.

ചരിത്രം വളകിലുക്കുമ്പോൾ

1921- ചരിത്രവർത്തമാനങ്ങൾ.
ഗീത
കറന്റ് ബുക്സ്
വില 115 രൂപ


   ചരിത്രം അവഗണിക്കുകയും വിസ്മരിക്കുകയും പുറത്തുനിർത്തുകയും ചെയ്ത സ്ത്രീകളെ മുഖ്യധാരയിലേക്ക് ആനയിക്കാനുള്ള ഒരു സ്ത്രീയുടെ വിനീതമായ ശ്രമമാണ് 1921- ചരിത്രവർത്തമാനങ്ങൾ.
പുരുഷൻമാരാൽ നിർമിക്കപ്പെട്ട, പുരുഷ കേന്ദ്രീകൃതമായ അപൂർണചരിത്രത്തെ പൂർണമാക്കുക എന്നതൊരു വെല്ലുവിളിയാണ്. അപകടസാധ്യതകൾ ഏറെയുള്ള ഈ ദുഷ്കരപ്രവൃത്തിയെ നിയോഗമായി ഏറ്റെടുക്കുന്ന സാഹിത്യവിമർശകയും അധ്യാപികയുമായ ഗീത ഒരു നൂറ്റാണ്ടോളം പിന്നിലേക്കു യാത്രചെയ്തു വിസ്മൃതിയുടെ ഇരുൾമറയിൽനിന്നും മാപ്പിള കലാപത്തിന്റെ നേരും നുണയും കണ്ടെത്തുന്നു.

ഇന്നോളം നാം വായിക്കുകയും പഠിക്കുകയും സത്യമെന്നു വിശ്വസിക്കുകയും ചെയ്ത പുരുഷ നിർമിത ചരിത്രത്തിൽ നിഷ്ക്രിയ സാന്നിധ്യങ്ങളോ വിവാദ പരാമർശങ്ങളോ മാത്രമായിരുന്ന സ്ത്രീകൾ ഇവിടെ സംസാരിക്കാൻ തുടങ്ങുന്നു. ആമിനുമ്മയും വള്ളിയമ്മയും തിത്തിയുമ്മയുമൊക്കെ അനുഭവങ്ങൾ പറയുമ്പോൾ വ്യാകരണ നിമയങ്ങളും ഭാഷാശുദ്ധി സങ്കൽപങ്ങളും മാത്രമല്ല ചരിത്രബോധം തന്നെയും അപനിർമിക്കപ്പെടുന്നു. കഥകളിൽ ഇടം കിട്ടിയിട്ടില്ലാത്തവർ സത്യം വിളിച്ചുപറയുമ്പോൾ ചരിത്രം കഥയായും നേരനുഭവങ്ങൾ പുതുചരിത്രമായും മാറുന്നു.

തെക്കേമലബാറിന്റെ തനതുകലാപമായ 1921 ന്റെ പെൺമൊഴി ചരിത്രമാണ് ഗീതയുടെ പുസ്തകം. പ്രദേശപരവും ജാതിപരവുമായി അടയാളപ്പെടുത്തപ്പെട്ട കലാപത്തിനു ദേശീയവും അന്തർദേശീയവുമായ മാനങ്ങളുണ്ട്.

അടിച്ചമർത്തപ്പെട്ട സമരം പിൽക്കാലത്തു വ്യത്യസ്ത രീതികളിലാണു രേഖപ്പെടുത്തപ്പെട്ടത്. പ്രധാനമായും ബ്രിട്ടിഷ് ചരിത്രകാരൻമാരും പിന്നീടു സാഹിത്യകാരൻമാരും ചരിത്രകാരൻമാരായ പുരുഷൻമാരും കലാപത്തെ എഴുതി.

ഒമ്പതു പതിറ്റാണ്ടോളം ഇപ്പുറംനിന്നുകൊണ്ട് അക്കാലത്തെ സ്ത്രീകളുടെയും കലാപത്തിൽ പങ്കെടുത്തവരോടൊത്തുനിന്ന സ്ത്രീകളുടെയും അവസ്ഥ പരിശോധിക്കുകയാണ് ഗീത. പരിമിതികളും പ്രതിബന്ധങ്ങളുമുണ്ടെങ്കിലും ഇത്തരത്തിൽ ചരിത്രത്തിൽ ഇടപെടേണ്ടതു തന്റെ കടമയായാണ് ഗീത കാണുന്നത്.

മുഖ്യധാരാ ചരിത്രാന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ അഴിച്ചുപണിതുകൊണ്ടാണ് ഗീത ചരിത്രം എഴുതുന്നത്; ചരിത്രപാഠങ്ങളിൽ നിന്നുവിട്ടുപോയ ചിലതിന്റെ ഓർമപ്പെടുത്തൽ. അക്കാദമിക ചരിത്രകാരിയായതുകൊണ്ടല്ല ഗീത 1921 നെ ക്കുറിച്ച് എഴുതുന്നത്; കലാപം നടന്ന പ്രദേശങ്ങളിൽ ജനിച്ചുവളർന്ന വ്യക്തിയായതിനാലാണ്. ചെറുപ്പം മുതൽ എഴുത്തുകാരി കേട്ട കഥകളിലത്രയും മാപ്പിളലഹളയുടെ വീറും വീര്യവുമുണ്ടായിരുന്നു.

മലബാർ കലാപത്തിന്റെ ആത്മീയ നേതൃത്വമായി അറിയപ്പെടുന്ന ആലി മുസല്യാരുടെ മകൾ ആമിനയുമ്മ ഉൾപ്പെടെയുള്ളവരുടെ നേരനുഭവങ്ങൾ ഈ അപൂർവമായ പുസ്തകത്തിലുണ്ട്. ബ്രിട്ടിഷ് പട്ടാളക്കാർ കൊന്നെന്നും അല്ല അതിനുമുമ്പുതന്നെ മരിച്ചുവെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും പോരാളിയുടെ വീരചരമമായിരുന്നു ആലിമുസല്യാരുടേത്.

‘‘ആമിക്കുട്ട്യേ, അനക്ക് പെരുന്നാളിന് പുത്യേ കാച്ചിത്തുണീം മക്കനേം കൊണ്ടരണ്ട്’’ എന്നു പറഞ്ഞുപോയ ബാപ്പയെ ആമിക്കുട്ടി പിന്നീടു കണ്ടിട്ടില്ല. 94-ാം വയസ്സിൽ അവർ ബാപ്പയെ ഓർമിക്കുന്നു: ഞാനന്ന് ന്റെ ഉമ്മാന്റെ കുടീലാരുന്നു. ബാപ്പ വര്മ്പോ ആമിക്കുട്ട്യേന്ന് ഒറക്കനെ വിളിക്കും.

പൊതില്ലാണ്ടെ ബരുല്ലാ. കുട്ട്യോൾക്ക് തിന്നാന്ള്ള എന്തെങ്കിലും എപ്പെളും കൈയില്ണ്ടാവും. ഞാനെപ്പളും ബാപ്പാനെ കാത്തിരിക്കലാ. ഒരിക്കല് ബാപ്പാനെ കാണാണ്ട് ഞാൻ വെഷമിച്ചിരിക്ക്മ്പോ അമ്മാമൻ പറഞ്ഞുതന്നു. ‘‘എടാ, ബാപ്പാകൂ’’ന്നു വിളിച്ചു കുക്ക്യാല് ബാപ്പാ വരുംന്ന്. ഞാനങ്ങനെ കൂക്കി. തലപൊന്തിച്ചത് ബാപ്പാന്റെ മോത്തക്കാ. വാതിലിന്റെ പിന്നിൽ പോയൊളിച്ചു.

ചരിത്രവർത്തമാനങ്ങളുടെ രചന വസ്തുനിഷ്ഠമെന്നതിനേക്കാളേറെ ആത്മനിഷ്ഠമായ പ്രവൃത്തിയായിരുന്നു ഗീതയ്ക്ക്. അവർ പറയുന്നു: പുരുഷൻമാർ നിർണയിച്ചുവെച്ച ഭൂത- വർത്തമാന-ഭാവി കാലങ്ങളിൽ പെണ്ണായ എന്റെ ഇടം എവിടെയാണ്? എപ്പോഴും ഇതെന്നെ വല്ലാതെ കുഴക്കിയിട്ടുണ്ട്. ജനിച്ചുജീവിക്കുന്ന മണ്ണിൽ എന്റെ പാരമ്പര്യമന്വേഷിക്കുകയാണ് ഞാൻ. മണ്ണു കുഴിച്ചു കുഴിച്ചു പോകുമ്പോൾ എനിക്കു മനസ്സിലാവുന്നു, അതു വെറും മണ്ണല്ല, മജ്ജയും മാംസവുമുള്ള ഞാൻ തന്നെയാണ്. എന്നെപ്പോലുള്ള പെണ്ണായ പെണ്ണുങ്ങളൊക്കെയുമാണ്.

വായിച്ചാസ്വദിക്കുന്നതിനൊപ്പം സൂക്ഷിച്ചുവയ്ക്കേണ്ട കൃതി കൂടിയാണ് ചരിത്രവർത്തമാനങ്ങൾ. അനുബന്ധമായി മലബാർ കുടിയാൻ കോൺഫറൻസിന്റെ വിശദരേഖകളുണ്ട്. സി. നൈനാൻകുട്ടി മാസ്റ്റർ എഴുതിയ ഖിലാഫത്ത് ഗാനം, പൂക്കുന്നുമ്മൽ ആലിഹാജിയുടെ ഡയറിക്കുറിപ്പുകൾ എന്നിവയും അപൂർവ ചരിത്രരേഖകളും കൃതിയുടെ മാറ്റു കൂട്ടുന്നു.

ജി.പ്രമോദ്
Manorama Online

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP