.

കുരിക്കളും തമ്പുരാനും പിന്നെ ഒതായിപ്പള്ളിയും

നാട്ടു മനുഷ്യരുടെ മനസില്‍ ജാതിമതങ്ങള്‍ വിഭാഗീയ ചിന്തയെയല്ല ഉല്‍പ്പാദിപ്പിക്കുന്നത്. മറിച്ച് കൂട്ടായ്മയുടെ സംസ്‌കാരത്തെയാണ്. ജീവിത തത്വങ്ങളും സാമൂഹിക ബോധവും അതിലുണ്ട്. നമ്മുടെ നാട്ടു കഥകളും നാടോടി കഥകളും ഐതിഹ്യങ്ങളും നിരന്തരം അത് പറഞ്ഞുകൊണ്ടിരിക്കുന്നു. കേരളീയര്‍ ഭൂതകാലങ്ങളില്‍ പ്രകടിപ്പിച്ചിട്ടുള്ള ഉന്നതമായ മനുഷ്യസ്‌നേഹം നാഗരികതകളുടേതായിരുന്നില്ല, നാട്ടുപച്ചയുടേതായിരുന്നു താനും. ഭാരതീയവും വൈദേശികവുമായ ചിന്താധാരകളെ ആ മനസു കൊണ്ടാണ് നാം സ്വാംശീകരിച്ചിരുന്നത്.

നമ്മുടെ കാവുകളും അമ്പലങ്ങളും പള്ളികളും പറയുന്ന കഥകളില്‍ നാട്ടു മനുഷ്യരുടെ ജീവിതത്തിന്റെ സ്‌നേഹതാളങ്ങള്‍ ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട്ടെ താഴത്തങ്ങാടി വലിയ പള്ളിയുടെ ഉത്ഭവ കഥയില്‍ യഥാര്‍ഥ മലയാളി ഗോത്രത്തിന്റെ സൗഹാര്‍ദ ശീലങ്ങള്‍ അടയാളപ്പെട്ടിട്ടുണ്ട്. ചാലിയാറിന്റെ ഇക്കരയില്‍ പയ്യനാട്ടുകാരനായ അഹ്മദ് കുരിക്കള്‍ സൗജന്യമായി കണ്ണു ചികിത്സ നടത്തിക്കൊണ്ട് താമസിച്ചിരുന്നു. പുഴയുടെ അക്കരയില്‍ നിലമ്പൂര്‍ കോവിലകത്തെ ഒരു തമ്പുരാട്ടിക്ക് ഭേദപ്പെടാതിരുന്ന കണ്ണുദീനം കുരിക്കള്‍ സുഖപ്പെടുത്തി. അതിനു പ്രതിഫലമായി എന്തെങ്കിലും വാങ്ങണമെന്ന നിര്‍ബന്ധത്തിലാണ് പള്ളി പണിയാനൊരിടം കുരിക്കള്‍ ചോദിച്ചത്. ഉടന്‍ തന്നെ അത് അദ്ദേഹം അനുവദിച്ചു. അവിടെയാണ് വാസ്തുകലയുടെ അപൂര്‍വ്വ ശൈലികളുള്ള താഴത്തങ്ങാടി പള്ളി നിലകൊള്ളുന്നത്.

ഒതായിപ്പള്ളിക്കു പറയാനുള്ളത് ജന്‍മിത്വത്തോടും സാമ്രാജ്യത്വത്തോടും പൊരുതി മരിച്ച രാജ്യസ്‌നേഹികളായ കര്‍ഷകരുടെ കഥയാണ്. കോമു ഹാജിയെന്ന നാട്ടുമ്പുറത്തുകാരന്റെ ഓര്‍മയില്‍ നിന്ന് 'ചാലിയാര്‍ രേഖകളി'ല്‍ അതടയാളപ്പെടുത്തിയിട്ടുണ്ട്. ഖിലാഫത്തിന്റെ നാളുകളില്‍ ബ്രിട്ടീഷ് ആക്രമണം ഭയന്ന് കര്‍ഷകരും നാട്ടുകാരുമടങ്ങുന്ന 34 പേര്‍ പള്ളിക്കകത്ത് അഭയം തേടി. പള്ളി വളഞ്ഞ പട്ടാളം അവരെ പുറത്തു ചാടിക്കാനാവാതെ വന്നപ്പോള്‍ ഒരാളെ മേല്‍ക്കൂരയില്‍ കയറ്റി ഓടിളക്കി അതിലൂടെ ബോംബിടുകയാണുണ്ടായത്. 21 പേര്‍ തല്‍ക്ഷണം മരിച്ചു. മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രത്യാക്രമണത്തില്‍ കാപ്റ്റന്‍ ഉള്‍പ്പെടെ ഏതാനും ബ്രിട്ടീഷ് പട്ടാളക്കാരും മരിച്ചു. കാപ്റ്റനെ ചോലയ്ക്കലിലടക്കം ചെയ്തു. മരസാകുന്നത്ത് ഉണ്ണിക്കുട്ടി, അത്താണിക്കല്‍ വീരാന്‍കുട്ടി, കാര്യമാറത്ത് ആലി മുഹമ്മദ് എന്നിവര്‍ മരിച്ചവരില്‍ പെടുന്നു. അവരെ ഒരേ ഖബറിലാണ് അടക്കിയതത്രെ. ഒതായിക്കാരന്‍ കൊച്ചു മുതലാളി ബ്രിട്ടീഷുകാരെ സഹായിച്ച നാട്ടുകാരനായിരുന്നു. സമരക്കാരുടെ കുടുംബാംഗങ്ങളെ ആന്‍ഡമാനിലേക്കു നാടുകടത്തി. 21 രക്തസാക്ഷികളുടെ പേര് കോമു ഹാജിയുടെ ഓര്‍മകളില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

താഴത്തങ്ങാടി പള്ളി നാട്ടുമനുഷ്യരുടെ ജാതിമതാതീതമായ സാഹോദര്യത്തെയും ഒതായി പള്ളി മണ്ണിനോടും രാജ്യത്തോടുമുള്ള നാട്ടുമനുഷ്യരുടെ പച്ചയായ കൂറിനെയും കുറിച്ചുള്ള ചരിത്രമാണ് പറയുന്നത്. ആത്യന്തികമായി അത് നാട്ടുപച്ചയുടെ പ്രകൃതിസഹജമായ കരുത്ത് പ്രകടിപ്പിക്കുന്ന നാട്ടുജീവിതത്തെയും തത്വദര്‍ശനത്തെയും വിളിച്ചോതുന്നു.

പ്രൊഫ. എ നുജൂം
Suprabhaatham Daily
11.01.2015

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP