.

ജലീലിന്റെ 'മലബാര്‍ കലാപ'ത്തിനെതിരെ കോണ്‍ഗ്രസ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ട മലബാര്‍ കലാപത്തിന്റെ പുനര്‍വായനയിലൂടെ കെ.ടി. ജലീല്‍ എം.എല്‍.എ. നടത്തുന്നത് ചരിത്രത്തെ വളച്ചൊടിക്കലും വോട്ടുബാങ്ക് ഉറപ്പിക്കലുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
ചരിത്രകാരന്‍മാര്‍ പലരുമെഴുതിയ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിച്ച് അടുത്ത തിരഞ്ഞെടുപ്പിന് വോട്ടുബാങ്ക് ഉറപ്പിക്കാനായി നടത്തുന്ന വിലകുറഞ്ഞ കളികള്‍ ഒരു രാജ്യത്തോടും ഭാവിതലമുറയോടും ചെയ്യുന്ന അനീതിയാണെന്നും നേതാക്കള്‍ പറഞ്ഞു.
1841-ല്‍ വള്ളുവനാട്ടിലെ പള്ളിപ്പുറത്തും മണ്ണൂരിലുമുണ്ടായ കലാപങ്ങള്‍ക്കു കാരണമായത് കര്‍ഷകരും ജന്മിമാരും തമ്മിലുള്ള തര്‍ക്കമായിരുന്നു. 1849-ല്‍ മഞ്ചേരിയിലും 1851-ല്‍ കുളത്തൂരിലും 1852-ല്‍ മട്ടന്നൂരിലും ഇത്തരത്തില്‍ അസംതൃപ്തരായ മാപ്പിളമാര്‍ ഭൂവുടമകള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ നടത്തിയ കലാപങ്ങള്‍ പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഭാഗമായതാണ്.
ഗാന്ധിജിയുടെയും രാജഗോപാലാചാരിയുടെയും നിര്‍ദേശങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ഖിലാഫത്ത് കമ്മിറ്റികള്‍ വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു. സത്യവും ചരിത്രവും ഇതായിരിക്കെ ഇതിനെയെല്ലാം നിരാകരിച്ച് മലബാര്‍ കലാപത്തെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വര്‍ഗീയമായി ചിത്രീകരിച്ചെന്നാരോപിച്ച് എം.എല്‍.എ. നടത്തുന്ന രാഷ്ട്രീയക്കളി ജനം തിരിച്ചറിയുമെന്ന് ഡി.സി.സി. അംഗവും ജില്ലാപഞ്ചായത്ത് മുന്‍ അംഗവുമായ സുരേഷ് പൊല്‍പ്പാക്കര, തവനൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഖാദര്‍ എന്നിവര്‍ പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിച്ച് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന ബി.ജെ.പിയുടെ തന്ത്രം തന്നെയാണ് ജലീലും നടത്തുന്നതെന്ന് കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ്‌മോഹനും പറഞ്ഞു. ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെയെ മഹത്വവത്കരിക്കുന്ന ബി.ജെ.പിയുടെ രീതിയുടെ മറ്റൊരു പതിപ്പാണ് ഇവിടെ നടക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിനുണ്ടായ അസ്വീകാര്യത നീക്കാനുള്ള ശ്രമവും ഇതിനുപിന്നിലുണ്ട്. കെ.പി.സി.സി. യോഗത്തിലും ഇക്കാര്യമുന്നയിച്ച് യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്ക്ക് ലഭ്യമാക്കാനുതകുന്ന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അജയ്‌മോഹന്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രചാരണങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും സഹകരണത്തോടെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന വിപുലമായ മറ്റു പരിപാടികള്‍ സംസ്ഥാനതലത്തില്‍ ആവിഷ്‌കരിക്കുമെന്നും അല്ലാത്തപക്ഷം ഇവ ചരിത്രമായി പാഠപുസ്തകത്തില്‍ ഇടംപിടിക്കുന്ന അവസ്ഥവരെ ഉണ്ടായേക്കാമെന്നും ഇവര്‍ ആരോപിച്ചു.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP