കരിക്കാട് രേഖകൾ‌


കാലം കരിക്കാടിനുമേല്‍ തിമര്‍ത്തുപെയ്യുമ്പോഴും വെയില്‍ വീഴ്ത്തുമ്പോഴും ആലിലകള്‍ തണലേകുന്ന ഈ ഗ്രാമം പഴമയുടെ സമൃദ്ധിയില്‍ മുങ്ങിക്കിടക്കുകയാണ്. 13ാം നൂറ്റാണ്ടു മുതലുള്ള കരിക്കാടിനെ ചൂഴ്ന്നുനില്‍ക്കുന്ന ചരിത്രസത്യങ്ങളെല്ലാം താളിയോലകളിലെ പുരാതന ലിഖിതങ്ങളിലുണ്ട്. അധിനിവേശത്തിന്റെ ആദ്യ കുളമ്പടി മുഴങ്ങുന്നതിനും മുമ്പ് രേഖപ്പെടുത്തപ്പെട്ടവയാണ് അവയില്‍ പലതും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവയിലെ പുരാവൃത്തങ്ങളില്‍ അക്കാലത്തെ ജീവിതരീതികളും സാമൂഹിക ചുറ്റുപാടുകളും ഉറങ്ങിക്കിടക്കുന്നു. ബ്രിട്ടിഷുകാര്‍ക്ക് വികലമാക്കാന്‍ സാധിക്കാതിരുന്നതിനാലാവാം അക്കാലത്തെ സാമൂഹികജീവിതം കലര്‍പ്പില്ലാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കരിക്കാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രമുഖ തറവാടുകളിലും ഈ നാടിന്റെ നൂറ്റാണ്ടുകളായുള്ള സ്പന്ദനങ്ങള്‍ നേര്‍ത്ത മിടിപ്പായി ഇപ്പോഴുമുണ്ട്.
കരിക്കാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ഫോട്ടോ: ഉബൈദ് മഞ്ചേരി
കരിക്കാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.           ഫോട്ടോ: ഉബൈദ് മഞ്ചേരി
2016 മാര്‍ച്ച് 17 മുതല്‍ 20 വരെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള കരിക്കാട് ഗ്രാമം ചരിത്രത്തിന്റെ വീണ്ടെടുപ്പിന്റെ അപൂര്‍വതയ്ക്ക് വേദിയായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ നിദ്രയിലാണ്ടുകിടന്ന പുരാതനരേഖകള്‍ വീണ്ടും വെളിച്ചം കണ്ടത് ആ ദിവസങ്ങളിലാണ്. 32 ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായ കരിക്കാട്ടെ പുരാതന രേഖകള്‍ കണ്ടെടുത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗത്തിന്റെയും സംസ്ഥാന പുരാരേഖ വകുപ്പിന്റെയും നേതൃത്വത്തില്‍ എണ്‍പതോളം പേരാണ് എത്തിയത്. സര്‍വകലാശാല അധ്യാപകരും ഗവേഷകവിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘം 1200 പനയോല രേഖകള്‍ പരിശോധിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം മേധാവി ഡോ. പി ശിവദാസ്, ഡോ. വി വി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 18ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് എഴുതപ്പെട്ട ഡയറികളും പരിശോധനയ്ക്ക് വിധേയമാക്കി. കരിക്കാട്ടെ ജന്മിയായിരുന്ന പാലശ്ശേരി ശങ്കരന്‍ നമ്പൂതിരി 1890 മുതല്‍ 1895 വരെ എഴുതിയ ഡയറികളില്‍ നിരവധി സൂചനകളുണ്ട്. ഡയറിയുടെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് മദിരാശി ഹൈക്കോടതി പല കേസുകളിലും ഇവിടെയുള്ള രേഖകള്‍ തെളിവായി പരിഗണിച്ചിരുന്നുവെന്ന് പൗത്രന്‍ പാലിശ്ശേരിമനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.


ഗവേഷകസംഘം കണ്ടെടുത്ത പനയോലകളിലധികവും സൂക്ഷിച്ചിരുന്നത് കരിക്കാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ്. അവിടത്തെ പുരാതന രേഖകളെല്ലാം വായിച്ചെടുക്കാനായിട്ടില്ലെങ്കിലും അക്കാലത്തെ ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ്ദത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇതില്‍ കാണുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. പി ശിവദാസന്‍ പറഞ്ഞു. അസുഖമായി കിടന്ന അന്തര്‍ജനത്തിന് പലവിധ ചികില്‍സകള്‍ ചെയ്തിട്ടും രോഗം മാറിയില്ലെന്നും അവസാനം കരിക്കാടെത്തിയ മുസ്‌ല്യാര്‍ നല്‍കിയ മന്ത്രിച്ച് ഊതിയ വെള്ളം കുടിച്ചപ്പോള്‍ രോഗവിമുക്തി നേടിയെന്നും പനയോലയില്‍ കുറിച്ചിട്ടുണ്ട്. ശക്തമായ ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്താണ് കരിക്കാട്ടെ നമ്പൂതിരി ഇല്ലത്തിലെ അംഗത്തിന് മുസ്‌ല്യാരുടെ ചികില്‍സ ലഭ്യമാക്കിയത്. അതുപോലെ കരിക്കാട് ക്ഷേത്രത്തിലെ ഉല്‍സവത്തിന് ആനയെ എത്തിച്ചിരുന്ന ഇതര മതസ്ഥരെ കുറിച്ചും രേഖകള്‍ പറയുന്നുണ്ട്.
പഠനങ്ങള്‍ക്കു വേണ്ടി മൂന്നു ദിവസം കരിക്കാട് ക്യാംപ് ചെയ്ത ഗവേഷകര്‍ താളിയോലരേഖകള്‍ ഉള്‍പ്പെടെയുള്ളവ കെമിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തി പ്രത്യേക അറകളില്‍ സൂക്ഷിച്ചാണ് മടങ്ങിയത്. മലബാറിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായ മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ രേഖകളും സംഘം പരിശോധിച്ചു.

ശങ്കരന്‍ നമ്പൂതിരിയുടെ ഡയറി
കരിക്കാട്ടെ പ്രമുഖ ജന്മിയായിരുന്നു പാലശ്ശേരി മനക്കല്‍ ശങ്കരന്‍ നമ്പൂതിരി. ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും സാമൂഹിക മേഖലകളില്‍ സ്വാധീനം ചെലുത്തിയിരുന്ന അക്കാലത്ത് പാന്റ്‌സും കോട്ടും തുകലിന്റെ ബൂട്ടും ധരിച്ചിരുന്ന ശങ്കരന്‍ നമ്പൂതിരി സംരംഭകരെ സംഘടിപ്പിച്ച് ഏറനാട്ടില്‍ ആദ്യമായി വ്യവസായം തുടങ്ങിയ പരിഷ്‌കര്‍ത്താവു കൂടിയാണ്. 1890 മുതലുള്ള അദ്ദേഹത്തിന്റെ ഡയറികള്‍ പൗത്രന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലുണ്ട്. ഓരോ സംഭവവും കൃത്യമായി തിയ്യതി സഹിതമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, അന്നത്തെ ആചാരങ്ങളും അത് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും അദ്ദേഹം വിവരിച്ചിരിക്കുന്നു.
‘ശുദ്ധി’ ലംഘിച്ച ശങ്കരന്‍ നമ്പൂതിരിക്കെതിരേയുള്ള കുറ്റാരോപണവും അതിനുള്ള ശിക്ഷയും കൗതുകകരമാണ്. കേസിന്റെ ആവശ്യാര്‍ഥം കോഴിക്കോട്ട് വക്കീലിനെ കാണാന്‍ പോയ ശങ്കരന്റെ കൈ അറിയാതെ അന്യ ജാതിക്കാരനായ വക്കീലിന്റെ കോട്ടില്‍ സ്പര്‍ശിച്ചു. അതിനുശേഷം നാട്ടിലേക്കു മടങ്ങിയ നമ്പൂതിരി കുളിക്കാതെ ഭക്ഷണം കഴിച്ചു എന്നതായിരുന്നു വൈദികന്‍ (ബ്രാഹ്മണ ഗ്രാമത്തിലെ പുരോഹിതന്‍) കണ്ടെത്തിയ കുറ്റം. ഇതിന് വിധിച്ച ശിക്ഷ 12 ദിവസം രാവിലെ വെള്ളത്തിലിറങ്ങി നിന്ന് ഗായത്രി മന്ത്രം 1008 പ്രാവശ്യം ഉരുവിടണം എന്നതായിരുന്നു.
12ാം ദിവസം 12 പേരെ വീട്ടിലേക്കു വിളിച്ചുവരുത്തി സ്വീകരിച്ച് വിഭവസമൃദ്ധമായ സദ്യ വിളമ്പി ദക്ഷിണയും നല്‍കി തൃപ്തിപ്പെടുത്തണം എന്ന ‘ശിക്ഷ’ കൂടി അദ്ദേഹത്തിന് വിധിച്ചു. അക്കാലത്തെ കൃഷി രീതിയെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. മികച്ച കുരുമുളക് വള്ളി ലഭ്യമാക്കാനുള്ള അന്വേഷണം കണ്ണൂരിലാണ് അദ്ദേഹത്തെ എത്തിച്ചത്. പയ്യന്നൂരില്‍നിന്നു കണ്ടെത്തിയ കുരുമുളക് വള്ളികള്‍ വളപ്പട്ടണം പുഴയിലൂടെ, ചാലിയാറിലൂടെ തോണിയില്‍ എടവണ്ണയിലെത്തിച്ച ശേഷം കാളവണ്ടിയില്‍ കരിക്കാട്ടേക്കു കൊണ്ടുവരുകയായിരുന്നു.

എടവണ്ണ ടൈല്‍ കമ്പനി
സമുദായത്തിന്റെ പാരമ്പര്യങ്ങളെയൊന്നും ഗൗനിക്കാതെ തന്റേതായ വഴിയിലൂടെ നീങ്ങിയ ആളായിരുന്നു ശങ്കരന്‍ നമ്പൂതിരിയെന്ന് അദ്ദേഹത്തിന്റെ ഡയറിയില്‍ വായിക്കാം. ഏറനാട്ടിലെ ആദ്യ വ്യവസായ സ്ഥാപനമായ എടവണ്ണ ടൈല്‍ കമ്പനിക്ക് രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു. വാഹനമായി കാളവണ്ടിയും വിവരക്കൈമാറ്റത്തിന് കത്തെഴുത്തും മാത്രം ഉപാധിയായിരുന്ന കാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് എടവണ്ണ ടൈല്‍ കമ്പനിക്ക് അദ്ദേഹം രൂപം നല്‍കിയത്. ഇതില്‍ കോവിലകത്തെ അംഗങ്ങളും അതോടൊപ്പം മുസ്‌ലിം വ്യാപാരികളും ജന്മിമാരും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന പരസ്പരം അപരിചിതരായ ഇവരെയെല്ലാം ഏകോപിപ്പിച്ച് വ്യവസായം തുടങ്ങുക എന്നത് 18ാം നൂറ്റാണ്ടില്‍ അദ്ഭുതം തന്നെയായിരുന്നു. 1893 ഒക്ടോബര്‍ ഒന്നിന് മഞ്ചേരിയിലെ വക്കീല്‍ കണ്ടര്‍ നായരുടെ ഓഫിസിലായിരുന്നു കമ്പനി ഡയറക്ടര്‍മാരുടെ ആദ്യ യോഗം. നിലമ്പൂര്‍ രാജ, അമരമ്പലം രാജ, വെള്ളയ്ക്കാട്ട് ഭട്ടതിരി, മറാട്ട് നമ്പൂതിരി, ആയിരനാഴി കോവിലകം രാജ, ദേശമംഗലം നമ്പൂതിരി, എടവണ്ണയിലെ വലിയപീടികയ്ക്കല്‍ അഹമ്മദ് കുട്ടി, ബീരാന്‍ കുട്ടി ഹാജി, മഞ്ചേരിയിലെ കോര്‍മത്ത് കോമുഹാജി എന്നിവരായിരുന്നു പങ്കാളികള്‍.
ഓട് നിര്‍മാണത്തിന് മണ്ണെടുക്കാന്‍ സ്ഥലം നോക്കിയതു സംബന്ധിച്ച് 1893 ഒക്ടോബര്‍ 19ന് ഇദ്ദേഹം ഡയറിയില്‍ എഴുതിയിട്ടുണ്ട്. നമ്പൂതിരിമാര്‍ക്ക് ‘ശുദ്ധി ‘ ലംഘിക്കാതെ ഭക്ഷണം കഴിക്കാന്‍ എടവണ്ണയിലെവിടെയും സൗകര്യമില്ലാത്തതിനാല്‍ പുഴയോരത്ത് തനിച്ചിരുന്ന് ചായകാച്ചി കുടിച്ചതും ഇദ്ദേഹം എഴുതുന്നു. 1200 ഓടുകള്‍ ചൂളയ്ക്കു വച്ചതു സംബന്ധിച്ചും ജോലിക്കാരെ കുറിച്ചുമെല്ലാം ഡയറിയിലുണ്ട്. 1894ല്‍ മദിരാശിയില്‍ നിന്നുമെത്തിയ പടംപിടിത്തക്കാരന്‍ നിലമ്പൂര്‍ കോവിലകത്തുവച്ച് തന്റെ ‘ഛായ’ എടുത്തതും വിവരിക്കുന്നു. ഇപ്പോള്‍ എടവണ്ണ ഫുട്‌ബോള്‍ സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നതിനു സമീപത്തായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഏറെക്കാലം നിലനിന്ന കമ്പനി 1964ലെ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായി തകര്‍ന്നു. നൂറ്റാണ്ടു മുമ്പ് എടവണ്ണ ടൈല്‍ കമ്പനിയില്‍ നിര്‍മിച്ച ഓടുകള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ശങ്കരന്‍ നമ്പൂതിരി താമസിച്ച നൂറ്റാണ്ട് പഴക്കമുള്ള ഇല്ലത്തു തന്നെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും കുടുംബത്തിന്റേയും താമസം.


പുരാവൃത്തങ്ങളുടെ ആധുനികവല്‍ക്കരണം
ഓരോ ഗ്രാമങ്ങളുടേയും ചരിത്രമാണ് അവയുള്‍ക്കൊള്ളുന്ന നാടിന്റെ, രാജ്യത്തിന്റെ ചരിത്രം. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ വികലമാക്കിയതും അവര്‍ക്കുവേണ്ടി പുനര്‍നിര്‍മിച്ചതുമായ ചരിത്രമാണ് ആധികാരികമെന്ന രീതിയില്‍ അവതരിപ്പിച്ചുവരുന്നത്. ഇതിനെയെല്ലാം നിരാകരിച്ചു കൊണ്ടാണ് കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം ദേശങ്ങളുടെ ചരിത്രങ്ങളിലൂടെ നാടിന്റെ ചരിത്രം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കരിക്കാട് ഗവേഷണം നടത്തിയതെന്ന് കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം തലവന്‍ ഡോ. പി ശിവദാസ് പറഞ്ഞു. ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും 18ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ജീവിതരീതികളുമെല്ലാം പഠിക്കുന്ന വിദ്യാര്‍ഥികള്‍ അക്കാലത്ത് നമ്മുടെ ഗ്രാമങ്ങളിലുണ്ടായ ശ്രദ്ധേയമായ ചലനങ്ങള്‍ അറിയുന്നില്ല. 1800കളുടെ തുടക്കത്തില്‍ മലബാറിലുണ്ടായിരുന്ന വ്യവസായ ശാലകളെ കുറിച്ചോ, എടവണ്ണ ഓട്ടുകമ്പനി പോലെയുള്ള ആദ്യകാല കൂട്ടുസംരംഭങ്ങളെ കുറിച്ചോ പുറംലോകം ഏറെയൊന്നും മനസ്സിലാക്കിയിട്ടില്ല.
13ാം നൂറ്റാണ്ടു മുതലുള്ള താളിയോലകള്‍ കരിക്കാട് ക്ഷേത്രത്തില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 1300 താളിയോലകള്‍ മാത്രമാണ് കണ്ടെടുക്കാനായത്. ഇതിന്റെ എത്രയോ ഇരട്ടി നശിച്ചുപോയിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മതവും ക്ഷേത്രവും സ്വാധീനം ചെലുത്തിയിരുന്ന പുരാതനകാലത്ത് ഉല്‍സവങ്ങളില്‍ ഇതര മതസ്ഥര്‍ പങ്കാളികളായിരുന്നതിന്റെ തെളിവുകള്‍ കരിക്കാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ താളിയോലകളിലുണ്ട്.
13ാം നൂറ്റാണ്ടില്‍ ഉല്‍സവങ്ങള്‍ക്ക് തദ്ദേശീയമായിട്ടായിരുന്നു കരിമരുന്ന് തയ്യാറാക്കിയിരുന്നത്. അഞ്ചു നൂറ്റാണ്ടിനു ശേഷം 1800കളില്‍ തീവണ്ടി ഗതാഗതം രൂപപ്പെട്ടപ്പോള്‍ മദിരാശിയില്‍ നിന്നു കരിമരുന്ന് എത്തിച്ചതും ബ്രിട്ടിഷ് ആധിപത്യത്തിനു ശേഷം കോടതികള്‍ തുടങ്ങിയപ്പോള്‍ കേസ് നടത്താന്‍ തലശ്ശേരി കോടതിയിലേക്ക് ആളെ അയച്ചതും താളിയോലകളില്‍ വായിക്കാം. ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും കാലത്ത് അവരുമായി കരിക്കാട്ടെ ബ്രാഹ്മണര്‍ പുലര്‍ത്തിയിരുന്ന സൗഹൃദപരമായ ബന്ധങ്ങള്‍ക്കും ഈ രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. ടിപ്പുവിനെ കുറിച്ച് ബ്രിട്ടിഷുകാര്‍ പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ചരിത്രമല്ല കരിക്കാട്ടെ താളിയോലകളിലുള്ളതെന്ന് ഡോ. പി ശിവദാസ് പറഞ്ഞു. കേരളത്തിലെ മറ്റു ഗ്രാമങ്ങളിലും ഇതുപോലുള്ള പുരാരേഖകള്‍ ഉണ്ടാവാമെന്നും യഥാര്‍ഥ ചരിത്രത്തിന്റെ നിര്‍മിതിക്കു വേണ്ടി അവ കണ്ടെത്തി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു.

29th March 2016
കെ എന്‍ നവാസ് അലി
Thejas Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal