.

10 ഗ്രന്ഥങ്ങള്‍; പ്രാദേശിക ചരിത്രാന്വേഷണത്തിന് പുതിയ ദിശ നല്‍കി മുജീബ് തങ്ങള്‍ കൊന്നാര്


അല്‍ഐന്‍: പ്രാദേശിക ചരിത്രാന്വേഷണം എന്ന ശ്രമകരമായ ദൗത്യത്തിന് പുതിയ ദിശാബോധം നല്‍കുകയാണ് അല്‍ഐന്‍ ദാറുല്‍ ഹുദ സ്കൂള്‍ ചരിത്രാധ്യാപകനായ മുജീബ് തങ്ങള്‍ കൊന്നാര്. പ്രവാസ ജീവിതത്തിനിടെ ലഭിക്കുന്ന ഒഴിവുവേളകള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പത്ത് പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളാണ് ഇവയിലേറെയും.
 ‘കൊന്നാര്: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍െറ ചരിത്ര ഭൂമി’ എന്ന ആദ്യ കൃതി 2002ലാണ് പ്രസിദ്ധീകരിച്ചത്. സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ചരിത്രപഠനമായിരുന്നു ഇത്. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച ‘ചരിത്ര പെരുമ നേടിയ ദേശം’ എന്ന പുസ്തകത്തിന്‍െറ പ്രധാന അവലംബമായിരുന്നു ഈ കൃതി. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാന കോശം എട്ടാം വാല്യത്തിന്‍െറ റഫറന്‍സ് കൃതികളില്‍ ഈ ഗ്രന്ഥം പ്രഥമ സ്ഥാനം പിടിച്ചു. മുജീബ് തങ്ങളുടെ രണ്ടാമത്തെ ചരിത്ര ഗ്രന്ഥമായ ‘കേരളത്തിലെ പ്രവാചക കുടുംബങ്ങളുടെ ഉല്‍ഭവ ചരിത്രം’ 2004ല്‍ പുറത്തിറങ്ങി. കേരളത്തിലെ നബി കുടുംബങ്ങളുടെ ചരിത്രം വിവരിക്കുന്ന ആദ്യ ഗ്രന്ഥം എന്ന സവിശേഷതയും ഇതിനുണ്ടായി. ചാലിയത്തിന്‍െറ ചരിത്ര ചലനങ്ങള്‍, കാസര്‍കോട് മുസ്ലിംകളുടെ ചരിത്രം, കേരള ഹെറിറ്റേജ് കോണ്‍ഫറന്‍സ് പ്രബന്ധ സമാഹാരം തുടങ്ങിയ ധാരാളം രചനകള്‍ക്ക് പ്രധാന അവലംബമാണ് ‘കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍’ എന്ന കൃതി.

തുടര്‍ന്ന് മരണാനന്തര യാത്ര, ശൈഖുനാ കണ്ണിയത്ത് ജീവചരിത്രം, സയ്യിദ് ഹാമിദ് കോയ തങ്ങള്‍ കര്‍മ വീഥിയിലെ വിശുദ്ധ ദീപ്തി, കൊന്നാര് ബുഖാരി സാദാത്തി തങ്ങളുടെ ചരിത്രം, പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ജീവചരിത്രം എന്നീ പുസ്തകങ്ങളും മുജീബ് തങ്ങളുടേതായി പുറത്ത് വന്നു.
2008ല്‍ പ്രസിദ്ധീകരിച്ച ‘ശിഹാബ് തങ്ങള്‍ വിദേശ രാഷ്ട്രങ്ങളില്‍’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാശിമിയാണ്.
മലയാളത്തിലെ അപൂര്‍വം ചില ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ച നേട്ടമാണ് ഒരു അറബ് രാഷ്ട്ര പ്രമുഖന്‍െറ കൈയൊപ്പ്. തുടര്‍ന്ന് സീതിഹാജിയുടെ ജീവിതം പ്രമേയമാക്കി ‘സീതിഹാജി ഫലിതങ്ങള്‍’ എന്ന ലഘുകൃതിയും മുജീബ് തങ്ങള്‍ പ്രസിദ്ധീകരിച്ചു.

പ്രവാസ ജീവിതത്തിനിടയില്‍ മുജീബ് തങ്ങള്‍ നടത്തിയ മറ്റൊരു ചരിത്ര അന്വേഷണമായിരുന്നു 1968 മുതലുള്ള ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്‍െറ കഥ പറയുന്ന ‘മുസ്ലിംലീഗ്: ഖാഇദെമില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെ’ എന്ന കൃതി. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് റഫറന്‍സ് എന്ന രീതിയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഗവേഷണ വിദ്യാര്‍ഥികള്‍ ഈ ഗ്രന്ഥം അവരുടെ പഠനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതായി മുജീബ് തങ്ങള്‍ പറയുന്നു. 2013 ജനുവരിയില്‍ ഈ പുസ്തകത്തിന്‍െറ ഒന്നാം പതിപ്പും 2013 സെപ്റ്റംബറില്‍ രണ്ടാം പതിപ്പും പുറത്തിറങ്ങി.

2015ല്‍ ‘സ്വാതന്ത്ര്യസമര സേനാനി കൊന്നാര് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍’ എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ധാരാളം ബ്രിട്ടീഷ് രേഖകള്‍ അവലംബമാക്കി തയാറാക്കിയ ചരിത്ര പഠനമാണിത്. ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം ധീര വനിതകളെ കുറിച്ചുള്ള പഠനവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സയ്യിദന്‍മാരുടെ ചരിത്രവുമാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന രചനകള്‍.
മക്കയെയും മദീനയെയും പ്രമേയമാക്കിയുള്ള ഗവേഷണ പഠനത്തിലാണ് ഇദ്ദേഹമിപ്പോള്‍.


സുലൈമാന്‍ രണ്ടത്താണി
Gulf Madhyamam

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP