മലബാര്‍ സമരത്തിന് 95 ആണ്ട്; ചെറുത്തുനില്‍പിന്റെ ഓര്‍മ പുതുക്കി തിരൂരങ്ങാടി

തിരൂരങ്ങാടി: മലബാര്‍ സമരം കഴിഞ്ഞ് 95 ആണ്ട് തികയുന്ന ഇന്നും ചെറുത്ത് നില്‍പ്പിന്റെ ജ്വലിക്കുന്ന ഓര്‍മപുതുക്കി തിരൂരങ്ങാടി. 1921 കാലഘട്ടത്തിലെ മലബാര്‍ സമരത്തിന്റെ ആസ്ഥാനകേന്ദ്രമായിരുന്നു തിരൂരങ്ങാടി. ആലിമുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികള്‍ ബ്രിട്ടീഷ് രാജവാഴ്ചയ്‌ക്കെതിരേ പോരാട്ടത്തിനിറങ്ങിയപ്പോള്‍ മലബാര്‍ ചരിത്രത്തില്‍ ഇടംനേടിയ പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും തിരൂരങ്ങാടി സാക്ഷ്യം വഹിച്ചു. മാപ്പിളമാര്‍ പള്ളി കേന്ദ്രീകരിച്ച് യുദ്ധസാമഗ്രികള്‍ തയ്യാറാക്കുന്നുവെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നു ബ്രിട്ടീഷ് സൈന്യം യന്ത്രത്തോക്കുകളുമായി ട്രെയിന്‍ മാര്‍ഗം പരപ്പനങ്ങാടിയിലെത്തി.
പിന്നീട് റോഡ് മാര്‍ഗം മാര്‍ച്ച് ചെയ്തുവന്ന സൈന്യം തിരൂരങ്ങാടി ഖിലാഫത്ത് ഓഫിസ്, കിഴക്കെ പളളി, തെക്കേ പള്ളി, ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീട് എന്നിവ വളഞ്ഞു. പള്ളിയില്‍ കയറി വിശ്വാസികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയതോടെ ജനമിളകി. 1921 ആഗസ്ത് മാസം കൂടുതല്‍ ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങി. ആലി മുസ്‌ല്യാര്‍ ദര്‍സ് നടത്തിയിരുന്ന പള്ളിയിലും മറ്റും ബ്രിട്ടീഷ് പട്ടാളം പരിശോധന നടത്തി. മമ്പുറം പള്ളി തകര്‍ത്തെന്നും ആലി മുസ്‌ല്യാരെ അറസ്റ്റ് ചെയ്‌തെന്നും കിംവദന്തി പരന്നപ്പോള്‍ പലഭാഗത്തുനിന്നും ജനം തിരൂരങ്ങാടിയിലേക്കൊഴുകി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 20 ന് തിരൂരങ്ങാടിയിലെ ഹജൂര്‍കച്ചേരിക്ക് മുന്നില്‍ ജനം തടിച്ചുകൂടി. തിരൂരങ്ങാടി കേന്ദ്രീകരിച്ച് മാപ്പിളമാര്‍ സംഘടിച്ചു. ഇതോടെ അവരെ നേരിടാന്‍ ബ്രിട്ടീഷ് അധികാരികള്‍ ക്യാംപ് ചെയ്ത് ലഹള അടിച്ചമര്‍ത്താന്‍ ശ്രമം തുടങ്ങി. ആള്‍ക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തപ്പോള്‍, വെടിയുണ്ടകള്‍ വകവയ്ക്കാതെ ആയുധധാരികളായ പട്ടാളക്കാരോട് ജനം ചെറുത്തുനിന്നെങ്കിലും നിരവധി പേര്‍ രക്തസാക്ഷികളായി. ആഗസ്ത് മാസം അവസാനത്തോടെ തിരൂരങ്ങാടിയിലെ വലിയപള്ളി വളഞ്ഞ ബ്രിട്ടീഷ്പട്ടാളം പള്ളിക്കുനേരെ വെടിയുതിര്‍ത്തു. പള്ളിക്ക് പോറലേല്‍ക്കരുതെന്നും പള്ളി തകരരുതെന്നുമുള്ള ലക്ഷ്യത്തോടെയും ആലിമുസ്‌ല്യാരും 40 ഓളം പേരും ആഗസ്ത് 30ന് പട്ടാളത്തിന് മുന്നില്‍ കീഴടങ്ങി.
ഇതോടെയാണ് പട്ടാളം വെടിയുതിര്‍ത്തല്‍ അവസാനിപ്പിച്ചത്. അന്ന് നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് അസിസ്റ്റന്റ് പോലിസ് സുപ്രണ്ടായിരുന്ന വില്യം ജോണ്‍ ഡെങ്കണ്‍ റൗലെയുടെയും വില്യം റൂഥര്‍ഫൂഡ് മുഷേത് ജോണ്‍ഷണിന്റെയും ശവകുടീരം ഇന്നും ഹജൂര്‍ കച്ചേരിക്കുമുന്നില്‍ കമ്പിവേലിക്കെട്ടിനുള്ളില്‍ സംരക്ഷിച്ചു പോരുന്നുണ്ട്. തിരൂരങ്ങാടി ചന്തപ്പടിയിലും ബ്രിട്ടീഷ് പട്ടാളക്കാരുടെ കല്ലറകളുണ്ട്. അന്നത്തെ ബ്രിട്ടീഷ് പോലിസിന്റെ ക്യാംപ് ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍കച്ചേരി കെട്ടിടമാണ് ഇന്ന് തിരൂരങ്ങാടി താലൂക്ക് ഓഫിസായി പ്രവര്‍ത്തിക്കുന്നത്. വീര പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ തിരൂരങ്ങാടിയുടെ ചരിത്രശേഷിപ്പുകള്‍ പലതും കലഹരണപ്പെട്ടുപോയി.
ഹജൂര്‍കച്ചേരിക്കുള്ളിലെ ജയിലറകളിലും മറ്റും ഇന്ന് താലുക്ക് ഓഫിസിലെ രേഖകളാണ് സൂക്ഷിക്കുന്നത്. ചന്തപ്പടിയിലുള്ള കമ്മ്യൂണിറ്റി ഹാളും ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടരിക്കുന്ന കവാടവും മാത്രമാണ് രക്തസാക്ഷികള്‍ക്കുളള ഏക സ്മാരകം. തിരൂരങ്ങാടി താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന ഹജൂര്‍ കച്ചേരി കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് ജില്ലാപൈതൃക മ്യൂസിയമാക്കി നിലനിര്‍ത്തുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ അലംഭാവം ഇന്നും തുടരുകയാണ്

Thejas Daily
ഇഖ്ബാല്‍ പാലത്തിങ്ങല്‍

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal