മാപ്പിള ചരിത്ര പഠനത്തില്‍ ശ്രദ്ധയൂന്നി അദര്‍ ബുക്‌സ്

ദുബൈ: മലയാള പുസ്തക പ്രസാധന രംഗത്ത് പത്ത് വര്‍ഷം തികക്കുന്നതോടെ ഗൗരവ വായന ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സങ്കേതമായി കോഴിക്കോട്ടെ അദര്‍ ബുക്‌സ് മാറിയെന്ന് മാനേജിംഗ് എഡിറ്റര്‍ ഡോ. ഔസാഫ് അഹ്‌സന്‍. ജീവിതത്തില്‍ അവഗണിക്കപ്പെടുകയും തഴയപ്പെടുകയും ചെയ്യുന്ന മനുഷ്യ വിഭാഗങ്ങളുള്ളതു പോലെ വായനയില്‍ ശ്രദ്ധ കിട്ടാതെ പോകുന്ന വിഷയങ്ങളും പുസ്തകങ്ങളുമുണ്ട്. അവയെ വിഷയ തല്‍പരരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് അദര്‍ ബുക്‌സ് സ്വയം സ്വീകരിച്ചത്. ഇസ്‌ലാം, ജാതി, കീഴാള പഠനങ്ങള്‍, മാപ്പിള ചരിത്രം എന്നിവയാണ് അദര്‍ ബുക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. ഇവയില്‍ മാപ്പിള ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള പത്തിലേറെ പുസ്തകങ്ങള്‍ ഇതിനകം പുറത്തിറക്കാനായെന്ന് ഡോ. ഔസാഫ് വിശദീകരിച്ചു.

കേരള ചരിത്രത്തിന്റെ തന്നെ ആമുഖ കൃതിയായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' ഇംഗ്‌ളീഷില്‍ പുറത്തിറക്കിയാണ് മാപ്പിള പഠന പ്രസാധനത്തിന്റെ തുടക്കം. പിന്നീട് ഡോ. ശംസുല്ല ഖാദിരിയുടെ 'പ്രാചീന മലബാര്‍' പുറത്തിറക്കി. പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അവതാരികയെഴുതിയ ഈ കൃതി ആദ്യ കാല ചരിത്ര ഗ്രന്ഥങ്ങളിലൊന്നാണ്. ഡോ. സയ്യിദ് മുഹമ്മദ് ഹുസൈന്‍ നൈനയുടെ 'അറബ് ജ്യോഗ്രഫേഴ്‌സ് നോളജ് ഓഫ് സതേണ്‍ ഇന്ത്യ', ഫ്രഞ്ച് ചരിത്രകാരനായ ജെ.ബി.പി മോറിന്റെ 'ഒറിജിന്‍ ആന്റ് ഏളി ഹിസ്റ്ററി ഓഫ് ദി മുസ്‌ലിംസ് ഓഫ് കേരള' എന്നിവ പുറത്തിറക്കി. തുടര്‍ന്നാണ് പ്രൊഫ. കെ.എം ബഹാവുദ്ദീന്റെ 'കേരള മുസ്‌ലിം ഹിസ്റ്ററി: എ റീ വിസിറ്റ്', പ്രൊഫ. യു. മുഹമ്മദിന്റെ 'എജുകേഷനല്‍ എന്‍പവര്‍മെന്റ് ഓഫ് കേരള മുസ്‌ലിംസ്' എന്നിവ പ്രസിദ്ധീകരിക്കുന്നത്.

മമ്പുറം തങ്ങളുടെ പുത്രനും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ പോരാളിയുമായിരുന്ന സയ്യിദ് ഫസല്‍ തങ്ങളുടെ ജീവ ചരിത്ര കൃതി അദര്‍ ബുക്‌സ് ഈ ശൃംഖലയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിയുടെ അവതാരിക മാപ്പിള ചരിത്ര ശാഖയില്‍ അദ്വിതീയനായ റോളണ്ട് ഇ. മില്ലറുടേതാണ്. പ്രമുഖ കേരള മുസ്‌ലിം ചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമി ന്റെ മകന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താറാണ് രചയിതാവ്. റോളണ്ട് ഇ. മില്ലറുടെ 'മാപ്പിള മുസ്‌ലിംസ് ഓഫ് കേരള' എന്ന കൃതിയുടെ മലയാള വിവര്‍ത്തനം 'മാപ്പിള മുസ്‌ലിംകള്‍' എന്ന പേരില്‍ കഴിഞ്ഞ മാസം അദര്‍ ബുക്‌സ് പുറത്തിറക്കിക്കഴിഞ്ഞു.

ഈ ചരിത്ര കൃതികള്‍ക്ക് പുറമെയാണ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രശസ്തമായ ചരിത്ര ഗ്രന്ഥം ഇംഗ്‌ളീഷിലും മലയാളത്തിലുമായി അദര്‍ ബുക്‌സ് കേരളത്തില്‍ പ്രസിദ്ധീകരിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കഴിഞ്ഞ തവണയാണ് ഈ കൃതിയുടെ പ്രസിദ്ധീകരണാവകാശം അദര്‍ ബുക്‌സ് സ്വന്തമാക്കിയത്. സമാന്തര, വിമര്‍ശന സാധ്യതകളുള്ള ഗൗരവ വായന അര്‍ഹിക്കുന്ന പുസ്തകങ്ങളാണ് ഇതു വരെ പുറത്തിറക്കിയിട്ടുള്ളത്. ഓക്‌സഫഡ് യൂനിവേഴ്‌സിറ്റി പ്രസ്, ഗ്രാന്റ് ബുക്‌സ്, ഓറിയന്റ് ബ്‌ളാക്ക് സ്വാന്‍ എന്നീ പ്രസിദ്ധീകരണങ്ങളുമായി ഇതിനകം അദര്‍ ബുക്‌സ് പ്രസാധന കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതി വിപുലമായ പുസ്തക ശേഖരമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ലണ്ടനിലെ ഹോളി വെല്‍ ആന്റ് ബ്‌ളാക്ക് സ്റ്റോണ്‍ എന്ന പ്രസാധനാലയവുമായി സഹകരിച്ചാണ് മേളയിലെ അദര്‍ ബുക്‌സിന്റെ സാന്നിധ്യം.
- റഫീക്ക് തിരുവള്ളൂര്‍
 11/14/2013 8:48:08 PM

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal