം ഒരു രീതിശാസ്ത്രത്തെ പൊതുവെ സ്വീകരിക്കാറുണ്ട്. എന്നാല്‍, കൊളോണിയല്‍ ചരിത്രരചനാ രീതി ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. തങ്ങളുടെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും സാധൂകരിക്കുകയാണെന്നതിന്റെ ലക്ഷ്യം. അതിന്റെ ആത്യന്തികമായ വിശകലന രീതി തങ്ങളുടെ രാഷ്ട്രീയലക്ഷ്യം സാധ്യമാക്കുന്നതിനാവശ്യമായ വിശകലനരീതി സ്വീകരിക്കുകയെന്നതാണ്.

ഇതേ രീതി പിന്തുടര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം എടപ്പാളില്‍വച്ച് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മലബാര്‍ കലാപം വര്‍ഗീയ കലാപമായിരുന്നുവെന്നും മലബാറില്‍ ആദ്യമായി ഹിന്ദുക്കള്‍ക്കു നേരെ മുസ്‌ലിംകള്‍ ഉയര്‍ത്തിയ ജിഹാദിന്റെ ആരംഭമായിരുന്നുവെന്നും മറ്റും പ്രസ്താവിച്ചു കണ്ടു. എന്നാല്‍, ഏതെല്ലാം കൈവഴികളിലൂടെയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും അതിന്റെ ഭാഗമായ സ്വാതന്ത്ര്യസമരവും മുന്നേറിയിരുന്നതെന്നും അവയുടെ അടിസ്ഥാന ലക്ഷ്യം എന്തായിരുന്നുവെന്നും ഇത്തരം രാഷ്ട്രീയ നേതൃത്വത്തോട് ചരിത്രകാരന്മാര്‍ ഉപദേശിച്ചിട്ട് കാര്യമില്ല. അവര്‍ക്ക് അവരുടേതായ ചരിത്ര വ്യാഖ്യാനവും ലക്ഷ്യവും കാണും. മലബാര്‍ കലാപത്തോടും ഗോസംരക്ഷണത്തോടും ടിപ്പു സുല്‍ത്താന്‍, ഔറംഗസീബ്, എന്തിന് അക്ബര്‍ ചക്രവര്‍ത്തിയടക്കമുള്ളവരോടു പോലും ഇവരുടെ സമീപനം ഇത്തരത്തില്‍ വികലമായ ഒന്നാണ്.

മലബാര്‍ കലാപത്തിന്റെ പ്രാരംഭമായ ഖിലാഫത്ത്, കുടിയാന്‍ സമ്മേളനങ്ങള്‍, ദേശീയതയുടെ ആശയങ്ങള്‍, ജന്മിമാരുടെ അക്രമങ്ങള്‍, ഹിന്ദുജന്മിമാര്‍ മുസ്‌ലിം കുടിയാന്മാരോട് നടത്തിയ അക്രമങ്ങള്‍, പള്ളികള്‍ സ്ഥാപിക്കാനുള്ള നിയന്ത്രണങ്ങള്‍, ബ്രീട്ടീഷ് ഭരണത്തിന്റെ കൊളോണിയല്‍ ചൂഷണങ്ങള്‍, അവര്‍ നടത്തിയ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയങ്ങള്‍, ഗ്രാമീണ ദാരിദ്ര്യം, 1921ന് മുമ്പ് എത്രയോ പ്രാവശ്യം നടന്ന തെക്കെ മലബാറിലെ പൊട്ടിത്തെറികള്‍, ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ മുന്‍ പ്രാബല്യത്തോടെയുള്ള പട്ടാളനിമയം, പട്ടാളക്കോടതികള്‍, അവയുടെ മുമ്പിലെ കള്ളസാക്ഷികള്‍, പേടിപ്പിച്ചും പീഡിപ്പിച്ചും ഉണ്ടാക്കുന്ന സാക്ഷിമൊഴികള്‍, മാപ്പിളസ്ത്രീകള്‍ക്കെതിരെയുണ്ടായ അവമതികള്‍, പട്ടാളം നടത്തുന്ന മാര്‍ച്ചുകളിലെ ഭീകരതകള്‍ ഇങ്ങനെ എത്രയെത്ര കൈവഴികളിലൂടെയാണ് 1921 ഓഗസ്റ്റ് മുതല്‍ 1922 മാര്‍ച്ച് വരെ മലബാര്‍ കലാപം അരങ്ങേറിയതെന്ന് ചരിത്രത്തെയും അതിന്റെ രചനാശാസ്ത്രത്തേയും വര്‍ഗീകരിക്കുന്ന ഈ വര്‍ഗീയവാദികള്‍ സംഭവത്തിന്റെ ഒരു നൂറ്റാണ്ടിനുശേഷവും മനസ്സിലാക്കുന്നില്ലെന്നത് ഒരു രാഷ്ട്രത്തിന്റെ നിര്‍ഭാഗ്യം എന്ന് പറയേണ്ടിവരുന്നു.

മലബാര്‍ കലാപം 1857നു ശേഷം ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിനു നേരെയുണ്ടായ ഏറ്റവും വലിയ സായുധ സമരമായിട്ടാണ് അവരുടെ പട്ടാള മേധാവികള്‍ തന്നെ ചിത്രീകരിച്ചിട്ടുള്ളത്. നേതൃത്വം നഷ്ടപ്പെട്ട ഒരു മതസമൂഹം തങ്ങള്‍ക്ക് കിട്ടിയ കൈക്കോട്ടും കത്തിയുമായി, വടിവാളും കുന്തവുമായി ഒരു വലിയ സൈന്യത്തെ, സധൈര്യം നേരിട്ടു. ശത്രുക്കള്‍ കീഴടക്കിയ ഒരു പ്രദേശത്തെ അഥവാ അന്യദേശത്തെ തിരിച്ചുപിടിക്കുന്ന സൈനികതന്ത്രം അവര്‍ സ്വീകരിച്ചപ്പോള്‍ കുറേ മാസങ്ങള്‍ വള്ളുവനാടന്‍ പ്രദേശങ്ങള്‍ കൊളോണിയല്‍ ഭരണത്തില്‍നിന്ന് സ്വതന്ത്രമായിത്തീര്‍ന്നു. ആ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജനസമൂഹം- അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും വലിയ വിലകൊടുത്തു.

സ്പാനിഷ് കൊളോണിയല്‍ ഭരണത്തിനെതിരെ ക്യൂബയിലെ സാധാരണ കരിമ്പുകൃഷിക്കാരായ മമ്പീസകള്‍ 1860കളില്‍ നടത്തിയ ഉജ്ജ്വല സമരത്തിന്റെ പ്രതിധ്വനികള്‍ മലബാര്‍ കലാപത്തില്‍ ചരിത്രഗവേഷകര്‍ക്ക് കേള്‍ക്കാവുന്നതാണ്. ഇതിനെ ഹിന്ദുക്കള്‍ക്കെതിരായ ജിഹാദായി വ്യാഖ്യാനിക്കുന്നവര്‍ ലോകചരിത്ര സംഭവങ്ങളെ അവഗണിക്കുന്നവരെ പല്ലവഗ്രാഹികളെന്ന് പറയേണ്ടിവരുന്നതില്‍ ദുഃഖിക്കട്ടെ. ഒരേ മതത്തില്‍, ഒരേ സമയം ജുമാ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരായ വടക്കെ മലബാര്‍ മാപ്പിളമാര്‍ എന്തുകൊണ്ട് ഈ ജിഹാദ് എന്ന് വിളിക്കപ്പെടുന്ന പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്നില്ലെന്നതിനും ഇവര്‍ക്ക് ഉത്തരം ഇല്ലെന്നത് തീര്‍ച്ചയാണ്. കാരണം ഇവിടെ നടന്നത് ജിഹാദ് ആയിരുന്നില്ലെന്നതുതന്നെ. ജാന്‍ ചെമ്പനോ തുടങ്ങിയ പണ്ഡിതന്മാര്‍ക്ക് മാത്രമേ ഇതിന്റെ കാരണം മനസ്സിലാവുകയുള്ളൂ. കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ അടിസ്ഥാന ശക്തി കാര്‍ഷിക സമൂഹങ്ങളാണ്.

ഗാന്ധിജിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം മലബാര്‍ കലാപത്തെ പൂനെ സമ്മേളനത്തില്‍ അഹിംസാധിഷ്ഠിതമല്ലെന്ന നിലയില്‍ തള്ളിപ്പറഞ്ഞതില്‍ ചരിത്രകാരനായ ആര്‍.സി മജ്ജുംദാര്‍ ന്യായീകരണം കണ്ടെത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ പഠനം അടിസ്ഥാനമാക്കി ഒരവസരം മലബാര്‍ കലാപകാരികളില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് ഗവണ്‍മെന്റ് തന്നെ രാഷ്ട്രീയ പെന്‍ഷന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, ഇന്ദിരാഗാന്ധി പില്‍ക്കാലത്ത് സ്വീകരിച്ച നടപടികള്‍ അതായത് 1947 വരെയുള്ള എല്ലാ സമരങ്ങളും സ്വാതന്ത്ര്യസമരമാണെന്ന നയം മലബാര്‍ കലാപത്തിനും ബാധകമാക്കി.

അവര്‍ വര്‍ഗീയ കലാപകാരികള്‍ക്കും ജിഹാദികള്‍ക്കുമാണ് വിശിഷ്ടമായ പെന്‍ഷന്‍ നല്‍കിയതെന്ന് പറയുവാന്‍ ചരിത്രം പഠിച്ചവരും മുമ്പോട്ടുവരുമെന്ന് തോന്നുന്നില്ല. അതിനാല്‍ മലബാര്‍ കലാപം എന്തായിരുന്നുവെന്ന് ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തകരെ കാലം എന്ന ഗുരുനാഥന്‍ തന്നെ പഠിപ്പിക്കുമാറാകട്ടെ!

ഡോ.കെ.കെ.എന്‍ കുറുപ്പ് (മുന്‍ വി.സി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) സുപ്രഭാതം ദിനപത്രം October 11, 2017

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal