വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ദേശീയബോധം തുടിച്ച മാപ്പിള പടയാളി

മലബാറിന്റെ സാമൂഹികചരിത്രത്തില്‍ `മഹാപിള്ള'യായ `മാപ്പിള'മാരുടെ ദേശീയബോധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ബ്രിട്ടീഷിന്ത്യയില്‍ മാപ്പിളമാര്‍ക്ക്‌ `കീഴാളസ്ഥാന'മായിരുന്നു കല്‌പിക്കപ്പെട്ടിരുന്നത്‌. 1836 മുതല്‍ 1921 വരെയുള്ള എട്ടര പതിറ്റാണ്ടുകാലം മലബാറില്‍ നടന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളെ `മാപ്പിള ലഹള'യെന്ന്‌ `ആക്ഷേപി'ക്കാനും മാപ്പിളമാര്‍ കുഴപ്പക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നുവെന്ന്‌ പില്‍ക്കാലത്ത്‌ ബോധ്യപ്പെട്ടത്‌ അന്നെഴുതപ്പെട്ട ബ്രിട്ടീഷ്‌പക്ഷ ചരിത്രരചനകളിലൂടെയായിരുന്നു. `വിവരം കെട്ട കലാപകാരികളാണ്‌ മാപ്പിളമാര്‍' എന്ന വ്യാഖ്യാനങ്ങളുമുണ്ടായി. ആധുനിക ചരിത്രകാരന്മാര്‍ പോലും, `മലബാര്‍ ലഹള'യെന്നും `മലബാര്‍ കലാപ'മെന്നും അതിനെ പുനര്‍നാമകരണം ചെയ്യാനായിരുന്നു മത്സരിച്ചത്‌. മലബാറില്‍ വ്യാപകമായി നടന്ന, വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തെ നിലനില്‍പ്പിന്നായുള്ള ഒരു `സമര'മായി പരിഗണിക്കാന്‍ വൈമനസ്യം പ്രകടമാക്കുകയായിരുന്നു എല്ലാവരും. `ഒരു ഭരണസംവിധാനത്തെ ഏകപക്ഷീയമായി അസ്വസ്ഥമാക്കുകയായിരുന്നു അന്നത്തെ മാപ്പിളമാര്‍' എന്ന വ്യാഖ്യാനമാണ്‌ ഇതിലൂടെ ചമയ്‌ക്കപ്പെട്ടത്‌. 1921-ല്‍ രൂക്ഷമായതും ബ്രിട്ടീഷുകാരാല്‍ അടിച്ചമര്‍ത്തപ്പെട്ടതുമായ `മലബാര്‍ മഹാസമര'ത്തെ പുതിയകാലത്തെ വായനയ്‌ക്ക്‌ പ്രേരിപ്പിക്കുന്നുണ്ട്‌, സ്വാതന്ത്ര്യസമര പോരാളിയും ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായിരുന്ന വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ (1866-1922) ജീവിതം. വെള്ളപ്പട്ടാളത്തിന്നെതിരെ പോരാടി അക്കാലത്ത്‌ ആറുമാസത്തോളം മലബാറിലെ ഏതാനും പ്രദേശങ്ങള്‍ സ്വതന്ത്രമാക്കുകയും തന്റെ സാമ്രാജ്യത്തില്‍ നിന്നും ബ്രിട്ടീഷുകാരെ തുരത്തിയോടിക്കുകയും ചെയ്‌ത വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിയാണ്‌. 1917-ലെ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ്‌ വിപ്ലവം നയിച്ച സോവിയറ്റ്‌ റഷ്യയും ലെനിനും മലബാറിലെ `മാപ്പിള'യായ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ അക്കാലത്തു തന്നെ പ്രകീര്‍ത്തിച്ചു എന്നറിയുമ്പോഴാണ്‌ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ചരിത്രപരമായ പ്രാധാന്യം ബോധ്യമാകുക. 175 വര്‍ഷം മുമ്പ്‌ ഇന്നത്തെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ജനിച്ച ചക്കിപ്പറമ്പന്‍ മൊയ്‌തീന്‍കുട്ടി ഹാജിയില്‍ (1840-1907) നിന്നും തുടങ്ങുന്നതാണ്‌ ഈ പ്രദേശത്തുകാരുടെ ദേശസ്‌നേഹത്തിന്റെ മഹത്വം. 1857-ല്‍ നടന്ന ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ തന്റെ പതിനേഴാം വയസ്സിലും 1869-ല്‍ മഞ്ചേരിയില്‍ നടന്ന ജന്മിത്വത്തിനെതിരെയുള്ള കാര്‍ഷികസമരത്തിലും 1891, 1893 വര്‍ഷങ്ങളില്‍ നടന്ന മണ്ണാര്‍ക്കാട്ടെ ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിലും ചക്കിപ്പറമ്പന്‍ മൊയ്‌തീന്‍കുട്ടി ഹാജി സജീവമായി പങ്കെടുക്കുകയും മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്‌തു. 1894 മാര്‍ച്ചില്‍ മണ്ണാര്‍ക്കാട്ടുവെച്ചു തന്നെ നടന്ന ബ്രിട്ടീഷ്‌ വിരുദ്ധസമരത്തില്‍ മൊയ്‌തീന്‍കുട്ടി ഹാജിയടക്കം 34 പര്‍ പങ്കെടുത്തതില്‍ 32 പേരും രക്തസാക്ഷികളായി. അവശേഷിച്ച രണ്ടുപേരില്‍ ഒരാളായ ചക്കിപ്പറമ്പന്‍ മൊയ്‌തീന്‍കുട്ടി ഹാജിയെ പിടികൂടി ആന്തമാനിലേക്ക്‌ നാടുകടത്താന്‍ ബ്രിട്ടീഷ്‌ പട്ടാളം ഉത്തരവ്‌ പുറപ്പെടുവിച്ചെങ്കിലും അദ്ദേഹത്തെ പിടികൂടാനായില്ല. അദ്ദേഹം ഒളിവില്‍ പോയത്‌ മധ്യതിരുവിതാംകൂറിലെ ഈരാറ്റുപേട്ടയിലേക്കായിരുന്നു. ബ്രിട്ടീഷ്‌ചാരന്മാര്‍ നാടുനീളെ അദ്ദേഹത്തിന്നായുള്ള അന്വേഷണം തുടര്‍ന്നു. 1902-ല്‍ പിടിക്കപ്പെടുകയും ആന്തമാനിലേക്ക്‌ നാടുകടത്തുകയും ചെയ്‌തു. 67-ാം വയസ്സില്‍ ചക്കിപ്പറമ്പന്‍ മൊയ്‌തീന്‍കുട്ടി ഹാജി എന്ന ധീരദേശാഭിമാനി കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. ബ്രിട്ടീഷ്‌ രേഖകള്‍ പ്രകാരം അവസാനകാലത്ത്‌ പൈതൃകസ്വത്തായ 155 ഏക്കര്‍ ഭൂമിയുടെ ഉടമയായിരുന്നു ചക്കിപ്പറമ്പന്‍ മൊയ്‌തീന്‍കുട്ടി ഹാജി. ഏറനാട്ടില്‍ രാജകീയ പദവിയുണ്ടായിരുന്ന തുവ്വൂരിലെ ഉണ്ണിമമ്മദ്‌ ഹാജിയുടെ മകളായ കുഞ്ഞായിശുമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഈ ദമ്പതികളുടെ മൂത്തപുത്രനായ ചക്കിപ്പറമ്പന്‍ കുഞ്ഞഹമ്മദ്‌ ആണ്‌ പില്‍ക്കാലത്ത്‌ ഒരു `രാജ്യ'ത്തിന്റെ അഭിമാനമായി മാറിയ, വിപ്ലവലോകത്തിന്‌ മലബാര്‍ സംഭാവനചെയ്‌ത മഹാപ്രതിഭയും രക്തസാക്ഷിയുമായ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. കോഴിക്കോട്‌, ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി താലൂക്കുകളിലെ ഇരുന്നൂറിലധികം സ്വതന്ത്ര ഗ്രാമങ്ങളുടെ ആറുമാസത്തെ രാജാവായിരുന്നു കുഞ്ഞഹമ്മദ്‌ ഹാജി. സ്വന്തമായ പാസ്‌പോര്‍ട്ടും നാണയവ്യവസ്ഥയും ഈ രാജ്യത്തിനുണ്ടായിരുന്നു. ഹൈദരലിയേയും ടിപ്പുവിനെയും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വാരിയംകുന്നത്ത്‌ ആ രാജ്യത്തിന്റെ സുല്‍ത്താനുമായിരുന്നു. രാജ്യത്തിന്റെ ഖലീഫയായും ഒരേസമയം രാജാവായും പടയാളിയായും അദ്ദേഹം അറിയപ്പെട്ടു.ഇരുപതാമത്തെ വയസ്സില്‍ ബ്രിട്ടീഷ്‌ വിരുദ്ധസമരത്തില്‍ കണ്ണിയായ കുഞ്ഞഹമ്മദ്‌ ഹാജിക്ക്‌ വിദേശാധിപത്യത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുക എന്നതായിരുന്നു സ്വന്തം ജീവനെക്കാള്‍ വലുത്‌. പിതാവിന്റെ `ദുരനുഭവം' മകനും സംഭവിക്കരുതെന്ന്‌ ആശിച്ച കുടുംബക്കാരും ബന്ധുക്കളും അദ്ദേഹത്തെ ഹജ്ജ്‌ കര്‍മ്മത്തിനായി മക്കയിലേക്ക്‌ പറഞ്ഞയച്ചപ്പോള്‍, ഈ യാത്രയ്‌ക്കിടയില്‍ മുംബൈയിലെത്തിയ അദ്ദേഹം ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്‌ ഭാഷകള്‍ പഠിക്കുകയും അവിടുത്തെ കോണ്‍ഗ്രസ്‌ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്‌ അത്‌ കൂടുതല്‍ വീര്യം പകര്‍ന്നു. ഹജ്ജിനു ശേഷം ജന്മദേശമായ മഞ്ചേരി നെല്ലിക്കുത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം ശക്തമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട്‌ നേതാക്കള്‍ക്ക്‌ അയച്ച കത്തുകള്‍ ബ്രിട്ടീഷ്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹത്തെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുകയുമുമുണ്ടായി. മക്കയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ഈ ഘട്ടത്തിലായിരുന്നു. 1905-ല്‍ നെല്ലിക്കുത്ത്‌ തിരിച്ചെത്തിയ കുഞ്ഞഹമ്മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ ഭരണകൂടം അവിടെ താമസിക്കാന്‍ അനുവദിച്ചില്ല. പിതാവിന്റെ ജന്മദേശമായ കൊണ്ടോട്ടിയില്‍ തിരിച്ചെത്തിയ അദ്ദേഹം കുടുംബസമ്മേതം വസിക്കുമ്പോള്‍ വീണ്ടും മക്കയിലേക്കുപോയി. അതിനും മുമ്പേ, 1908-ല്‍ കുഞ്ഞഹമ്മദ്‌ ഹാജി മഞ്ചേരി രാമയ്യര്‍ മുഖാന്തിരം കോണ്‍ഗ്രസ്‌ അംഗമായിരുന്നു.മക്കയില്‍ നിന്നും 1914-ലാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. കൊണ്ടോട്ടിയില്‍ താമസിക്കുന്നതില്‍ നിന്നും ബ്രിട്ടീഷുകാര്‍ വിലക്കിയപ്പോള്‍ അയല്‍ പ്രദേശമായ മൊറയൂരിലെ പോത്തുവെട്ടിപ്പാറയിലേക്ക്‌ താമസം മാറ്റി. നെടിയിരുപ്പ്‌ അംശത്തില്‍ നിന്നും മൊറയൂര്‍ അംശത്തിലേക്കുള്ള മാറ്റം. അംശം അധികാരികളെല്ലാം അക്കാലത്ത്‌ ബ്രിട്ടീഷ്‌ പക്ഷക്കാരായിരുന്നു. 1916-ല്‍ കരുവാരക്കുണ്ടില്‍വെച്ച്‌ മലബാര്‍ കലക്‌ടറെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഹാജിയെ പട്ടാളം പിടികൂടിയെങ്കിലും പിന്നീട്‌ വിട്ടയച്ചു. ജന്മദേശത്തേക്ക്‌ കടക്കാനുള്ള വിലക്ക്‌ നീങ്ങിയതോടെ അദ്ദേഹം വീണ്ടും നെല്ലിക്കുത്ത്‌ തിരിച്ചെത്തി. ഖിലാഫത്ത്‌ പ്രസ്ഥാനം ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്‌തത്‌. ആ നേതൃത്വം ജനം അംഗീകരിച്ചു. സമരത്തിന്റെ പേരില്‍ കൊള്ളയും കൊലയും നടത്തുന്നവരെ അച്ചടക്കമുള്ളവരാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഹിന്ദുക്കള്‍ക്കെതിരെയല്ല, ബ്രിട്ടീഷ്‌ പട്ടാളത്തിനും അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാര്‍ക്കുമെതിരെയാണ്‌ ഈ സമരമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടീഷ്‌ അനുകൂലികളായ ആനക്കയത്തെ ചേക്കുട്ടിയെ വധിച്ചതും കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതും ഇതിനു തെളിവാണ്‌. 1921 ആഗസ്റ്റ്‌ 20-ന്‌ തിരൂരങ്ങാടിയില്‍ ആലിമുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിനു നേരെ പ്രകോപനമില്ലാതെ ബ്രിട്ടീഷ്‌പട്ടാളം വെടിവെച്ചതും ഇതില്‍ പ്രതിഷേധിച്ച്‌ പിറ്റേ ദിവസം കുഞ്ഞഹമ്മദ്‌ ഹാജിയുടെ നേതൃത്വത്തില്‍ പാണ്ടിക്കാട്‌ പൊലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ ആയുധങ്ങള്‍ കൈവശപ്പെടുത്തിയതും മറ്റൊരു ചരിത്രം. മുസ്‌ലിംകളെയും ഹിന്ദുക്കളെയും പ്രകോപിപ്പിച്ച്‌ തമ്മിലടിപ്പിക്കാന്‍ അമ്പലത്തിനു മുന്നില്‍ പശുവിന്റെയും പള്ളിക്കുമുന്നില്‍ പന്നിയുടെയും ജഡങ്ങള്‍ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ കൊണ്ടിടുന്നത്‌ പതിവാക്കിയപ്പോള്‍ ഈ കുതന്ത്രം തിരിച്ചറിഞ്ഞ്‌ ജനങ്ങളെ ബോധവത്‌ക്കരിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. നിലമ്പൂര്‍ കോവിലകത്തിന്‌ കുഞ്ഞഹമ്മദ്‌ ഹാജി കാവല്‍ ഏര്‍പ്പെടുത്തി. ഹിന്ദു സ്‌ത്രീകളെ മാനഭംഗപ്പെടുത്തുന്ന മാപ്പിളമാര്‍ക്കു വധശിക്ഷ നല്‍കാനും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കവരുന്ന മാപ്പിളമാരുടെ കൈകള്‍ വെട്ടാനും അദ്ദേഹത്തിന്റെ ഭരണകൂടം ഉത്തരവിട്ടു. `മതത്തില്‍ നിര്‍ബന്ധമില്ല' എന്ന ഖുര്‍ആന്‍ വചനം ഉയര്‍ത്തിക്കാട്ടിയ കുഞ്ഞഹമ്മദ്‌ ഹാജി സമരഘട്ടത്തില്‍ മതംമാറ്റാന്‍ ഇറങ്ങിത്തിരിച്ചവരെ ശക്തമായി നേരിടുകയും ശിക്ഷിക്കുകയും ചെയ്‌തു. ബ്രിട്ടീഷ്‌ പട്ടാളവും അവരുടെ ഗൂര്‍ഖകളും നാടുനീളെ കലാപം നടത്തി. പട്ടാളം സമരഭടന്മാരെ വെടിവെച്ചിടലും ഗൂര്‍ഖകള്‍ കുക്രി എന്ന ആയുധം ഉപയോഗിച്ച്‌ മാപ്പിളമാരെ അരിഞ്ഞുവീഴ്‌ത്തലും തുടര്‍ന്നു. ജീവന്‍ അവശേഷിച്ചവരെ ആന്തമാന്‍, ബല്ലാരി, വെല്ലൂര്‍, രാജമന്ദിര്‍, കോയമ്പത്തൂര്‍, സേലം, കണ്ണൂര്‍ ജയിലുകളില്‍ തടവിലാക്കി. പതിനായിരങ്ങളാണ്‌ ഇത്തരത്തില്‍ പിടികൂടപ്പെട്ട്‌ പിന്നീട്‌ പുറംലോകം കാണാതെ മരണമടഞ്ഞത്‌. ആണുങ്ങളായി പിറന്നവരെയെല്ലാം ആട്ടിയോടിച്ച്‌ പെണ്ണുങ്ങളെ ക്രൂരമായി മാനഭംഗപ്പെടുത്തുന്നതായിരുന്നു വിപ്ലവത്തെ ചെറുക്കാന്‍ ബ്രിട്ടീഷുകാര്‍ മലബാറില്‍ പ്രയോഗിച്ച `ഗൂര്‍ഖാതന്ത്രം'. ഇതിന്നെതിരെ പൊരുതിയ കുഞ്ഞഹമ്മദ്‌ ഹാജിയെ ചതിയിലൂടെ പിടികൂടി ബ്രിട്ടീഷുകാര്‍ മലപ്പുറം കോട്ടക്കുന്നിന്റെ താഴ്‌വരയില്‍വെച്ച്‌ വെടിവെച്ചുകൊല്ലുകയായിരുന്നു. 1922 ജനുവരി 22-ന്‌ രാവിലെ ശിക്ഷ നടപ്പാക്കാനൊരുങ്ങിയപ്പോള്‍ ആ ധീരദേശാഭിമാനി പറഞ്ഞു: ``ഞങ്ങള്‍ മരണവും അന്തസോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്‌. നിങ്ങള്‍ കണ്ണ്‌കെട്ടി പുറകില്‍ നിന്ന്‌ വെടിവെച്ചുകൊല്ലുകയാണ്‌ പതിവെന്ന്‌ കേട്ടു. ഈയുള്ളവനെ കണ്ണ്‌ കെട്ടാതെ മുന്നില്‍ നിന്ന്‌ നെഞ്ചിലേക്ക്‌ വെടിവെയ്‌ക്കാനുള്ള സന്മനസ്സ്‌ കാണിക്കണം. എനിക്ക്‌ ഈ മണ്ണ്‌ കണ്ടുകൊണ്ട്‌ മരിക്കണമെന്നുമാത്രമാണ്‌ പറയാനുള്ളത്‌'' - വെള്ളപ്പട്ടാളത്തിന്റെ തുരുതുരായുള്ള വെടിയൊച്ചയില്‍ സ്വാതന്ത്ര്യത്തിന്റെ ദേശഗീതവും പടരുകയായിരുന്നു. മാപ്പിളമാരുടെ ദേശീയബോധത്തിന്റെ മാതൃകയായ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ധീരരക്തസാക്ഷിത്വത്തിനു കാല്‍നൂറ്റാണ്ടുപിന്നിട്ടപ്പോള്‍ 1947-ല്‍, ബ്രിട്ടന്റെ ഒന്നരനൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ അധിനിവേശത്തിനും അന്ത്യമായി.

റസാഖ്‌ പയമ്പ്രോട്ട്‌
Shabab Weekly

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal