.

വിപ്ലവകാരിയായ കർമയോഗി

മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ്‌ പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല.

മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ.  1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മ‍ൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ സങ്കടനിവാരണസംഘം സ്ഥാപിച്ച അദ്ദേഹം കോൺഗ്രസ് പ്രവർത്തനങ്ങളുമായി ഈ സംഘത്തിന്റെ പ്രവർത്തനം സംയോജിപ്പിച്ചു.   1916-ൽ അങ്ങാടിപ്പുറത്ത് കുടിയാൻ സമ്മേളനം വിളിച്ചുചേർത്ത് തന്റെ പ്രവർത്തനങ്ങൾ ധാരണക്കാർക്കുവേണ്ടിയാണെന്ന് അദ്ദേഹം തെളിയിച്ചു. 1910 മുതൽ 1921 വരെയുള്ള കാലയളവിൽ എം.പി. നാരായണമേനോനും അദ്ദേഹത്തിന്റെ സന്തതസഹചാരി കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും കോൺഗ്രസ് പ്രവർത്തനത്തിന്റെ കൂടെ കർഷകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായി. 

 1919-ൽ മലബാർ കുടിയാൻ സംഘം രൂപവത്‌കരിച്ചുകൊണ്ട്‌ മലബാറിലുടനീളം എം.പി. നാരായണമേനോനും കട്ടിലശ്ശേരിയും സഞ്ചരിച്ചു. 1920-ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസിന്റെ അഞ്ചാമത് മലബാർ രാഷ്ട്രീയസമ്മേളനത്തിൽ മൂവായിരത്തോളം മാപ്പിളകർഷകരെയാണ്‌ ഇവർ പങ്കെടുപ്പിച്ചത്‌. 1921 ഏപ്രിലിൽ ഒറ്റപ്പാലത്തു നടന്ന കെ.പി.സി.സി.യുടെ പ്രഥമ സംസ്ഥാനസമ്മേളനം വിജയിപ്പിക്കുന്നതിലും എം.പി. നാരായണമേനോൻ വലിയ പങ്കുവഹിച്ചു. 1919-ൽ എം.പി. ഏറനാട് താലൂക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. വക്കീൽപ്പണി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തനത്തിനിറങ്ങി. 

മലബാറിലെ അബുത്വാലിബ് എന്നാണ് ആദരപൂർവം മുസ്‌ലിം സഹോദരൻമാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. ലുങ്കിയും ബനിയനും ധരിച്ച്‌ മാപ്പിളവേഷത്തിലായിരുന്നു എം.പി. പലപ്പോഴം രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയിരുന്നത്‌. കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ, കെ.എം. മൗലവി. ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എന്നിവർ എം.പി.യുടെ സമകാലീനരും സഹപ്രവർത്തകരുമായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചപ്പോൾ എം.പി.യുടെയും കട്ടിലശ്ശേരിയുടേയും പരിശ്രമം മൂലം ഓരോ അംശത്തിലും ഖിലാഫത്ത് കമ്മിറ്റികൾ രൂപവത്‌കരിക്കപ്പെട്ടു.  ആലി മുസ്‌ലിയാരെ നിസ്സഹകരണപ്രസ്ഥാനത്തിലേക്കിറക്കിയതിൽ എം.പി. വലിയ പങ്കുവഹിച്ചു. ഗാന്ധിയൻ സമരരീതിയായ അഹിംസയിലൂടെയും അക്രമരാഹിത്യത്തിലൂടെയുമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സമരം ചെയ്യേണ്ടതെന്ന് ആലി മുസ്‌ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരെ ബോധ്യപ്പെടുത്തുകയും അഹിംസാത്മകമായ സമരത്തിലൂടെ ഖിലാഫത്ത്-കോൺഗ്രസ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 
1921 സപ്തംബർ 10-ന് മാപ്പിള ഔട്ട്‌റേജ്യസ് ആക്റ്റ് പ്രകാരവും പട്ടാളനിയമം പ്രാബല്യത്തിൽ വന്നതു പ്രകാരവും എം.പി. നാരായണമേനോനെ മഞ്ചേരിയിൽവെച്ച് അറസ്റ്റുചെയ്തു; മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം അദ്ദേഹത്തിനുമേൽ ചുമത്തി. അറസ്റ്റുചെയ്യപ്പെട്ട എം.പി.യെ ഒരു കൊടുംകുറ്റവാളിയെപ്പോലെ കൈയിലും കാലിലും ചങ്ങലയിട്ടുപൂട്ടി തിരൂരുവരെ റോഡിലൂടെ നടത്തി.  തിരൂരിൽനിന്ന്‌ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ച് തീവണ്ടിമാർഗം കോയമ്പത്തൂർ ജയിലിലേക്കാണ് കൊണ്ടുപോയത്. ഒരുവർഷത്തോളം വിചാരണയൊന്നും കൂടാതെ അദ്ദേഹത്തെ ജയിലിൽ ക്രൂരമായി പീഡിപ്പിച്ചു. തൂക്കിക്കൊല്ലാൻ വിധിച്ചത് ജീവപര്യന്തമാക്കി മദ്രാസ്, വെല്ലൂർ ജയിലുകളിൽ അടച്ചു. മാപ്പിള ഔട്ട്‌റേജ്യസ്  ആക്റ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട ഏക ഹിന്ദുനേതാവായിരുന്നു എം.പി. നാരായണമേനോൻ. മാപ്പപേക്ഷയും മൂന്നുവർഷത്തേക്ക് മലബാറിൽ പ്രവേശിക്കില്ലെന്നും എഴുതിക്കൊടുത്താൽ മോചിപ്പിക്കാമെന്ന ബ്രിട്ടീഷ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. 14 വർഷമായിരുന്നു അദ്ദേഹം ജയിൽവാസമനുഭവിച്ചത്. അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ മലബാർ കലാപത്തിന്റെ ചരിത്രം ഇത്ര രക്തരൂഷിതമാവുമായിരുന്നില്ല.

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കോഴിക്കോട്ടുവെച്ച് അറസ്റ്റുചെയ്യപ്പെട്ട് 1942 മുതൽ 1945 വരെ വീണ്ടും എം.പി. നാരായണമേനോൻ ജയിലിലടയ്ക്കപ്പെട്ടു. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പൽ, തന്റെ ഗുരുനാഥനായ പ്രൊഫ. ഹോഗ് മുഖേന മാപ്പപേക്ഷ അറിയിച്ചാൽ പോലും മോചിതനാകാമെന്ന വാഗ്ദാനം അദ്ദേഹം നിരസിച്ചു.  1934-ൽ ജയിൽമോചിതനായശേഷം കെ.പി.സി.സി.യുടെ സെക്രട്ടറിയായി പ്രവർത്തനം തുടങ്ങി. കോൺഗ്രസിലെ ഇടതുപക്ഷചേരിയോട് ഒത്തുപോകാൻ കഴിയാത്തതിനാൽ സ്ഥാനം അദ്ദേഹം രാജിവെച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം മദ്രാസ് ഗവൺമെന്റ് സ്വാതന്ത്ര്യസമരനായകർക്ക് അഞ്ചേക്കർ ഭൂമിയും 500 രൂപ പെൻഷനും താമ്രപത്രവും നൽകിയത് അദ്ദേഹം നിരസിച്ചു.
 ലളിതജീവിതം നയിച്ച് എല്ലാ പദവികളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. സ്വന്തം തറവാട്ടിൽനിന്നുപോലും ഒരിഞ്ച്‌ സ്ഥലം അദ്ദേഹം ആവശ്യപ്പെട്ടില്ല.
ഹിന്ദു-മുസ്‌ലിം മൈത്രിയിലൂടെ മാത്രമേ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് കരുത്തുപകരാൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന കർമയോഗിയായിരുന്നു എം.പി. നാരായണമേനോൻ. ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വേണ്ടി ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ബ്രിട്ടീഷ് ജയിലുകളിൽ കഴിച്ചുകൂട്ടിയ അദ്ദേഹത്തിന് ചരിത്രം വേണ്ടത്ര പ്രാധാന്യം നൽകാൻ മടികാണിച്ചു.  1966 ഒക്ടോബർ ആറിന് മദ്രാസിൽവെച്ച് അദ്ദേഹം മരിച്ചു.

യഥാർഥത്തിൽ ഭൂപരിഷ്കരണത്തിന്റെയും കുടിയാൻ പ്രശ്നത്തിന്റെയും ബീജാവാപം മലബാറിൽ നടത്തിയത് എം.പി. നാരായണമേനോനായിരുന്നു. എം.പി.യുടെ ധൈര്യത്തെയും നിസ്വാർഥത്തെയും ത്യാഗത്തെയുംപറ്റി തന്റെ പുസ്തകത്തിൽ വാനോളം പുകഴ്ത്തിയ ഇം.എം.എസ്. പോലും കാർഷികപരിഷ്കാരങ്ങൾ മലബാറിൽ ഉടലെടുത്തത് കമ്യൂണിസ്റ്റുകാരുടെ വരവോടെയാണെന്നാണ് വികലമായി രേഖപ്പെടുത്തിയത്. ഇടതുചേരിയിലല്ലാതിരുന്ന എം.പി.യെ ഈ പരിഷ്കരണപ്രക്രിയയുടെ അമരക്കാരനെന്നു പറയാൻ ഇ.എം.എസ്. ബോധപൂർവം മടിച്ചു.


സമദ് മങ്കട
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,സെനറ്റ് മെമ്പറാണ്‌ ലേഖകൻ)

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP