.

ചരിത്രം പകര്‍ത്താതെപോയ പോരാട്ടങ്ങള്‍

രാജ്യത്തോടു കൂറും പ്രതിബദ്ധതയുമുള്ള ഓരോരുത്തരും തനിക്കു കഴിയുംവിധം നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായി. ഇതില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും മറ്റു മതവിഭാഗങ്ങളുമുണ്ട്. എന്നാല്‍, ചരിത്രത്തിലെവിടെയോ അനീതി നിഴലിച്ചു കാണുന്നു.
1857-ലെ ഒന്നാംസ്വാതന്ത്യസമരത്തിനുമുമ്പുള്ള ഒന്നരനൂറ്റാണ്ട് മലബാറിലെ മാപ്പിളമാരുംമറ്റുംചേര്‍ന്നു നടത്തിയ പോരാട്ടങ്ങള്‍ ഒരുപാടുണ്ട്. ഇവയൊന്നും സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഉള്‍പെടാതെപോയതു പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും ജീവനും നല്‍കിയ നിരവധി മാപ്പിളപ്പോരാളികളുടെ സമൂഹത്തോടു കാണിച്ച വിവേചനംതന്നെയാണ്. ഒന്നരനൂറ്റാണ്ടു വൈദേശികാധിപത്യത്തിനെതിരേ നടത്തിയ പോരാട്ടം വെറും ഹിന്ദു- മുസ്‌ലിം സംഘട്ടനങ്ങളായി ചരിത്രകാരന്മാരില്‍ പലരും ചിത്രീകരിച്ചു.
ബ്രിട്ടീഷാധിപത്യം തുടങ്ങുന്നതിനുമുമ്പ് ഇന്ത്യയിലെത്തിയ വിദേശശക്തികളെ ചെറുത്തുതോല്‍പ്പിക്കാനായി യുദ്ധംചെയ്തും പോരാടിയും രക്ഷസാക്ഷിത്വം വരിച്ച നിരവധിയാളുകളുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ടവരായിരുന്നു കുഞ്ഞാലിമരക്കാരും കൂട്ടാളികളും. ജീവിതകാലം മുഴുവന്‍ ഇന്ത്യക്കായി പോരാടിയ ടിപ്പുസുല്‍ത്താന്‍, ബ്രിട്ടീഷ് വിരുദ്ധപ്രക്ഷോപങ്ങള്‍ക്കു മുന്നില്‍നിന്നു പടനയിച്ച ബഹദൂര്‍ഷ, ഉമര്‍ ഖാസി, വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ അങ്ങനെ നിരവധി മുസ്‌ലിം മതപണ്ഡിതരും അല്ലാത്തവരും സ്വാതന്ത്ര്യത്തിനായി ജീവന്‍ അര്‍പ്പിച്ചു. എന്നിട്ടും ഇവരെയൊന്നും ' മുഖ്യധാരാ' ചരിത്രത്തില്‍ കാണാതെപോകുന്നതു ദുഖകരമാണ്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന വാഗണ്‍ ട്രാജഡിയെ വെറുമൊരു വര്‍ഗീയ സംഘട്ടനമായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു. 1921 നവംബര്‍ 20 ന് 75 പേര്‍ മരിച്ച സംഭവം അക്ഷരാര്‍ഥത്തില്‍ പിറന്നനാടിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ജാലിയന്‍ വാലാബാഗ് കഴിഞ്ഞാല്‍ രണ്ടാമത്തെ സംഭവമായിട്ടും സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ ഏടുകളില്‍ ഈ സംഭവം അറിയപ്പെടാത്തതു ബോധപൂര്‍വമായ മറച്ചുവയ്ക്കലല്ലാതെ മറ്റെന്താണ്. വൈദേശിക ശക്തികള്‍ക്കെതിരേയുള്ള സമരത്തിനു നേതൃത്വംനല്‍കിയിരുന്ന നേതാക്കളെ അറസ്റ്റുചെയ്തപ്പോള്‍ പൊതുജനം കലാപക്കൊടി ഉയര്‍ത്തി. അവരെ അടിച്ചമര്‍ത്താന്‍ കാളവണ്ടിയിലും കഴുതവണ്ടിയിലുമായി തിരൂരിലെത്തിച്ച് വാഗണില്‍ കയറ്റിവിടാന്‍ ശ്രമിച്ചവരാണ് ദാരുണമായി മരിച്ചത്. അതില്‍ മുസ്‌ലിംകളും ഹിന്ദുക്കളുമായ 60 പേരാണുണ്ടായിരുന്നത്. ഹിന്ദു പോരാളികളെ ഏഴൂരിലെ ശ്മശാനത്തിലും മുസ്‌ലിംകളായ 44 പോരാളികളെ തിരൂരിലെ കോരങ്ങത്ത് പള്ളിയിലും 11 പേരെ തിരൂരിലെ കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്. പില്‍ക്കാലത്ത് ഇതിനു വര്‍ഗീയനിറം നല്‍കാനാണു ചരിത്രകാരന്മാര്‍ ശ്രമിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ 300 രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിനായി നല്‍കിയ ജീവന്റെ വിലയോളം വരില്ല ഒരു നഷ്ടപരിഹാരവുമെന്ന കാരണത്താന്‍ അതു നിരസിക്കുകയാണുണ്ടായത്.
വെളിയങ്കോട് ഉമര്‍ ഖാസി, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, മലയംകുളത്തേല്‍ മരക്കാര്‍ മുസ്‌ല്യാര്‍, പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ല്യാര്‍, ആലി മുസ്‌ല്യാര്‍, പൊന്‍മാടത്ത് മൊയ്തീന്‍കോയ, കട്ടിലശേരി മുഹമ്മദ് മുസ്‌ല്യാര്‍, കെ. എം മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ. സി കോയക്കുട്ടി മൗലവി, ഒടായപ്പുറത്ത് ചെക്കുട്ടി സാഹിബ്, ഇമാംശാഹ് വലിയുള്ള ദഹ്‌ലവി, മതസ്വാതന്ത്ര്യംപോലും നിഷേധിച്ചു സ്വാതന്ത്രൃത്തിന്റെ മേല്‍ അവസാനത്തെ ആണിയും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ ദാറുല്‍ ഹര്‍ബ് എന്ന ഫത്‌വ നല്‍കിയ അബ്ദുല്‍ അസീസ് മഹ്‌ലവി, ഷാഹ് ഇസ്മായില്‍ ശഹിദ്, സയ്യിദ് അഹ്മദ് ശഹീദ്, 1857 ലെ സമരത്തിന്റെ ആസൂത്രണം നടത്തിയതിലൊരാളായ മുസ്‌ലിം വിപ്ലവകാരി ഹാജി ഇംദാദുള്ള, സ്വാതന്ത്ര്യ സമരത്തെ ജിഹാദായി പ്രഖ്യാപിച്ച മൗലാനാ അബ്ദുല്‍ ഖനി, മൗലാനാ മുഹമ്മദ് യാഖൂബ്, ഹാജി ശരീഅതുള്ള, ഷേര്‍ അലി അഫ്രീദി, ഖാന്‍ അബ്ദുല്‍ ഖഫാര്‍ ഖാന്‍, ഇമാം ഹുജ്ജത്തുല്‍ ഇസ്‌ലാം, സ്വതന്ത്രഭാരതത്തിന്റെ ശില്‍പികളിലൊരാളായ മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, പാണക്കാട് ഹുസൈന്‍ തങ്ങള്‍, ഖാസി മുഹമ്മദ്, സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍... അങ്ങനെ നിരവധി പ്രമുഖരായ മുസ്‌ലിനേതാക്കളുണ്ടായിട്ടും അവരുടെ പേരുകളൊന്നും ചരിത്രത്തിന്റെ ഏടുകളില്‍ നമുക്കു കാണാനാകില്ല.

1921 ജൂലായ് 24നു പുതുപ്പൊന്നാനിയില്‍ മൗലാനാ അബ്ദുല്‍ അസീസ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെത്തുടര്‍ന്ന് ആളിക്കത്തിയ ബ്രിട്ടിഷ് വിരുദ്ധ കലാപം തണുപ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ തടവിലാക്കിയ ആലി മുസ്‌ല്യാര്‍ ജയിലിനകത്തുവച്ചാണു മരിക്കുന്നത്. എന്നിട്ടും ആ പേരു വിസ്മരിക്കപ്പെടുന്നു.

1857ലെ സമരത്തിനും ഒന്നരനൂറ്റാണ്ടുമുമ്പു വൈദേശികരോടുള്ള ഭാരതീയന്റെ ചെറുത്തുനില്‍പ്പിന്റെ ചരിത്രമുണ്ട്. അതിനെ ഒന്നാംസ്വാതന്ത്ര്യമായി പ്രഖ്യാപിക്കാതെ ഒന്നരനൂറ്റാണ്ടിനുശേഷം നടന്ന സമരത്തെയാണു ഒന്നാംസ്വതന്ത്ര്യസമരമായി പ്രഖ്യാപിച്ചത്. കേരളതീരത്തായിരുന്നു യൂറോപ്യന്‍ ശക്തികളുടെ ആഗമനം ആദ്യമുണ്ടായത്. ഈ സമയത്തുതന്നെ കുഞ്ഞാലിമരക്കാരെപ്പോലുള്ള ശക്തരായ പോരാളികള്‍ അവര്‍ക്കെതിരേ പോരാടിയിരുന്നു. 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലും നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ സംഭവങ്ങളെയെല്ലാം കേവലം മതഭ്രാന്തും ലഹളകളുമായി ലഘൂകരിക്കാനാണു ചരിത്രകാരന്‍മാര്‍ ശ്രമിച്ചത്. ദേശസ്‌നേഹം മതവിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ എന്തായാലും സ്വന്തംരാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുമെന്നു വിശ്വസിക്കാനാവില്ല. രാജ്യത്തെ സ്‌നേഹിക്കാനും ഭരണാധികാരികളോടു നീതി പുലര്‍ത്താനും പഠിപ്പിക്കുന്ന ഇസ്‌ലാം എന്തുകൊണ്ടും മറ്റു മതവിശ്വാസികളെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നു മാത്രമല്ല അവരെ സംരക്ഷിക്കാനായിരിക്കും പഠിപ്പിക്കുക. 1857 ഒന്നാംസ്വാതന്ത്ര്യസമരത്തിനു മുമ്പുള്ള ഒന്നര നൂറ്റാണ്ടുകാലം വൈദേശികര്‍ക്കെതിരേ നടന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളും പ്രതിഷേധങ്ങളും ചരിത്രത്തില്‍ എഴുതപ്പെടാത്ത ഏടുകളായി ഇന്നും നിലകൊള്ളുന്നതു ചരിത്രത്തോടും ഒരു സമുദായത്തോടുമുള്ള നീതികേടായി മാത്രമേ കാണാനാകൂ.

ഹാറൂന്‍ റഷീദ് കമാലി
Suprabhaatham Daily

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP