.

മലബാര്‍സമരത്തിന്റെ ചരിത്രവീക്ഷണങ്ങള്‍


1921 മലബാര്‍സമരം

ചീഫ് എഡിറ്റര്‍.
മാലിക് മഖ്ബൂല്‍ ആലുങ്ങല്‍
യാമ്പു കെ.എം.സി.സി
സെന്‍ട്രല്‍ കമ്മിറ്റി
സൗദി അറേബ്യ
രൂപ- 460/-1857 ലെ ശിപായി ലഹള എന്ന പേരില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേ സംഘടിതമായി ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സമരമായിരുന്നു 1921-1922ലെ മലബാര്‍ സമരം. 1921 ഓഗസ്റ്റ് 20ന് ബ്രിട്ടീഷ് പട്ടാളക്കാരും മാപ്പിളപോരാളികളും തമ്മില്‍ തിരൂരങ്ങാടിയില്‍ നടന്ന ഏറ്റുമുട്ടലോടെ ആരംഭിച്ച സമരം പ്രധാനമായും നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. തിരൂരങ്ങാടിയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൂക്കോട്ടൂരിലുണ്ടായ 'യുദ്ധ'ത്തില്‍ നാനൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കരുവാരക്കുണ്ട്, തുവ്വൂര്‍, കൊന്നാര്, എടപ്പറ്റ, പന്താരങ്ങാടി, തിരൂരങ്ങാടി, താനൂര്‍, ചേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബ്രിട്ടീഷ്പട്ടാളവും മാപ്പിളപോരാളികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നു. സമരനഷ്ടത്തിന്റെ കണക്കെടുക്കുമ്പോള്‍ ആയിരങ്ങളുടെ ജീവനുകളാണ് പൊലിഞ്ഞതെന്നു മനസിലാകും. എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായി കണക്കാക്കാനായിട്ടില്ലെന്ന് മലബാര്‍സമരത്തെ കുറിച്ച് പഠനം നടത്തിയ കെ.എന്‍ പണിക്കരെ പോലുള്ളവര്‍ എഴുതിയിട്ടുണ്ട്. മരിച്ചവരുടെ കണക്കുപോലും എത്രയെന്നു തിട്ടപ്പെടുത്താനാകാത്തത് ഒരു സമരത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ കൊളോണിയല്‍ വിരുദ്ധ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഏടായ മലബാര്‍ സമരത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും അക്കാദമിക പഠനങ്ങള്‍ നടക്കുന്നുണ്ട്. പഠനങ്ങളെയെല്ലാം വര്‍ഗീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും സമരത്തിന് മൂന്നു സ്വഭാവം ഈ പഠനങ്ങള്‍ നല്‍കുന്നത് കാണാം. ഒന്ന്, വര്‍ഗീയ ലഹള. രണ്ട്, കാര്‍ഷിക കലാപം. മൂന്ന്, സ്വാതന്ത്ര്യ സമരം. വര്‍ഗീയ ലഹളയെന്ന മുദ്ര മലബാര്‍ സമരത്തിന് നല്‍കിയത് പ്രധാനമായും കൊളോണിയല്‍ ചരിത്രനിര്‍മിതിയുടെ ധാരയിലുള്ളവരായിരുന്നു. കാര്‍ഷിക കലാപമാണ് മലബാറിലുണ്ടായതെന്ന് എഴുതിയത് മാര്‍ക്‌സിസ്റ്റ് ചരിത്രവീക്ഷണം പുലര്‍ത്തുന്നവരായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള പോരാട്ടമാണ് മലബാറിലെ ഏറ്റുമുട്ടലുകളെന്ന് എഴുതിയത് പ്രധാനമായും ദേശീയ/തദ്ദേശീയ ചരിത്രഗവേഷകരുമായിരുന്നു.

ഒരു സമരത്തിലുണ്ടായേക്കാവുന്ന പാളിച്ചകള്‍ ഗൗരവതരത്തില്‍ തന്നെ മലബാര്‍ സമരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സമരത്തിന്റെ ഉള്ളടക്കം കൊളോണിയല്‍ വിരുദ്ധത തന്നെയായിരുന്നു എന്നു തന്നെയാണ് ചരിത്രഗവേഷണങ്ങളിലെ ശരിയായ കണ്ടെത്തല്‍. പെടുന്നനെയുണ്ടായ ഒരു സംഭവമായിട്ടല്ല മലബാര്‍ സമരത്തെ കാണേണ്ടത്. 200 വര്‍ഷത്തോളം നീണ്ട ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള മലബാറിലെ മാപ്പിളമാരുടെ ഒടുവിലത്തെ ജനകീയ സായുധ ചെറുത്തുനില്‍പ്പായിരുന്നു യഥാര്‍ഥത്തില്‍ മലബാര്‍ സമരം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാര്‍ പ്രധാനമായും കര്‍ഷകരും മലബാറിലെ ബ്രിട്ടീഷ് ഭരണനയങ്ങള്‍ കര്‍ഷക വിരുദ്ധവുമായതു കൊണ്ട് സമരത്തിന്റെ ചില ഘട്ടങ്ങള്‍ക്ക് കാര്‍ഷിക സമരത്തിന്റെ സ്വഭാവം തോന്നാമെങ്കിലും കൊളോണിയല്‍ വിരുദ്ധത എന്ന ഉള്ളടക്കം തന്നെയാണ് സമരത്തിന്റെ ഊര്‍ജം.

മലബാര്‍ സമരത്തിന്റെ പലതരം വായനകളും ഇപ്പോഴും സജീവമായി നടക്കുന്നതിനിടയിലാണ് '1921 മലബാര്‍ സമരം' എന്ന മികച്ച ലേഖനസമാഹാരം വായനക്കാരുടെയും ഗവേഷകരുടെയും ശ്രദ്ധയിലേക്ക് വിരുന്നെത്തുന്നത്. മലബാര്‍ സമരത്തിന്റെ വ്യത്യസ്ത മേഖലകള്‍ പരിശോധിക്കുന്ന 75 ഗവേഷണ ലേഖനങ്ങളടങ്ങിയ ഈ ഗ്രന്ഥം പഠനഗവേഷകര്‍ക്ക് മികച്ച റഫറന്‍സാണ്. മുന്‍വിധികളില്‍ രൂപപ്പെട്ട മലബാര്‍ ചരിത്ര പഠന വിമര്‍ശനങ്ങള്‍, സമരത്തിന്റെ രാഷ്ടീയ സാമൂഹിക പശ്ചാത്തലങ്ങള്‍, പൂക്കോട്ടൂര്‍, വാഗണ്‍ ട്രാജഡി തുടങ്ങിയ സംഭവങ്ങളുടെ വിവരണം, കാവന്നൂര്‍, പുല്ലാര, കണ്ണമംഗലം, എടപ്പറ്റ, കൊന്നാര്, മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന സമരങ്ങളുടെ തദ്ദേശീയ ആഖ്യാനങ്ങള്‍, സമര രംഗത്തെ നേതാക്കള്‍, ഖിലാഫത്ത് പ്രസ്ഥാനം, കോളനി വിരുദ്ധ സമര സാഹിത്യങ്ങള്‍, സമരാനന്തര മലബാറും മാപ്പിളമാരും തുടങ്ങിയ വിഷയങ്ങളാണ് ലേഖനങ്ങളുടെ ഉള്ളടക്കം. സ്റ്റീഫന്‍ എസ് ഡെയ്ല്‍, സി.എച്ച് മുഹമ്മദ് കോയ, കെ.എന്‍ പണിക്കര്‍, കെ.കെ.എന്‍ കുറുപ്പ്, എം.ജി.എസ്, സി.കെ കരീം, പ്രൊഫ.കെ.എം ബഹാഉദ്ദീന്‍ മുതല്‍ പുതിയ ഗവേഷകരുള്‍പ്പെടെയുള്ളവരാണ് ലേഖകര്‍. മലബാര്‍ സമരത്തിന്റെ സ്വഭാവം കാര്‍ഷിക കലാപത്തിന്റേതായിരുന്നുവെന്ന് പറയുന്നതാണെങ്കിലും വര്‍ഗീയത ആരോപിച്ച കൊളോണിയല്‍ ചരിത്രധാരണകളെ മുഖ്യധാരയില്‍ നിന്നു തിരുത്താന്‍ ശ്രമിച്ച ഇ.എം.എസിന്റെ ശ്രദ്ധേയമായ ലേഖനം ഇതില്‍ ഇടംപിടിക്കാത്തത് ഒരു കുറവായി തോന്നി. എന്നാല്‍, മലബാര്‍ സമരത്തോടുള്ള ഇ.എം.എസിന്റെ സമീപനങ്ങളെ വിശകലന വിധേയമാക്കുന്ന അനില്‍കുമാര്‍ എ.വിയുടെ 'മലബാര്‍ കലാപം ആഹ്വാനവും താക്കീതും' എന്ന ലേഖനം(പേജ് 289-293)നല്‍കിയിട്ടുമുണ്ട്.

ചിലത് ഈ സമാഹാരത്തിലേക്ക് എഴുതിയതാണെന്നു തോന്നുന്നുവെങ്കിലും പല ലേഖനങ്ങളും നേരത്തെ പലയിടങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടതാണ്. എന്നാല്‍, അവ ഏതില്‍ നിന്നാണ് എടുത്തു നല്‍കിയത് എന്ന് ഒരു ലേഖനത്തിനു താഴെയും സൂചിപ്പിച്ചു കണ്ടില്ല. അങ്ങനെ കടപ്പാട് സൂചിപ്പിക്കുന്നത് ഒരു റഫറന്‍സ് പുസ്തകത്തിന്റെ ആധികാരികതയ്ക്കു നല്ലതാണ്. ലേഖകരുടെ പേര് നല്‍കി എന്നല്ലാതെ മറ്റുവിവരങ്ങളൊന്നും അവരെ കുറിച്ച് നല്‍കിയിട്ടില്ല. അതുപോലെ, ഓരോ ലേഖനത്തിന്റെയും അവസാനത്തിലോ പുസതകത്തിന്റെ അവസാനത്തിലോ ലേഖകരെ കുറിച്ചുള്ള വിവരങ്ങള്‍ നലകിയിരുന്നെങ്കില്‍ നന്നായിരുന്നു.

മാപ്പിള സാഹിത്യ പൈതൃകം സംരക്ഷിക്കാന്‍ ജീവിതം മുഴുവന്‍ ചെലവഴിച്ച ചരിത്ര പണ്ഡിതന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം മാഷിനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് എഡിറ്റര്‍:മാലിക് മഖ്ബൂല്‍ ആലുങ്ങല്‍. എഡിറ്റര്‍:ഇ സാദിഖലി. അബ്ദുല്‍ കരീം പുഴക്കാട്ടിരിയുടെ നേതൃത്വത്തിലുള്ള യാമ്പു കെ.എം.സി.സിയാണ് പ്രസാധകര്‍. ചെലവായ പണം തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഒരു സാംസ്‌കാരിക ദൗത്യം എന്ന നിലയില്‍ ഈ പുസ്തകം മനോഹരമായി ചെയ്ത് വായനക്കാര്‍ക്കെത്തിച്ച അണിയറ പ്രവര്‍ത്തകര്‍ നമ്മുടെ പ്രതീക്ഷയാണ്

ശഫീഖ് വഴിപ്പാറ
സുപ്രഭാതം ദിനപത്രം

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP