അധികാരികള്‍ കനിയുന്നില്ല; കണ്ണമംഗലത്തെ ദേശാഭിമാനികള്‍ക്ക്‌ സ്‌മാരകമായില്ല

രാജ്യത്തിനായി വീരചരമം പ്രാപിച്ച കണ്ണമംഗലത്തെ ധീരദേശാഭിമാനികള്‍ക്ക്‌ സ്‌മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികാരികള്‍ കനിയുന്നില്ല.ദേശീയ സ്വതന്ത്ര സമരത്തിന്റെ ഭാഗമായി 1921ലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തോട്‌ ഏറ്റുമുട്ടി വീരമൃത്യു വരിച്ച73 പേരാളികളുടെ ഭൗതിക ശരീരങ്ങളാണു ഇവിടെ കുടികൊള്ളുന്നത്‌. ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ വീരചരമം പ്രാപിച്ചതും അല്ലാത്തതുമായ ധീരപുരുഷന്മാരെ സ്വാതന്ത്ര്യാനന്തരം രാജ്യം ആദരിക്കുകയും സ്‌മാരകങ്ങള്‍ നിര്‍മിച്ച്‌ സ്‌മരണ നിലനിര്‍ത്തുകയും ചെയ്‌തപ്പോഴും ഇവരെ അവഗണിക്കുകയായിരുന്നു.


പാണ്ടിക്കാട്‌, കൊന്നാര, ചെറുവാടി, താമരശ്ശേരി, ക്ലാരി, പുത്തൂര്‍ പ്രദേശങ്ങളിലെല്ലാം മാപ്പിള പോരാളികളും ബ്രിട്ടീഷ്‌ സൈന്യവും നേരിട്ടു ഏറ്റുമുട്ടിയെങ്കിലും പൂക്കോട്ടുര്‍ യുദ്ധം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ച ഏറ്റുമുട്ടല്‍ നടന്നതിവിടെയാണ്‌. കണ്ണമംഗലവും മാപ്പിള പോരാളികളുടെ സൈനിക താവളമായിരുന്ന പടപ്പറമ്പും ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ വരെ ഇന്നും പാഠ്യവിഷയമാണ്‌.കണ്ണമംഗലം പഞ്ചായത്തില്‍ വേങ്ങര അച്ചനമ്പലം റോഡിന്റെ കിഴക്കുവശത്ത്‌ പൂച്ചോലമാട്‌ അങ്ങാടിയോട്‌ ചേര്‍ന്നാണ്‌ ഇവരുടെ ഖബറിടം. മലബാര്‍ പ്രക്ഷോഭത്തിലെ നിറസാന്നിധ്യമായ നെല്ലിക്കുത്ത്‌ പാലത്ത്‌മൂലയില്‍ ഇരിക്കുന്നന്‍ ആലിമുസ്ലിയാരുടെ ആഹ്വാനം കേട്ട്‌ സമരഭൂമികയിലേക്ക്‌ എടുത്തു ചാടിയവരായിരുന്നു ഇവര്‍.

ഓടക്കല്‍ കുടുംബാംഗവും ഊരകം മലയില്‍ താമസക്കാരനുമായ മൊയ്‌തീന്‍ കുട്ടി മുസ്ലിയാര്‍ ഇവരില്‍ പ്രമുഖനായിരുന്നുവെന്ന്‌ ചരിത്രരേഖകള്‍ പറയുന്നു. ഊരകം കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പിന്നീടത്‌ പടപ്പറമ്പിലേക്കു മാറ്റി. ഇതോടെ പടിഞ്ഞാറന്‍ ഏറനാട്ടിലെ ബ്രിട്ടീഷ്‌ വിരുദ്ധസേനയുടെ താവളമെന്ന നിലക്ക്‌ പടപ്പറമ്പ്‌ ശ്രദ്ധിക്കപ്പെട്ടു.
ഈ സൈനിക കേന്ദ്രത്തില്‍ നിന്ന്‌ മലബാറിലെ വിവിധ ഭാഗങ്ങളിലേക്ക്‌ ബ്രിട്ടീഷുകാരുമായി യുദ്ധത്തിനു ചെറുസംഘങ്ങളെ അയക്കാറുണ്ടായിരുന്നു. ഇത്‌ കണ്ണമംഗലത്തെയും പടപ്പറമ്പിനെയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാക്കി മാറ്റി.

അക്രമോത്സുകരായ ഇംഗ്ലീഷ്‌ പട്ടാളം സൈനിക വ്യൂഹത്തോടെ പടപ്പറമ്പ്‌ ലക്ഷ്യമാക്കി നീങ്ങിയ വിവരമറിഞ്ഞ മൊയ്‌തീന്‍കുട്ടി മുസ്‌്ലിയാരും അനുയായികളും അവരെ നേരിടാനൊരുങ്ങി. തന്ത്രപ്രധാനമായി സ്‌ഥലമെന്ന നിലയ്‌ക്ക് ഒരു കിലോമീറ്റര്‍ ഇപ്പുറത്തുള്ള തോന്നിയില്‍ അധികാരിയുടെ തറവാട്ടില്‍ കടന്നുകൂടുകയായിരുന്നു ഇവര്‍.

അക്കാലത്ത്‌ ഏറെ വിജനമായി കിടന്നിരുന്ന ഈ പ്രദേശത്ത്‌ ഒരാള്‍ പൊക്കത്തിലുള്ള ചെങ്കല്‍ നിര്‍മിത ചുറ്റുമുതിലോടു കൂടിയ ബഹുനില തറവാടുള്ളതും ആഴമേറിയ കിണറിന്റെ ഒരു ഭാഗം തുരന്ന്‌ നിരവധി കല്‍പടവുകളോടു കൂടി ക്ഷേത്രക്കുളമുള്ളതും ഒളിയുദ്ധത്തിന്‌ ഏറ്റവും അനുയോജ്യ സ്‌ഥലമായി കണ്ടതിനാലാവണം സുരക്ഷിത താവളമായി തോന്നിയില്‍ തറവാട്‌ തെരഞ്ഞെടുത്തതെന്ന്‌ ചരിത്രാന്വേഷികള്‍ വിലയിരുത്തുന്നു.


കേന്ദ്രം വളഞ്ഞ പട്ടാളവും പോരാളികളും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ മൊയ്‌തീന്‍കുട്ടി മുസ്‌്ലിയാരും 72 അനുയായികളും കൊല്ലപ്പെടുകയായിരുന്നു. 1921 ഒകേ്‌ടാബര്‍ 17നായിരുന്നു സംഭവം. വീരചരമമടഞ്ഞ 73 പേരെയും ഒരുമിച്ച്‌ തൊട്ടടുത്താണ്‌ ഖബറടക്കിയത്‌. പൂപ്പില്‍ അബൂബക്കറും സഹോദരന്മാരും ഇവരില്‍ പ്രധാനികളാണെന്ന്‌ ചരിത്ര രേഖകളില്‍ കാണുന്നു.

News @ Mangalam Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal