കേരളത്തിനും കേരളാമന്‍സിലിനും ഒരേ വയസ്സ്

തൃക്കരിപ്പൂര്‍: കേരളം പിറന്ന അതേ ദിനംതന്നെ ഗൃഹപ്രവേശം നടത്തിയ കേരളാ മന്‍സിലെന്നു പേരിട്ട ഈ വീടും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും സാക്ഷിയാണ്. ഐക്യകേരളം പിറന്ന 1956 നവംബര്‍ ഒന്നിനാണ് ഈ വീടിന്റെയും പിറവി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയും സാംസ്‌കാരിക നായകനുമായിരുന്ന പരേതനായ പടന്ന പട്ടേലര്‍ എന്ന പി.കെ.സി മുഹമ്മദ് കുഞ്ഞി ഹാജിയാണ് കേരള മന്‍സില്‍ എന്നു പേരിട്ട ഈ വീട് നിര്‍മിച്ചത്. നവംബര്‍ ഒന്നിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഗൃഹപ്രവേശന ചടങ്ങ് കേരള പിറവി ദിനത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേരളപ്പിറവിയുടെ സ്മരണയ്ക്കായാണ് വീടിന് കേരളാ മന്‍സില്‍ എന്നുതന്നെ പേരിട്ടത്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരെല്ലം അന്ന് ഗൃഹപ്രവേശന ആഘോഷത്തില്‍ പങ്കാളികളായി. നിരവധി സാമൂഹ്യ, സാംസ്‌കാരിക നായകന്‍മാരും സ്വാതന്ത്ര്യ സമര സേനാനികളും കേരളാ മന്‍സില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും ഈ വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തരിശുഭൂമിയായ പടന്നയില്‍ പൊന്നുവിളയിക്കാനുള്ള പ്രതിജ്ഞയെടുത്തത് കേരളാ മന്‍സിലില്‍ വച്ചായിരുന്നു. മൂന്ന് നിലകളും 14 മുറികളും ഒമ്പത് ഹാളുകളുമുള്ള കേരളാ മന്‍സിലിന്റെ തനിമ നിലനിര്‍ത്തി മോടിപിടിപ്പിച്ചിട്ടുണ്ട്. മക്കത്തായ സമ്പ്രദായമനുസരിച്ച് മൂത്തമകള്‍ സാറാബിക്കാണ് പട്ടേലര്‍ കേരളാ മന്‍സില്‍ നല്‍കിയത്. സാറാബിയുടെ ഇളയ മകള്‍ ഫാത്തിബിയും കുടുംബവുമാണ് ഇപ്പോഴത്തെ അവകാശികള്‍. 1953ല്‍ പട്ടേലര്‍ വീട് നിര്‍മിക്കുമ്പോള്‍ എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന അബ്ദുല്‍ റസാഖ് ഹാജി(എ.ആര്‍ കുന്നത്ത്) യാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. മത രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വി.കെ.പി അബ്ദുല്‍ ഖാദര്‍ ഹാജി, വി.കെ.പി ഖാലിദ് ഹാജി അടക്കം കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരടക്കം ഇരുന്നൂറിലധികം പേര്‍ ഈ വീട്ടിലെ അംഗങ്ങളാണ്.
Nov 01, 2014
ശരീഫ് കൂലേരി
 Suprabhatham Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal