ചരിത്രമെഴുതിയ പെണ്ണും തറവാടും

1920 സെപ്റ്റംബര്‍ 21-പൊന്നാനിയിലെ പ്രമാണിത്തം നിറഞ്ഞ വെട്ടം പോക്കരകം തറവാട്ടില്‍ വലിയ ആഘോഷം നടക്കുകയാണ്. ദൂരെ നിന്നുവന്ന വിരുന്നുകാര്‍ രണ്ടു ദിവസം മുന്‍പു തന്നെ തറവാട്ടിലെ മുറികളില്‍ സ്ഥലം പിടിച്ചിരുന്നു. മണല്‍പ്പരപ്പ് നിറഞ്ഞ മുറ്റം മുഴുവന്‍ കുട്ടികളുടെ കളിയാഘോഷം. ഖിലാഫത്ത് നേതാവ് ഇമ്പിച്ചിക്കോയതങ്ങളുടെ മകള്‍ കുഞ്ഞാറ്റ ബീവിയുടെ വിവാഹ നിശ്ചയം നടക്കുകയാണ്. നാടും നാട്ടുകാരുമറിഞ്ഞ വിവാഹ നിശ്ചയത്തിന് കല്യാണത്തിന്റെ ഗമ തന്നെയായിരുന്നു. പത്രാസ് കൂട്ടാന്‍ കോല്‍ക്കളിയും അറബനമുട്ടും. പിന്നെ മൗത്തളയും. അതായത് ഇന്നത്തെ ഒപ്പന.ഫറോക്ക് ആക്കോട് നിന്നാണ് പുതിയാപ്പിള. മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന പൊന്നാനിയില്‍ പെണ്ണിനെ കെട്ടിച്ച് പറഞ്ഞയക്കാറില്ല. പുതിയാപ്പിളയെ കെട്ടിക്കൊണ്ടുവരാറായിരുന്നു. തറവാട്ടില്‍ പുതിയാപ്പിളക്കുള്ള 'അറ' നേരത്തെ തന്നെ ഒരുക്കിയിരുന്നു. വെപ്പും കുടിയും തീനും എല്ലാം ഇനി അവിടെ തന്നെ.
മലബാര്‍ ലഹളയുടെ വാര്‍ത്തകള്‍ നാടാകെ പ്രചരിക്കുന്നു. ഏറനാട്ടിലും തിരൂരിലും പെരിന്തല്‍മണ്ണയിലും പൂക്കോട്ടൂരിലും മാപ്പിളമാര്‍ വെള്ളക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഖിലാഫത്ത് നേതാവായിരുന്ന ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രക്ഷോഭത്തിന് മുമ്പിലുണ്ടായിരുന്നുവെങ്കിലും മകള്‍ കുഞ്ഞാറ്റ ബീവിയുടെ വിവാഹ നിശ്ചയം പത്രാസില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു . മലബാറിലെ മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊന്നാനി ശാന്തം.

ഇതിനിടെ അഞ്ഞൂറോളം പ്രക്ഷോഭകാരികള്‍ പൊന്നാനിയെ ലക്ഷ്യമാക്കി നീങ്ങി. താലൂക്ക് ഓഫിസും പൊലിസ് സ്റ്റേഷനും ആക്രമിക്കലായിരുന്നു ലക്ഷ്യം. കൈയില്‍ തോക്കും വാളും കത്തിയും വടിയും വാരിക്കുന്തവുമായി വന്ന ലഹളക്കാര്‍ ചമ്രവട്ടം മുതല്‍ പൊന്നാനി വരെയുള്ള വഴിവിളക്കുകളും സര്‍ക്കാര്‍ വസ്തുക്കളും നശിപ്പിക്കുകയും ചെയ്തിരുന്നു. പരപ്പനങ്ങാടി വഴി വന്ന ലഹളക്കാര്‍ റെയില്‍പാളം മുറിച്ചു പ്രതിരോധം സൃഷ്ടിക്കാനും മറന്നില്ല. മകളുടെ വിവാഹ നിശ്ചയത്തിരക്കിനിടയിലും ഇമ്പിച്ചിക്കോയ തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളായ കേളപ്പന്‍ നായര്‍, ബാലകൃഷ്ണന്‍ മേനോന്‍ എന്നിവരെയും കൂട്ടി പൊന്നാനിയിലേക്ക് കുതിച്ചു. പൊന്നാനി ഒന്നാം നമ്പര്‍ മരപ്പാലത്തിനടുത്ത് വച്ച് ഇവര്‍ ലഹളക്കാരെ തടഞ്ഞു. തിരൂര്‍ ഖിലാഫത്ത് സെക്രട്ടറി പഞ്ചിളിയകത്ത് മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള ലഹളക്കാരുടെ ലക്ഷ്യം സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തകര്‍ക്കലായിരുന്നു. ഇമ്പിച്ചിക്കോയ തങ്ങളുടെ അവസരോചിതമായ നീക്കം സമരക്കാരെ അനുനയിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുതിയാപ്പിളയെയും സംഘത്തെയും കാത്തിരുന്ന വെട്ടം പോക്കരകം തറവാട്ടില്‍ എത്തിയത് മലബാര്‍ ലഹളയുടെ ഉശിരന്‍ ആണ്‍കുട്ടികള്‍. സല്‍ക്കാരത്തിന് തയാറാക്കിയ നെയ്‌ച്ചോറും തേങ്ങയരച്ച ഇറച്ചിക്കറിയും ലഹളക്കാര്‍ക്ക് വിളമ്പി. ദാഹമകറ്റാന്‍ പഞ്ചസാര കലക്കിയ വെള്ളവും. ഒരു ചാക്ക് പഞ്ചസാര കലക്കേണ്ടിവന്നുവെന്ന് പഴയ ഓര്‍മകള്‍ ചേര്‍ത്ത് പിടിച്ച് അന്നത്തെ പുതിയപെണ്ണായ കുഞ്ഞാറ്റ ബീവി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു.


മണവാളനെ കാത്തിരുന്ന പെണ്ണിന്റെ കണ്ണില്‍ നനവ് പടര്‍ന്നു. ലഹളക്കാര്‍ പരപ്പനങ്ങാടി റെയില്‍പ്പാളം തകര്‍ത്തിരുന്നതിനാല്‍ പുതിയാപ്പിളക്കും കൂട്ടര്‍ക്കും പൊന്നാനിയിലെത്താന്‍ അന്നേ ദിവസം കഴിഞ്ഞില്ല. പിന്നെ വന്നതേയില്ല. വേദന ഉള്ളിലൊതുക്കി കുഞ്ഞാറ്റ ബീവി വെള്ളപ്പട്ടാളത്തിന്റെ നെറികേടിനെതിരെ പോരാടുന്ന മാപ്പിള മക്കള്‍ക്ക് ഭക്ഷണം വിളമ്പാന്‍ തയാറായി. പ്രണയവും കിനാവുകളും പോരാട്ടത്തിന്റെ വികാരങ്ങളിലേക്ക് വഴി മാറിയപ്പോള്‍ കുഞ്ഞാറ്റ ബീവിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മതപ്രചരണാര്‍ഥം മക്കയില്‍ നിന്നു പൊന്നാനിയിലെത്തിയ സയ്യിദ് അബ്ദുല്ലാഹിബ്‌നു ഹൈദ്‌റോസ് തങ്ങളുടെ കുടുംബമായ വെട്ടം പോക്കരകം എന്ന വി.കെ ഹൗസിലെ ഇളം തലമുറക്കാരി കുഞ്ഞാറ്റ ബീവി അന്ന് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ലഹളക്കാരെ തടയാന്‍ വന്ന പൊന്നാനി എസ്.ഐ കുഞ്ഞിരാമന്‍ നായരെ ലഹളക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞിരാമന്‍ നായരെ ഇമ്പിച്ചിക്കോയ തങ്ങള്‍ സുരക്ഷിതമായി ഒളിപ്പിച്ചു നിര്‍ത്തിയതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. ജീവന്‍ രക്ഷിച്ച ഇമ്പിച്ചിക്കോയ തങ്ങളെ ജയിലിലടച്ചാണ് എസ്.ഐ കുഞ്ഞിരാമന്‍ നായര്‍ തന്റെ ബ്രിട്ടീഷ് വിധേയത്വം പ്രകടിപ്പിച്ചത്. ലഹളക്കാരെ സല്‍ക്കരിച്ചു എന്നതായിരുന്നു കുറ്റം. മാസങ്ങളോളം തങ്ങളെ ജയിലിലിട്ടു പീഡിപ്പിച്ചതിന് ശേഷമാണ് വിട്ടയച്ചത്. ഇതിനു പുറമെ കോണ്‍ഗ്രസ് നേതാക്കളായ കേളപ്പന്‍ നായരെയും ബാലകൃഷ്ണമേനോനെയും കള്ളുഷാപ്പിന് തീവച്ചു എന്ന കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു.മലബാറിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളെല്ലാം മലബാര്‍ ലഹളയില്‍ പങ്കുകൊണ്ടപ്പോള്‍ പൊന്നാനിയെ അതില്‍ നിന്നു വ്യത്യസ്തമായി നിര്‍ത്തിയത് വെട്ടം പോക്കരകം തറവാട്ടിലെ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു. പക്ഷേ, ചരിത്രമെഴുത്തുകാര്‍ തങ്ങളുടെ മഞ്ഞക്കണ്ണടയിലൂടെ നോക്കിയപ്പോള്‍, ഇമ്പിച്ചിക്കോയ തങ്ങളെയും മകള്‍ കുഞ്ഞാറ്റ ബീവിയെയും കണ്ടില്ല. പാതവക്കിലെ ചരിത്രം കാണാതെ പോവുകയായിരുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു.

ചരിത്രം മനപ്പൂര്‍വം മറന്നെങ്കിലും കാലത്തിന്റെ കലണ്ടറില്‍ വെട്ടം പോക്കരകം തറവാടിന്റെ ഇതിഹാസങ്ങള്‍ മായില്ലെന്ന് കാലം തെളിയിച്ചു. പൊന്നാനി വലിയ ജുമാ മസ്ജിദ് റോഡിന്റെ പാര്‍ശ്വത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന ഈ തറവാടിന്റെ നീണ്ട ഇടനാഴികള്‍ക്ക് ഒരു ദേശത്തിന്റെ മാത്രമല്ല, നൂറ്റാണ്ടുകളുടെ തന്നെ കഥകള്‍ പറയാനുണ്ട്. പക്ഷേ പുതുപുത്തന്‍ കാലത്തിന്റെ പ്രഭാതങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ള്‍ക്കു മുമ്പ് പുതിയ അവകാശികള്‍ ആ ചരിത്ര സ്മാരകം നന്നാക്കി നന്നാക്കി പുത്തനാക്കിയെടുത്തു. പുതിയ കെട്ടിലും മട്ടിലും ആണെകിലും പഴമയെ തച്ചുടക്കാതെയാണ് കുഞ്ഞാറ്റ ബീവിയുടെ മകന്റെ മകളുടെ ഭര്‍ത്താവായ വടകര തങ്ങളെന്ന പുതിയ അവകാശി വീട് അലങ്കരിച്ചത്. കഴിഞ്ഞ നാലു വര്‍ഷം വരെയും പഴയകാലത്തിന്റെ സ്മാരകമായിരുന്നു ഈ വീടെങ്കില്‍ ഇന്നത് ആദ്യത്തേതിന്റെ കാര്‍ബണ്‍ കോപ്പിയാണെന്ന് സമാധാനിക്കുകയും ചെയ്യാം.

ചരിത്രമുറങ്ങുന്ന തറവാട്

വിശാലമായ പുരയിടം, പടിപ്പുര, വരാന്ത, പൂമുഖം, അകം, വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റ, വീട് നിറയെ വായും വെളിച്ചവും കിട്ടാന്‍ നിലത്ത് കല്ല് പാകിയ നടുമുറ്റം, വിവിധ അറകള്‍, അഞ്ചാമ്പുര, അടുക്കള, കോലായ ഇതാണ് വെട്ടം പോക്കരകം തറവാട്.

1921 ഓഗസ്റ്റ് 21 ല്‍ ബ്രിട്ടീഷുകാരെ അനുകൂലിക്കുന്നവരുടെ ഉലമാ സമ്മേളനം പൊന്നാനിയില്‍ നടക്കുമ്പോള്‍ ഇവരെ എതിര്‍ത്ത് അതേ ദിവസം തന്നെ പുതുപൊന്നാനിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കെ.പി കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഖിലാഫത്ത് നേതാക്കളായ അലി, കുളശ്ശേരി മുഹമ്മദലി, ഇ മൊയ്തു മൗലവി എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളനം നടത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് വെട്ടം പോക്കരകം തറവാട് തന്നെയായിരുന്നു. 144 പാസാക്കിയതിനാല്‍ സമ്മേളനം നടത്താന്‍ പറ്റിയില്ലെങ്കിലും അധിനിവേശത്തിനെതിരെ പൊന്നാനിയിലെ ജനങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ ഈ തറവാട്ടിന് കഴിഞ്ഞു.

പൊന്നാനിയിലെ നല്ലൊരു വിഭാഗം പ്രമാണികളും വലിയ തറവാട്ടുകാരും ജാറം തങ്ങന്മാരും അക്കാലത്ത് ബ്രിട്ടീഷ് അനുകൂലികളായിരുന്നു. വെള്ളപ്പെട്ടിക്കാര്‍ എന്നാണ് ഇവര്‍ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് മുതല്‍ സി.എച്ച് മുഹമ്മദ് കോയ വരെയുള്ള മുസ്‌ലിം ലീഗ് നേതാക്കള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒത്തുകൂടിയിരുന്നതും ഈ തറവാട്ടിലായിരുന്നു. 2011 വരെ തകര്‍ച്ചയുടെ വക്കിലായിരുന്ന ഈ വീട് പുതിയ അവകാശിയായ കുഞ്ഞാറ്റ ബീവിയുടെ പേരക്കുട്ടി മുത്തു ബീവിയുടെ ഭര്‍ത്താവ് വടകര കുഞ്ഞിക്കോയ തങ്ങള്‍(പ്രമുഖനായ വടകര മുല്ലക്കോയ തങ്ങളുടെ മകന്‍) ഏറ്റെടുത്തതോടെ വീടിന്റെ ഘടനയ്ക്ക് കാര്യമായ മാറ്റം വരുത്താതെ നന്നാക്കിയെടുക്കുകയായിരുന്നു.

ആശാകേന്ദ്രം

1960-വിമോചന സമരത്തിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, പീപ്പിള്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവരടങ്ങുന്ന മുക്കൂട്ട് മുന്നണി ഇടത് സഖ്യത്തിനെതിരെ ആഞ്ഞടിക്കുന്ന കാലം. ദ്വയാംഗ മണ്ഡലമായിരുന്ന പൊന്നാനിയില്‍ മുക്കൂട്ട് മുന്നണിക്കു വേണ്ടി ജനറല്‍ സീറ്റില്‍ കുഞ്ഞാറ്റ ബീവിയുടെ സഹോദരന്‍ വി.പി.സി തങ്ങളും ഹരിജന്‍ സീറ്റില്‍ കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പുവുമാണ് മല്‍സര രംഗത്ത്. നായര്‍, നമ്പൂതിരിയടക്കമുള്ള ജാതികളില്‍പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കു സ്വന്തം സ്ഥാനാര്‍ഥി കെ കുഞ്ഞമ്പുവിനെ വീട്ടില്‍ താമസിപ്പിക്കാന്‍ ജാതീയത അനുവദിക്കാത്ത കാലം. കുഞ്ഞാറ്റ ബീവി തന്റെ 'അറ' കുഞ്ഞമ്പുവിന് താമസിക്കാന്‍ ഒഴിഞ്ഞുകൊടുത്ത് പുതിയ വിപ്ലവം രചിച്ചു. ഒരു മാപ്പിളപ്പെണ്ണും അക്കാലത്തും ഇക്കാലത്തും ആലോചിക്കാന്‍ പോലും ധൈര്യപ്പെടാത്ത ചങ്കൂറ്റമാണ് ബീവി അന്നു ചെയ്തു കാണിച്ചത്. അന്ന് വെട്ടം പോക്കരകം തറവാട് തെരഞ്ഞെടുപ്പ് ഓഫിസ് തന്നെയായിരുന്നു. ഫലം വന്നു. വി.പി.സി തങ്ങളും കെ കുഞ്ഞമ്പുവും എം.എല്‍.എ മാരായി നിയമസഭയിലെത്തി. പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ഹരിജനക്ഷേമ വകുപ്പ് മന്ത്രിയായി കെ കുഞ്ഞമ്പു. കുഞ്ഞാറ്റ ബീവിയുടെ സഹോദരനായ ഹുസൈന്‍ കോയതങ്ങള്‍ നീണ്ട 35 വര്‍ഷം തുടര്‍ച്ചയായി പൊന്നാനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1960 കള്‍ക്കു ശേഷമാണ് പൊന്നാനി നഗരസഭയായത്. 1960 ലും 1967 ലുമായി രണ്ടു തവണ എം.എല്‍.എ യുമായി ഹുസൈന്‍ കോയ തങ്ങള്‍. തൊട്ടുകൂടായ്മയും ജാതിവിവേചനവും പ്രസംഗിച്ചു നടന്നിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുഞ്ഞാറ്റ ബീവി ഒരു പാഠമായിരുന്നു. ജീവിതം തന്നെ സമര്‍പ്പിച്ച പാഠം.നിശ്ചയിച്ച വിവാഹം മുടങ്ങിയെങ്കിലും പൊന്നാനി വലിയ ജാറം തറവാട്ടിലെ കുഞ്ഞിക്കോയ തങ്ങള്‍ പിന്നീട് കുഞ്ഞാറ്റ ബീവിയെ വിവാഹം ചെയ്തു. മക്കളും പേരമക്കളുമായി ഇവര്‍ക്ക് ചുരുങ്ങിയത് 60 പേരെങ്കിലും കാണും. പാരമ്പര്യ സിദ്ധികളുടെ ഉടമയായ കുഞ്ഞാറ്റ ബീവി 100 വയസിലധികം ജീവിച്ച് 2002 ലാണ് മരിച്ചത്. ജീവിച്ചിരിക്കുന്ന സമയത്ത്, തെരഞ്ഞെടുപ്പ് അടുത്താല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും ബീവിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ വരുമായിരുന്നു. പലതരം രോഗങ്ങള്‍ സുഖമാവാനും ആപത്തുകളില്‍ നിന്ന് രക്ഷ നേടാനും ഉദ്ദേശ്യങ്ങള്‍ സഫലീകരിക്കാനുമെല്ലാം ആളുകള്‍ ബീവിയെ സന്ദര്‍ശിച്ചിരുന്നു.

ഇന്നും ചികിത്സക്കായി ആളുകള്‍ ഇവിടെ എത്തുന്നു; ഈ തറവാട്ടിലേക്ക്. കുഞ്ഞാറ്റ ബീവിയുടെ പേരക്കുട്ടി മുത്തു ബീവിയുടെ ഭര്‍ത്താവായ വടകര മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങളുടെ മക്കളായ ഫസല്‍ തങ്ങളും ആറ്റക്കോയ തങ്ങളുമാണ് ഈ തറവാട്ടില്‍ ഇപ്പോള്‍ താമസം. ഫസല്‍ തങ്ങള്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ മകളെയാണ് വിവാഹം ചെയ്തത്. ആറ്റക്കോയ തങ്ങള്‍ കണ്ണൂരിലെ സയ്യിദ് കുടുംബത്തില്‍ നിന്നും.

മലബാര്‍ ലഹളക്കിടയില്‍ ആയുധമെടുത്തു പോരാടാന്‍ കഴിയാതെ വന്ന, പാരമ്പര്യ മാപ്പിളകുടുംബത്തിലെ കുഞ്ഞാറ്റ ബീവി, വെള്ളക്കാര്‍ക്കെതിരെ പോരാടിയ സഹോദരങ്ങളെ സ്‌നേഹാദരങ്ങള്‍ കൊണ്ട് പടക്കച്ചയണിയിച്ച ചരിത്രത്തിലെ ഇതിഹാസമെന്ന് വൈകിയെങ്കിലും നാം തിരിച്ചറിയും. പൊന്നാനിയില്‍ ഇതിനകം ഒത്തിരി സ്മാരകങ്ങളും ചരിത്രാവശിഷ്ടങ്ങളുമാണ് ഇതിനകം ഇല്ലാതായത്. ഈ തറവാടും ഇല്ലാതാക്കരുത്. മരിച്ചവരുടെ സ്മാരകങ്ങള്‍ ജീവിച്ചിരിക്കുന്നവരുടെ വിശ്വാസങ്ങളാണ്.

ഫഖ്റുദ്ധീൻ പന്താവൂർ
സുപ്രഭാതം 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal