110 ന്റെ സൂര്യോദയം

ഇത് കൂരിമണ്ണില്‍ പുവ്വത്തിക്കല്‍ കുഞ്ഞാലിക്കുട്ടി കാക്ക. വയസ് നൂറ്റിപ്പത്ത്. ഒരു നൂറ്റാണ്ടിന്റെയും പിന്നെയൊരു പതിറ്റാണ്ടിന്റെയും ഋതുഭേദങ്ങള്‍ അറിഞ്ഞനുഭവിച്ചു വളര്‍ന്ന ഭാഗ്യവാന്‍. ആയിരക്കണക്കിനു പൂര്‍ണചന്ദ്രന്മാരെ ദര്‍ശിക്കാന്‍ യോഗമുണ്ടായവന്‍. പല തലമുറകളുടെ ചിരിയും കണ്ണീരും സ്വപ്നങ്ങളും പ്രതീക്ഷകളും കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ജീവിതത്തിന്റെ കയ്പ്പും മധുരവുമടങ്ങുന്ന അനുഭവലോകത്തെ നെഞ്ചേറ്റിയവന്‍.

മലപ്പുറം ജില്ലയിലെ ആനക്കയം ഗ്രാമപഞ്ചായത്തിലെ ചേപ്പൂരില്‍ ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തുഷ്ടമായ വിശ്രമ ജീവിതം നയിക്കുന്ന ഈ വന്ദ്യ വയോധികന്റെ ഭൂതകാലം പക്ഷേ, സങ്കടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വറുതിയുടെയും പട്ടിണിയുടെയുമൊക്കെ വ്യഥിത യാത്രയായിരുന്നു. അനാഥത്വത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു വളര്‍ന്ന ബാല്യവും രാപ്പകല്‍ ജോലിയെടുത്തു തളര്‍ന്ന യൗവ്വനവും ചേര്‍ന്ന് അടിക്കല്ലിട്ട ഭൂതകാലത്തെ ഓര്‍ത്തെടുക്കാന്‍ കുഞ്ഞാലിക്കുട്ടി കാക്ക മടി കാണിക്കാറില്ല.

സമരക്കാല ഓര്‍മകള്‍

ബ്രിട്ടിഷ് മലബാറില്‍ കലാപം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു കാലത്തായിരുന്നു ജനനം, ചൂഷകരായ ജന്മിമാര്‍ക്കെതിരേ മാപ്പിള കുടിയാന്മാരുടെ ഒരു പ്രതിരോധസംഘം ഉടലെടുത്തിരുന്ന കാലം. ആനക്കയം പഞ്ചായത്തിനു കീഴില്‍ ഇന്നുള്ള സ്ഥലങ്ങളൊക്കെയും കലാപകാരികളുടെ ദേശമെന്ന നിലയ്ക്ക് ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രത്യേക ജാഗ്രതാപ്രദേശമായിരുന്ന സമയമാണ്. കൊളോണിയല്‍ റിക്കാര്‍ഡുകളില്‍ ഈ പ്രദേശത്തെ അവര്‍ 'ദി ലാന്‍ഡ് ഓഫ് ബിഗോട്ടെഡ് ഫനാട്ടിക്‌സ്' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയൊരു ദേശത്ത് സംഘര്‍ഷഭരിതമായ കാലത്തെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം ജനിക്കുന്നത്.

പട്ടാളം തേര്‍വാഴ്ച നടത്തിയ ദേശത്ത് ജീവിക്കാന്‍ ഗതിയില്ലാതെ ആളുകള്‍ വലഞ്ഞു. ആകെ അറിയാവുന്ന തൊഴിലായ കാര്‍ഷിക വൃത്തിയില്‍ നിന്ന് കിട്ടുന്നതിന്റെ സിംഹഭാഗവും ജന്മിയും കൂട്ടരും പിടിച്ചെടുത്ത് കൊണ്ടുപോവും. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍. അതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്ക് ചിലപ്പോഴെങ്കിലും ചിലയിടത്തെങ്കിലും ചില പൊട്ടിത്തെറികളുണ്ടായി എന്നത് നേര്. അത്തരം കാര്‍ഷിക വിപ്ലവങ്ങളെ ജന്മിമാരും ബ്രിട്ടിഷ് പട്ടാളവും ചേര്‍ന്ന് അടിച്ചമര്‍ത്തിക്കൊണ്ടിരുന്നു. സര്‍ക്കാരിനെതിരെയും ജന്മിമാര്‍ക്കെതിരെയും സംഘടിക്കുന്നു എന്ന കാരണം പറഞ്ഞ് പട്ടാളക്കാരും ബ്രിട്ടീഷ് പൊലിസും തങ്ങളുടെ കണ്‍വെട്ടത്തു വരുന്ന പുരുഷന്മാരെയെല്ലാം പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചു. പലരെയും അന്തമാനിലേക്ക് നാടുകടത്തി. അവരില്‍ പലരും പിന്നീട് തിരിച്ചു വന്നതേയില്ല. കുഞ്ഞാലിക്കുട്ടി കാക്കയുടെ പിതാവിനും ഇതു തന്നെ സംഭവിച്ചു. തന്റെ ബാപ്പയെ ബ്രിട്ടീഷ് പട്ടാളം പിടിച്ചു കൊണ്ടുപോയെന്നും നാരായണ മേനോന്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് ആമം വച്ച് കൊണ്ടു പോയതെന്നും പിന്നീടൊരിക്കലും ബാപ്പയുടെ മുഖം കാണാനായില്ലെന്നും വലിയ സങ്കടത്തോടെ കുഞ്ഞാലിക്കുട്ടി കാക്ക പറയാറുണ്ട്. 1921 ലെ കലാപകാലത്ത് മാപ്പിള കര്‍ഷകര്‍ക്കെതിരേ ക്രൂരമായ മര്‍ദ്ദനങ്ങളഴിച്ചുവിട്ട് കുപ്രസിദ്ധനായിത്തീര്‍ന്ന പൊലിസധികാരിയായിരുന്നു നാരായണ മേനോന്‍. പട്ടാളത്തെ കണ്ടു ഭയന്ന് കൈക്കുഞ്ഞായ തന്നെ ഉമ്മ കാട്ടിലേക്കെറിഞ്ഞെന്ന ഒരു കഥയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

മലബാര്‍ സമരക്കാലത്ത് ഒരിക്കല്‍ അന്ന് പതിനാലോ പതിനഞ്ചോ വയസുണ്ടായിരുന്ന അദ്ദേഹം വിശപ്പു സഹിക്കാനാവാതെ പൊറുതിമുട്ടി എന്തെങ്കിലും ഭക്ഷണം തേടി തന്റെ ഉമ്മവീട്ടിലേക്ക് പുറപ്പെട്ടുവത്രേ. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കടന്നമണ്ണയിലായിരുന്നു മാതൃഭവനം. വഴിക്കുവച്ച് ബ്രിട്ടീഷ് പട്ടാളക്കാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. 'എവിടെ പോവുന്നു?' എന്ന ചോദ്യത്തിന് 'ഉമ്മവീട്ടിലേക്കെ'ന്നും 'എന്തിനാണ് അവിടെ പോവുന്നത്?' എന്നു ചോദിച്ചപ്പോള്‍ 'വിശന്നിട്ടു വയ്യാഞ്ഞിട്ടാണ്' എന്നും അദ്ദേഹം മറുപടി പറഞ്ഞത്രേ. എന്തുകൊണ്ടോ പട്ടാളക്കാര്‍ക്ക് ദയ തോന്നി അദ്ദേഹത്തെ ഉപദ്രവിക്കാതെ വിട്ടയച്ചു. എന്നാല്‍ കുറേക്കൂടി സംഘര്‍ഷഭരിതമായ മറ്റൊരു ദിവസം പട്ടാളത്തെ കണ്ടു ഭയന്ന് അദ്ദേഹത്തിന് ഒരു മുളംകൂട്ടത്തില്‍ കയറി ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. പട്ടാളം പോയതിനു ശേഷം പുറത്തിറങ്ങാന്‍ കഴിയാതെ അവിടെ കുടുങ്ങിപ്പോയത്രേ. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് ഇല്ലിമുള്ളുകള്‍ക്കിടയില്‍ നിന്ന് മുറിവേറ്റ് ചോരപൊടിയുന്ന ശരീരവുമായി അദ്ദേഹത്തെ രക്ഷിച്ചെടുക്കുകയായിരുന്നു പോലും.

മണ്ണാന്‍പണി

പിതാവില്ലാത്ത കുട്ടിയായി പലരുടെയും കാരുണ്യത്താലും സഹായത്താലും വളര്‍ന്ന അദ്ദേഹത്തിനു താമസിയാതെ മാതാവും നഷ്ടമായി. അതോടെ തീര്‍ത്തും അനാഥനായതിനാല്‍ പിന്നീടുള്ള കാലം പിതാവിന്റെ സഹോദരന്മാരുടെ സംരക്ഷണയില്‍ വീട്ടുപണിയിലും കൃഷിപ്പണിയിലും സഹായിച്ചും കാലികളെ നോക്കിയും മറ്റും വളര്‍ന്നു. ഏതു പണിയും ചെയ്യാന്‍ മടിയില്ലായിരുന്നു. കൃഷിപ്പണിയിലാണ് തുടങ്ങി വച്ചതെങ്കിലും പിന്നീട് ഒത്ത പുരുഷനായതോടെ പുരകെട്ടിമേയല്‍, ചെത്തിപ്പടവ്, ഓടുമേയല്‍ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ ജോലികളും ചെയ്തു തുടങ്ങി.

വീടുകളുടെ ചുവരുകള്‍ മണ്ണുതേയ്ക്കലും വെട്ടുകല്ലുകൊണ്ട് ചെത്തിപ്പടുക്കലുമൊക്കെ അന്നത്തെ ജാതിവ്യവസ്ഥാധിഷ്ഠിതമായ തൊഴില്‍ സമ്പ്രദായമനുസരിച്ച് 'മണ്ണാന്‍ന്മാര്‍' എന്ന വിഭാഗത്തിന്റെ പാരമ്പര്യ തൊഴിലായിരുന്നു. ഈ മേഖലയിലേക്ക് കടന്നുവന്ന് തന്റെ പ്രാവീണ്യം തെളിയിച്ച ദേശത്തെ ആദ്യത്തെ മുസ്‌ലിം പണിക്കാരനായി മാറി അദ്ദേഹം.


കുഞ്ഞാലിക്കുട്ടി കാക്കയെ പി. ഉബൈദുള്ള എം.എല്‍.എ ആദരിക്കുന്നു കുഞ്ഞാലിക്കുട്ടി കാക്കയെ പി. ഉബൈദുള്ള എം.എല്‍.എ ആദരിക്കുന്നു

ആ രഹസ്യം
എന്താണ് കുഞ്ഞാലിക്കുട്ടി കാക്കയുടെ ആയുസിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം? ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കുഞ്ഞാലിക്കുട്ടി കാക്കയുടെ അയല്‍വാസിയുമായ കെ വി മുഹമ്മദാലിയുടെ അഭിപ്രായത്തില്‍ അത് 'നടത്ത'മാണ്. തനിക്കു ഓര്‍മവച്ച നാള്‍ തൊട്ട് നിരന്തരം നടക്കുന്ന ഒരു വ്യക്തിയായിട്ടാണ് കുഞ്ഞാലിക്കുട്ടി കാക്കയെ കണ്ടിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. വാഹനത്തില്‍ കയറുന്നത് അദ്ദേഹത്തിന് അത്ര പഥ്യമല്ല. നടക്കാവുന്ന ദൂരത്തോളം നടന്നു പോവണമെന്നുതന്നെയാണ് പ്രമാണം. പുതിയ തലമുറയുടെ ആരോഗ്യമില്ലായ്മയുടെ പ്രധാന കാരണം നടത്തമില്ലായ്മയാണെന്ന് ഇതേ കാര്യം സൂചിപ്പിച്ചുകൊണ്ട് നാട്ടുകാരനും പട്ടാളത്തില്‍ ലാന്‍സ്‌നായിക് പദവിയില്‍ നിന്ന് റിട്ടയര്‍ ചെയ്തയാളുമായ കഴുക്കുന്നുമ്മല്‍ ബാപ്പുട്ടിക്കാക്കയും പറയുന്നുണ്ട്. (കുഞ്ഞാലിക്കുട്ടികാക്കയുടെ സുഹൃത്തായ ബാപ്പുട്ടികാക്കയ്ക്കുമുണ്ട് ഇപ്പോള്‍ തൊണ്ണൂറു വയസ്.) പരോപകാരിയും സൗമ്യനുമായ കുഞ്ഞാലിക്കുട്ടികാക്ക നാട്ടുകാര്‍ക്കൊക്കെ ആദരണീയനാണെന്നും തന്റെ ബാല്യത്തിലോ യൗവ്വനത്തിലോ ഒരാളോടുപോലും അദ്ദേഹം വഴക്കിനു പോവുകയോ മോശമായി പെരുമാറുകയോ ചെയ്തതായി ഓര്‍മയിലില്ലെന്നും മറ്റൊരു നാട്ടുകാരനായ ഇഫ്തികാറുദ്ദീന്‍ മാസ്റ്ററും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നൂറ്റിപ്പത്താം വയസിലും കണ്ണിനോ ചെവിക്കോ പറയത്തക്ക തകരാറില്ല ഈ മഹാഭാഗ്യവാനായ മനുഷ്യന്. ഭക്ഷണം കഴിക്കുന്നതിനും പ്രശ്‌നമൊന്നുമില്ല. ഇപ്പോഴും വായിക്കാനോ ഖുര്‍ആന്‍ പാരായണം ചെയ്യാനോ കണ്ണട വേണ്ട. തൊട്ടയല്‍പക്കത്തുള്ള താന്‍ ഇതുവരെയും കണ്ണട വച്ച് കുഞ്ഞാലിക്കുട്ടികാക്കയെ കണ്ടിട്ടേയില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദാലി പറയുന്നത്. നടക്കാന്‍ വടി ഉപയോഗിച്ച് തുടങ്ങിയിട്ട് തന്നെ മൂന്നോ നാലോ വര്‍ഷമേ ആയിട്ടുള്ളുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. അതും ഒന്ന് വീണു കാലിന്റെ എല്ല് പൊട്ടിയതിന് ശേഷമാണ്. എല്ലുപൊട്ടിയിട്ടും സുഖം പ്രാപിച്ച് വടിയുടെ സഹായത്താല്‍ നടന്നു എന്നതും അത്ഭുതമാണ് നാട്ടുകാര്‍ക്ക്.

ഇപ്പോള്‍
നാലു വിവാഹം കഴിച്ചിട്ടുണ്ട് കുഞ്ഞാലിക്കുട്ടികാക്ക. നാലാമത്തെ ഭാര്യ പാത്തുണ്ണിയാണ് ഇപ്പോള്‍ കൂടെയുള്ളത്. അവര്‍ക്കിപ്പോള്‍ എണ്‍പത് വയസായി. മൂന്നു പെണ്ണും അഞ്ച് ആണുമടക്കം എട്ടു മക്കളുണ്ട്. ചെറിയ മകന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ചരിത്രത്തിന് ഒരു തിരുത്ത്

ദേശത്തിന്റെ ചരിത്രത്തില്‍ എഴുതപ്പെട്ടതും പറഞ്ഞു പറഞ്ഞ് അടയാളപ്പെട്ടതുമായ ചിലതിനെയെല്ലാം ആ ചരിത്രകാലത്ത് ജീവിച്ചിരുന്ന നേര്‍സാക്ഷി എന്ന നിലയില്‍ തെളിവ് സഹിതം നിഷേധിക്കാറുണ്ട് ഇദ്ദേഹം. അതിലൊന്നാണ് മലബാര്‍ സമരകാലത്ത് മാപ്പിളപ്പടയാളികള്‍ അന്നത്തെ ജന്മിയും പോലീസധികാരിയുമായിരുന്ന കൂരിമണ്ണില്‍ വലിയമണ്ണില്‍ ചേക്കുട്ടി എന്ന ചേക്കുട്ടി ഇന്‍സ്‌പെക്ടറെ വധിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കപ്പെട്ട കിംവദന്തികള്‍. മാപ്പിളപ്പടയാളികള്‍ ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയെ വെടിവച്ചുകൊന്നതിനു ശേഷം തലയറുത്ത് കുന്തത്തില്‍ കുത്തി ആനക്കയത്തു നിന്നും മഞ്ചേരിയിലേക്ക് ഘോഷയാത്രയായി പോയി എന്നാണ് അങ്ങനെ പ്രചരിക്കപ്പെട്ട ഒരു കിംവദന്തി. സര്‍ദാര്‍ ചന്ദ്രോത്തിനെ പോലുള്ള ചരിത്രകാരന്മാര്‍ അങ്ങനെ എഴുതിവച്ചിട്ടുമുണ്ട്. മലബാര്‍ സമരചരിത്രത്തെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട '1921' എന്ന സിനിമയിലും ഇങ്ങനെത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അക്കാലത്തു ജീവിച്ചിരുന്നയാളും കൂരിമണ്ണില്‍ വലിയമണ്ണില്‍ വീടിന്റെ സമീപവാസിയുമായിരുന്ന കുഞ്ഞാലിക്കുട്ടിക്കാക്ക പറയുന്നത് വെടിവച്ചതും തലയറുത്തതും ശരിയാണെന്നും എന്നാല്‍ ഘോഷയാത്രയും കുന്തത്തില്‍ കോര്‍ക്കലും ശുദ്ധകളവാണെന്നുമാണ്. ചേക്കുട്ടിയുടെ അറുത്തെടുക്കപ്പെട്ട തല അദ്ദേഹത്തിന്റെ പറമ്പിലെ ഒരു കാട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്തതത്രേ. മാപ്പിള ചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുല്‍കരീമിനെ പോലുള്ളവര്‍ രണ്ടാമത് പറഞ്ഞ അഭിപ്രായത്തെയാണ് ശരിവയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേര്‍ സാക്ഷികള്‍ ജീവിച്ചിരിക്കുമ്പോള്‍ പോലും ചരിത്രം വഴിമാറിയൊഴുകുന്ന കാഴ്ചയ്ക്ക് ഉദാഹരണമായി ഈ സംഭവത്തെ എടുക്കാവുന്നതാണ്.

റഹ്മാന്‍ കിടങ്ങയം
Suprabhatham Sunday
11.01.2015

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal