മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളില്‍ ഗവേഷകസംഘം നടത്തിയ പരിശോധനയില്‍ ഒട്ടേറെ ചരിത്രരേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. അതില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതാണ് 1937ല്‍ പള്ളത്ത് രാമന് രചിച്ച് മദിരാശി സര്‍ക്കാര്‍ പുറത്തിറക്കിയ നാലാം ക്ലാസിലെ പാഠപുസ്തകം. അതിലെ ‘ടിപ്പുവിന്റെ പടയോട്ടം’ എന്ന അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘ടിപ്പുവിന്റെ പടയോട്ടം എന്നു കേട്ടാല്‍ നടുങ്ങാത്ത നാട്ടുകാരുണ്ടായിരുന്നില്ല. ടിപ്പുവിനെ ഒരു ക്രൂര യോദ്ധാവായിട്ടാണ് ജനങ്ങള്‍ കരുതിപ്പോന്നത്. ചരിത്രകാരന്മാര് പലരും യഥാര്‍ഥ സംഭവങ്ങളെ രേഖപ്പെടുത്താതിരുന്നതു കൊണ്ട് ഇങ്ങനെ തെറ്റിദ്ധാരണ നേരിട്ടതാണ്. ടിപ്പു ഒരു മഹാശയനും ഈശ്വരഭക്തനുമായിരുന്നു. ഹിന്ദുക്കളോടൊ ക്രിസ്ത്യാനികളോടൊ അദ്ദേഹത്തിന് ഒരു വിരോധവും ഉണ്ടായിരുന്നില്ല. യുദ്ധധര്‍മം പ്രമാണിച്ച് പല ജീവനാശങ്ങള്‍ക്കും കാരണഭൂതനായതു കൊണ്ട് ആ മഹാത്മാവില്‍ കളങ്കം ആരോപിക്കുന്നത് ശരിയല്ല.’
ടിപ്പു സുല്‍ത്താനോ, അദ്ദേഹത്തിന്റെ വംശപരമ്പരകളോ അധികാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് തയ്യാറാക്കിയ സ്കൂള്‍ പാഠപുസ്തകത്തിലെ വരികളാണ് ഇവ. ടിപ്പുസുല്‍ത്താന്റെ യഥാര്‍ഥ ചരിത്രം പിന്നീട് വികലമാക്കപ്പെട്ടതില്‍ ബ്രിട്ടിഷുകാര്‍ക്കും അവര്‍ക്കനുസരിച്ച് പേനയുന്തിയ നമ്മുടെ ചരിത്രകാരന്മാര്ക്കുമുള്ള പങ്ക് തിരിച്ചറിയപ്പെടാനുള്ള ഉരകല്ലായി ഈ പാഠപുസ്തകത്തിലെ വരികള്‍ തന്നെ മതി.
0 comments:
Post a Comment