.

ചരിത്രത്തിന്റെ 'ഉടമ'


ഇയാളെ ചരിത്രത്തിന്റെ ഉടമയെന്ന് വിളിക്കാനാവുമോ? അതോ ചരിത്രത്തില്‍ സ്വീകാര്യനായവനോ? രണ്ടായാലും ഇയാളുടെ പേരില്‍ ഉടമയും സ്വീകാര്യനുമുണ്ട്. മലപ്പുറത്തെ ആലുങ്ങല്‍ സ്വദേശി മാലിക് മഖ്ബൂല്‍. ചരിത്രം കാത്തുവെക്കുകയും ചരിത്രത്തെ പുതിയവര്‍ക്ക് കൈമാറുകയും ചെയ്യുകയെന്നത് ഇയാള്‍ക്ക് കേവലം ഹോബിയല്ല, ഉത്തരവാദിത്വമുള്ള ജോലി കൂടിയാണ്.
മലബാര്‍ സമരത്തെ പുസ്തകത്തിന്റേയും ചരിത്രത്തിന്റേയും താളുകളില്‍ ഒതുക്കിവെക്കാന്‍ മാലിക് മഖ്ബൂല്‍ ചീഫ് എഡിറ്ററായ 1921 മലബാര്‍ സമരത്തിന് സാധിച്ചു. യാമ്പു കെ എം സി സിയുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി മഹത്തായ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു മാലിക്കും സംഘവും നടത്തിയത്.
ചെറിയ പ്രായം മുതല്‍ ചരിത്രത്തിന്റെ കാത്തുവെയ്പുകളില്‍ ബദ്ധശ്രദ്ധനായിരുന്നു മാലിക് മഖ്ബൂല്‍. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആദ്യമായി സ്വിച്ചോണ്‍ നിര്‍വഹിച്ച ഡോക്യുമെന്ററി മാലിക് മഖ്ബൂല്‍ സംവിധാനം നിര്‍വഹിച്ച 'കലാപം കനല്‍വിതച്ച മണ്ണ്' ആയിരുന്നു. വിധി ശിഹാബ് തങ്ങള്‍ക്കും മാലിക്കിനുമായി മറ്റൊന്നുകൂടി ബാക്കിവെച്ചിട്ടുണ്ടായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവസാനമായി അവതാരിക എഴുതിയത് മാലിക്കിന്റെ പുസ്തകത്തിനായിരുന്നു- ബനാത്ത്‌വാല പതിതരുടെ കാവലാളിന്.
അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍ തുടങ്ങി നിരവധി മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാലിക് മഖ്ബൂല്‍ പതിനാലോളം പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
കനിവിന്റെ സുല്‍ത്താന്‍, പൈതൃകം, പതിതരുടെ കാവലാള്‍, മലപ്പുറം മുദ്രകള്‍, കാറ്റുകള്‍ചില്ലകളോട് പറഞ്ഞത്, ബാഫഖി തങ്ങള്‍, 1921 മലബാര്‍ സമരം, മലപ്പുറം മുദ്ര, ഹരിതധ്വനി, ഹരിത ജാലകം തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ എ വി മുഹമ്മദിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ് മഖ്ബൂല്‍ ഇപ്പോള്‍. മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള ബൃഹത്തായ പുസ്തകത്തിന്റേയും സഊദി കെ എം സി സിയുടെ 35 വര്‍ഷത്തെ ചരിത്രത്തിന്റേയും അണിയറയിലും അദ്ദേഹം തിരക്കിലാണ്.
ചരിത്രം കാത്തുവെക്കുന്ന മാലിക് മഖ്ബൂലിനെ തേടി ഒരു പുരസ്‌ക്കാരം വരുന്നു- മാപ്പിളച്ചരിത്രത്തിന്റെ കാവല്‍ക്കാരന്റെ പേരിലുള്ള പുരസ്‌ക്കാരം- കെ കെ അബ്ദുല്‍ കരീം മാസ്റ്റര്‍ പുരസ്‌ക്കാരം. മാലിക്കിനെ പോലെ ചരിത്രത്തെ ഇത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നയൊരാള്‍ക്ക് ഇതില്‍ കൂടുതല്‍ സന്തോഷം വേറെന്തുവേണം. യാമ്പു കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയാണ് പുരസ്‌ക്കാരം നല്കുന്നത്.
മലപ്പുറം ജില്ലാ എം എസ് എഫിന്റെ അക്ഷര പുരസ്‌ക്കാരവും റഹീം മേച്ചേരി പുരസ്‌ക്കാരവും ഇതിനു മുമ്പ് മാലിക് മഖ്ബൂലിനെ തേടിയെത്തിയിരുന്നു

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP