അന്നീ വീട്ടില്‍ ചരിത്രം ഞെട്ടിവിറച്ചു

ബ്രിട്ടീഷ് അധിനിവേശത്തെ ചെറുക്കാന്‍ ഏറനാട്ടിലെ കര്‍ഷകരെയും മാപ്പിളമാരെയും സംഘടിപ്പിച്ച സ്വാതന്ത്ര്യസമര നായകന്‍ ആലി മുസ്‌ലിയാര്‍ താമസിച്ചിരുന്ന പുരയിടം, മഞ്ചേരി നെല്ലിക്കുത്ത്്് പാലത്തിന് സമീപം ഇപ്പോഴും ഉണ്ട്. ഈ വീട് ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ തീവച്ചു നശിപ്പിച്ചിരുന്നു. പിന്നീട് പുതുക്കിപ്പണിത വീടാണ് ഇപ്പോഴുള്ളത്. വീറുറ്റ ഓര്‍മകളും ബ്രിട്ടീഷ് പട്ടാളം ചവിട്ടിമെതിച്ച ഗ്രന്ഥങ്ങളും ഈ വീട്ടില്‍ മലബാര്‍ സമരത്തിന്റെ നേര്‍ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. ആയിരത്തിലധികം ധീരദേശാഭിമാനികളുടെ ചോര ചിന്തിയ പോരാട്ടത്തിന്റെ നായകരിലൊരാളായ ആലി മുസ്‌ലിയാരുടെ മൂന്നാം തലമുറയാണിപ്പോള്‍ നെല്ലിക്കുത്തിലെ വീട്ടില്‍. നൂറ്റാണ്ടു തികയുന്ന പോരാട്ടത്തിന്റെ ഓര്‍മ തുടിക്കുന്നു ഈ വീട്ടിലെ മണ്‍ചുമരുകളില്‍ പോലും.

ആലി മുസ്്‌ലിയാരുടെ മകനായ അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടെ കുടുംബ വഴിയാണിപ്പോള്‍ പഴയ വീട്ടില്‍. അബ്ദുല്ലക്കുട്ടി മുസ്്‌ലിയാരുടെ മകനായിരുന്നു ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്ന മുഹമ്മദലി മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ ഏഴു മക്കളില്‍ അബ്ദുല്ല മുസ്‌ലിയാരും അന്‍വര്‍ ഇബ്രാഹീമും ഇവരുടെ ഉമ്മയുമടക്കമാണിപ്പോള്‍ ഈ പഴയ തറവാട്ടിലുള്ളത്.

വായിച്ചറിഞ്ഞ് മാത്രം പരിചയമുള്ള ആലി മുസ്‌ലിയാരെ ഈ തലമുറയും ചരിത്രത്തിലെ രക്തതാരകമായിത്തന്നെ ഓര്‍ത്തുവയ്ക്കുന്നു. ചോരയൊലിക്കുന്ന ചെറുത്തുനില്‍പ്പ് ചരിത്രത്തിന്റെ പഴയ കഥകളറിയാത്തവര്‍ മഞ്ചേരി നെല്ലിക്കുത്തിലും പരിസരങ്ങളിലുമില്ല.

സ്വന്തം ചോരയില്‍ പെട്ടവര്‍ കണ്‍മുന്നില്‍ വെടിയേറ്റ് പിടഞ്ഞ് മരിക്കുന്നത് കാണേണ്ടിവന്നവര്‍, സമാനതകളില്ലാത്ത ബ്രിട്ടീഷ് ക്രൂരതകള്‍ക്ക് ഇരയായവര്‍, ഭാര്യയെയും കുട്ടികളെയും വിട്ടൊഴിഞ്ഞ് ഒളിജീവിതം നയിക്കേണ്ടിവന്നവര്‍...

[
ആലി മുസ്‌ലിയാരുടെ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്ന പിന്‍മുറക്കാര്‍
കാര്‍ഷിക ലഹളയെന്നും കേവല സ്വാതന്ത്ര്യ പോരാട്ടമെന്നും വ്യാഖ്യാനിക്കുന്നതിലപ്പുറം മലബാര്‍ സമരത്തില്‍ ജീവന്‍ പൊലിഞ്ഞ അനേകരുടെ ഉള്ളിലെ ആയുധവും ഊര്‍ജവും ഇനിയും പഠനവിഷയമാക്കാത്ത കാര്യമാണ്. ആറുമാസത്തോളം തിരൂരങ്ങാടി കേന്ദ്രീകരിച്ച് ഇസ്‌ലാമിക ഭരണം നടത്തിയ ആലി മുസ്‌ലിയാര്‍ അടക്കമുള്ള മാപ്പിളമാര്‍ക്ക് ഊര്‍ജം, തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണെന്നതില്‍ സംശയമില്ല. ഒരു നിയോഗം പോലെ ഏതാനും മാസങ്ങള്‍ നീണ്ട ഖിലാഫത്ത്് സമരത്തിന് നേതൃപരമായ പങ്കുവഹിക്കാന്‍ പ്രഗല്‍ഭര്‍ ഒട്ടേറെയുണ്ടായിട്ടും ആലി മുസ്‌ലിയാര്‍ അതിന് മുമ്പിലേക്ക് എത്തിയത് ഇസ്‌ലാമിക വിശ്വാസവും ദൈവികഗ്രന്ഥത്തിലും പ്രവാചക ചര്യയിലും ആഴത്തിലുള്ള അറിവുമായിരുന്നു.

മഞ്ചേരി നെല്ലിക്കുത്ത് ഏരിക്കുന്നന്‍ പാലത്തുംമൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനിയിലെ പ്രശസ്ത മഖ്ദൂം കുടുംബത്തിലെ കോടക്കല്‍ ആമിനയുടെയും മകനായി 1861 ലാണ് ആലി മുസ്‌ലിയാരുടെ ജനനം. നെല്ലിക്കുത്ത് ഓത്തുപള്ളിയില്‍ അറബിയും സാമാന്യ ഇസ്‌ലാമിക പഠനവും പൂര്‍ത്തിയാക്കി പൊന്നാനിയില്‍ പത്തുകൊല്ലത്തോളം ദര്‍സ് പഠനം. പിന്നീട് മക്കയില്‍ പരിശുദ്ധ ഹറമില്‍ താമസിച്ച് ഏഴു വര്‍ഷത്തോളം ഖുര്‍ആനിലും നബി ചര്യയിലും ഉപരിപഠനം. മക്കയില്‍ നിന്ന് തിരിച്ചെത്തി ആദ്യം കവരത്തി ദ്വീപിലായിരുന്നു ദര്‍സ് അധ്യാപനം. പിന്നീട് 1907 മുതല്‍ തിരൂരങ്ങാടി കിഴക്കേ പള്ളിയില്‍ മുദരിസായി ചുമതലയേറ്റ് വര്‍ഷങ്ങളോളം അധ്യാപകനായി പ്രവര്‍ത്തിച്ചു.
പലപ്പോഴായി വണ്ടൂര്‍ തൊടികപ്പുലത്ത്്് മൂന്ന് വര്‍ഷവും പൊടിയാട്ട് പാറമ്മലില്‍ മൂന്നു വര്‍ഷവും ആലത്തൂര്‍ മേല്‍മുറിയില്‍ നാലു വര്‍ഷവും സ്വന്തം നാടായ നെല്ലിക്കുത്തില്‍ രണ്ട് വര്‍ഷവും അദ്ദേഹം ദര്‍സ് നടത്തി തലമുറകള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ശിഷ്യന്‍ ബൈതാന്‍ മമ്മു മുസ്‌ലിയാരില്‍ നിന്ന് വിഷ ചികിത്സയും പഠിച്ചിരുന്നു.
പാണ്ഡിത്യത്തോടൊപ്പം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വലിയ ഗ്രന്ഥശേഖരം സൂക്ഷിച്ചിരുന്നു ആലി മുസ്‌ലിയാര്‍. വീട് ബ്രിട്ടീഷുകാര്‍ തകര്‍ത്ത ഘട്ടത്തില്‍ ഗ്രന്ഥ ശേഖരത്തില്‍ വിലയൊരു ഭാഗം അവര്‍ കത്തിച്ച് കളഞ്ഞു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ബൂട്ട്‌സ് പതിഞ്ഞ ഗ്രന്ഥം ഇപ്പോഴും നെല്ലിക്കുത്തിലെ വീട്ടിലുണ്ട്.

 ആലി മുസ്‌ലിയാര്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങളിലൊന്ന്‌


1921 ഓഗസ്റ്റ് 28ന് ബ്രിട്ടീഷ് പട്ടാളം പുറത്തിറക്കിയ അറിയിപ്പ് മുസ്‌ലിയാര്‍ ഓഗസ്റ്റ് 30 ന് മുമ്പ് കീഴടങ്ങണമെന്നായിരുന്നു. അല്ലെങ്കില്‍ പള്ളി തകര്‍ക്കും. 30ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളിവളഞ്ഞു. ഘോരമായ സംഘട്ടനത്തിലും ഒളിപ്പോരിലും 24 മുസ്‌ലിം സഹോദരങ്ങള്‍ രക്തസാക്ഷികളായി. ആലി മുസ്‌ലിയാര്‍ അടക്കം 42 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് മാര്‍ഷല്‍ കോടതി നവംബര്‍ അഞ്ചിന് കോഴിക്കോട് വിചാരണ നടത്തി ആലി മുസ്‌ലിയാരടക്കം 11 പേരെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ വച്ച് 1922 ഫെബ്രുവരി 17 നാണ് ആലി മുസ്‌ലിയാര്‍ കൊല്ലപ്പെടുന്നത്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് ജയില്‍ അധികൃതര്‍ ചോദിച്ചെന്നും അംഗശുദ്ധി വരുത്താന്‍ ചുടുവെള്ളം ചോദിച്ച് രണ്ട് റകഅ്ത്ത്്് നിസ്‌കരിക്കാന്‍ തുടങ്ങിയെന്നും രണ്ടാമത്തെ റകഅ്ത്തില്‍, നിസ്‌കാരത്തില്‍ തന്നെ ആ ധീരദേശാഭിമാനി ഇഹലോകവാസം വെടിഞ്ഞെന്നും ആലി മുസ്‌ലിയാരുടെ പൗത്രനും പ്രമുഖചരിത്രപണ്ധിതനുമായിരുന്ന മുഹമ്മദലി മുസ്‌ലിയാര്‍ ഒട്ടേറെ അന്വേഷണങ്ങള്‍ക്ക് ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയ ചരിത്രത്തില്‍ ആലി മുസ്‌ലിയാരെ തൂക്കിലേറ്റി കൊലപ്പെടുത്തിയെന്നാണ്. മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുസ്തകങ്ങളിലെല്ലാം അദ്ദേഹത്തെ 1922 ഫിബ്രവരി 17ന് കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റിയെന്നുതന്നെയാണുള്ളത്.കോയമ്പത്തൂര്‍ ശക്രംപേട്ടയിലുള്ള ഖബറിസ്ഥാനില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

മഞ്ചേരി നെല്ലിക്കുത്തില്‍ ആലി മുസ്‌ലിയാരുടെ പേരില്‍ ഒരു സ്മാരകമുണ്ട്. മഞ്ചേരി നഗരസഭ ജനകീയാസൂത്രണകാലത്ത്്് പണിതതാണത്. പിന്നീട് ഭരണത്തിലേറിയവരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വായനക്കും പഠനത്തിനും ഏറെ പ്രാധാന്യം നല്‍കുകയും അനീതിക്കും അക്രമത്തിനുമെതിരെ ആയുധമെടുക്കുകയും ചെയ്ത ഒരു ചരിത്രപുരുഷന്റെ നാമധേയത്തില്‍ ഉയര്‍ന്ന സ്മാരകം കേവലം അടുക്കിവെക്കപ്പെട്ട ചെങ്കല്ലുകളും അതില്‍ ഒരു ബോര്‍ഡുമായി അധപതിക്കാമോ എന്ന് ചിന്തിക്കേണ്ടവര്‍ക്കിതുവരെ നേരം കിട്ടിയിട്ടില്ല. കോയമ്പത്തൂര്‍ എന്‍.എച്ച്.റോഡില്‍ 1958ല്‍ അദ്ദേഹത്തിന് സ്മാരകമുയര്‍ന്നിട്ടുണ്ട്. കുറഞ്ഞകാലത്തെ ചെറുത്തുനില്‍പ്പിനിടയില്‍ മലബാര്‍ കലാപത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നും പതിനാലായിരത്തോളം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നുമാണ് ചരിത്രം. മലബാര്‍ സമരചരിത്രം പോലെ ധീര ദേശാഭിമാനികളുടെ ചരിത്രവും നാട് വിസ്മരിക്കുകയാണ്. രക്തവും മജ്ജയും നല്‍കിയ ധീരനേതൃത്വത്തെ പോലും.
ഇ. ഷംസുദ്ദീന്‍
Suprabhaatham Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal