.

ഏറനാടന്‍ മക്കളുടെ അന്തമാൻ ജീവിതം


 ബ്രിട്ടീഷുകാര്‍ക്കെതിരെ 1921ലെ  കലാപം നടത്തിയ ഏറനാടന്‍മക്കളെ ശിക്ഷിച്ച് അന്തമാന്‍ ദ്വീപിലേക്ക് നാടുകടത്തിയത് ചരിത്രരേഖകളില്‍ പറഞ്ഞുപോയിട്ടുണ്ട്. സ്വന്തം നാട്ടില്‍ ശിക്ഷിച്ചാല്‍  അവരുടെ തടവറ സാന്നിദ്ധ്യം പോലും നാട്ടില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് വെള്ളക്കാര്‍ ഭയന്നിരുന്നിരിക്കണം. അതുകൊണ്ടാകാം അന്യനാട്ടിലുള്ള ഒറ്റപ്പെട്ട ദ്വീപിലെ ക്രൂരതക്ക് പേരുകേട്ട സെല്ലുലാര്‍ ജയിലിലേക്ക് അവരെ അയച്ചത്. നൂറുകണക്കിന് മലബാറിലെ ആളുകളാണ് ഇത്തരത്തില്‍ ആട്ടിയോടിക്കപ്പെട്ടത്. ഇവര്‍ക്ക് എന്ത് സംഭവിച്ചു, ഇവരില്‍ എത്രപേര്‍ മടങ്ങിവന്നു, ഇവരുടെ പില്‍ക്കാല ജീവിതം എന്നതൊന്നും കൃത്യമായി ആരും അന്വേഷിച്ചില്ല. സ്വാതന്ത്യനന്തര  ഗവണ്‍മെന്‍േറാ സന്നദ്ധ സംഘടനകളോ ഇക്കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കാനോ പഠിക്കാനോ മുതിര്‍ന്നിട്ടില്ല എന്നതാണ് സത്യം. നാടിനുവേണ്ടി പൊരുതി യാതനകൾ അനുഭവിച്ച്  മലബാറില്‍ നിന്ന് പലായനം ചെയ്യപ്പെട്ട നിഷ്കളങ്കരുടെ കഥകളെയും പില്‍ക്കാല വര്‍ത്തമാനങ്ങളെയും കുറിച്ച് അന്വേഷിച്ച് വസ്തുതകള്‍ രേഖപ്പെടുത്തുക എന്ന ചരിത്രപരമായ കടമയാണ് സി.കെ വിജയന്‍ മടപ്പള്ളി ‘കാലവും കാലാപാനിയും കടന്ന്’ എന്ന പുസ്കതത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകവും എന്നാല്‍ കാര്യമായ ശ്രദ്ധ നേടുകയുണ്ടായില്ല. നിരന്തരമായ പ്രയത്നത്തിലൂടെ ദ്വീപ് വാസികളെ നേരിട്ടു കണ്ടും സംസാരിച്ചും നാളുകള്‍ എടുത്ത് എഴുതിയ പുസ്തകം മലയാളികള്‍ വായിച്ചിരിക്കേണ്ടതാണ്. കാരണം ഈ പുസ്തകത്തില്‍ പറയുന്ന മാപ്പിളമാര്‍ സമരം ചെയ്തതും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതും ശിക്ഷകള്‍ ഏറ്റുവാങ്ങിയതും ഒരിക്കലും അവര്‍ക്കുവേണ്ടിയല്ലായിരുന്നു. മരണം ഉറപ്പായിട്ടും പോരാടിയതും നിര്‍ഭയത്തോടെ വീരചരിതമെഴുതിയതും നാടിനുവേണ്ടിയായിരുന്നു.


ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1789 ലാണ് അന്തമാനില്‍ അവരുടെ ആദ്യകോളനി സ്ഥാപിക്കുന്നത്. 1858 ല്‍ മുതല്‍ കുറ്റവാളികളായി മുദ്രകുത്തുന്നവരെ കാലാപാനിയിലേക്ക് നാട് കടത്താൻ തുടങ്ങി. 1896 ല്‍ ആരംഭിച്ച സെല്ലുലാര്‍ ജയിലിന്‍െറ നിര്‍മ്മാണം 1906 ല്‍ പൂര്‍ണ്ണതയിലത്തെി. 1921 ആഗസ്ത് 20 ന് പൊട്ടി പുറപ്പെട്ട മലബാര്‍ കലാപത്തില്‍ പങ്കാളികളായ മുസ്ലീങ്ങളെ 1922 ഏപ്രില്‍ 22 മുതലാണ് കൂട്ടത്തോടെ കാലാപാനി കടത്തി കൊണ്ടുവന്നത്. ഇതിനൊപ്പം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സ്വാതന്ത്ര്യ സമര പോരാളികളെയും അന്തമാനിലേക്ക് കൊണ്ടുവരിക പതിവായി. തടവുകാര്‍ ഇവിടെ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ കുപ്രസിദ്ധമാണ്. മലബാര്‍ കലാപത്തില്‍ ശിക്ഷിക്കപ്പെട്ടവരെ കാത്തിരുന്നത് കൊടും ക്രുരതകളായിരുന്നു. ഇതെല്ലാം ഈ പുസ്കതത്തില്‍ വ്യക്തമായി പറയുന്നു. കിളിവാതിലുകള്‍ പോലെയുള്ള അറകളില്‍ കിടന്ന് അവര്‍ ഏകാന്തവാസം നയിച്ചു. മതിയായ ഭക്ഷണം നല്‍കാതെയും കൊടിയ പീഡനങ്ങള്‍ നല്‍കിയും അവരെ കൊല്ലാക്കൊല ചെയ്യിച്ചു. ഇതിനെതിരെ മലബാര്‍ കലാപ കേസിലെ പ്രതികള്‍ പ്രതിഷേധിച്ചു. ആ പ്രതിഷേധത്തെ തുടര്‍ന്ന് മലബാര്‍ ഡെപ്യൂട്ടികളക്ടര്‍ കുഞ്ഞിരാമന്‍ നായര്‍ ചില നിര്‍ദേശങ്ങള്‍ മേലധികാരികള്‍ക്ക് നല്‍കി. തടവുകാരുടെ ബന്ധുക്കളെ ദ്വീപിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കുകയും തടവുകാര്‍ക്ക് കാണാനും ഇടപഴകാനും ഉള്ള അവസരം നല്‍കിയാല്‍ തടവുകാര്‍ ശാന്തരാകുമെന്നും കുടുംബാംഗങ്ങളുടെ കൂടി  അദ്ധ്വാനം ഉണ്ടായാല്‍ ദ്വീപിന്‍റെ വികസനം ഉണ്ടാകുമെന്നും കുഞ്ഞിരാമന്‍ നായര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇത് അനുസരിച്ചാണ് ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കളില്‍ പലരും ദ്വീപില്‍ എത്തുന്നതും. അങ്ങനെ ആന്തമാനില്‍ എത്തപ്പെട്ട മുസ്ലീങ്ങളുടെ ബന്ധുക്കള്‍ അവര്‍ അധിവസിക്കപ്പെട്ട ഗ്രാമങ്ങള്‍ക്ക് തങ്ങളുടെ ഏറനാടന്‍ ഗ്രാമങ്ങളുടെ പേരുകളാണ് നല്‍കിയതും.


തിരൂര്‍, മണ്ണാര്‍ക്കാട്, വണ്ടൂര്‍ തുടങ്ങിയ പേരുകള്‍. ജീവപര്യന്തം തടവുകാര്‍ക്ക് അവിടെ മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഒപ്പം ശിക്ഷാനിയമങ്ങളെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു. ആദ്യമത്തെുന്നവര്‍ക്ക് ആറ് മാസം സെല്ലുലാറില്‍ ഏകാന്തവാസമാണ്. ഈ കാലയളവില്‍ നല്ല സ്വഭാവത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് ബാരക്കിലേക്ക് മാറാം. എന്നാല്‍ ഇവര്‍ക്ക് പകല്‍ വേളകളില്‍ കഠിനമായ ജോലികളാണ്. വനം വെട്ടി വെളുപ്പിക്കുക, കൃഷിസ്ഥലങ്ങള്‍ ഒരുക്കുക, റോഡും  പാലങ്ങളും നിര്‍മ്മിക്കുക എന്നിവയായിരുന്നു ജോലികള്‍. ഈ അഞ്ചുവര്‍ഷം യാതൊരു വൈമനസ്യവും കൂടാതെ നിശബ്ദം മൃഗത്തെ പോലെ പണിയെടുക്കുന്നവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷം അല്‍പ്പം കൂടി ലളിതമായ ജോലികള്‍ ലഭിക്കും. ആ കാലത്തും നല്ല സര്‍ട്ടിഫിക്കറ്റ് നേടിയെടുത്താല്‍ സ്വാശ്രയന്‍ എന്ന ഗണത്തില്‍ പെടുത്തി സ്വതന്ത്രനാക്കുമായിരുന്നു. ഏതെങ്കിലും ഗ്രാമത്തില്‍ താമസിച്ച് ഇഷ്ടമുള്ള ജോലിയെടുത്ത് ജീവിക്കാം. ഇങ്ങനെ സ്വതന്ത്രരായ മലബാര്‍ കലാപ കേസിലെ പ്രതികള്‍ അന്തമാനില്‍ തന്നെ താമസിക്കുകയും അവര്‍ കുടുംബ ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 1942 ല്‍ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി വന്ന ജപ്പാന്‍കാര്‍ സര്‍വ്വ ക്രൂരതകളുടെയും അളവുകോലുമായാണ് വന്നത്. അവര്‍ ദ്വീപുകാരെ അക്രമിച്ചു, ചെറിയ കുററങ്ങള്‍ക്കുപോലും കേട്ടുകേള്‍വി ഇല്ലാത്ത ശിക്ഷകള്‍ നല്‍കി. ഇത്തരത്തില്‍ മലബാര്‍ കേസിലെ പ്രതികളും ഏറെ യാതനകള്‍ നേരിട്ടു. വ്യാപകമായ വധശിക്ഷയിലും മറ്റ് ദ്രോഹങ്ങളിലും അവരുടെ ജനസംഖ്യ ചുരുങ്ങി. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ജപ്പാന്‍കാര്‍ മടങ്ങൂകയും ബ്രിട്ടീഷുകാര്‍ വീണ്ടും ദ്വീപിലത്തെുകയും ചെയ്തു.

ഇത്തരത്തില്‍ ചരിത്രത്തിന് സാക്ഷ്യം വഹിച്ച ഒരുപാട് കഥകളാണ് ഈ പുസ്കതത്തിലൂടെ മലബാര്‍ കലാപത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ പിന്‍മുറക്കാര്‍ വെളിപ്പെടുത്തുന്നത്. അന്തമാനില്‍ ജനിച്ചുവളര്‍ന്ന അഹമ്മദ് കുട്ടിയാണ് അതിലൊരാള്‍. കലാപത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട കുഞ്ഞിപ്പോക്കറിന്‍റെ മകനാണ് അദ്ദേഹം. ശിക്ഷ കഴിഞ്ഞിറങ്ങിയ അദ്ദേഹം മമ്മുവെന്ന സഹതടവുകാരന്‍െറ മകള്‍ ഫാത്തിമയെ വിവാഹം ചെയ്തു. അവര്‍ക്ക് കടിഞ്ഞൂല്‍ സന്തതിയായാണ് അഹമ്മദ് കുട്ടി ജനിച്ചത്. അദ്ദേഹം ബ്രിട്ടീഷുകാരുടെയും പിന്നീട് വന്ന ജപ്പാന്‍ കാരുടെയും  ക്രൂരതകളെ കുറിച്ചൊക്കെ വിശദമായി പറയുമ്പോള്‍ അത് വായനക്കാരുടെ കണ്ണും നനയിക്കും. ജീവപര്യന്തം തടവുകാരന്‍ ചെമ്പന്‍ ആലിക്കുട്ടിയുടെ മകന്‍ ഹംസ, ചൗക്കിദാര്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ മമ്മൂട്ടി, നാലകത്ത് കുഞ്ഞാലിയുടെ മകന്‍ ഉണ്ണീന്‍, പര്യടത്ത് അവറാന്‍ കുട്ടിയുടെ സഹോദരന്‍റെ മകന്‍ കുഞ്ഞാലന്‍ കാക്ക തുടങ്ങിയ നിരവധി പേര്‍ ഈ പുസ്കതത്തിലൂടെ കടന്നുവരുന്നു. അവരെല്ലാം പറയുന്നത് യാതനകളുടെയും വേദനകളുടെയും ഭൂതകാലമാണ്. ഒടുവില്‍  കാലം ചെന്നപ്പോള്‍ ഈ മണ്ണ് തങ്ങളുടെ പ്രിയപ്പെട്ട മണ്ണായി തീര്‍ന്നതിന്‍റെ കഥയാണ് അന്തമാന്‍ നിക്കോബര്‍ ദ്വീപില്‍ ഫിഷറീസ് ഉദ്യോഗസ്ഥനായിരുന്ന ഗ്രന്ഥകര്‍ത്താവ് നിര്‍വഹിച്ചത്. ചരിത്രത്തില്‍ ആരും അറിയാതെ പോയേക്കാമായിരുന്ന ചില അദ്ധ്യായങ്ങളെ നമുക്കായി അദ്ദേഹം തുന്നിചേര്‍ക്കുകയായിരുന്നു എന്ന് നിസംശയം പറയാം

Madhyamam Online

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP